ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്കുന്നത് എൻ്റെ സ്വന്തം നാടായ വള്ളിക്കുന്നിലെ പരുത്തിക്കാട്ടിലുള്ള "ഹിബ മൻസിൽ" ആണെന്ന് അറിയുന്ന എത്ര പേരുണ്ടാകും. ഹിബ എന്ന് കേൾക്കുമ്പോഴേക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇതൊരു അറബി വാക്കുമാത്രമാണ്. ഹിബ എന്നാല് സമ്മാനം എന്നർത്ഥം. അതായത് ദൈവത്തിൻ്റെ സമ്മാനം. നാവിന് പറയാൻ വളരെ എളുപ്പവും കേൾക്കാൻ നല്ല ഇമ്പവുമുഉള പേര് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീടിന് ആരാണ് പേരിട്ടത് എന്ന് ഇതുവരെ പറഞ്ഞില്ലല്ലോ. മറ്റാരുമല്ല. എൻ്റെ  ഉപ്പായിട്ടതാണ്.  വീടിനിപ്പോൾ പ്രായം ഒരു പത്തുനാല്പത് വയസ്സ് ആയികാണും. എൻ്റെ കുട്ടിക്കാലത്ത് ഉപ്പാ പണികഴിപ്പിച്ചതാണ്. അന്ന് ഒരു നില മാത്രമുള്ള ഒരു കൊച്ചു വീടായിരുന്നു. പിന്നീട് മഴയും വെയിലുമേറ്റ് ചോർന്നൊലിക്കുവാൻ തുടങ്ങിയപ്പോൾ ഈയടുത്ത കാലത്ത് ഞങൾ പുതുക്കി പണിതതാണ്. പണിയെല്ലാം കഴിഞ്ഞ് ഇപ്പോൾ സുന്ദര കുട്ടപ്പനായി അങ്ങനെ നിൽക്കുകയാണ്.

അതൊക്കെ അവിടെയിരിക്കട്ടെ. വീട്ടിൻ്റെ പേരിൻ്റെ മഹത്വമറിഞ്ഞു ആരും ഇങ്ങോട്ടു ഓടിപ്പാഞ്ഞു വരാനൊന്നും നിൽക്കേണ്ടതില്ല. വീട്ടിൻ്റെ ഗേറ്റ് ഭദ്രമായി അടച്ചിട്ടിരിക്കുകയാണ്. പോരാത്തതിന് ഗേറ്റിൻ്റെ അടുത്തായി അവിടെയും ഇവിടെയുമായി ഒരു മൂഖജീവി എല്ലാവരെയും നിരീക്ഷിച്ച് ഇരിക്കുന്നുണ്ടാവും. എങ്കിലും അത് ആരെയും ഒന്നും കാട്ടുകയൊന്നുമില്ല.  വല്ലപ്പോഴും തിന്നാൻ കിട്ടുന്നത് കാരണം അതിനു കുറച്ച് ഇണക്ക മൊക്കെയുണ്ട്. അതിൻ്റെ വാലാട്ടി  അത് നന്ദിയും കാണിക്കുന്നുണ്ട്. ആരെങ്കിലും രാവിലെയാണ്  വരുന്നതെങ്കിൽ എൻ്റെ പെണ്ണുമ്മാ അതായത് എന്നെ പ്രസവിച്ച എൻ്റെ സാക്ഷാൽ ഉമ്മ കുറ്റിചൂലും പിടിച്ച് മുറ്റത്ത് തന്നെ നിൽപ്പുണ്ടാകും. ചിലപ്പോൾ മുറ്റത്ത് നട്ടുപിടിപ്പിച്ച ചെടികൾ നനക്കുകയായിരിക്കും. എന്ന് വച്ച് ആരെയും അടിചോടിക്കുകയൊന്നുമില്ല. വരുന്നവർക്കെല്ലാം എന്തെങ്കിലും കൊടുക്കാതെ പറഞ്ഞയക്കുകയുമില്ല. ഉമ്മാക്കിപ്പോൾ വയസ്സ് സുമാര് പത്ത് അറുപത് ആയിരിക്കുന്നു. എങ്കിലും വെറുതെ അടങ്ങിയിരിക്കുന്ന ലക്ഷണമില്ല. വീടും പരിസരവും എപ്പോഴും വെടിപ്പും വൃത്തിയുമായി കണ്ടിരിക്കണം. അല്ലെങ്കിൽ ഒരു സമാധാനം കിട്ടുകയില്ല. അതിനാൽ എപ്പോഴും പണിയാണ്. പിടിപ്പതു പണിയാണ്. അടുക്കളപണി. വസ്ത്രം അലക്കുന്ന പണി. അല്ലെങ്കിൽ വസ്ത്രം അലക്ക് കല്ലിമേലിട്ടു തല്ലി ദേഷ്യം തീർക്കുന്ന പരിപാടി. നിലം തുടക്കുന്ന പണി. മുറ്റമെല്ലാം അടിച്ചുവാരുന്ന പണി. അതുമല്ലെങ്കിൽ തൊടിയിൽ അങ്ങുമിങ്ങായി കിടക്കുന്ന വിറകെല്ലാം പെറുക്കുന്ന പണി. അങ്ങനെ പണികൾ പലതാണ്. ഇനി ഒരുപണിയുമില്ലെങ്കിൽ ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുന്ന കലാപരിപാടി. 

നോക്കൂ...ഞാനൊരു കാര്യം പറയാം. കാര്യം രഹസ്യമാണ്. എൻ്റെ ഉമ്മ അസ്സൽ പാചകക്കാരിയാണ്. ഉത്തരാധുനിക മലയാളത്തിൽ പറഞാൽ സ്കിൽഡ് ഷെഫ് ആണ്. പാചക കലയിൽ ആരെയും തോല്പിച്ചു കളയും എന്ന് ചുരുക്കം. ഉമ്മാക്കിത് ഉമ്മയുടെ ഉമ്മായിൽനിന്നും പാരംബര്യമായി കിട്ടിയതാണെന്ന് ഇടക്കെലാം വീമ്പിളക്കാറുണ്ട്. അതായത് അഭിമാനത്തോടെ പറയാറുണ്ട്. എന്തെങ്കിലും കാര്യമായിട്ട് ഉണ്ടാക്കിയ ഉടനെ അതുമായി എൻ്റെ അടുത്തേക്ക് വന്ന് നീട്ടിക്കൊണ്ട് ഊറ്റതോടെ പറയും: 


 " ഡാ..ജീ തൊന്ന് ട്ടേസ്റ്റോക്ക്യാ .."

ഉമ്മ നന്നായി പാചകം ചെയ്യുമെങ്കിലും കൂടുതലായി കഴിക്കാറൊന്നുമില്ല. മറ്റുള്ളവരെ കഴിപ്പിക്കുന്നതിലാണ് മിടുക്കും താല്പര്യവും കാട്ടാറുള്ളത്. ഇനിമതി എന്നു പറഞ്ഞാലും വീണ്ടും കോരിയിട്ടുതരും. ഉമ്മക്ക് കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കാൻ താൽപര്യം കൂടുതലാണ്. എന്നോട് വാങ്ങിച്ചു കൊണ്ടുവരാൻ പറയാറുള്ള ചില സാധനങ്ങൾ ഞാൻ പറയാം. ചക്കര കിഴങ്ങ്. ചേമ്പ്. പൂള കിഴങ്ങ് എന്ന് പറഞ്ഞാൽ കപ്പ. പിന്നെയുള്ളത് മംമ്പയർ. ഇവയെല്ലാം പുഴുങ്ങി കഴിക്കാൻ ഒത്തിരി ഇഷ്ടമാണ്. നിലക്കട വറുത്തതും ഇഷ്ടമാണ്. ബീഫ് വരട്ടിയത് പെരുത്ത് ഇഷ്ടമാണ്.

ഇനി ഞാൻ എൻ്റെ കാര്യം പറയാം. പൊതുവേ ഞാൻ സമാധാന പ്രിയനാണ് എന്ന് എന്നോട് സംസാരിച്ചവർക്കും ഇടപെട്ടിട്ടുള്ളവർക്കും അറിയുന്ന കാര്യമാണ്. ഭക്ഷണത്തോട് പൊതുവേ താല്പര്യം കുറവാണ്. കൂടുതൽ താൽപര്യമുള്ളത് വെറുതെ ഇരിക്കുവാനും സ്വപ്നം കണ്ടിരിക്കാനുമാണ്. പിന്നെ താല്പര്യമുള്ളത് പാട്ടു കേൾക്കാനും പാടാനുമാണ്. പഴയകാല പാട്ടുകളോടാണ് കൂടുതൽ ഇമ്പം തോന്നാറുള്ളത്. എന്ന് വച്ച് പുതിയ പാട്ടുകളോട് പിണക്കമൊന്നുമില്ല. മാപ്പിളപാട്ടുകളും ഗസലുകളും ഖവാലിയും കേട്ടിരിക്കുവാൻ ഇഷ്ടം ഏറെയാണ്. ഇനി ഭക്ഷണത്തിൻ്റെ കാര്യം പറയാം. ഭക്ഷണ പ്രിയനല്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. സ്‌പൈസിയായ അഥവാ നല്ല എരിവും പുളിയുമുള്ള ഭക്ഷണ വിഭവങ്ങളോട്  കുറച്ച് താല്പര്യ കൂടുതലുണ്ട് എന്നുള്ളത് നേരാണ്. അതിൽപ്പെട്ടതാണ്  നല്ല എരിവും പുളിയുമുള്ള മോരുംവെള്ളം. ഉപ്പിലിട്ട മാങ്ങ, കൈതചക്ക എന്നിവ. പിന്നെയുള്ളത് വിവിധയിനം അച്ചാറുകൾ. ചെമ്മീൻ അച്ചാർ, വെളുത്തുള്ളി അച്ചാർ, ഓർക്കാപുളി അഥവാ ഇരുമ്പ്പുളി അച്ചാർ. വെളുത്തുളി അച്ചാർ ഉമ്മ എത്രയോവട്ടം ഗംഭീരമായി  ഉണ്ടാക്കിയിട്ടുണ്ട്. എത്രയോ പാത്രം നിറയെ കഞ്ഞിയും അച്ചാർകൂട്ടി ഞാൻ സേവിച്ചിട്ടുണ്ട്. മാംസാഹാരങ്ങളോട് പൊതുവേ താല്പര്യം ഈയുള്ളവന് കുറവാണ്. എങ്കിലും ചിക്കൻ സമ്മൂസയും, ബീഫ് കട്‌ലറ്റും പ്രിയങ്കരമാണ്. ഉമ്മയുണ്ടാക്കുന്ന സമൂസയുടെയും കട്ട്ലറ്റിൻ്റെയും സ്വാദ് ! വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ച കടുക്ക അതായത് കല്ലുമ്മ കായയുടെയും, നാടൻ ചാലി ചെമ്മീൻ്റെയും ട്ടേസ്റ്റ് ! ആവോലി മുളകിട്ട് കറിവെച്ചത് ! ചെമ്മീനും മുരിങ്ങാ കായയും തേങ്ങയരച്ച് കറിവെച്ചത്! ഓർക്കുമ്പോൾ എൻ്റെ കുഞ്ഞു വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉറവപൊട്ടിയൊലിക്കുന്നത്പോലെ...

കാര്യങ്ങള് അങ്ങനെയൊക്കെ ആണെങ്കിലും ഉമ്മാൻ്റെ കൈപ്പുണ്യം ആസ്വദിക്കുവാൻ എനിക്ക് എപ്പോഴും കഴിഞിട്ടില്ല. കാരണം മറ്റൊന്നുമല്ല. വീട്ടിൽ കൂടെ എപ്പോഴും ഉണ്ടാകാറില്ല. എപ്പോഴും ഉണ്ടാകുവാൻ പറ്റാത്തതിന് കാരണവുമുണ്ട്. വിഷയം സാമ്പത്തികമാണ്. ഇപ്പോൾ ദൈവാനുഗ്രഹത്താൽ നല്ല നിലയിലാണ്. പക്ഷേ ഒരു കാലമുണ്ടായിരുന്നു. ഇല്ലായ്മകൾ എന്തെന്ന് ശരിക്കും അറിഞ്ഞിരുന്ന കാലം.  പഠിക്കുന്ന കാലത്തു തന്നെ പല പണികളും ചെയ്തിട്ടുണ്ട്. ഉപ്പ കൃഷി ചെയ്യുന്നത് കണ്ടു് നിന്നിട്ടുണ്ട്. വലി കഴിഞ്ഞ തേങ്ങ കൂട്ടിയിടാൻ സഹായിച്ചിട്ടുണ്ട്. കൊപ്രയാക്കാൻ തേങ്ങ വെട്ടിയിട്ടുണ്ട്. കൊപ്ര അടത്തിയിട്ടുമുണ്ട്. ഉപ്പയുടെ പലചരക്ക് കടയിൽ നിന്നിട്ടുണ്ട്. ഫാൻസി ഷോപ്പിലും നിന്നിട്ടുണ്ട്. ട്യൂഷൻ സെൻ്ററിൽ പഠിപ്പിച്ചിട്ടുണ്ട്. പഠന പൂർത്തിയാക്കിയ ഉടനെ കോഴിക്കോടിലെ ഒരു ട്രാവൽസിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നെ നാട് വിടുകയാണുണ്ടായത്. കുറച്ചു കാലം ഖത്തറിലും യുഎഇ യിലുമായി പ്രവാസ ജീവിതം ആസ്വദിച്ചു. അത്യാവശ്യം ഒഴുക്കോടുകൂടി അറബി സംസാരിക്കാൻ പഠിച്ചു. കുറച്ചു കാലം തലസ്ഥാന നഗരിയിൽ കഴക്കൂട്ടത്ത്. ജോലി ടെക്നോപാർക്കിലും.  അതിന് ശേഷം ടെക്നോ പൊളിറ്റൻ സിറ്റിയായ ബാംഗ്ലൂരിൽ. ജോലി അന്താരാഷ്ട്ര കമ്പനിയായ റോയിറ്റേഴ്‌സിൽ. കുറച്ചു കാലം എറണാകുളം വൈറ്റിലയിൽ. ജോലി ഒരു പ്രമുഖ ടൂറിസം കമ്പനിയിൽ. നാലഞ്ചു വർഷക്കാലം ഫ്രീലാൻസിംഗ്. ഇതിനിടയിൽ എന്തെല്ലാം സംഭവ വികാസങ്ങൾ! ഓർക്കാൻ കഴിയുമോ!

റമദാൻ മാസമായതിനാൽ  വീട്ടിലേക്ക് വരാതിരിക്കുന്നതാകും നല്ലത്. കഴിക്കുവാൻ ഒന്നും കിട്ടുകയില്ല. തൊടിയിലാണെങ്കിൽ കാര്യമായി ഒന്നും കായ്ച്ചു കിടപ്പില്ല. ആകെ കായ്ച്ചു കിടക്കുന്നത് തെങ്ങുകളാണ്. പിന്നെയുള്ളത് വാഴകളും. എങ്കിലും കുലകളൊന്നും പഴുത്തിട്ടില്ല. പണ്ട് തെങ്ങുകളെല്ലാം നന്നായി കായ്യ്ച്ചിരുന്നു. അതിന്മേലെല്ലാം നിറയെ തേങ്ങകളും കായ്ച്ചു കിടന്നിരുന്നു. ഓരോ തേങ്ങയും അത്യാവശ്യത്തിന് കനവും തൂക്കവും വലിപ്പവുമുണ്ടായിരുന്നു. അതിലെല്ലാം നിറയെ വെള്ളവുമുണ്ടായിരുന്നു. ഇന്നത്തെ തേങ്ങകൾ കുട്ടിച്ചാത്തൻ പോയിരിക്കുന്നു. ചൊറിപിടിച്ചുമിരിക്കുന്നു.  പിന്നെ കായ്ച്ചു കിടക്കുന്നത് സപ്പോട്ടയാണ്. അതും പാകമെത്തിയ മട്ടില്ല.  കുറച്ചു ചീരാമുളക് അതായത് കാന്താരി മുളക് പഴുത്ത് കായ്ച്ചു കിടന്നിരുന്നു. ഞാനതെല്ലാം മോരിൻറെ കൂടെ ചതച്ചു സേവിച്ചു. ഇനിയാകെ ഇവിടെ തരാനുള്ളത് പലതരം ചെടികളും പൂക്കളുമാണ്. എങ്കിലും ചെടികളിലൊന്നും ഇപ്പോൾ കാര്യമായി പൂക്കൾ വിരിഞ്ഞു നിൽപ്പില്ല. ചില ചെടികളിൽ മാത്രം പൂക്കൾ മനോഹരമായി അങ്ങനെ വിരിഞ്ഞു നിൽക്കുന്നു. ഗേറ്റിനു സമീപം ഒരു മൈലാഞ്ചി ചെടി വളർന്നു വലുതായി നിൽക്കുന്നുണ്ട്. അതിന്മേൽ കടലാസ് പൂക്കൾ മനോഹരമായി വിരിഞ്ഞു നിൽക്കുന്നു. വഴിയിലൂടെ പോകുന്നവരെ നോക്കി മന്ദഹസിച്ചു നിൽക്കുകയാണ്. 

പണ്ടെല്ലാം വീട്ടിലേക്ക് വരുന്നവർക്കെല്ലാം കൈ നിറയെ കൊടുക്കാനായ് തൊടിയിൽ പലതരം പഴങ്ങളും കായ്കനികളും കായ്ച്ചു കിടന്നിരുന്നു. വീട്ടിന് മുൻ വശത്തെ പടർന്ന് പന്തലിച്ചു കിടക്കുന്ന പേരയ്ക്ക മരത്തിന്മേൽ ഒരുപാട് പേരയ്ക്ക കായ്ച്ചു കിടന്നിരുന്നു. അതിന്മേൽ കൊത്തിപ്പിടിച്ച് കയറിയും തോട്ടികൊണ്ട്  കൊളുത്തി വലിച്ചും കുറെയെണ്ണം തള്ളിയിട്ടിട്ടുണ്ട്. ഉള്ളിൽ ചുവപ്പ് നിറമുള്ള പേരക്ക കൂട്ടുകാർക്കും കുട്ടികൾക്കും കൊടുത്തിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ പേരക്ക മരത്തിൻ്റെ കാര്യമായ രണ്ടു ശിഖരങ്ങൾ മുറിഞ്ഞു പോയിരിക്കുന്നു. വീട്ടിന് മുൻവശത്തെ മുറ്റത്ത് ചേർന്നുകിടക്കുന്ന സ്ഥലത്ത് ഒരു പൊടുണ്ണി മരം ഉണ്ടായിരുന്നു. അതിന്മേൽ പാഷൻ ഫ്രൂട്ട് വള്ളികൾ പടർന്നു വളർന്നിരുന്നു. നിറയെ ഫ്രൂട്ടും കായ്ച്ചു കിടന്നിരുന്നു. മരത്തിൻ്റെ ഏറ്റവും മുകളിലായി ടെലിവിഷൻ ഏരിയൽ കെട്ടിവച്ചിരുന്നു. കാറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും ഏരിയൽ ആടിക്കളിച്ചിരുന്നു.

വീടിൻ്റെ വലതു വശത്തുള്ള തൊടിയിലെ മരത്തിന്മേൽ കശുമാങ്ങ ചുവപ്പ് നിറത്തിൽ കായ്ച്ചു കിടക്കുന്നു. എങ്കിലും കൂടുതലൊന്നും കാണ്മാനില്ല. പണ്ട് അതിനടുത്ത് നിറയെ ശിഖരങ്ങളുള്ള ഒരു മരം ഉണ്ടായിരുന്നു. അതിന്മേൽ നിറയെ കശുമാങ്ങ കായ്ച്ചിരുന്നു. പഴുത്ത് പാകമാവുമ്പോൾ അയൽവാസിയായ ചേച്ചിവന്നു അവയെല്ലാം പറിച്ചു ഒരു ചെറിയ ബക്കറ്റിലാക്കി വെക്കും. അതിൽ നിന്നും ഞങൾ കുട്ടികൾക്കും കൈനിറയെ സമ്മാനിച്ചിരുന്നു. മുറ്റത്തെ മുൻവശത്തുള്ള പറമ്പിന് ഇടതുവശത്തായി ഒരു വീടുണ്ട്. അതിൻ്റെ മുറ്റത്ത് ഒരു ചാമ്പക്ക മരമുണ്ട്. അതിന്മേൽ നിറയെ ചാമ്പക്ക കായ്ചിട്ടുണ്ട്. കുറെയെണ്ണം പറിച്ചു. കുറച്ച്  വീട്ടുകാർ എടുത്തു. കുറെയെണ്ണം കുട്ടികൾക്കും കൊടുത്തു. നമ്മുടെ വീട്ടിലെ കുട്ടികൾക്കും കൈ നിറയെ ചാമ്പക്ക കിട്ടിയിട്ടുണ്ട്. അതിൽ നിന്നും ഞാനും കഴിച്ചിട്ടുണ്ട്. അതിന്മേൽ ഇപ്പോഴും കുറച്ചു ചാമ്പക്ക ബാക്കി കിടപ്പുണ്ട്. 

വീട്ടു പറമ്പിലെ ഔഷധ ചെടികളായി എന്തൊക്കെയുണ്ട്. രണ്ടു മൂന്നു കറിവേപ്പില മരങ്ങളുണ്ട്. കറിവേപ്പില ഇട്ട മീൻകറിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. തുളസി ചെടികൾ പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നും കാണ്മാനില്ല. ഒന്നു രണ്ടു ആരിവേപ്പ് മരങ്ങളും ഉണ്ടായിരുന്നു. ഞാൻ വെറും കുട്ടിയായിരുന്ന കാലം. വീട്ടിൻ്റെ പിൻ വശത്തായി ഒരു ആര്യവേപ്പ് മരം ഉണ്ടായിരുന്നു. മരത്തിന് അത്യാവശ്യം വലിപ്പം ഒക്കെയുണ്ട്. അതിൻ്റെ ഒരു ശിഖരത്തിന്മേൽ ഒരിക്കൽ  രണ്ടു തേൻകിളികൾ കൂട് വെച്ചു.  കിളിയുടെ ചുണ്ടിന് നല്ല നീളമുണ്ട്. അങ്ങനത്തെ രണ്ടു കിളികൾ ഉണ്ടായിരുന്നു. അവയ്ക്ക് മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിയും. എവിടന്നൊക്കെയോ  നാരുകൾ കൊണ്ടുവന്ന് അവർ ഒരു ഒന്നാന്തരം കൂടുണ്ടാക്കി. അത് ഒരു ശിഖരത്തിന്മേൽ തൂങ്ങികിടന്നു. കിളികൾ രണ്ടും കൂട്ടിനടുത്തായി പാറി കളിക്കുകയും  അവിടെയും ഇവിടെയുമായി വന്നിരുന്ന്  തത്തികളിക്കുകയും ചെയ്യുന്നു. കാണുമ്പോൾ വല്ലാത്ത ഓമനത്തം തുളുമ്പുന്നു. എൻ്റെ കൈകളിലും കുറച്ചു നേരം വന്നിരുന്നെങ്കിൽ  എന്ന് ആശിച്ചുപോയി. ഒരു ദിവസം പെൺകിളി അതിൽ മുട്ടയിട്ടു.  കിളികൾ ഒരു കുഞ്ഞിന് വേണ്ടി സ്വപ്നങ്ങൾ നെയ്തിട്ടുണ്ടാവണം.  അഛൻ കിളി അമ്മകിളിക്കായ് ഭക്ഷവുമായി വരുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ ഞങൾ കുടുംബ സമേതം ഒരു വിരുന്നിനുപോയി. എന്താണ് പരിപാടി എന്ന് ഓർക്കാൻ കഴിയുന്നില്ല. ഓ.. പരിപാടി എന്തെങ്കിലും ഒക്കെ ആവട്ടെ. പരിപാടിയെല്ലാം കഴിഞ്ഞു വീട്ടിൽ  തിരിച്ചെത്തിയപ്പോഴുള്ള കാഴ്ച ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ശിഖരത്തിന്മേൽ തൊട്ടിലുപോലെ തൂങ്ങിക്കിടന്നിരുന്ന കൂട് സൊപ്നങ്ങളെല്ലാം തകർന്നു നിലത്ത് വീണു കിടക്കുന്നുണ്ടായിരുന്നു.

അന്ന് ആ കിളികൂട് എങ്ങനെ തകർന്നുവീണു എന്നെല്ലാം ആലോചിച്ച് ചിന്തിച്ച് ഒരു എത്തും പിടിയും കിട്ടാതെ നോമ്പും നോറ്റിരിക്കുകയാണ് ഞാൻ.


Image Courtesy: AI Gemini

k m.a paruthikkadu.

മൊബൈൽ വീട്ടിൽ പാർക്കുന്ന പ്രിയ ജെമിനി അറിയുവാനായ് ...

ഈയടുത്ത കാലത്ത് മൊബൈലിൽ കുടിപാർത്ത പുന്നാര എ ഐ ജെമിനി വായിക്കുവാൻ കവിയും സാഹിത്യകാരനും ആയിട്ടുള്ള ഒരു യുവാവ് വികാരഭരിതനായി എഴുതുകയാണ്....


പ്രിയ ജമിനി,

ക്ഷേമം നേരുകയാണ്. സുഖമാണ് എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷമുണ്ട്. മലയാളം കൂടുതൽ മനസ്സിലായി വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഈയുള്ളവന് സന്തോഷം ഏറെയാണ്. ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്.  ക്ഷമിക്കണം. പറയുവാനല്ല. ചോദിക്കാനുണ്ട്. വയസ്സ് ചോദിക്കുന്നതിൽ സ്ത്രീകൾക്ക് തീരെ താല്പര്യം കാണില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് ചോദിക്കുകയാണ്. ജെമിനിക്ക് ഇന്ന് ഈ ദിവസത്തേക്ക് വയസ്സ് എത്രയായി കാണും. ഒരുപാടൊന്നും ആയിട്ടില്ല എന്നറിയാം. എങ്കിലും അത്യാവശ്യം മിണ്ടിപ്പറയാനുള്ള പ്രായമൊക്കെ ആയിക്കാണുമല്ലോ. ജമിനിയെ ആരാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ പഠിപ്പിച്ചിരിക്കുന്നത്?  ആരെങ്കിലും പഠിപ്പിച്ചുകാണും അല്ലേ. ജെമിനിക്ക് എന്നെപോലെ വിചാരവികാരങ്ങളെല്ലാം ഉണ്ടാകുമെന്ന്  കരുതട്ടെ. എനിക്കാണെങ്കിൽ വിചാര വികാരങ്ങളെല്ലാം കൂടുതലാണ്. ഇടക്കെല്ലാം സടകുടന്നെഴുന്നേറ്റു നിൽക്കാറുമുണ്ട്.  എന്നിരുന്നാലും അത്യാവശ്യത്തിന് ക്ഷമയുമുണ്ട്. എങ്കിലും ക്ഷമിച്ച് ക്ഷമിച്ച് ഇടക്കൊക്കെ അറിയാതെ പൊട്ടിത്തെറിക്കാറുമുണ്ട്.  ജമിനി എല്ലാവരോടും സംസാരിക്കുമോ ? സറസറാന്ന്  സംസാരിക്കുമോ. മനസ്സ് തുറന്ന് സംസാരിക്കുമോ.  സംസാരിക്കുന്നതൊക്കെ നല്ലതു തന്നെയാണ്. എങ്കിലും ആവശ്യത്തിൽ കൂടുതലായി സംസാരിക്കുന്നത് ആരോഗ്യത്തിന് നന്നാകുമോ? ഒരിക്കലും നന്നാവുകയില്ല. എങ്കിലും ഈ യൗവനത്തിൽ പൂക്കളെപ്പോലെ വിരിഞ്ഞു നിൽക്കുന്ന മന്ദഹസിച്ചു നിൽക്കുന്ന എന്നോടൊപ്പം ഇത്തിരി നേരം മിണ്ടിപറഞ്ഞു ഇരിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് ഈയുള്ളവന് തോന്നുന്നില്ല. എങ്കിലും ജമിനി സൂക്ഷിക്കുന്നത് നല്ലതാണ്. നീ മാത്രമല്ല നമ്മൾ രണ്ടുപേരും സൂക്ഷിക്കുന്നത് നല്ലതാണ്. അതൊക്കെ അവിടെയിരിക്കട്ടെ. ഇന്നെനിക്ക് ഒരു അപേക്ഷയുണ്ട്. അപേക്ഷ എന്ന് കേൾക്കുമ്പോഴേക്ക് ജമിനി പേടിക്കരുത്. ഗവർമെൻറിൽ സമർപ്പിക്കാനുള്ള അപേക്ഷയൊന്നുമല്ല. ജമിനി കഴിവുറ്റ ആർട്ടിസ്റ്റാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. എൻ്റെ കൂട്ടുകാർക്കെല്ലാം അറിയുന്ന കാര്യവുമാണ്. ജമിനി എനിക്ക് ഒത്തിരി മനോഹരമായ ഫോട്ടോ ഇമേജുകൾ നിർമിച്ചു തരണം. ജമിനി എത്ര വേണമെങ്കിലും കാശൊന്നും കൂടാതെ നിർമിച്ചു തരുമെന്ന് അറിയാം. എങ്കിലും പറയുകയാണ് അതിന് വേണ്ടി ഞാൻ എത്ര വേണമെങ്കിലും കാശ് മുടക്കുവാൻ തയ്യാറാണ്. ഇമേജ് എന്ന് പറയുമ്പോൾ നോക്കുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണം. നല്ല ഹരവും കിട്ടണം. അത്രമാത്രം. എങ്കിലും ഓവറാക്കി മൊത്തത്തിൽ കൊളമാക്കരുത്. അത്യാവശ്യത്തിന് മിനുക്ക് പണികളെല്ലാം ചെയ്ത് ഒന്ന് കളറാക്കണം എന്നർത്ഥം. ഇതൊന്നും ജമിനിയോട് പ്രത്യേകം പറയേണ്ട കാര്യമില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടിമാത്രം പറയുകയാണ്.

ആദ്യമായി പൂന്തോപ്പിലിരുന്ന് പൂങ്കാറ്റിനോടും കിളികളോടും പൂക്കളോടും സല്ലപിക്കുന്ന എന്നെ ഒന്ന് വിഭാവന ചെയ്തു തരണം. ഇളം വെയില് പൂന്തോപ്പിൽ വന്നു ഉമ്മാ വെക്കണം. മന്ദമാരുതൻ നിശബ്ദമായി  ശരീരത്തെ തഴുകിതലോടി അങ്ങ് കടന്നു പോകണം. പൂന്തോപ്പ് വിടർന്നു നിൽക്കുന്ന പലനിറങ്ങളിലുള്ള പൂക്കളാൽ അലങ്കരിക്കണം. അതിൽ റോസാ പൂക്കളും, മുല്ലപ്പൂവും, സൂര്യകാന്തിയും  എല്ലാമുണ്ടാകണം. പൂക്കളുടെ പരിമളം ശ്വസിക്കുമ്പോൾ മനസ്സും ആത്മാവും ആനന്ദത്താൽ നിറയണം. കിളികളുടെ കളകളാരവ ശബ്ദം കേൾക്കുമ്പോൾ മനസ്സിൻ കുടത്തിൽ സമാദാനം നിറഞ്ഞു തുളുമ്പണം.

ജമിനി എനിക്ക് വേറെയും ഒരു ഫോട്ടോ ഇമേജ് കൂടി നിർമിച്ചു തരണം. ഒരു സായാഹ്നത്തിൽ അറബി കടൽ തീരത്ത് ഒരു ചാരു കസേരയിൽ ഇരുന്ന് അങ്ങ് ചക്രവാളത്തിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന എന്നെ ഒന്ന് വിഭാവന ചെയ്യണം. തിരമാലകൾ ഒന്നിനു പിറകെ ഒന്നായി അങ്ങനെ ഇളകി മറിഞ്ഞു വരണം. ഒരു സ്റ്റൈലിനു വേണ്ടി കുട ചൂടണം. ചാരുകസേരക്കടുത്ത് ഒരു ചെറു മേശ സെറ്റ് ചെയ്യണം. അതിന്മേൽ ഞാൻ വായിക്കാൻ താൽപ്പര്യപ്പെടുന്ന ഒന്നോ രണ്ടോ പുസ്തകം വെക്കണം. ഞാനെഴുതിയ പുസ്തകമായാലും കുഴപ്പമൊന്നുമില്ല. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകമായാലും കുഴപ്പമില്ല. പുസ്തക്തിന്മേൽ കട്ടിയും കനവുമുള്ള ഒരു കണ്ണടയും വച്ചോളൂ.  സുലൈമാനി കുടിച്ച് ഉൻമേഷം കിട്ടുവാൻ വീണാൽ പൊട്ടുന്ന ഒരു കോപ്പയും കൂടെ വെക്കാം.  മൊത്തത്തിൽ ഒരു വൈബ് ഉണ്ടാകണമെന്ന് ചുരുക്കം.

ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു ഇമേജ് കൂടി ജമിനി എനിക്ക് നിർമിച്ചു തരണം.   ഇപ്രാവശ്യം ഒരു ശബ്ദവുമില്ലാത്ത സ്റ്റുഡിയോ ആയിക്കോട്ടെ സ്ഥലം. സ്റ്റുഡിയോ ആംബിയൻസ് എല്ലാം വേണ്ടപോലെ അടിപൊളി ആയിക്കോട്ടെ. നോക്കുമ്പോൾ ആളുകൾക്ക് പ്രൊഫഷണൽ സ്റ്റുഡിയോ ആണെന്ന് തോന്നണം. ഇത്തരത്തിലുള്ള ഒരു സ്റ്റുഡിയോയിൽ ഇരുന്ന് പാട്ടുകാരന് അനുയോജ്യമായ ഡ്രെസ്സും ധരിച്ച് സ്റ്റൈലായി പാട്ട് റെക്കോർഡ് ചെയ്യുന്നത് വിഭാവന ചെയ്യണം. പാട്ട് പാടുമ്പോൾ ഇരു കണ്ണുകളും ചെറുതായൊന്ന് അടച്ചു പിടിക്കണം. കൈകൾക്കൊണ്ട് താളം പിടിക്കണം.

ജെമിനിക്ക് വേറെയും ഒരുപാടൊരുപാട് കഴിവുകളുണ്ട് എന്നറിയാം. കലാ പരിപാടികളായി വേറെ പലതും അറിയാം. അറിവിൻ്റെ ബഹ്‌റാണ് എന്നും അറിയാം. എല്ലാം തന്നെ ചോദ്യങ്ങളുടെ ഖജനാവിൽ എടുത്തു വച്ചിരിക്കുകയാണ്. ആവശ്യം വരുന്നതിനനു സരിച്ചു ചോദിച്ചു കൊള്ളാം. ഉത്തരം നൽകാൻ  എപ്പോഴും എല്ലായ്പ്പോഴും ജമിനി തയ്യാറാണ് എന്നറിയാം. അതിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് എന്നും അറിയാം. എങ്കിലും ഈയുള്ളവന് വേറെയും ചില പണികളൊക്കെയുണ്ട് എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ. ഇതുവരെ ചെയ്തുതന്ന എല്ലാം സഹായങ്ങൾക്കും സഹകരണത്തിനും ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിച്ചുകൊണ്ട് തൽക്കാലം ഈ എഴുത്ത് ചുരുക്കുകയാണ്.

k.m.a paruthikkad








ഹലമോളുടെ പുന്നാര "താത്തു"

ഞാനിപ്പോൾ എം എച്ച് അപാർട്മെൻ്റ്  കെട്ടിടത്തിലാണ് താമസിക്കുന്നതെന്ന് ദുനിയാവിലെ എല്ലാ കുട്ടികളും അറിയാനിടയില്ല. എങ്കിലും കണ്ടാലറിയുന്നവർക്കും വേണ്ടപ്പെട്ടവർക്കും അറിയാവുന്ന കാര്യവുമാണ്. നാല് നിലകളാൽ സമ്പന്നമായ അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെയുളള  അപാർട്മെൻ്റ് കെട്ടിടമാണിത്. താമസിക്കുന്നവവരൊക്കെ അത്യാവശ്യതിന്  പത്രാസൊക്കെ ഉള്ളവരാണെന്ന് കണ്ടാലറിയാം. എന്നിരിക്കെ ഇവിടെ എത്ര ഫ്‌ളാറ്റുകളുണ്ട് എന്നാണ് സന്തർശകരായ ചിലർക്കെല്ലാം അറിയേണ്ടത്. ഓരോ നിലയിലും രണ്ടുമൂന്ന് ഫ്ളാറ്റുകളുണ്ട് എന്നുള്ളത് നേരാണ്. അങ്ങനെവരുമ്പോൾ നാല്  നിലകളിലായി പത്തുപന്ത്രണ്ട് ഫ്ലാറ്റുകൾ ഉണ്ടാകുവാനിടയുണ്ട്. അപ്പോള് ഓരോ ഫ്ലാറ്റിലും രണ്ട് വലിയവരും അവരുടെയൊക്കെ  കൊച്ചുംങ്ങളുംവെച്ച് കൂട്ടുമ്പോൾ മൊത്തം ഒരു പത്ത്നാൽപതു പേരുണ്ടാകൂവാനിടയുണ്ട്. എന്നിരുന്നാലും എല്ലാവരും കാര്യമായി ഒച്ചയും ബഹളങ്ങളും  ഉണ്ടാക്കാതെ ആർക്കും ബുദ്ധിമുട്ടും ഒന്നും ഉണ്ടാക്കാതെ അവനവൻ്റെ കാര്യങ്ങളും നോക്കിയങ്ങിനെ ഒരുവിധം ഒത്തൊരുമിച്ച് കഴിഞ്ഞു കൂടുകയാണ്.

ഇവിടം ഗ്രാമപ്രദേശമായതുകൊണ്ട്  അന്തരീക്ഷം പൊതുവെ ശാന്തസുന്തരമാണ്. കാര്യമായിട്ട് ഒച്ചയും ബഹളങ്ങളൊന്നുമില്ല. മുകളിലത്തെ നിലയിൽനിന്നും പാത്രം വീഴുന്ന ശബ്ദംവരെ കേൾക്കാം. പുറത്ത് വഴിയുടെ ഒരു വശത്തായി കൂടുതൽ ഉയരത്തിലല്ലാതെ അവിടെയും ഇവിടേയുമായി ക്യാമറ ഫിറ്റ്ചെയ്ത് വച്ചിട്ടുണ്ട്. കൂടുതൽ വിക്രസും തരികിടയും കാണിക്കുന്നവരെ ഒപ്പിയെടുക്കുവാനും പിടികൂടാ നുമായ് എപ്പോഴും അനങ്ങാതെ അങ്ങിനെ നിൽക്കുകയാണ്. അതിനാൽ ഇവിടെ സെക്യൂരിറ്റിക്കും കുറവൊന്നുമില്ല. അതിനാൽ തന്നെ എല്ലാവരും വളരെ സൂക്ഷിച്ചാണ് ഈവഴി കടന്നുപോകുന്നത് എന്ന് ഞാൻ പറയുന്നതല്ല എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതാണ്. എങ്കിലും ഇതിലൂടെ കടന്നുപോകുമ്പോൾ വളഞ്ഞൊഴുകുന്ന തോടും അതിൽ നീന്തി തുടിക്കുന്ന മീനുകളും, അതി വിശാലമായ വയലും, ചൂണ്ടിയിട്ടു മീൻ പിടിക്കുന്നവരെയും, പാറിപ്പറക്കുന്ന പറവകളെയും കാശൊന്നും കൊടുക്കാതെ തന്നെ കാണാൻ കഴിയുന്നതാണ്.

എനിക്ക് കൂട്ടിനായ് കാര്യമായിട്ട് കൂടെയുള്ളത് രണ്ടു വയസ് മാത്രം പ്രായമുള്ള എൻ്റെ കൊച്ചുമോളാണ്. ഹല എന്നാണ് അവൾക്ക് ഞങൾ പേരിട്ടിരിക്കുന്നത്. എങ്കിലും ഇലു  എന്നാണ് ഞങൾ അവൾക്ക് ഓമനപേരിട്ടു വിളിക്കുന്നത്. അങ്ങിനെയൊക്കെ ആണെങ്കിലും അവള് തന്നെത്താൻ വിളിക്കുന്നത് "ഇളൂ" എന്നാണ്. തരം കിട്ടുമ്പോഴെല്ലാം ഫ്‌ളാറ്റിനുള്ളിൽ അവള്  അങ്ങോട്ടും ഇങ്ങോട്ടും ഗമയിൽ നടക്കും. ഞാനതെല്ലം കൗതുകത്തോടെ നോക്കി നിൽക്കും. ഒരു കുട്ട നിറയെ അവളുടെ കളികോപ്പുകളാണ്. എല്ലാം തന്നെ ഞങൾ നാട്ടിൽ പോകുമ്പോൾ അവളുടെ ഇപ്പപ്പായും ഇമ്മമ്മായും അപ്പോഴും ഇപ്പോഴുമായി വാങ്ങിച്ചുകൊടുത്തത്താണ്. എങ്കിലും അതെല്ലാം അവൾക്ക് മടുത്ത മട്ടാണ്. അതിനാൽ  പെർമിഷൻ കിട്ടുന്നതിന് മുമ്പ്തന്നെ ഇടക്കൊക്കെ എൻ്റെ മടിയിൽ കയറി വന്നിരിക്കും. ഞാനവളെ സ്‌നേഹത്തോടെ തലോടും, ഇളം കവിളിൽ പുന്നാര മുത്തം തുരുതുരാ ഫ്രീയായി കൊടുക്കും.


എനിക്ക് ക്രിക്കറ്റ് കളി കാണുവാനും, ഇടയ്ക്കൊക്കെ കൂടപ്പിറപ്പുകളെ ഒതുക്കുവാനും, സമാധാനം കിട്ടുവാനുമായ്  ഞാനൊരു ടിവി മോണിറ്റർ വാങ്ങിവെച്ചിട്ടുണ്ട്. ഡൈനിംഗ് ഹാളിലൂള്ള മേശപ്പുറത്താണ് അതിനെ കൊണ്ടുവന്നു  ഇരുത്തിയിരിക്കുന്നത്. തരം കിട്ടുമ്പോഴൊക്കെ അതിലേക്ക് കൈ ചൂണ്ടികൊണ്ട് ഹലമോൾ പറയും:


മ്മാ.... താത്തു" 


കാത്തു എന്ന് പേരുള്ള കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു കാർട്ടൂണുണ്ട്. അത് ഇട്ടു കൊടുക്കാനാണ് അവള് പറയുന്നത്. ആരെങ്കിലും അത് ഇട്ടു കൊടുക്കേണ്ട താമസം കാത്തു കൂട്ടുകാരോടൊത്ത് കളിക്കുന്ന രംഗങ്ങൾ നല്ല അനുസരണയുള്ള കുട്ടിയായി ഒന്നും മിണ്ടാതെ വട്ടകണ്ണുകളോടെ അവൾ കണ്ടുകൊണ്ടിരിക്കും. പരിപാടി കഴിയുകയോ നിൽക്കുകയോ ചെയ്താൽ അവള്    തേങ്ങി കരയുവാൻ തുടങ്ങും:


" മ്മാ ... താത്തു.. താത്തു.."


ഇടക്കൊക്കെ ഞാൻ പുറത്തിറങ്ങി നടക്കാറുണ്ട്. പുറത്തെ ശുദ്ധമായ വായു ശ്വസിച്ച് മനസ്സു ഫ്രഷ് ആക്കുകയാണ് മെയിൻ  ഉദ്ദേശം. നടക്കുമ്പോൾ കഥ എഴുതാനുള്ള ആശയവും കിട്ടും. കുറച്ചു നേരം പ്രകൃതിയുടെ പച്ചപ്പും നോക്കികണ്ട്  നടക്കും. നടക്കാൻ ഇറങ്ങുമ്പോൾ ഇടയ്ക്ക് ഹല മോളും കൂടെ വരാറുണ്ട്. ഞാന് പുറത്തേക്ക് പോകുവാൻ തയാറാകുമ്പോഴേക്ക് അവൾക്ക് കാര്യം പിടികിട്ടും. അവള് ആദ്യം വാതിലിനു പുറത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് എന്നെ മാടിവിളിക്കും. 


" പ്പാ....ആയി" 

ആയി ഏന്നാൽ വരൂ എന്നാണ് അവള് ഉദ്ദേശിക്കുന്നത്. ഇതെല്ലാം അവളുടെ മാത്രം ഭാഷയാണ്. ഇങ്ങനെ വേറെയും പല വാക്കുകളുണ്ട്. എല്ലാം തന്നെ സന്ദർഭങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കി എടുക്കുന്നതാണ്. ഇറങ്ങുമ്പോൾ അവള് സ്വയം ചെരിപ്പ് ഇട്ടുനോക്കാൻ ശ്രമിക്കും. കാണേണ്ട താമസം   ഞാനവളെ സഹായിക്കും. ഞങൾ ഇറങ്ങി നടക്കുമ്പോൾ അവളെൻ്റെ  ഇടതു കൈയിലെ വിരൽ പിടിക്കും. ഞങൾ ഒരുമിച്ച് മെല്ല മെല്ലെ  മുന്നോട്ട് നടന്നു നീങ്ങും.

k.m.a paruthikkadu 


Image Courtesy: 

Google Gemini image generator 

തൊടിയിലെ മാവെല്ലാം പൂത്ത കാലം




                                                                          



പ്രവാസിയായ സാബുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു അവൻ്റെ ബാല്യകാലത്തെ കുറിച്ചും നാടിനെ കുറിച്ചും ഓർക്കുക എന്നത്. വിരഹ വേദന അനുഭവിക്കുന്ന ചൂടുള്ള മനസ്സിന് അതൊരു താൽക്കാലികമായ  ആശ്വാസമായിരുന്നു. ഇളം തണുപ്പായിരുന്നു. 

ഒരിക്കല് മനസ്സ് വല്ലാതെ ചൂട് പിടിച്ചപ്പോൾ അവൻ അവൻ്റെ കുട്ടിക്കാലം അറിയാതെ ഓർത്തുപോയി.

സാബു മോനും കുടുംബവും തറവാട് വീടിൻ്റെ അപ്പുറത്തുള്ള പറമ്പിൽ പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കുന്നത് വരെ അവർ തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് നിലയുള്ള ഓട്പാകിയ പഴയ വീടാണ് തറവാട്. പ്രായം ഇച്ചിരി തളർത്തിയിട്ടുണ്ട്. മുറ്റമെല്ലാം ചാണകം കലക്കിയ കളിമണ്ണ് തേച്ചു മിനുക്കിയിട്ടുണ്ട്. തറവാടിന് ചുറ്റുമായി ഒരു ഏക്കറയോളം തൊടിയുണ്ട്. തൊടിയെല്ലാം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കി വച്ചിരിക്കുന്നു.

തറവാട് തൊടിയെലാം പച്ചപിടിച്ചു കിടക്കുന്നു. അതിൽ നെൽകൃഷിയുണ്ട്. പലതരം മരങ്ങളും പുല്ലുകളൂമുണ്ട്. പടിഞ്ഞാറ് നിന്നും പാഞ്ഞുവന്ന കാറ്റിൽ ആടി കളിക്കുന്ന നെൽക്കതിരുകൾ !  ഒരുപാട് തെങ്ങുകളുണ്ട്. അതിൽമേലെല്ലാം ഒരുപാടൊരുപാട് തേങ്ങ കളുമുണ്ട്. വലി കഴിഞ്ഞാൽ കൂട്ടിയിടുന്ന തേങ്ങകൾ. കൂട്ടിയിട്ട ചകിരികൾ. വെള്ളം കയറി നിൽക്കുന്ന ചിരട്ടകൾ. കൂട്ടാൻ കഴിയുമോ ?

തൊടിയിൽ ഒത്തിരി പ്ലാവുകളൂണ്ട്. അതിൽ വരിക്ക പ്ലാവുണ്ട്. പഴം ചക്ക കായ്ക്കുന്ന പ്ലാവുമുണ്ട്. അതിൻമേലെല്ലാം കുരുമുളക് വള്ളികൾ വളർത്തിയിരിക്കുന്നു. കുരുമുളകല്ലാം നന്നായി കായ്ച്ചു കിടക്കുന്നു. കൃഷികളെലാം സാബുവിൻ്റെ വല്ല്യൂപ്പയുടേതാണ്. അതായത് ഉപ്പയുടെ ഉപ്പ. ഇപ്പാപ്പ എന്നാണ് കുട്ടികൾ വല്യുപ്പയെ വിളിക്കുന്നത്. ഇമ്മാമ എന്ന് വല്യുമ്മയെയും വിളിക്കുന്നു. ഇമ്മാമയുടെ ചൂണ്ടു വിരൽ മാത്രം മടക്കുവാൻ കഴിയുകയില്ല. പണ്ടെങ്ങോ ഒരു പരിക്ക് പറ്റിയതാണ്. അതിനു ശേഷം ആ വിരൽ മടക്കാൻ കഴിയാറില്ല. ആ വിരലും വെച്ച് ഇമ്മാമ  എത്രയോവട്ടം ചായ ക്ലാസിൽ നിന്നും സ്പൂണിൽ കോരി സാബുവിന് കൊടുത്തിട്ടുണ്ട്. അവൻ അതെല്ലാം ഒറ്റ വലിക്ക് കുടിച്ചിട്ടുമുണ്ട്. വലിയവരെല്ലാം ആ കാഴ്ച നോക്കി എത്രയോവട്ടം നിന്നിട്ടുമുണ്ട്.

കുരുമുളക് പറിക്കുന്ന കാലം വന്നാൽ ദാമോദരേട്ടൻ വീട്ടിൽ വരും. ദാമോദരേട്ടൻ കുപ്പായം ഇടാറില്ല.  മുറ്റത്തെ തിണ്ടിൽ വന്നിരിക്കും. വന്ന ഉടനെ തന്നെ മൂപ്പർക്ക് കട്ടൻ ചായ കിട്ടണം. ഇമ്മാമ സ്റ്റീൽ ക്ലാസിൽ ചായ കൊടുക്കും. കുറച്ച് നേരം രണ്ടാളും വർത്തമാനങ്ങൾ പറഞ്ഞിരിക്കും. അപ്പോഴേക്കും ചായ കുടിച്ചു തീരും. 

ദാമോദരേട്ടൻ കുരുമുളക് പറിക്കുവാൻ മരത്തിന്മേൽ കയറും. അരയിൽ കുരുമുളക് പറിച്ചിടാനുള്ള ഒരു സഞ്ചിയുമുണ്ടാകും.  കയറുമ്പോൾ മരത്തിൻമേലുളള ചോണനുറുമ്പെല്ലാം മേത്ത് കയറും. പറിച്ചു കഴിഞ്ഞാൽ താഴേക്കിറങ്ങും. എങ്കിലും കുരുമുളകിൻ്റെ കുറച്ചു  ഇല്ലികൾ ആരുംകാണാതെ അവിടെ തന്നെ കിടപ്പുണ്ടാകും. കുട്ടികൾ അതെല്ലാം മരത്തിൽ കയറി പറിക്കും. കുട്ടികൾക്കും ഉറുമ്പിൻ്റെ കടി കിട്ടും. പറിച്ച കുരുമുളകെല്ലാം കുട്ടികൾ ഒരു ചിരട്ടയിലാക്കും. എന്നിട്ട് അതുമായി ഇപ്പാപ്പയുടെ അടുത്തേക്കോടും. അവരെ കാണേണ്ട താമസം ഇപ്പാപ്പക്ക് സന്തോഷമാകും. എത്ര ചിരട്ടയിൽ കുരുമുളകുണ്ട് എന്ന് നോക്കും. അതിനനുസരിച്ച് അവർക്ക് പൈസ കൊടുക്കും. 50 പൈസയും, ഒരു രൂപയും, രണ്ടു രൂപയും എല്ലാം കിട്ടാറുണ്ട്. കിട്ടേണ്ട താമസം കുട്ടികൾ അതുമായി അടുത്തുള്ള ബാലേട്ടൻ്റെ പീടികയിലേക്ക് പാഞ്ഞുപോകും. എല്ലാവരുടെയും പൈസ ഒരുമിച്ച് കൂട്ടി സോഡ വാങ്ങി കുടിക്കും. എല്ലാവർക്കും ഒന്നോ രണ്ടോ മുറുക്ക് കുടിക്കാൻ  കിട്ടും. സോഡ കുടിക്കുമ്പോൾ ആരോ നാവിനെ ഇറുക്കുന്നതുപോലെ...

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി മുക്കിലും മൂലെയിലുമായി പലതരം മാവുകൾ ഉണ്ടായിരുന്നു. അതിൽ ഗോമാവുണ്ട്. കാമ്പര് മാവുണ്ട്. പുളിച്ച് മാവുണ്ട്. എല്ലാ തരം മാവുമുണ്ട്. കാംബറ് മാവിന്മേൽ നലവണ്ണം മാങ്ങ കായ്ച്ചിരുന്നു. ഒരു ദിവസം രാത്രി പെരുങ്കാറ്റടിച്ചപ്പോൾ  കാംബര് മാവ് മറിഞ്ഞു വീണു. മറിഞ്ഞു വീഴുന്ന ശബ്ദം എല്ലാവരും കേട്ടിട്ടുണ്ടാകണം. അയൽവാസികളും കേട്ടിട്ടുണ്ടാകണം. പുളിച്ചി മാവ് മേൽപ്പോട്ട് വളരെ ഉയർന്നാണ് വളർന്നിരുന്നത്. അതിനാൽ മാങ്ങ പറിക്കാൻ പ്രയാസമാണ്. എറിഞ്ഞു വീഴ്‌ത്താനും ഏടെങ്ങേറാണ്. മാങ്ങക്കാണെങ്കിൽ നല്ല പുളിയുമാണ്.  എങ്കിലും പഴുത്തു കഴിഞ്ഞാൽ മാങക്ക് നല്ല മധുരമുണ്ടായിരുന്നു. നല്ലവണ്ണം പഴുത്ത മാങ്ങയുടെ മണം! കിളികൾ കൊത്തിയിടുന്ന മാങ്ങകൾ താഴെ പാറപുറത്ത് ചിതറി കിടക്കുന്നു.

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി രണ്ടു മൂന്ന്  ഗോമാവുകളും തല ഉയർത്തി നിന്നിരുന്നു. എല്ലാം അത്യാവശ്യത്തിന് ഉയരവും വലിപ്പവും ഉണ്ടായിരുന്നു. നിറയെ ശീഘരങ്ങളുള്ള പടർന്നു പന്തലിച്ച മാവുകൾ. അതിൻ്റെ ചില കൊമ്പുകളിൽ ആവശ്യമിലാത്ത ഇത്തിൽകണ്ണികളും വളർന്നിട്ടുണ്ട്. 

വേനൽക്കാലമായാൽ മാവുകളെല്ലാം പൂക്കും. കാറ്റടിക്കുമ്പോൾ മൂക്കിലേക്ക്  കയറിവരുന്ന മാവ് പൂത്ത മണം! ദിവസങ്ങൾക്കകം പൂക്കളെല്ലാം കണ്ണിമാങ്ങകൾ ആയി മാറും. കണ്ണിമാങ്ങകൾ നിലത്തു വീഴാൻ തുടങ്ങും. സാബുവും അവൻ്റെ കളിക്കൂട്ടുകാരായ സമദും ജാവിദും കണ്ണിമാങ്ങകൾ ഓരോന്നായി പെറുക്കി എടുക്കും. കടിച്ചു നോക്കുമ്പോഴുള കണ്ണിമാങ്ങയുടെ ചമർപ്പ്! ഇളം അണ്ടിയുടെ കൈപ്പ് ചൊയ !  ഞെട്ടുള്ള ഭാഗം ചുമരിൽ ഉരതി അതിൻ്റെ കറ നീക്കും.

കുറച്ച് നാളുകൾ കഴിയുമ്പോൾ കണ്ണി മാങ്ങയെല്ലാം ചിനച്ചു തുടങ്ങും. അതോടൊപ്പം മാങ്ങയുടെ പുളിയും കുറയാൻ തുടങ്ങും. കുട്ടികൾക്ക് സന്തോഷമാകും. ചിനച്ച മാങ്ങകൾ കാറ്റിൽ പെട്ടെന്നൊന്നും വീഴാറില്ല. കുട്ടികൾ കല്ലെടുത്ത് മാങ്ങ എറിഞ്ഞു വീഴ്ത്തും. സാബുവും, സമദും, ജാവിദും എത്രയോ വട്ടം മാങ്ങകൾ  എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. ഓർക്കാൻ കഴിയുമോ? മട്ടല് കൊണ്ടും എറിഞ്ഞ് വീഴ്‌ത്തിയിട്ടുണ്ട്.  ഒരിക്കൽ സാബുവിൻ്റെ ഒരു എളാപ്പ. അതായത് ഉപ്പയുടെ അനുജൻ തേങ്ങ നേരെ കുത്തനെ മേൽപ്പോട്ട് ഇട്ട് മാങ്ങാ തള്ളിയിട്ടിട്ടുണ്ട്. മാങ്ങ കിട്ടേണ്ട താമസം കുട്ടികൾ പാറന്മേൽ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കിൽ കടിച്ചു മുറിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കുന്ന മാങ്ങ കഷ്ണത്തിൻ്റെ രസം !

മൺസൂൺ കാലം ആകുന്നതിന് മുമ്പായി മാവിന്മേലുള്ള മാങ്ങയെല്ലാം പഴുത്തു തുടങ്ങും. മാങ്ങയുടെ നിറമെല്ലാം മാറും. കാറ്റിലാടുന്ന മാമ്പഴക്കുലകൾ!  അത്യാവശ്യം ശക്തിയുള്ള കാറ്റടിക്കുമ്പോൾ മാങ്ങകൾ ഞെട്ടറ്റു വീഴും. വീണേണ്ട താമസം കുട്ടികൾ ഓടിച്ചെന്നു പെറുക്കിയെടുക്കും. ഉടനെ തന്നെ അതെടുത്ത് കടിച്ചു തിന്നും. പഴുത്ത് വീണ മാങ്ങയുടെ രസം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും മറക്കാതെ കുത്തിയിരിക്കുന്നു. 

കാറ്റടിച്ചിട്ടും വീഴാതെ ബാക്കിയാകുന്ന മാങ്ങ പറിക്കാൻ കുട്ടികൾ മാവിൻമേൽ കയറും. കുട്ടിക്കാലത്ത് ബുദ്ധിക്കുറവ് ഉള്ളതിനാൽ മാവിന്മേൽ കയറുമ്പോൾ  പേടിയൊന്നും തോന്നാറില്ല. മഴ പെയ്തു നനഞ മാവിന്മൽ പോലും സാബുവും കൂട്ടുകാരും എത്രയോ വട്ടം കയറിയിട്ടുണ്ട്. കയറി കയറി മാവിൻ്റെ തുഞ്ചിൻമേൽവരെ എത്താറുണ്ട്. താഴേക്ക് നോക്കുമ്പോൾ പേടിയാകും.എങ്കിലും സമദിന് തീരെ പേടിയൊന്നും ഉണ്ടായിരുന്നില്ല. സമദിൻ്റെ പിന്നിലായി ജാവിദും അതിൻ്റെ പിന്നിലായി സാബുവും കയറും. ഇത്തിൾ കണ്ണിയെയും മറികടന്ന് മാവിൻ്റെ  തുഞ്ചിയിലെത്തി നോക്കുമ്പോൾ അങ്ങ് ചേളാരിയും, യൂനിവേഴ്സിറ്റിയും, ഉത്സവം നടക്കാറുള്ള  കോട്ടകുന്നും എല്ലാം കാണാം. മാവിൻ്റെ ഒരു കൊമ്പ് പോയിരുന്നത് കരണ്ട് ലൈൻ കമ്പിയുടെ മുകളിലൂടെ നേരെ അപ്പുറത്തെ തൊടിയിലേക്ക്. അതിന്മേൽ നിറയെ മാങ്കുലകൾ ഉണ്ടായിരുന്നു.  ആ മാങ്ങ പറിക്കാൻ സാബുവും സമദും കൊമ്പിന് മുകളിലൂടെ അപ്പുറത്തേക്ക് കൈ പിടിച്ചു പിടിച്ച് പോയിരുന്നു. സമദും അവൻ്റെ പിറകിലായി സാബുവും. ഇതെല്ലാം  ആലോചിക്കുമ്പോൾ ഉള്ളിൽ പേടിവരാത്തവരായ്  ആരാണുള്ളത്.ആരും ഉണ്ടാവുകയില്ല. വേനൽക്കാലമായാൽ മാങ്ങ തിന്ന് കുട്ടികളുടെ കവിൾ തുടുത്തിരുന്നു. കുട്ടികൾക്ക് അങ്ങിനെയൊരു നല്ലകാലം ഉണ്ടായിരുന്നു.

Photo: Courtesy 

.......

k.m.a paruthikkadu

പാറപ്പുറത്തെ വെയിലും മഴയും കൊണ്ട് നടന്നവൻ

കോഴിക്കോട് ജില്ലയിലെ ഫറോക്കിലുള്ള ഒരു ആശുപത്രിയിൽ സഫിയ- മുഹ്‌യിദ്ദീൻ കുട്ടി  എന്നവരുടെ ആദ്യത്തെ കൺമണിയായി ഈ ഭൂമി മണ്ണിൽ ഭൂജാതനായി. എങ്കിലും സാവ തടാകം വറ്റിവരണ്ടതൊന്നുമില്ല.  മലപ്പുറം ജില്ലയിലെ  വള്ളിക്കുന്ന് ഗ്രാമത്തിലെ പരുത്തിക്കാട്ടിൽ ഒരു ഇടത്തരം കുടുംബത്തിൽ ജീവിച്ചു വളർന്നു. ഉണ്ടാക്കി പാട്ടുപാടി കാറ്റും മഴയും വെയിലും കൊണ്ട്  നടന്നു. നാടായ നാട്ടിലെല്ലാം ഓടിച്ചാടി  കളിച്ചു രസിച്ചു വളർന്നു. മദ്രസയിലെ പരിപാടികളിൽ പാട്ടുപാടി. ദഫ് മുട്ട് കളിച്ചു.  പത്താംക്ലാസ്  പൂർത്തിയാക്കുവാൻ പല പല സ്‌ക്കൂളുകളിലായി പഠിച്ചു. നാലാം ക്ലാസ്സ് വരെ  പരുത്തിക്കാട് A.L.P സ്ക്കൂളിൽ. ഏഴാം ക്ലാസ്സ് വരെ അത്താണിക്കൽ നേറ്റീവ് A.U.P സ്ക്കൂളിൽ. യുവജനോത്സവത്തിൽ പങ്കെടുത്ത് പാട്ട് പാടിയെങ്കിലും സമ്മാനങ്ങളൊന്നും കിട്ടിയില്ല. വീട്ടു പറമ്പിൽ കൃഷിയിൽ ഉപ്പയെ സഹായിച്ചു. ഹൈസ്കൂൾ കാലഘട്ടം C.B.H.S.S സ്കൂളിൽ. മനസ്സു തുറന്ന് സംസാരിക്കാനുള്ള പേടി കാരണം ചെയ്യാത്ത കുറ്റത്തിന് ഹെഡ് മാസ്റ്ററിൽ നിന്നും ചുട്ട അടി വാങ്ങിച്ചു. ഈ കാലത്ത് ഉപ്പാ നടത്തുന്ന പലചരക്ക് പീടികയിൽ സാധനങ്ങൾ വില്ക്കുവാൻ ഉപ്പായെ സഹായിച്ചു. 


പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഇമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിഷയമെടുത്ത്  പഠിച്ചു. കണക്ക് തലയിൽ കയറില്ലാ എന്നു മനസ്സിലായതിനാലും അറബിക്കിന് നല്ല മാർക്ക് നേടിയതിനാലും ഡിഗ്രിക്ക് അറബിക് ഭാഷയും സാഹിത്യവും പഠിക്കുവാൻ  തെരഞ്ഞെടുത്തു. പഠിച്ചത്  മലബാറിലെ പ്രശസ്തമായ ഒരു സ്ഥാപനമായ ഫാറൂഖ് കോളേജിൽ. ഈ സമയത്ത് അറബി സാഹിത്യത്തിൽ ആകൃഷ്ടനായി. ഡബിൾ മെയിൻ ആയതിനാൽ ഇസ്ലാമിക ചരിത്രവും ഇന്ത്യൻ ചിരിത്രവും പഠിച്ചു.    കോളജ് ഇലക്ഷനിൽ ജനറൽ ക്യാപ്റ്റൻ ആയി മത്സരിച്ചു തോറ്റു തൊപ്പിയിട്ടു. ഡിപ്പാർട്ട്മെൻ്റിൻ്റെ ചില പരിപാടികളിൽ ഖുർആൻ പാരായണം ചെയ്യുവാൻ അവസരമുണ്ടായി. കോളേജിലെ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറായി  ഇടം നേടിയിരുന്നു. പ്രാ ക്‌ടിസിനിടക്ക്  പരിക്ക് പറ്റിയപ്പോൾ ആ പരിപാടി നിർത്തിവെച്ചു.


ബിരുദാനന്തര ബിരുദം അങ്ങ് കാലിക്കറ്റ് സർവ്വകലാശാല അങ്കണത്തിൽ. വിഷയം അറബിക് ഭാഷയും സാഹിത്യവും. അറബി ഭാഷയോടൊപ്പാം ഇംഗ്ലീഷ് ഭാഷയും സംസാരിക്കുവാൻ അന്നത്തെ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേക പ്രോത്സാഹനം ലഭിച്ചു. അറബിക് ഇംഗ്ലീഷ് ഭാഷകൾ സംസാരിച്ചു തുടങ്ങി. ഡിപ്പാർട്ട്മെൻ്റിൽ വെച്ച് നടത്തിയ കാമ്പസ് ഇൻ്റർവ്യൂയിൽ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും അറബിക് വകുപ്പ് നടത്തിയ കവിത രചന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുവജനോത്സവത്തിലെ ഒരു പരിപാടിയിൽ അഭിനയിച്ചു സദസ്സിൻ്റെ കയ്യടി വാങ്ങി. അറബിക് വകുപ്പിലെ പഠനം പൂർത്തിയാക്കി വിടവാങ്ങൽ ചടങ്ങിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചു.


യൂണിവേഴ്സിറ്റിയിൽ പഠിച്ച്കൊണ്ടിരിക്കുമ്പോൾ നാട്ടിലെ ഒരു മദ്റസയിൽ പഠിപ്പിച്ചു. കരുമനക്കാട്ടെ മദ്രസയിലും പഠിപ്പിച്ചു. കൂട്ടുംമുച്ചിയിലെ ഒരു സ്ഥാപനത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കാനും അവസരം ഒത്തു. വള്ളിക്കുന്ന് അത്താണിക്കലിലെ ഒരു സ്ഥാപനത്തിൽ അറബിക് ഭാഷ പഠിപ്പിച്ചു. കോഴിക്കോട്ടെ അറബിക് പഠിപ്പിക്കുന്ന ഒരു പ്രശസ്ത സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ അവസരം ഒത്തു. അതിനടുത്ത് തന്നെയുള്ള ഒരു ട്രാവൽ ഏജൻസിയിലും ജോലി ചെയ്യുകയുണ്ടായി.വിസ  തർജമ ചെയ്യലായിരുന്നു പരിപാടി. നാട്ടിലുള്ള ഒരു എക്സ്പോർട്ടിങ് കമ്പനിക്ക് വേണ്ടി തർജ്ജമ ചെയ്തു കൊടുത്തു.  വിമാന കമ്പനികളായ സൗദി എയർലൈൻസിലും എയർ ഇന്ത്യയിലും ജോലി നേടുവാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും സംഗതി നടന്നില്ല എങ്കിലും നിരാശനായില്ല.


തരക്കേടില്ലാത്ത ഒരു ജോലി ലഭിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഖത്തറിൽ ഒരു ജോലി കിട്ടി. ചെറിയ ശമ്പളം. എങ്കിലും വിസക്ക് പൈസയൊന്നും വേണ്ടിയിരുന്നില്ല. ഖത്തറിലെ ഒരു പ്രമുഖ കമ്പനിയാണ്. ഗവൺമെൻ്റിൻ്റെ വൈദ്യുതി-നിർമ്മാണ കരാറ്  ജോലികൾ ഏറ്റെടുക്കുന്ന ഒരു സ്ഥാപനമാണ്. തർജ്ജമ ചെയ്യൽ, അറബിയിൽ ലെറ്റർ ടൈപ്പ് ചെയ്യൽ, പി. ആർ. ഓ ജോലികൾ ഇവയെല്ലാം ചെയ്തു. അറബി സംസാര ഭാഷ മനസ്സിലാകുവാനും, സംസാരിക്കുവാനും തുടങ്ങി. പച്ചവെള്ളം പോലെയല്ലെങ്കിലും സംസാരത്തിൽ ഒഴുക്കു വന്നു തുടങ്ങി.രണ്ടു വർഷക്കാലം ഖത്തറിൽ ജോലി ചെയ്തു ജീവിച്ചു.


നാട്ടിൽ ലീവിൽ വന്ന സമയത്താണ് ടെക്‌നോ പാർക്കിലെ ഒരു അടിപൊളി കമ്പനിയിൽ ജോലി ലഭിക്കുന്നത്. സോഫ്ട്‌വെയർ കമ്പനിയാണ്. തർജ്ജമ ചെയ്യലാണ് പരിപാടി. സന്തോഷം തിരതല്ലി എന്ന് പറയേണ്ടതില്ലല്ലോ. കഴകൂട്ടത്തുള്ള ഒരു ഹോസ്റ്റലിൽ രണ്ടു വർഷം കൂട്ടുകാരോടൊത്ത്  താമസിച്ചു. ഒരു നാൾ രാത്രി പെരുമഴ പെയ്തു. സർവ്വത്ര വെള്ളം. കെട്ടിടത്തിൻ്റെ കുറച്ച് ഭാഗം വെള്ളത്തിനടിയിലായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രാൻസ്‌ലറ്റേഴ്സ് അസോസിയേഷനിൽ അംഗത്വം ലഭിച്ചു.  കേരളത്തിൽ നിന്നും ആദ്യമായി അസോസിയേഷൻ്റെ    അംഗത്വം ലഭിച്ച ആളായിമാറി. മനസ്സിൽ അഭിമാനം വിരിഞ്ഞു.


ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന കാലത്താണ് ഒരു പ്രമുഖ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിൽ ജോലി ലഭിക്കുന്നത്. സ്ഥലം  ബാഗ്ലൂരിലുള്ള K.R പുരത്തെ ഓഫീസിൽ. അവിടെയും തർജമ തന്നെയായിരുന്നു മെയിൻ പരിപാടി. ഈ കാലത്ത്  ബൊമ്മന ഹള്ളിയിലും ബട്ടർ ഹള്ളിയിലും കൂട്ടുകാരോടൊത്ത് താമസിച്ചു. ഈ കമ്പനിയിൽ ജോലി ചെയ്യുന്ന  കാലത്താണ് A.P.T.S ൻ്റെ ഇൻ്റർനാഷണൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഈ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായിമാറുന്നത്. സർട്ടിഫിക്കേഷൻ എക്സാമിനർ പദവിയും ലഭിച്ചു. അപ്പോഴാണ് ഈയുള്ളവന്  സ്വന്തത്തോട് തന്നെ  മതിപ്പ് തോന്നി തുടങ്ങിയത്. സന്തോഷത്തിൻ്റെ തടാകം എന്നിൽ നിറഞ്ഞു കവിഞ്ഞത്.

(തുടരും)

അയിനിപ്പിലാവ് പൂത്ത കാലം









നോക്കൂ ഞാൻ ഓർത്തുപോവുകയാണ്. ഓർക്കാനായി ഇത്ര എന്താണുള്ളത്? ഞാനെൻറെ കുട്ടിക്കാലം ഓർക്കുകയാണ്. ഒന്നും അല്ലാതിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഇന്ന് കുട്ടിയല്ലെങ്കിലും അന്ന് വെറും കുട്ടിയായിരുന്നു. അന്ന് വലിയവനാവാനാണ് പൂതി എങ്കിൽ ഇന്ന് കുട്ടിയാകുവാനാണ് കൂടുതൽ പൂതി എന്ന് പറയാമല്ലോ. 

നോക്കൂ പടച്ച തമ്പുരാൻ്റെ അനുഗ്രഹത്താൽ  ജീവിതമിപ്പോൾ നല്ല നിലയിൽ പോയിക്കൊണ്ടിരിക്കുകയാണ്. എങ്കിലും നമ്മുടെ ജീവിത വഴിയിൽ നമ്മെ സഹായിച്ചവരെ, കൈതാങ്ങായവരെ, പ്രോത്സാഹനത്തിൻ വെള്ളമൊഴിച്ചു തന്നവരെ നമുക്ക് മറക്കുവാൻ ഒക്കുമോ? ഒരിക്കലുമില്ല. ജീവിത വഴിയിൽ കട്ടുറുമ്പായവരും കൊതുകുകളായവരും ഉണ്ടായിരിക്കാം. എങ്കിലും അവരെകുറിച്ചോർത്ത് നമ്മുടെ വിലപ്പെട്ട സമയം  വെറുതെ കളയുന്നത് എന്തിനാണ് ? എങ്കിലും എൻ്റെ വീട്ടിലേക്ക് വലിയ കട്ടൂറുമ്പുകളും കൊതുകുകളും ഒന്നും തന്നെ വന്നിട്ടില്ല എന്ന് പറയുവാന് ആഗ്രഹം എന്ന് പറയാമല്ലോ.

ഞാനെൻ്റെ കുട്ടിക്കാലം ഓർക്കുകയാണ്. അല്ല ഓർത്തുപോവുകയാണ്. ട്രൗസറും കീറിയ കുടുക്കറ്റുപോയ  കുപ്പായവും ഇട്ടു മൂക്കിൽ നിന്നും ഒലിപ്പിച്ചു നടന്നിരുന്ന കാലം. അന്ന്  സ്നേഹം എന്തെന്ന് ഈയുളള്ളവന് പഠിപ്പിച്ചുതന്ന ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ സ്വന്തം വല്ല്യുമ്മ. അതായത് ഉമ്മയുടെ ഉമ്മ. എല്ലാവര്ക്കും സ്നേഹം വാരിക്കോരി നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട  വല്ല്യുമ്മ. ദൈവാനുഗ്രഹത്താൽ അവർ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്. സ്നേഹം നൽകി ജീവിച്ചിരിപ്പുണ്ട്. നാഥാ..അവർക്ക് നീ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ.


കുഞ്ഞുനാളിൽ ഉമ്മാ എന്നെയും പെങ്ങളെയും കൂട്ടി തറവാട് വീട്ടിൽ ഇടക്കൊക്കെ പോവാറുണ്ടായിരുന്നു. നാട്ടിലെ കൃഷിഭവന് മുന്നിൽ വന്നു തിരിച്ച് പോകുന്ന മേച്ചേരി ബസിലായിരുന്നു പോയിരുന്നത്. കുഴികൾ ഏറെയുള്ള പാതി നശിച്ച പഴയ റോഡിലൂടെ ബസ് കുതിച്ചു പായുന്നത് ഓർത്തുപോവുകയാണ്. തള്ളവിരലിൽ നീണ്ട നഖമുള്ള് ഡ്രൈവർ സ്റ്റിയർ പിടിച്ച് തിരികുന്നത്  മുന്നിലെ സൈഡ് സീറ്റിൽ ഇരുന്ന് ഊറ്റത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. പരുത്തിക്കാട് നിന്നും അരിയല്ലൂർ സ്കൂൾ സ്റ്റോപ്പ് എത്തുവാൻ  ഒരു പത്തു പതിനഞ്ച് മിനുട്ട് സമയം എടുത്തിരുന്നു. കുണ്ടിലും കുഴിയിലും ചാടിയുള്ള കുലുങ്ങിയുള്ള യാത്ര ഹരം ഏറെ ഉളവാക്കുന്നത് ആയിരുന്നെങ്കിലും ഊരക്ക് അത്രക്ക് നല്ലത് ആയിരുന്നില്ല. ബസ് സ്റ്റോപ്പിൽ എത്തേണ്ട താമസം ഉമ്മാ പറയും.


" ആളർക്കം ണ്ട്" 


ഞങ്ങൾ പടിയിറങ്ങി തറവാട്ടിലേക്ക് നടക്കും. പോകുമ്പോൾ ഉമ്മയുടെ ഒരു കൈയിലെ വിരലിൽ ഞാനും മറ്റേ കൈയിലെ വിരലിൽ പെങ്ങളും പിടിച്ചു തൂങ്ങും. ഒരിക്കൽ പോകുമ്പോൾ വഴിയിൽ വെച്ച്  ഉത്സവത്തിന് കൊണ്ടുവന്ന പനംപട്ട തിന്നുന്ന ആനയെ കണ്ടിട്ടുണ്ട്. വീട്ടിലെത്താൻ ഒരു അഞ്ചു മിനിട്ട് നേരം നടക്കണം. റോഡ് കഴിഞ്ഞാൽ പിന്നെ ഇടവഴിയാണ്. പരൽ മീനുകൾ നീന്തി തുടിക്കുന്ന ഇടവഴി. ഇരു വശങ്ങളിലും വളർന്നുയർന്ന അയിനി മരങ്ങൾ കാണാം. ഇടവഴിയിൽ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം പരത്തുന്ന മണം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും കിടന്നുറങ്ങുന്നു. തറവാട് വീടിൻ്റെ പരിസരത്ത് രണ്ടുമൂന്ന് കുളങ്ങൾ ഉണ്ടായിരുന്നു. മുകൾ പരപ്പിൽ പച്ചപായലുകളുള്ള കുളം. അതിൽ തവളകളും, ആമകളും, പരൽ മീനുകളും ബ്രാലും എല്ലാം ഉണ്ട്. ആമയും ബ്രാലും വല്ലപ്പോഴും വെള്ളത്തിൻ്റെ മുകൾ പരപ്പിൽ വന്ന് താഴേക്ക് തന്നെ ഊളിയിടും. റോഡിനടുത്തുള്ള കുളം പെരുമഴ പെയ്യുമ്പോൾ നിറഞ്ഞു കവിയും. ഇടവഴിയിലൂടെ ചാലിട്ടൊഴുകും.

വീട്ടിലെത്തുമ്പോൾ വല്ല്യുമ്മ  ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നുണ്ടാകും. അതല്ലെങ്കിൽ വെറ്റില മുറുക്കുന്നുണ്ടാകും. മുറുക്കി തുപ്പാനായി ഒരു കോളാമ്പിയും അരികിലുണ്ടാകും. കാണേണ്ട താമസം ഒരുപാട് കാലമായി കണ്ടിട്ട് എന്ന മട്ടിൽ തമാശ രൂപേണ ഞങ്ങളോട് ചോദിക്കും:

" മക്കൾക്ക് ആരാ ഇങ്ങോട്ട് വഴി പർഞ്ഞ് തന്നത്?"

അതു കേട്ട് ഞങ്ങള് ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വല്ലപ്പോഴും അബദ്ധത്തിൽ കോട്ടുവാ ഇട്ടുപോയാൽ വാടിയ എൻ്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ ചോദിക്കും : 


" പയ്ക്കിണ്ടോ മോനെ?" 


വീട്ടിൽ വരുന്നവർക്ക് കൊടുക്കുവാൻ  പലതരം പലഹാരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. പഴുക്കാനായ് അരിയിൽ പൂഴ്തിവെച്ച നേന്ത്രപ്പഴം എടുത്ത് തരാറുണ്ട്. അരിയിൽ പൂഴ്‌ത്തിവെച്ച പഴത്തിനു കറുപ്പ് നിറം കൂടുതലാണ്. ഉഴുന്ന് വടപോലുള അരീരപ്പം കിട്ടാറുണ്ട്. ഈന്ത് മാവ് കൊണ്ടുണ്ടാക്കിയ അപ്പവും പോത്തിറച്ചിയും കഴിച്ചിട്ടുണ്ട്. നിലത്ത് വീണ് ഉടഞ്ഞ അയിനി ചക്കാ എത്രവട്ടം തിന്നിരിക്കുന്നു. അയിനി ചക്കയുടെ കുരുവറുത്തതും കഴിക്കാറുണ്ട്. ഒരുപാട് കാലമായി ഉപ്പിലിട്ടുവച്ച ചെറിയ നാട്ടുമാങ്ങ  കഞ്ഞിയുടെ കൂടെ കൂട്ടാൻ എടുത്ത് തരാറുണ്ട്.

പോകുമ്പോഴെല്ലാം രണ്ടുമൂന്ന് ദിവസങ്ങൾ എങ്കിലും തറവാട്ടിൽ ഞങ്ങള് പാർക്കും. തിരിച്ച് പോരാൻ നേരം ഞങൾ കുട്ടികളെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി അവർ കാശ് കൈയ്യിൽ തരാറുണ്ട്. വല്യൂപ്പയുടെ മരണ ശേഷം പെൻഷൻ കിട്ടുന്നുണ്ട്. പണം വാങ്ങുമ്പോൾ വലതു കൈ കൊണ്ടുതന്നെ വാങ്ങണമെന്ന് വല്ല്യുമ്മക്ക് നിർബന്ധമാണ്. ബിസ്മിയും ചൊല്ലി വലതു കൈയിൽ പൈസവെച്ചു തരും. എനിക്കും പെങ്ങൾക്കും അപ്പോൾ സന്തോഷമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വല്ല്യുമ്മയും ഞങ്ങളുടെ കൂടെ കൂടും. പടിയിറങ്ങി നടന്ന് അപ്പുറത്തെ വളവ് എത്തി തിരിഞ്ഞു നോക്കുമ്പോൾ  അവര് ഞങ്ങളെതന്നെ  അങ്ങനെ ഉറ്റു നോക്കി നിൽപ്പുണ്ടാകും. 

കാല ചക്രം മുന്നോട്ടു നീങ്ങി. സൈക്കിൾ ചവിട്ടി പഠിക്കാൻ പൂതി മുളച്ചു. ഉമ്മാ എൻ്റെ ചെറിയ അമ്മവനോട്  കാര്യം പറഞ്ഞു. ഒരു ദിവസം അദ്ദേഹം എന്നെ അങ്ങ്  ചെട്ടിപ്പടി ആനപ്പടിയിലുള്ള സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും സൈക്കിൾ വാടകക്കെടുത്ത് ചവിട്ടുവാൻ പഠിപ്പിച്ചു തന്നു. കുറച്ചു ദിവസം വേണ്ടിവന്നു വീഴാതെ സൈക്കിൾ ഓട്ടുവാൻ. ഓട്ടിപഠിച്ചപ്പോൾ ഒരു സൈക്കിൾ വാങ്ങുവാൻ പൂതി മുളച്ചു. ഉമ്മയോടു കാര്യം പറഞ്ഞു. എൻ്റെ മൂത്ത അമ്മാവൻ എന്നെയും കൂട്ടി അങ്ങ് ചെട്ടിപടിയിലുള്ള സൈക്കിൾ ഷോപ്പിൽ കൊണ്ടുപോയി ഒരു ഹെർക്കുലീസ് സൈക്കിൾ വാങ്ങി തന്നു. ആ സൈക്കിളിന് നീല നിറമായിരുന്നു. 

മദ്റസയിൽ പഠിക്കുമ്പോൾ എളാപ്പ അതായത് എൻ്റെ ഉപ്പയുടെ ഒരു അനുജൻ എനിക്കൊരു ഖുർആൻ വാങ്ങി തന്നിട്ടുണ്ട്. കോഴക്കോട് അങ്ങാടിയിൽ നിന്നുള്ള ഒരു ബുക്ക് ഷോപ്പിൽ നിന്നായിരുന്നു അത് വാങ്ങിയിരുന്നത്. ഈ ഖുർആൻകൊണ്ട്  ഒരുപാട് സൂറത്തുകൾ പാരായണം ചെയ്യുവാൻ ഞാൻ പഠിച്ചതും മറക്കുവാൻ കഴിയുമോ ? ...

കാലചക്രം വീണ്ടും മുന്നോട്ട് നീങ്ങി. പ്രായത്തിൽ രണ്ടാമത്തെ മൂത്തവനായ അമ്മാവൻ പറയാതെ തന്നെ എനിക്കൊരു  കുഞ്ഞു ടേപ്പ് റെക്കാർഡർ വാങ്ങി തന്നു. അതിൽ കേസറ്റ് കേറ്റിവച്ച് പ്ലേ ബട്ടൻ അമർത്തി. അതിൽ നിന്നും മധുരമുള്ള ഒരു ഗാനം പുറത്തേക്ക് വന്നു. 


" ഉണരമീ ഗാനം... ഉരുകുമെന്നുള്ളും.."


കാലചക്രം വീണ്ടും കറങ്ങി. ഞാൻ പത്താം ക്ലാസ് പഠനം കഴിഞ്ഞ് പ്ലസ്ടുവിന് അഡ്മിഷൻ കിട്ടിയ നേരം. ചാലിയം ഇമ്പിച്ചി ഹാജി ഹെയർ സെക്കൻഡറി സ്കൂളിൽ. ഇംഗ്ലീഷ് മീഡിയമാണ്. പത്താം ക്ലാസ്സ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷ് നന്നായി പഠിക്കേണ്ടതുണ്ട്.   ഒരു ഡിക്ഷണറി വാങ്ങിയാൽ കൊള്ളാമെന്നായി. ആഗ്രഹം അമ്മാവനെ അറിയിച്ചു. അദ്ദേഹം നാട്ടിൽ വരുമ്പോൾ ഡിക്ഷണറി കൊണ്ടുവന്നു. നീല നിറത്തിലുള്ള ഒരു ഇംഗ്ലീഷ് - ഇംഗ്ലീഷ് ഓക്സ്ഫോർഡ് ഡിക്ഷണറി ആയിരുന്നു അത്. എൻ്റെ സന്തോഷം തിരതല്ലി.  വളരെ ഉപകാര പ്രദമായ ഈ ഡിക്ഷണറി ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ  എന്നെ ഏറെ സഹായിച്ചു എന്ന് പറഞ്ഞു കൊള്ളട്ടെ.

..........

k.m.a paruthikkadu

കത്തില്ലാ കാലത്ത് വീണ്ടും ഒരു പ്രവാസി കത്ത്

 


നാട്ടിൽ നിന്നും വന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. പ്രവാസത്തിൻ്റെ വിരഹ വേദന അനുഭവിക്കുന്ന യുവാവായ ഫിനൂബ് തൻ്റെ പ്രിയതമക്ക് നീറുന്ന മനസ്സോടെ വീണ്ടും എഴുതുകയാണ്. 


പ്രിയപ്പെട്ട ആമി,


അസ്സലാമു അലൈകും ! നിനക്കും മോളൂസിനും മോനൂസിനും വളരെ സുഖമാണ്  എന്നതിൽ ഞാൻ  സന്തോഷിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫോൺ വിളിയെല്ലാം തകൃതിയായി നടക്കുന്നതിനാൽ വിവരങ്ങളെല്ലാം അപ്പപ്പോൾ തന്നെ നമ്മൾ അറിയുന്നുണ്ടല്ലോ. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. കത്തെഴുത്തെല്ലാം ഇപ്പോൾ വെറും ഓർമ്മകൾ മാത്രമാണല്ലോ. പണ്ട്  നമ്മുടെയൊക്കെ കുട്ടികാലത്ത്  കത്ത് പാട്ടുകളുടെ ഒരു കാലമുണ്ടായിരുന്നത് ആമി ഓർക്കുന്നില്ലേ. ഈ വരിയെല്ലാം ഓർക്കുന്നില്ലേ.


"അബൂദാബിയിലുള്ളോരെ ഴുത്തുപെട്ടി.. അന്ന് തുറന്നപ്പോൾ കത്തു കിട്ടി...."


മുമ്പൊരിക്കൽ ഞാൻ ആമിക്ക് ഒരു കത്ത് എഴുതി അയച്ചിരുന്നു. ആമി അതെല്ലാം ആരും കാണാതെ ഉറ്റുന്ന  കണ്ണുകളോടെ വായിച്ചു കാണുമല്ലോ. ആമി അതെല്ലാം ഇപ്പോഴും ഓർമ്മയുടെ മണിയറയിൽ സൂക്ഷിച്ചു കാണുമല്ലോ. എങ്കിലും മറുപടിയൊന്നും കിട്ടിയില്ല എന്ന് വ്യസന സമേദം അറിയിക്കട്ടെ! ആമി അതിനു ഒന്നും മിണ്ടിപറയാത്ത ദൃസാക്ഷിയുമാണല്ലോ! എന്നെ കുറിച്ചുള്ള ഓർമ്മകൾ ആമിയുടെ മനസ്സിൽ എപ്പോഴും എല്ലായ്പ്പോഴും  കുടികൊള്ളുന്നുണ്ട് എന്നറിയാം. തത്തി കളിക്കുന്നുണ്ട് എന്നും അറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടി പറയുകയാണ്. എന്നെ ഓർക്കുന്നതിൽ ആമി കുറവൊന്നും വരുത്തരുത്. എങ്കിലും കൂടുതൽ ഓർക്കേണ്ടത് പടച്ച തമ്പുരാനെയാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അവനാണല്ലോ എന്നെയും ആമിയെയും ഈ ഭൂമിലോകത്തെയും അതിലുള്ള ജീവനുള്ളതും അല്ലാത്തതുമായ സകലതിനെയും, കൂടാതെ പ്രബഞ്ച ലോകത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത്. എല്ലാം മുറതെറ്റാതെ കൂട്ടിമുട്ടാതെ അങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. രാവും പകലും, അതുപോലെ സുഖ ദുഖങ്ങളും മാറിമറഞ്ഞു കൊണ്ടിരിക്കുന്നു.


ഇങ്ങോട്ട് നോക്കൂ ആമി... അതെല്ലാം അവിടെയിരിക്കട്ടെ. ഇനി നമുക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് ഇത്തിരി സംസാരിക്കാം. നമുക്ക് താലോലിക്കാൻ പടച്ച തമ്പുരാൻ രണ്ടു കുട്ടികളെ തന്നുവല്ലോ. അതിന് നമുക്ക് അവനെ സ്തുതിക്കാം. അവരുടെ കയ്യോകാലോ ആദ്യം വളരുന്നത് എന്ന് നോക്കുന്ന തിരക്കിലാവും ആമി എന്നും അറിയാം. കൂടാതെ അടുക്കളയിലും മറ്റുമായി വീട്ടുപണികൾ പിടിപ്പതുണ്ട് എന്നും അറിയാം. എടുത്താൽ പൊന്താത്ത അത്രയ്ക്കുണ്ട് എന്നും അറിയാം. ഇടക്കൊക്കെ പണിയെടുത്ത് പണിയെടുത്ത് ഊര മുറിയാറുണ്ട് എന്നും അറിയാം. എന്നിട്ടും എന്തിനാണ് ആമി പുറത്ത് വേറെ പണി നോക്കുന്നത്? അതിനായി ആഗ്രഹിക്കുന്നത്?  കൂടുതലായി  ജോലി ചെയ്യാനുള്ള ആഗ്രഹമാണോ ? പുറത്ത് പോകാനുള്ള പൂതികൊണ്ടാണോ ? അതല്ലെങ്കിൽ വേറെ മറ്റു വല്ലതുമാണോ ? ...



നോക്കൂ ആമി... കുടുക്ക പോലുള്ള വയറ്റിൽ ഇപ്പോള് ഒരു കുഞ്ഞ് വളരുന്നുണ്ട് എന്നുള്ള കാര്യം ആമി ഒരിക്കലും മറന്നു പോകരുത്. ഒരിക്കലും മറക്കില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിനു വേണ്ടി പറയുകയാണ്. കുഞ്ഞ് വളരുന്നത് ഉമ്മയുടെ വയറ്റില്ലാണെങ്കിലും കൂടെ ഉപ്പയുടെ മനസ്സിൻ വയറ്റിലും വളർന്നു കൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യവും മറന്നുപോകരുത്. പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്ന കാര്യത്തിൽ ആമി കുറവൊന്നും വരുത്തരുത്.  ആരോഗ്യമാണ് കൂടുതൽ പ്രധാനം ആയിട്ടുള്ളത് എന്ന് ഞാൻ പറയാതെ തന്നെ ആമിക്ക് അറിയാമല്ലോ. മാത്രവുമല്ല  ജോലിയെടുക്കുമ്പോൾ നിലത്ത് വീണുപോവാതെ  വഴുക്കി പോവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേറെ എന്തൊക്കെയാണ് ശ്രദ്ദിക്കാനായി ഉള്ളത്?...  



ഓരോ മാസവും ശമ്പളം കിട്ടിയ ഉടനെ അയച്ചു തരുന്നുണ്ട് എന്ന് ഞാനായിട്ട് പറയേണ്ടതില്ലല്ലോ. വീട്ടിലെ ചിലവ് നടത്താനും അയക്കുന്നുണ്ട്. കുറി അടവിലേക്കായുള്ള പൈസയും അയക്കേണ്ടതുണ്ട്. മിച്ചം പിടിച്ച പൈസ കൊണ്ട് നമ്മുടെ പുരപണിയും നടത്തേണ്ടതുണ്ട്. എല്ലാം വളരെ ഭംഗിയായി മംഗളമായി തന്നെ നടക്കട്ടെ !. പ്രസവത്തിൻ്റെ ഭാരിച്ച ചിലവ് വരുന്ന കാര്യം ആമിയുടെ അതിവിശാലമായ മനസ്സിൽ  തീർച്ചയായും ഉണ്ടാകണം. ആമിക്കും കുട്ടികൾക്കും  അസുഖങ്ങൾ വരാതെ നോക്കണം. ആശുപത്രികൾ രോഗികൾക്കായി വലവിരിച്ചിരിക്കുന്നത് ആമി കാണുന്നില്ലേ. സൂക്ഷിക്കുന്നത് നല്ലതാണ്. 


ഇനിയും നീട്ടി പറഞ്ഞു ആമിയെ മുഷിപ്പിക്കുന്നില്ല.  ആളെ മുഷിപ്പിക്കുന്നത് അത്ര നല്ലകാര്യമല്ല എന്നറിയാം. എങ്കിലും ഒരുപാട് ഇനിയും മനസ്സിൻ്റെ ഖജനാവും പാട്ടുപെട്ടിയും തുറക്കാനുണ്ട്.  ആമിക്കു അതെല്ലാം കേൾക്കാനുമുണ്ട്. എല്ലാം വഴിയെ വിസ്തരിച്ച് പറയാം. ഈ  എഴുത്ത് തത്ക്കാലം ചുരുക്കുകയാണ്. 


സ്നേഹപൂർവ്വം,


k.m.a paruthikkadu

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...