പാറപ്പുറത്തെ വെയിലും മഴയും കൊണ്ട് നടന്നവൻ

കോഴിക്കോട് ജില്ലയിലെ ഫറോക്കിലുള്ള ഒരു ആശുപത്രിയിൽ സഫിയ- മുഹ്‌യിദ്ദീൻ കുട്ടി  എന്നവരുടെ ആദ്യത്തെ കൺമണിയായി ഈ ഭൂമി മണ്ണിൽ ഭൂജാതനായി. എങ്കിലും സാവ തടാകം വറ്റിവരണ്ടതൊന്നുമില്ല.  മലപ്പുറം ജില്ലയിലെ  വള്ളിക്കുന്ന് ഗ്രാമത്തിലെ പരുത്തിക്കാട്ടിൽ ഒരു ഇടത്തരം കുടുംബത്തിൽ ജീവിച്ചു വളർന്നു. ഉണ്ടാക്കി പാട്ടുപാടി കാറ്റും മഴയും വെയിലും കൊണ്ട്  നടന്നു. നാടായ നാട്ടിലെല്ലാം ഓടിച്ചാടി  കളിച്ചു രസിച്ചു വളർന്നു. മദ്രസയിലെ പരിപാടികളിൽ പാട്ടുപാടി. ദഫ് മുട്ട് കളിച്ചു.  പത്താംക്ലാസ്  പൂർത്തിയാക്കുവാൻ പല പല സ്‌ക്കൂളുകളിലായി പഠിച്ചു. നാലാം ക്ലാസ്സ് വരെ  പരുത്തിക്കാട് A.L.P സ്ക്കൂളിൽ. ഏഴാം ക്ലാസ്സ് വരെ അത്താണിക്കൽ നേറ്റീവ് A.U.P സ്ക്കൂളിൽ. യുവജനോത്സവത്തിൽ പങ്കെടുത്ത് പാട്ട് പാടിയെങ്കിലും സമ്മാനങ്ങളൊന്നും കിട്ടിയില്ല. വീട്ടു പറമ്പിൽ കൃഷിയിൽ ഉപ്പയെ സഹായിച്ചു. ഹൈസ്കൂൾ കാലഘട്ടം C.B.H.S.S സ്കൂളിൽ. മനസ്സു തുറന്ന് സംസാരിക്കാനുള്ള പേടി കാരണം ചെയ്യാത്ത കുറ്റത്തിന് ഹെഡ് മാസ്റ്ററിൽ നിന്നും ചുട്ട അടി വാങ്ങിച്ചു. ഈ കാലത്ത് ഉപ്പാ നടത്തുന്ന പലചരക്ക് പീടികയിൽ സാധനങ്ങൾ വില്ക്കുവാൻ ഉപ്പായെ സഹായിച്ചു. 


പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഇമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിഷയമെടുത്ത്  പഠിച്ചു. കണക്ക് തലയിൽ കയറില്ലാ എന്നു മനസ്സിലായതിനാലും അറബിക്കിന് നല്ല മാർക്ക് നേടിയതിനാലും ഡിഗ്രിക്ക് അറബിക് ഭാഷയും സാഹിത്യവും പഠിക്കുവാൻ  തെരഞ്ഞെടുത്തു. പഠിച്ചത്  മലബാറിലെ പ്രശസ്തമായ ഒരു സ്ഥാപനമായ ഫാറൂഖ് കോളേജിൽ. ഈ സമയത്ത് അറബി സാഹിത്യത്തിൽ ആകൃഷ്ടനായി. ഡബിൾ മെയിൻ ആയതിനാൽ ഇസ്ലാമിക ചരിത്രവും ഇന്ത്യൻ ചിരിത്രവും പഠിച്ചു.    കോളജ് ഇലക്ഷനിൽ ജനറൽ ക്യാപ്റ്റൻ ആയി മത്സരിച്ചു തോറ്റു തൊപ്പിയിട്ടു. ഡിപ്പാർട്ട്മെൻ്റിൻ്റെ ചില പരിപാടികളിൽ ഖുർആൻ പാരായണം ചെയ്യുവാൻ അവസരമുണ്ടായി. കോളേജിലെ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറായി  ഇടം നേടിയിരുന്നു. പ്രാ ക്‌ടിസിനിടക്ക്  പരിക്ക് പറ്റിയപ്പോൾ ആ പരിപാടി നിർത്തിവെച്ചു.


ബിരുദാനന്തര ബിരുദം അങ്ങ് കാലിക്കറ്റ് സർവ്വകലാശാല അങ്കണത്തിൽ. വിഷയം അറബിക് ഭാഷയും സാഹിത്യവും. അറബി ഭാഷയോടൊപ്പാം ഇംഗ്ലീഷ് ഭാഷയും സംസാരിക്കുവാൻ അന്നത്തെ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേക പ്രോത്സാഹനം ലഭിച്ചു. അറബിക് ഇംഗ്ലീഷ് ഭാഷകൾ സംസാരിച്ചു തുടങ്ങി. ഡിപ്പാർട്ട്മെൻ്റിൽ വെച്ച് നടത്തിയ കാമ്പസ് ഇൻ്റർവ്യൂയിൽ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും അറബിക് വകുപ്പ് നടത്തിയ കവിത രചന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുവജനോത്സവത്തിലെ ഒരു പരിപാടിയിൽ അഭിനയിച്ചു സദസ്സിൻ്റെ കയ്യടി വാങ്ങി. അറബിക് വകുപ്പിലെ പഠനം പൂർത്തിയാക്കി വിടവാങ്ങൽ ചടങ്ങിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചു.


യൂണിവേഴ്സിറ്റിയിൽ പഠിച്ച്കൊണ്ടിരിക്കുമ്പോൾ നാട്ടിലെ ഒരു മദ്റസയിൽ പഠിപ്പിച്ചു. കരുമനക്കാട്ടെ മദ്രസയിലും പഠിപ്പിച്ചു. കൂട്ടുംമുച്ചിയിലെ ഒരു സ്ഥാപനത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കാനും അവസരം ഒത്തു. വള്ളിക്കുന്ന് അത്താണിക്കലിലെ ഒരു സ്ഥാപനത്തിൽ അറബിക് ഭാഷ പഠിപ്പിച്ചു. കോഴിക്കോട്ടെ അറബിക് പഠിപ്പിക്കുന്ന ഒരു പ്രശസ്ത സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ അവസരം ഒത്തു. അതിനടുത്ത് തന്നെയുള്ള ഒരു ട്രാവൽ ഏജൻസിയിലും ജോലി ചെയ്യുകയുണ്ടായി.വിസ  തർജമ ചെയ്യലായിരുന്നു പരിപാടി. നാട്ടിലുള്ള ഒരു എക്സ്പോർട്ടിങ് കമ്പനിക്ക് വേണ്ടി തർജ്ജമ ചെയ്തു കൊടുത്തു.  വിമാന കമ്പനികളായ സൗദി എയർലൈൻസിലും എയർ ഇന്ത്യയിലും ജോലി നേടുവാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും സംഗതി നടന്നില്ല എങ്കിലും നിരാശനായില്ല.


തരക്കേടില്ലാത്ത ഒരു ജോലി ലഭിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഖത്തറിൽ ഒരു ജോലി കിട്ടി. ചെറിയ ശമ്പളം. എങ്കിലും വിസക്ക് പൈസയൊന്നും വേണ്ടിയിരുന്നില്ല. ഖത്തറിലെ ഒരു പ്രമുഖ കമ്പനിയാണ്. ഗവൺമെൻ്റിൻ്റെ വൈദ്യുതി-നിർമ്മാണ കരാറ്  ജോലികൾ ഏറ്റെടുക്കുന്ന ഒരു സ്ഥാപനമാണ്. തർജ്ജമ ചെയ്യൽ, അറബിയിൽ ലെറ്റർ ടൈപ്പ് ചെയ്യൽ, പി. ആർ. ഓ ജോലികൾ ഇവയെല്ലാം ചെയ്തു. അറബി സംസാര ഭാഷ മനസ്സിലാകുവാനും, സംസാരിക്കുവാനും തുടങ്ങി. പച്ചവെള്ളം പോലെയല്ലെങ്കിലും സംസാരത്തിൽ ഒഴുക്കു വന്നു തുടങ്ങി.രണ്ടു വർഷക്കാലം ഖത്തറിൽ ജോലി ചെയ്തു ജീവിച്ചു.


നാട്ടിൽ ലീവിൽ വന്ന സമയത്താണ് ടെക്‌നോ പാർക്കിലെ ഒരു അടിപൊളി കമ്പനിയിൽ ജോലി ലഭിക്കുന്നത്. സോഫ്ട്‌വെയർ കമ്പനിയാണ്. തർജ്ജമ ചെയ്യലാണ് പരിപാടി. സന്തോഷം തിരതല്ലി എന്ന് പറയേണ്ടതില്ലല്ലോ. കഴകൂട്ടത്തുള്ള ഒരു ഹോസ്റ്റലിൽ രണ്ടു വർഷം കൂട്ടുകാരോടൊത്ത്  താമസിച്ചു. ഒരു നാൾ രാത്രി പെരുമഴ പെയ്തു. സർവ്വത്ര വെള്ളം. കെട്ടിടത്തിൻ്റെ കുറച്ച് ഭാഗം വെള്ളത്തിനടിയിലായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രാൻസ്‌ലറ്റേഴ്സ് അസോസിയേഷനിൽ അംഗത്വം ലഭിച്ചു.  കേരളത്തിൽ നിന്നും ആദ്യമായി അസോസിയേഷൻ്റെ    അംഗത്വം ലഭിച്ച ആളായിമാറി. മനസ്സിൽ അഭിമാനം വിരിഞ്ഞു.


ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന കാലത്താണ് ഒരു പ്രമുഖ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിൽ ജോലി ലഭിക്കുന്നത്. സ്ഥലം  ബാഗ്ലൂരിലുള്ള K.R പുരത്തെ ഓഫീസിൽ. അവിടെയും തർജമ തന്നെയായിരുന്നു മെയിൻ പരിപാടി. ഈ കാലത്ത്  ബൊമ്മന ഹള്ളിയിലും ബട്ടർ ഹള്ളിയിലും കൂട്ടുകാരോടൊത്ത് താമസിച്ചു. ഈ കമ്പനിയിൽ ജോലി ചെയ്യുന്ന  കാലത്താണ് A.P.T.S ൻ്റെ ഇൻ്റർനാഷണൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഈ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായിമാറുന്നത്. സർട്ടിഫിക്കേഷൻ എക്സാമിനർ പദവിയും ലഭിച്ചു. അപ്പോഴാണ് ഈയുള്ളവന്  സ്വന്തത്തോട് തന്നെ  മതിപ്പ് തോന്നി തുടങ്ങിയത്. സന്തോഷത്തിൻ്റെ തടാകം എന്നിൽ നിറഞ്ഞു കവിഞ്ഞത്.

(തുടരും)

No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...