നാട്ടിൽ നിന്നും വന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. പ്രവാസത്തിൻ്റെ വിരഹ വേദന അനുഭവിക്കുന്ന യുവാവായ ഫിനൂബ് തൻ്റെ പ്രിയതമക്ക് നീറുന്ന മനസ്സോടെ വീണ്ടും എഴുതുകയാണ്.
പ്രിയപ്പെട്ട ആമി,
അസ്സലാമു അലൈകും ! നിനക്കും മോളൂസിനും മോനൂസിനും വളരെ സുഖമാണ് എന്നതിൽ ഞാൻ സന്തോഷിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫോൺ വിളിയെല്ലാം തകൃതിയായി നടക്കുന്നതിനാൽ വിവരങ്ങളെല്ലാം അപ്പപ്പോൾ തന്നെ നമ്മൾ അറിയുന്നുണ്ടല്ലോ. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. കത്തെഴുത്തെല്ലാം ഇപ്പോൾ വെറും ഓർമ്മകൾ മാത്രമാണല്ലോ. പണ്ട് നമ്മുടെയൊക്കെ കുട്ടികാലത്ത് കത്ത് പാട്ടുകളുടെ ഒരു കാലമുണ്ടായിരുന്നത് ആമി ഓർക്കുന്നില്ലേ. ഈ വരിയെല്ലാം ഓർക്കുന്നില്ലേ.
"അബൂദാബിയിലുള്ളോരെ ഴുത്തുപെട്ടി.. അന്ന് തുറന്നപ്പോൾ കത്തു കിട്ടി...."
മുമ്പൊരിക്കൽ ഞാൻ ആമിക്ക് ഒരു കത്ത് എഴുതി അയച്ചിരുന്നു. ആമി അതെല്ലാം ആരും കാണാതെ ഉറ്റുന്ന കണ്ണുകളോടെ വായിച്ചു കാണുമല്ലോ. ആമി അതെല്ലാം ഇപ്പോഴും ഓർമ്മയുടെ മണിയറയിൽ സൂക്ഷിച്ചു കാണുമല്ലോ. എങ്കിലും മറുപടിയൊന്നും കിട്ടിയില്ല എന്ന് വ്യസന സമേദം അറിയിക്കട്ടെ! ആമി അതിനു ഒന്നും മിണ്ടിപറയാത്ത ദൃസാക്ഷിയുമാണല്ലോ! എന്നെ കുറിച്ചുള്ള ഓർമ്മകൾ ആമിയുടെ മനസ്സിൽ എപ്പോഴും എല്ലായ്പ്പോഴും കുടികൊള്ളുന്നുണ്ട് എന്നറിയാം. തത്തി കളിക്കുന്നുണ്ട് എന്നും അറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടി പറയുകയാണ്. എന്നെ ഓർക്കുന്നതിൽ ആമി കുറവൊന്നും വരുത്തരുത്. എങ്കിലും കൂടുതൽ ഓർക്കേണ്ടത് പടച്ച തമ്പുരാനെയാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അവനാണല്ലോ എന്നെയും ആമിയെയും ഈ ഭൂമിലോകത്തെയും അതിലുള്ള ജീവനുള്ളതും അല്ലാത്തതുമായ സകലതിനെയും, കൂടാതെ പ്രബഞ്ച ലോകത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത്. എല്ലാം മുറതെറ്റാതെ കൂട്ടിമുട്ടാതെ അങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. രാവും പകലും, അതുപോലെ സുഖ ദുഖങ്ങളും മാറിമറഞ്ഞു കൊണ്ടിരിക്കുന്നു.
ഇങ്ങോട്ട് നോക്കൂ ആമി... അതെല്ലാം അവിടെയിരിക്കട്ടെ. ഇനി നമുക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് ഇത്തിരി സംസാരിക്കാം. നമുക്ക് താലോലിക്കാൻ പടച്ച തമ്പുരാൻ രണ്ടു കുട്ടികളെ തന്നുവല്ലോ. അതിന് നമുക്ക് അവനെ സ്തുതിക്കാം. അവരുടെ കയ്യോകാലോ ആദ്യം വളരുന്നത് എന്ന് നോക്കുന്ന തിരക്കിലാവും ആമി എന്നും അറിയാം. കൂടാതെ അടുക്കളയിലും മറ്റുമായി വീട്ടുപണികൾ പിടിപ്പതുണ്ട് എന്നും അറിയാം. എടുത്താൽ പൊന്താത്ത അത്രയ്ക്കുണ്ട് എന്നും അറിയാം. ഇടക്കൊക്കെ പണിയെടുത്ത് പണിയെടുത്ത് ഊര മുറിയാറുണ്ട് എന്നും അറിയാം. എന്നിട്ടും എന്തിനാണ് ആമി പുറത്ത് വേറെ പണി നോക്കുന്നത്? അതിനായി ആഗ്രഹിക്കുന്നത്? കൂടുതലായി ജോലി ചെയ്യാനുള്ള ആഗ്രഹമാണോ ? പുറത്ത് പോകാനുള്ള പൂതികൊണ്ടാണോ ? അതല്ലെങ്കിൽ വേറെ മറ്റു വല്ലതുമാണോ ? ...
നോക്കൂ ആമി... കുടുക്ക പോലുള്ള വയറ്റിൽ ഇപ്പോള് ഒരു കുഞ്ഞ് വളരുന്നുണ്ട് എന്നുള്ള കാര്യം ആമി ഒരിക്കലും മറന്നു പോകരുത്. ഒരിക്കലും മറക്കില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിനു വേണ്ടി പറയുകയാണ്. കുഞ്ഞ് വളരുന്നത് ഉമ്മയുടെ വയറ്റില്ലാണെങ്കിലും കൂടെ ഉപ്പയുടെ മനസ്സിൻ വയറ്റിലും വളർന്നു കൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യവും മറന്നുപോകരുത്. പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്ന കാര്യത്തിൽ ആമി കുറവൊന്നും വരുത്തരുത്. ആരോഗ്യമാണ് കൂടുതൽ പ്രധാനം ആയിട്ടുള്ളത് എന്ന് ഞാൻ പറയാതെ തന്നെ ആമിക്ക് അറിയാമല്ലോ. മാത്രവുമല്ല ജോലിയെടുക്കുമ്പോൾ നിലത്ത് വീണുപോവാതെ വഴുക്കി പോവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേറെ എന്തൊക്കെയാണ് ശ്രദ്ദിക്കാനായി ഉള്ളത്?...
ഓരോ മാസവും ശമ്പളം കിട്ടിയ ഉടനെ അയച്ചു തരുന്നുണ്ട് എന്ന് ഞാനായിട്ട് പറയേണ്ടതില്ലല്ലോ. വീട്ടിലെ ചിലവ് നടത്താനും അയക്കുന്നുണ്ട്. കുറി അടവിലേക്കായുള്ള പൈസയും അയക്കേണ്ടതുണ്ട്. മിച്ചം പിടിച്ച പൈസ കൊണ്ട് നമ്മുടെ പുരപണിയും നടത്തേണ്ടതുണ്ട്. എല്ലാം വളരെ ഭംഗിയായി മംഗളമായി തന്നെ നടക്കട്ടെ !. പ്രസവത്തിൻ്റെ ഭാരിച്ച ചിലവ് വരുന്ന കാര്യം ആമിയുടെ അതിവിശാലമായ മനസ്സിൽ തീർച്ചയായും ഉണ്ടാകണം. ആമിക്കും കുട്ടികൾക്കും അസുഖങ്ങൾ വരാതെ നോക്കണം. ആശുപത്രികൾ രോഗികൾക്കായി വലവിരിച്ചിരിക്കുന്നത് ആമി കാണുന്നില്ലേ. സൂക്ഷിക്കുന്നത് നല്ലതാണ്.
ഇനിയും നീട്ടി പറഞ്ഞു ആമിയെ മുഷിപ്പിക്കുന്നില്ല. ആളെ മുഷിപ്പിക്കുന്നത് അത്ര നല്ലകാര്യമല്ല എന്നറിയാം. എങ്കിലും ഒരുപാട് ഇനിയും മനസ്സിൻ്റെ ഖജനാവും പാട്ടുപെട്ടിയും തുറക്കാനുണ്ട്. ആമിക്കു അതെല്ലാം കേൾക്കാനുമുണ്ട്. എല്ലാം വഴിയെ വിസ്തരിച്ച് പറയാം. ഈ എഴുത്ത് തത്ക്കാലം ചുരുക്കുകയാണ്.
സ്നേഹപൂർവ്വം,
k.m.a paruthikkadu

No comments:
Post a Comment