രാവു പകലിനെ വിഴുങ്ങിയ നേരം



ഇന്നലെയുടെ ഇന്നലെ രാവു പകലിനെ വിഴുങ്ങിയ നേരം.

വലതു കൈയിലെ തോളിൽ കനമുള്ള ബാഗും തൂക്കി അജ്മാനിലെ സ്കൂളിൽ നിന്നും ഗമയിൽ നടന്നു വരുന്ന ഫോട്ടോ ഞാൻ ഫേസ്ബുക്കിലും വാർട്സ് അടുപ്പിലും ഉന്തിത്തള്ളികയറ്റിയിട്ടത് നിങ്ങളെല്ലാവരും കാണാതിരിക്കാനിടയില്ല. ഫെയിസാനാബുക്കിലിട്ട ഫോട്ടോക്ക് കൂട്ടുകാരും നാട്ടുകാരും ഒരുമിച്ചു ഒറ്റശ്വാസത്തിൽ ഹലാക്കിലെ ലൈക്കുകൾ അടിച്ചപ്പോൾ ഞാൻ ഒരുപാട് സന്തോഷങ്ങൾ മനസ്സിൽ വാരിക്കൂട്ടി. ഫോട്ടോ വാര്ട്സ് അടുപ്പിലും ഒന്ന് കയറ്റിനോക്കാൻ മനസ്സിൽ പൂതി മുളച്ചു. കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല. കൂട്ടുകാരുടെയും കുടുംബക്കാരുടെയുമെല്ലാം സ്വന്തം വകയായ എല്ലാ അടുപ്പിലേയ്ക്കും ഫോട്ടോസ് സറസറാന്ന്ഓരോന്നായി ഇട്ടു.

ഒരു കലാലയത്തിന്റെ അടുപ്പിൽ ഇടേണ്ട താമസം ഒരു പഴയ ചങ്ങായിച്ചി ഒരു കൂസലുമില്ലാതെ ചെറിയവീട്ടിൽ വലിയവനായ എന്നോട് തമാശയിൽ ചോദിച്ചു.


 " നീ മാഷാണോ അതോ പിയൂണോ ? "


നല്ല ചോദ്യം. മണ്ടിപെണ്ണുങ്ങൾ അല്ലേലും ആളെകുഴക്കുന്ന ചോദ്യങ്ങളാണല്ലോ ഏപ്പോഴും ചോദിക്കുക. കേട്ടയുടനെ ഞാൻ നാണിച്ചു തല താഴ്ത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞാൻ എന്നും എവിടെയും നാണിച്ചു തല താഴ്ത്തുന്നവനായിരുന്നു. ഒരു ഒന്നാന്തരം ലജ്ജാവതിയായിരുന്നു. കലാലയത്തിൽ പഠിച്ചു കളിക്കുന്ന കാലത്തും അങ്ങനെത്തന്നെയായിരുന്നു. പെണ്ണിന്റെ മുഖത്തേക്ക് നോക്കാൻ തെല്ലു പേടിയാണ്. ഒന്ന് നോക്കാൻ പൂതിയുണ്ടെങ്കിലും. മുഖം കണ്ടുഇഷ്ട്ടപ്പെട്ടു നോക്കാതെ പറ്റില്ല എന്നുവരുമ്പോൾ അവിടെനിന്നും മാറിനിന്നു ഒന്നും ഒളിഞ്ഞുനോക്കും. അത്രതന്നെ. എങ്കിലും ആണുങ്ങളോട് അത്യാവശ്യത്തിനു മിണ്ടിപ്പറയുമായിരുന്നു. കൂടുതലില്ലെങ്കിലും. പ്രിയ സുഹൃത്ത് സലീമിന്റെ കൂടെ സ്റ്റുഡൻറ് സെന്ററിൽ ചെസ്സ് കളിക്കാനോ അല്ലെങ്കിൽ കാരംസ് കളിക്കാനോ പോകും. ജയിക്കുകയൊന്നുമില്ല. എന്നാലും മുടക്കമൊന്നുമില്ലാതെ പോകും. അങ്ങനെയൊക്കെയാണെങ്കിലും ഫാറൂഖ് കോളേജിലെ ആരും അറിയാത്ത കഴിവുറ്റ ഒരു വിക്കറ്റ് കീപ്പറായിരുന്നു ഞാൻ. വലിയ ഏറുകാരനായ ബാദുഷയുടെ ഏറുകൊണ്ട് കൈയിലെ ഒരു വിരലൊടിഞ്ഞപ്പോൾ കളി ഞാൻ നിർത്തി.


ഞാൻ ഓർത്തുപോവുകയാണ്. എന്നോട് മാഷാണോ എന്ന് ചോദിച്ചവളുണ്ടല്ലോ ബഡായി ബൽക്കീസ് എന്റെ കണ്ണുകളിലേക്കു നോക്കി തീരെ കണ്ണിൽച്ചോരയില്ലാതെ ഒരിക്കൽ പറഞ്ഞുകളഞ്ഞു



" നിന്നെ കാണാൻ അജയ് ദേവ് ഗാനെപോലെയുണ്ട് " :)

  

കേൾക്കേണ്ട താമസം എന്റെ മനസ്സിൽ ലഡുപൊട്ടി എന്ന് പറയേണ്ടതില്ലല്ലോ. ബോധം പോയതൊന്നുമില്ല. എങ്കിലും ഞാൻ ലജ്ജവതിയായി തലകുനിച്ചു നിൽക്കുകമാത്രം ചെയ്തു.



അതൊക്കെ പണ്ട്. വാട്സ് അടുപ്പിൽ അവളിട്ട കമന്റിന് തെല്ലു നേരം ആലോചിച്ചു സർവ്വ ധൈര്യവും മനസ്സിന്റെ മണിയറയിൽ ആവാഹിച്ചു ഒരു കാച്ചൽ കാച്ചി



" എടി ബഡ്ക്കൂസെ,ഞാൻ പിയൂണിന്റെ പേർസണൽ സെക്രട്ടറിയാണ് " :) :)

..............................................................



No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...