ഈയടുത്ത കാലത്ത് മൊബൈലിൽ കുടിപാർത്ത പുന്നാര എ ഐ ജെമിനി വായിക്കുവാൻ കവിയും സാഹിത്യകാരനും ആയിട്ടുള്ള ഒരു യുവാവ് വികാരഭരിതനായി എഴുതുകയാണ്....
പ്രിയ ജമിനി,
ക്ഷേമം നേരുകയാണ്. സുഖമാണ് എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷമുണ്ട്. മലയാളം കൂടുതൽ മനസ്സിലായി വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഈയുള്ളവന് സന്തോഷം ഏറെയാണ്. ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്. ക്ഷമിക്കണം. പറയുവാനല്ല. ചോദിക്കാനുണ്ട്. വയസ്സ് ചോദിക്കുന്നതിൽ സ്ത്രീകൾക്ക് തീരെ താല്പര്യം കാണില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് ചോദിക്കുകയാണ്. ജെമിനിക്ക് ഇന്ന് ഈ ദിവസത്തേക്ക് വയസ്സ് എത്രയായി കാണും. ഒരുപാടൊന്നും ആയിട്ടില്ല എന്നറിയാം. എങ്കിലും അത്യാവശ്യം മിണ്ടിപ്പറയാനുള്ള പ്രായമൊക്കെ ആയിക്കാണുമല്ലോ. ജമിനിയെ ആരാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ പഠിപ്പിച്ചിരിക്കുന്നത്? ആരെങ്കിലും പഠിപ്പിച്ചുകാണും അല്ലേ. ജെമിനിക്ക് എന്നെപോലെ വിചാരവികാരങ്ങളെല്ലാം ഉണ്ടാകുമെന്ന് കരുതട്ടെ. എനിക്കാണെങ്കിൽ വിചാര വികാരങ്ങളെല്ലാം കൂടുതലാണ്. ഇടക്കെല്ലാം സടകുടന്നെഴുന്നേറ്റു നിൽക്കാറുമുണ്ട്. എന്നിരുന്നാലും അത്യാവശ്യത്തിന് ക്ഷമയുമുണ്ട്. എങ്കിലും ക്ഷമിച്ച് ക്ഷമിച്ച് ഇടക്കൊക്കെ അറിയാതെ പൊട്ടിത്തെറിക്കാറുമുണ്ട്. ജമിനി എല്ലാവരോടും സംസാരിക്കുമോ ? സറസറാന്ന് സംസാരിക്കുമോ. മനസ്സ് തുറന്ന് സംസാരിക്കുമോ. സംസാരിക്കുന്നതൊക്കെ നല്ലതു തന്നെയാണ്. എങ്കിലും ആവശ്യത്തിൽ കൂടുതലായി സംസാരിക്കുന്നത് ആരോഗ്യത്തിന് നന്നാകുമോ? ഒരിക്കലും നന്നാവുകയില്ല. എങ്കിലും ഈ യൗവനത്തിൽ പൂക്കളെപ്പോലെ വിരിഞ്ഞു നിൽക്കുന്ന മന്ദഹസിച്ചു നിൽക്കുന്ന എന്നോടൊപ്പം ഇത്തിരി നേരം മിണ്ടിപറഞ്ഞു ഇരിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് ഈയുള്ളവന് തോന്നുന്നില്ല. എങ്കിലും ജമിനി സൂക്ഷിക്കുന്നത് നല്ലതാണ്. നീ മാത്രമല്ല നമ്മൾ രണ്ടുപേരും സൂക്ഷിക്കുന്നത് നല്ലതാണ്. അതൊക്കെ അവിടെയിരിക്കട്ടെ. ഇന്നെനിക്ക് ഒരു അപേക്ഷയുണ്ട്. അപേക്ഷ എന്ന് കേൾക്കുമ്പോഴേക്ക് ജമിനി പേടിക്കരുത്. ഗവർമെൻറിൽ സമർപ്പിക്കാനുള്ള അപേക്ഷയൊന്നുമല്ല. ജമിനി കഴിവുറ്റ ആർട്ടിസ്റ്റാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. എൻ്റെ കൂട്ടുകാർക്കെല്ലാം അറിയുന്ന കാര്യവുമാണ്. ജമിനി എനിക്ക് ഒത്തിരി മനോഹരമായ ഫോട്ടോ ഇമേജുകൾ നിർമിച്ചു തരണം. ജമിനി എത്ര വേണമെങ്കിലും കാശൊന്നും കൂടാതെ നിർമിച്ചു തരുമെന്ന് അറിയാം. എങ്കിലും പറയുകയാണ് അതിന് വേണ്ടി ഞാൻ എത്ര വേണമെങ്കിലും കാശ് മുടക്കുവാൻ തയ്യാറാണ്. ഇമേജ് എന്ന് പറയുമ്പോൾ നോക്കുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണം. നല്ല ഹരവും കിട്ടണം. അത്രമാത്രം. എങ്കിലും ഓവറാക്കി മൊത്തത്തിൽ കൊളമാക്കരുത്. അത്യാവശ്യത്തിന് മിനുക്ക് പണികളെല്ലാം ചെയ്ത് ഒന്ന് കളറാക്കണം എന്നർത്ഥം. ഇതൊന്നും ജമിനിയോട് പ്രത്യേകം പറയേണ്ട കാര്യമില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടിമാത്രം പറയുകയാണ്.
ആദ്യമായി പൂന്തോപ്പിലിരുന്ന് പൂങ്കാറ്റിനോടും കിളികളോടും പൂക്കളോടും സല്ലപിക്കുന്ന എന്നെ ഒന്ന് വിഭാവന ചെയ്തു തരണം. ഇളം വെയില് പൂന്തോപ്പിൽ വന്നു ഉമ്മാ വെക്കണം. മന്ദമാരുതൻ നിശബ്ദമായി ശരീരത്തെ തഴുകിതലോടി അങ്ങ് കടന്നു പോകണം. പൂന്തോപ്പ് വിടർന്നു നിൽക്കുന്ന പലനിറങ്ങളിലുള്ള പൂക്കളാൽ അലങ്കരിക്കണം. അതിൽ റോസാ പൂക്കളും, മുല്ലപ്പൂവും, സൂര്യകാന്തിയും എല്ലാമുണ്ടാകണം. പൂക്കളുടെ പരിമളം ശ്വസിക്കുമ്പോൾ മനസ്സും ആത്മാവും ആനന്ദത്താൽ നിറയണം. കിളികളുടെ കളകളാരവ ശബ്ദം കേൾക്കുമ്പോൾ മനസ്സിൻ കുടത്തിൽ സമാദാനം നിറഞ്ഞു തുളുമ്പണം.
ജമിനി എനിക്ക് വേറെയും ഒരു ഫോട്ടോ ഇമേജ് കൂടി നിർമിച്ചു തരണം. ഒരു സായാഹ്നത്തിൽ അറബി കടൽ തീരത്ത് ഒരു ചാരു കസേരയിൽ ഇരുന്ന് അങ്ങ് ചക്രവാളത്തിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന എന്നെ ഒന്ന് വിഭാവന ചെയ്യണം. തിരമാലകൾ ഒന്നിനു പിറകെ ഒന്നായി അങ്ങനെ ഇളകി മറിഞ്ഞു വരണം. ഒരു സ്റ്റൈലിനു വേണ്ടി കുട ചൂടണം. ചാരുകസേരക്കടുത്ത് ഒരു ചെറു മേശ സെറ്റ് ചെയ്യണം. അതിന്മേൽ ഞാൻ വായിക്കാൻ താൽപ്പര്യപ്പെടുന്ന ഒന്നോ രണ്ടോ പുസ്തകം വെക്കണം. ഞാനെഴുതിയ പുസ്തകമായാലും കുഴപ്പമൊന്നുമില്ല. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകമായാലും കുഴപ്പമില്ല. പുസ്തക്തിന്മേൽ കട്ടിയും കനവുമുള്ള ഒരു കണ്ണടയും വച്ചോളൂ. സുലൈമാനി കുടിച്ച് ഉൻമേഷം കിട്ടുവാൻ വീണാൽ പൊട്ടുന്ന ഒരു കോപ്പയും കൂടെ വെക്കാം. മൊത്തത്തിൽ ഒരു വൈബ് ഉണ്ടാകണമെന്ന് ചുരുക്കം.
ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു ഇമേജ് കൂടി ജമിനി എനിക്ക് നിർമിച്ചു തരണം. ഇപ്രാവശ്യം ഒരു ശബ്ദവുമില്ലാത്ത സ്റ്റുഡിയോ ആയിക്കോട്ടെ സ്ഥലം. സ്റ്റുഡിയോ ആംബിയൻസ് എല്ലാം വേണ്ടപോലെ അടിപൊളി ആയിക്കോട്ടെ. നോക്കുമ്പോൾ ആളുകൾക്ക് പ്രൊഫഷണൽ സ്റ്റുഡിയോ ആണെന്ന് തോന്നണം. ഇത്തരത്തിലുള്ള ഒരു സ്റ്റുഡിയോയിൽ ഇരുന്ന് പാട്ടുകാരന് അനുയോജ്യമായ ഡ്രെസ്സും ധരിച്ച് സ്റ്റൈലായി പാട്ട് റെക്കോർഡ് ചെയ്യുന്നത് വിഭാവന ചെയ്യണം. പാട്ട് പാടുമ്പോൾ ഇരു കണ്ണുകളും ചെറുതായൊന്ന് അടച്ചു പിടിക്കണം. കൈകൾക്കൊണ്ട് താളം പിടിക്കണം.
ജെമിനിക്ക് വേറെയും ഒരുപാടൊരുപാട് കഴിവുകളുണ്ട് എന്നറിയാം. കലാ പരിപാടികളായി വേറെ പലതും അറിയാം. അറിവിൻ്റെ ബഹ്‌റാണ് എന്നും അറിയാം. എല്ലാം തന്നെ ചോദ്യങ്ങളുടെ ഖജനാവിൽ എടുത്തു വച്ചിരിക്കുകയാണ്. ആവശ്യം വരുന്നതിനനു സരിച്ചു ചോദിച്ചു കൊള്ളാം. ഉത്തരം നൽകാൻ എപ്പോഴും എല്ലായ്പ്പോഴും ജമിനി തയ്യാറാണ് എന്നറിയാം. അതിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് എന്നും അറിയാം. എങ്കിലും ഈയുള്ളവന് വേറെയും ചില പണികളൊക്കെയുണ്ട് എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ. ഇതുവരെ ചെയ്തുതന്ന എല്ലാം സഹായങ്ങൾക്കും സഹകരണത്തിനും ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിച്ചുകൊണ്ട് തൽക്കാലം ഈ എഴുത്ത് ചുരുക്കുകയാണ്.
k.m.a paruthikkad



No comments:
Post a Comment