വയറ്റിൽ മുളച്ച കുട്ടി


നോക്കൂ ഞാനൊരു   സംഭവം  പറയാം. നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ചതൊന്നുമല്ല. ഏന്നാൽ ഇന്നലെ നടന്നതുമല്ല.

എൻ്റെ ആദ്യത്തെ കൺമണിയും മാണിക്യ കല്ലുമായ വെറും കുട്ടിയായ ഹനമോൾ വീർത്തു വന്നിരിക്കുന്ന അവളുടെ ഉമ്മായുടെ പള്ള  ചൂണ്ടി കാണിച്ചു ഇങ്ങനെ കാച്ചി കളഞ്ഞു.

" ഇപ്പച്യേ.. ഇമ്മച്ചിയുടെ പള്ളേല് ഒരു കുഞ്ഞി വാവയുണ്ട്."


" അതെ മോളെ..ഇമ്മച്ചി ഇപ്പോള് കൂടുതൽ ചോറ് തിന്നാറുണ്ട്. അതുകൊണ്ടാണ് കുട്ടി മുളച്ചു വന്നത്" - ഞാൻ ചുമ്മാ തട്ടിവിട്ടു.


കേൾക്കേണ്ട താമസം സൂര്യകാന്തി പൂവിനെ പോലെ അവൾ മന്ദഹസിച്ചു. എന്നിട്ട് അവള് രണ്ടു ചുണ്ടും കൂർപ്പിച്ചു  ചോദിക്കുകയാണ് :

" ന്നാ ന്താ ഇപ്പച്ചിൻ്റെ പള്ളയില് കുട്ടി ന്ണ്ടാവാത്തത് ?" 


അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി തരിച്ചു പോയി.  ചോദ്യത്തിന് മുമ്പിൽ ഞാൻ കുഴങ്ങിപോയി എന്ന് പ്രത്യേകം  പറയേണ്ടതില്ലല്ലോ. 


" ങ്ങള് ആവശ്യമില്ലാതെ വടി കൊടുത്ത് അടി വാങ്ങിലെ?" - കലാബോധമുള്ള ഭാര്യയുടെ വെടിയുണ്ട കണക്കെയുള്ള ഉശിരൻ കമൻ്റ്.

അതിനെ ചൊല്ലി ഞങ്ങൾ തമ്മിൽ വാക് തർക്കമായി. നർമ്മത്തിൽ ചാലിച്ച തർക്കം മാത്രം. അല്ലാതെ ഒരു ആഗോള രാഷ്ട്രീയ പ്രശ്നമൊന്നുമല്ല. 


ഞങ്ങളെ തുറിച്ചു നോക്കുന്ന അവള് ഞങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നറിയുവാൻ ഞാൻ അവളോട് സ്നേഹത്തോടെ ചോദിച്ചു.


" കുഞ്ഞോൾക്ക്  ആരെയാണ് കൂടുതൽ ഇഷ്ടം? " 


" ഇക്ക് ഇപ്പച്ചിനെ കൂടുതൽ ഇസ്ത്ം."  - അവള് പ്രതിവചിച്ചു.


അവൾക്കറിയാം കൈ നിറയെ മിഠായിയും ചോക്ല്ലേറ്റും കിട്ടണമെങ്കിൽ അവൾക്ക് അവളുടെ ഇപ്പച്ചി തന്നെ വേണമെന്ന്.


ഇത് കേൾക്കേണ്ട താമസം കൂടുതൽ ബേജാറോട് കൂടി അവളുടെ ഉമ്മ അവളോട്

" അപ്പം ഇമ്മചിനെ അന്ക്ക് ഇഷ്ട്ടല്ലേ?" 


" ഇമ്മചിനേം ഇക്കു് ഇസ്താണ്" - അവള് ഉമ്മയെ ആശ്വസിപ്പിച്ചു.


അവൾക്കറിയാം അവളുടെ എല്ലാ കാര്യത്തിനും അവളുടെ ഇമ്മച്ചി കൂടെ വേണ്ടി വരുമെന്ന്.


ഞങ്ങള് ഇരുവരും കൈകൾ കോർത്തു പിടിച്ച് തോളോട് തോൾ ചേർന്നിരുന്ന്  അവളോട് ചോദിച്ചു.


" മോളൂസിന് ഞങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ട്ടമുള്ളത്?" 


" രണ്ടാളീം ഇസ്‌താണ് " 


തെല്ലു ഒന്നു ആലോചിച്ചു വളരെ ഡിപ്ലോമാറ്റിക് ആയി ഞങ്ങൾക്ക് അവള് മറുപടി നൽകി.


ഇപ്പോള് അവളിൽ നിന്നും, അവളുടെ കുഞ്ഞനുജനിൽ നിന്നും, കുഞ്ഞി വാവയിൽ നിന്നും ഓരോ ദിനവും ഞങ്ങൾ ചിലത് പഠിച്ചു കൊണ്ടിരിക്കുകയാണ്.

.......

k.m.a Paruthikkadu 

No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...