സാബുവും ചിഞ്ചുവും കടല് കാണാൻ പോയ കഥ



ജുലൈമാസം തീരാറായിരിക്കുന്നു. പുറത്ത് പെരുമഴ പെയ്യുകയാണ്. മാസത്തിലെ തുടക്കത്തിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസയെ ല്ലാം എങ്ങോട്ട് ഒലിച്ചുപോയി എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാ കാര്യങ്ങൾക്കും ഓൺലൈൻ  പേയ്മെൻ്റ് ചെയ്യുന്നതു കാരണം പൈസ കൊടുക്കുമ്പോൾ കാര്യമായിട്ട് മനസ്സിന് വേദനയൊന്നും തോന്നുന്നില്ല. അക്കൗണ്ട് ചെക്ക് ചെയ്ത് നോക്കിയപ്പോൾ  അതിൽ നയാ പൈസയില്ല. ഇനിയെന്ത് ചെയ്യും? മനസ്സിൽ അടിഞ്ഞു കൂടിയ വിഷമം മാറ്റുവാൻ ഓടിച്ചാടി കളിച്ചു നടന്നിരുന്ന തൻ്റെ പഴയ കുട്ടിക്കാലം അവൻ ഓർത്തു.


ചിഞ്ചു കുടുംബ സമേതം വേനലിൽ നാട്ടിൽ വന്നിരുന്ന കാലം. ഒന്നുരണ്ടു മാസം നാട്ടിൽ കാണും. ചിഞ്ചു നാട്ടിൽ വരേണ്ട താമസം വീട്ടുകാർ ചേർന്ന് ഒരു പരിപാടി ആസൂത്രണം ചെയ്തു. അവൻ്റെയും സാബുവിൻ്റെയും സുന്നത്ത് കഴിക്കുവാൻ.  സാബുവിനെക്കാൾ രണ്ടുമൂന്ന് വയസ്സ് കൂടുതലുണ്ട് ചിഞ്ചുവിന്. എങ്കിലും വലിപ്പത്തിൽ വലിയ വിത്യാസം ഒന്നും ഇല്ലായിരുന്നു. ചുരുക്കി പറഞാൽ രണ്ടാളും പൊക്കം കുറഞ്ഞവരായിരുന്നു. അടുത്തുണ്ടാവുമ്പോഴെല്ലാം സാബു ചിഞ്ചുവിൻ്റെ തോളോട് തോൾ ചേർന്ന് നിന്ന് നോക്കും. ചിഞ്ചുവിൻ്റെ അത്രക്ക് ഉയരം വച്ചിട്ടുണ്ടോ എന്ന്. നോക്കുമ്പോഴെല്ലാം ചിഞ്ചു  സാബുവിൻ്റെ നേരെ കൈചൂണ്ടി പറയും. 


" ജി ഞും കൊർച്ചൂടി വെൽപം വെക്കാൻഡ് "


രണ്ടു മൂന്നു വയസ്സിൽ കൂടുതലുള്ള ഏട്ടൻ്റെ നിർദ്ദേശം കേൾക്കേണ്ട താമസം സമ്മദമെന്നോണം സാബു തലയാട്ടും. 


ചിഞ്ചുവിൻറെ ഉപ്പയുടെ ജേഷ്ഠൻ്റെ മൂത്ത മകനാണ് സാബു. അനുജൻ്റെ മൂത്തമകനാണ് മജീദ്.  മജീദിൻെറ ഉപ്പായുടെ അനുജൻ്റെ മൂത്ത മകനാണ് സമദ്. അവൻ്റെ കുഞ്ഞനുജനാണ് ഇച്ചിരി വികൃതിയുള്ള ജൈസൽ.


ഒരു ദിവസം രാവിലെ മജീദിൻ്റെ അമ്മാവൻമാരിൽ ഒരാളായ കുഞ്ഞാപ്പ സാബുവിനോടും ചിഞ്ചു  വിനോടുമായ്  മോഹം ഉണ്ടാക്കികൊണ്ട് പറഞ്ഞു:


" ഞമ്മക്ക് കടല് കാണാൻ പോണ്ടെ?" 


ഇതു കേട്ട്  ചിഞ്ചുവിനും സാബുവിനും സന്തോഷം തിരതല്ലി എന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും സാബുവിന് എന്തോ ഒരു പന്തികേട് മണത്തു. അതിന് കാരണമുണ്ട്. "കടല് കാണാൻ പോവണ്ടെ" എന്ന ആവർത്തിച്ചുള്ള  പരിഹാസചുവയുള്ള ഡയലോഗ് ആയിരുന്നു അതിന് കാരണം.


ആ ദിവസം അങ്ങിനെ കടന്നുപോയി. അടുത്ത ദിവസം സൂര്യൻ ഉദിച്ചുയർന്നു. വീടിൻ്റ്റമുമ്പിൽ ഒരു ജീപ്പ് വന്നു നിൽക്കുന്നത് സാബു കണ്ടു. അമ്മാവനും വന്നിട്ടുണ്ട്. വൈകാതെ ചിഞ്ചുവിനെ കൂട്ടി അവൻ്റെ ഉമ്മാ വീട്ടിലേക്ക് വന്നു. ചിഞ്ചു പുതിയ പാൻ്റ്സും കുപ്പായവും ധരിച്ചിട്ടുണ്ട്.


 "ഇങ്ങള് ചായ കുടിച്ചോ ?"- സാബുവിൻ്റെ ഉമ്മാ ചോദിച്ചു.


" ഓ ...ഞങ്ങള് ചായൊകെ കുടിച്ചീണ് " - ചിഞ്ചുവിൻ്റെ ഉമ്മാ പറഞ്ഞു.


സാബുവിൻ്റെ ഉമ്മാ അവനെ വേഗം കുളിപ്പിച്ച് പാൻ്റ്സും കുപ്പായവും എല്ലാം ധരിപ്പിച്ചു. 


രണ്ടുപേരും നേരെ ജീപ്പിലേക്ക് കുതിച്ചു. സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചു.  ജീപ്പ് അവരെയുംകൊണ്ട് കടലുണ്ടിയിലുള്ള ആശുപത്രിയിലേക്ക് കുതിച്ചു. അവിടെ എത്തിയ ഉടൻ ഡ്രസ് എല്ലാം മാറ്റുവാൻ പറഞ്ഞു.   പാൻ്റ്സ്  മാറ്റി വെള്ള മുണ്ട് ധരിപ്പിച്ചു. അപ്പോഴാണ് അമളി പറ്റിയത്  അവർ തിരിച്ചറിഞ്ഞത്.  ഇനി പറഞ്ഞിട്ടെന്തുണ്ട് കാര്യം. സഹിക്കുക തന്നെ. എങ്കിലും സുന്നത്ത് കഴിച്ചാൽ ചില ഗുണങളൊക്കെയുണ്ട് എന്ന് അവനോടു ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ കളിക്കൂട്ടുകാരൻ കുഞ്ഞുണ്ണിയുടെ സുന്നത്ത് ഡോക്കിട്ടറുടെ നിർദേശപ്രകാരം എന്നോ കഴിച്ചിട്ടുണ്ട്. 


എവിടെനിന്നോ നഴ്സ് വന്നു. സൂചി കുത്താൻ പോവുകയാണ്. ആദ്യം സാബുവിനെ വിളിച്ചു. അവൻ പേടിച്ചുപോയി. അവനു സൂചി കണ്ടാൽ തന്നെ പേടിയാണ്. 


" ആദ്യം ഓനെ "- ചിഞ്ചുവിനെ  സാബു ചൂണ്ടി കാണിച്ചു. 


അങ്ങനെ നഴ്സ് ചിഞ്ചുവിനെ  ആദ്യം സൂചി കുത്തി. എങ്കിലും ചിഞ്ചു ഒച്ച വെച്ചതൊന്നുമില്ല. അടുത്ത ഊഴം സാബുവിൻ്റെതാണ്. സാബുവിൻ്റെ ശരീരത്തിൽ സൂചി വെക്കേണ്ട താമസം അവൻ നിലവിളിച്ചു.


" ആ....ൻ്റെ മോോ " 


സുന്നത്ത് കഴിക്കുവാൻ ചിഞ്ചുവിനെ ഉള്ളിലേക്ക്  കൂട്ടികൊണ്ടു പോവുകയാണ്. പോകുമ്പോൾ അവൻ പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞു കാണും. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൻ കാണപ്പെട്ടു.


അടുത്തത് സാബുവിൻ്റെ ഊഴമാണ്. അവൻ പേടിച്ച് വിറക്കുവാൻ തുടങ്ങി. തരിക്കുവാൻ വേണ്ടി സൂചി വെച്ചിട്ടുണ്ട്. എങ്കിലും തരിച്ചിട്ടില്ലെങ്കിൽ സംഗതി കുഴപ്പമാണ്. വേദനകൊണ്ട് പുളയേണ്ടി വരും. ഇറങ്ങി എങ്ങോട്ടെങ്കിലും ഓടേണ്ടിവരും. 


ആരോ വന്നു അവനെ  സുന്നത് കഴിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കട്ടിൻമേൽ ഇരുത്തി. 


" അനങ്ങാതെ മലർന്നു കിടന്നോ" - ഒരാൾ അവനോടു പറഞ്ഞു. 


അവൻ്റെ  വാടിയ മുഖം തലയിണകൊണ്ട് മൂടി. ഇപ്പോള് ഒന്നും കാണാൻ പറ്റുന്നില്ല. കണ്ണിൽ ഇരുട്ട് മാത്രം. താഴ്ഭാഗത്ത് നിന്നും കത്രികയുടെ ക്ടിക്.. ക് ടിക് .. ശബ്ദം കേൾക്കാം. എങ്കിലും  വേദനയൊന്നുമില്ല.  അവനു സമാധാനമായി. 


ആരോ അവനെയും എടുത്ത് നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു. നോക്കിയപ്പോൾ ചിഞ്ചു വണ്ടിക്കുള്ളിൽ ഒരു കള്ള ചിരിയും പാസാക്കി ഇരിക്കുകയാണ്. ഇതു കണ്ട സാബുവിന് ചിരിക്കണമോ അതോ കരയണമോ എന്ന് അറിയാത്ത മട്ടിലായി.  അവനും ഒരു ഇളിഞ ചിരി പാസ്സാക്കി.


ജീപ്പ് അവർ രണ്ടുപേരെയും കൂടെയുള്ളവരെയും വഹിച്ചു സാബുവിൻ്റെ വീട്ടിലേക്ക് കുതിച്ചു. സാബുവിൻ്റെ വീട്ടിലെ ഒരു റൂമും കിടക്കയും രണ്ടാളെയും കാത്തു കിടക്കുന്നുണ്ടായിരുന്നു. പോകുമ്പോൾ  ഡ്രൈവർ അറിയാതെ വണ്ടി ഒരു കുണ്ടിൽ ചാടി. 


" ൻ്റമ്മോ...സ്പീഡ് കൊർക്ക്" - ചിഞ്ചു വേദനകൊണ്ട് പുളഞ്ഞു. സാബുവും വേദന കൊണ്ടു പുളഞ്ഞെങ്കിലും ഇരുകൈകൾ കൊണ്ട് തൻ്റെ വായ പൊത്തിപ്പിടിച്ചു. 



വീട്ടിലെത്തിയപ്പോൾ എല്ലാവരും അവരെ കാത്തു നിൽക്കുന്നത് സാബു കണ്ടു്. കൂടെയുള്ളവർ  രണ്ടാളെയും എടുത്ത് കൊണ്ടു് പോയി ഒരു കട്ടിൻമേൽ കിടത്തി. കയർ കെട്ടിതൂക്കി അതിന്മേൽ തുണി കുരുക്കി വിച്ചിട്ടുണ്ട്. രണ്ടാൾക്കും സ്പെഷ്യൽ ആയി ഉണ്ടാക്കിവച്ചിട്ടുണ്ട്.


" സംഗതി കൊള്ളാം " 


രണ്ടുപേർക്കും കൈ കാലുകൾ കെട്ടിയിട്ടപോലെ ആയി. ഓടിച്ചാടി നടക്കേണ്ട സമയമാണ്. ക്രിക്കറ്റ് കളിക്കുന്ന സീസനാണ്. ചിഞ്ചു സ്പിൻ ബോൾ ചെയ്യാൻ അഗ്രകണ്യനാണ്. സാബു സിക്സർ പറത്താനും വിദഗ്ദനാണ്. പറഞ്ഞിട്ടെന്തു കാര്യം ! കട്ടിന്മേൽ തളക്കപ്പെട്ടിരിക്കുന്നു.  എങ്കിലും പല തമാശകളും പറഞ്ഞു അവർ സമയം മുന്നോട്ടു നീക്കി.

അവരെ ഒരു നോക്ക്  കാണുവാൻ കൂട്ടകാരും കുടുംബക്കാരും വരുവാൻ തുടങ്ങി. വരുന്നവർക്കെല്ലാം കാണേണ്ട ഒന്നുണ്ടായിരുന്നു. വരുന്നവരെല്ലാം അവർക്കായ് മാത്രം പലവിധ  പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. അതിൽപെട്ടതാണ് പൂരം വറുത്തത്, ഹോർലിക്സ്, ബൂസ് റ്റ്,  ഫ്രൂട്ട്സ് എന്നിവ. വേറെ എന്തൊക്കെ കൊണ്ടു് വന്നിരുന്നു ? 


വന്നവരിൽ ചിലർ കാണേണ്ടത് കണ്ട് സായൂജ്യ മടയുവാൻ നോക്കിയെങ്കിലും രണ്ടാളും ഒന്നും കാണിച്ചു കൊടുത്തില്ല. അതിന് കാരണമുണ്ട്. രണ്ടു പേരും നാണം കുണുങ്ങികളാണ്. കാണിച്ചു കൊടുക്കാതിരിക്കാൻ രണ്ടു പേരും നന്നേ പണിപ്പെട്ടു. 


ദിനങ്ങൾ ആമയെപോലെ കടന്നുപോയി. രണ്ടു പേരുടെയും മുറിവെല്ലാം ഉണങ്ങി. അവർ രണ്ടുപേരും കുളിച്ചു കുട്ടപ്പനായി.  കുട്ടികൾക്കെല്ലാം സന്തോഷമായി. പറമ്പിൽ കൂട്ടിയിട്ട ചേടിമണ്ണുകൊണ്ട് അവർ ഒരു അടിപൊളി കൊച്ചു വീടുണ്ടാക്കി കളിച്ചു. പാറപ്പുറത്ത് വെച്ച് മീനുപോലെയുള്ള  പ്ലാസ്റ്റിക് കവർ കൊണ്ടുണ്ടാക്കിയ കവർ പട്ടം പറത്തി കളിച്ചു. ഓല പന്ത് കൊണ്ടും മട്ടല് ബാറ്റ് കൊണ്ടും വെയിലത്ത് ക്രിക്കറ്റ് കളിച്ചു. കുട്ടികൾ പൂതി തീരുവോളം കളിച്ചു ആർമാദിച്ചു.

................

k.m.a. paruthikkadu 

image courtesy: 

Google Gemini AI image generator 


No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...