ഫ്രീലാൻസ് ജോലി ജീവിതത്തിൽ ശരിക്കും ഒരു അനുഗ്രഹമാണോ ?
അല്ല ! . ആണ്!
. തീര്ച്ചയായും അല്ല . ആണെങ്കിൽ ആണ് . ആകുമായിരിക്കാം...... ! .
എന്നാൽ ഇങ്ങനെ
പറഞ്ഞാലോ ?....
"ഫ്രീലാൻസ് ജോലി ഒരു അനുഗ്രഹമാണ്. ജോലിയുള്ളപ്പോഴും ജോലിയില്ലാതെ തെക്ക്-വടക്ക്
നടക്കുമ്പോഴും. ജോലിയുള്ളപ്പോൾ വണ്ടിചെലവ് കഴിക്കാൻ ഒരു ആശ്വാസമായും,. ജോലിയില്ലാതെ നട്ടംതിരിയുമ്പോൾ പിടിച്ചുനില്ക്കാനുള്ള അവസാനത്തെ
അത്താണിയായും. ജോലിചെയ്തു ജീവിക്കുമ്പോഴും യാത്ര ചെയാനുള്ള അവസരത്തിന്റെ ഒരുവലിയ കവാടമായും".
ദൈവാനുഗ്രഹത്താൽ, കുറച്ചുവർഷങ്ങൾകൊണ്ട് ഒരുപാട് സ്ഥലങ്ങൾ ഫ്രീലാൻസ്ജോലി ചെയ്തുകൊണ്ട്
ചുറ്റികാണൂവാനുള്ള ഭാഗ്യംഉണ്ടായി. ഇങ്ങ് അറബിക്കടൽ മുതൽ അങ്ങ് ഹിമാലയ പര്വ്വതനിരകൾവരെ. അതിൽ ദൽഹി സുൽത്താൻമാരുടെ
നാടുംവീടുമുണ്ട്. ടിപ്പുവിന്റെ കോട്ടയുണ്ട് ഗുഹയുമുണ്ട്. ലക്ഷകണക്കിന് പാവങ്ങളെകൊണ്ട്
ഷാജഹാൻ പണിതുയർത്തിയ, ലോകാത്ഭുതങ്ങളിലൊന്നും
ഇന്ത്യയുടെ അഭിമാനവുമായ വെട്ടിതിളങ്ങുന്ന വെള്ളനിറമുള്ള താജ്മഹലുണ്ട്. ഇന്ത്യയുടെ ഉയരങ്ങളുടെ
പ്രതീകമായ കുത്തബ്മീനാറുണ്ട്. പഴയ അബലങ്ങളുണ്ട്. ജുമാമസ്ജിദ് ഉണ്ട്. പ്രായം വളരെ തളർത്തിയിട്ടുണ്ടെങ്കിലും എല്ലാം അഭിമാനത്തോടെ ശിരസ്സ് ഉയർത്തിതന്നെ നിൽക്കുന്നു.
അതും തങ്ങളെ കാണാൻവരുന്ന വിദേശി ടുറിസ്റ്റുകളുടെ മുന്നിൽ.
തണുപ്പിന്റെ, കുളിരിന്റെ നാടായ, വിനോദ സഞ്ചാരികളുടെ
നാടായ മനാലിയും കാണുവാനുള്ള ഭാഗ്യം ഉണ്ടായി . ആ യാത്ര ശരീരതിനെന്നപോലെ മനസ്സിനും കുളിരേകി.
താഴ്വാരത്തുനിന്നും കുന്നിനു മുകളിലേക്ക് കയറുമ്പോഴുള്ള കാഴ്ചകൾ മനസ്സിനും കാഴ്ച നൽകി.
കുന്നിൽചെരിവിലുള്ള മഞ്ഞു കണങ്ങൾ ദുരെ നിന്ന് നോക്കിയാൽ ആട്ടിൻപറ്റങ്ങൾ മേഞ്ഞു നടക്കുകയാണെന്ന്
തോന്നും. വെള്ളയുടുപ്പ് അണിഞ്ഞു കാമുകനെ സ്വീകരിക്കുന്ന മണവാട്ടിയെപ്പോലെ പ്രകൃതി
വരുന്നവരെനോക്കി പുഞ്ചിരി തൂകി നിൽക്കുന്നു..
മയ്യഴിപുഴയുടെ
ഓളങ്ങളെ തഴുകുവാനും , വേമ്പനാട്ടു കായലിലെ
കുളിർകാറ്റിനെ മാറോടണക്കുവാനും കൂട്ടുകാരോടൊത്ത് കഥകൾ പറഞ്ഞിരിക്കുവാനും നർമ്മ സല്ലാപങ്ങൾ
പങ്കിടുവാനും അവസരം ഒത്തു. മറൈൻ ബീച്ചിലെ സായാഹ്നവും, കന്യാകുമാരിയിലെ ഓടിയൊളിക്കുന്ന സൂര്യനെയും പോയികണ്ടു.
പാവങ്ങളുടെ ഭക്ഷണമായ
വടാപാവ് തീവണ്ടിയിൽവെച്ചും ഉത്തരേന്ത്യൻ തെരുവുകളിൽവെച്ചും, പൈസക്കാരന്റെ ഭക്ഷണമായ ബർഗറും സാന്റ്-വിച്ചും ഫൈവ്സ്റ്റാർ ഹോട്ടലിൽ
വെച്ചും കഴിച്ചു . എല്ലാം ഒന്ന് അനുഭവിച്ചു അറിയണമല്ലോ .
രാത്രി തീവണ്ടിയിൽവെച്ച്
പലതവണ നിലത്തു പേപ്പർ വിരിച്ചു കിടക്കേണ്ടി വന്നു. ഉറക്കംമാത്രം വന്നില്ല. ഇടക്ക് കൂട്ടിനു
ചുണ്ടെലിയും ഉണ്ടായിരുന്നു. അത് ഞാനും ഇവിടെ ഉണ്ട് എന്ന മട്ടിൽ ഇടക്കിടക്ക് ഒരു നോക്ക്
കൊടുത്തു ഓടിയൊളിച്ചു.
ഈയടുത്ത് ലോകത്തിന്റെ
കച്ചവട കേന്ദ്രമായ ദുബായിലേക്ക് ഒരു യാത്ര പോകുവാൻ ദൈവം അനുഗ്രഹിച്ചു .
ദുബൈ ! കേൾക്കുമ്പോൾ
ഒരു ദുബൈ മണം !
അവിടെയെത്തി മുറിയിൽ
കയറിയപ്പോൾ വാടിയ കുറെ മുഖങ്ങളാണ് ഞാൻ കണ്ടത് . ഒരു ചെറിയ മുറിയിൽ എട്ടു മനുഷ്യ ജന്മങ്ങൾ
തിക്കികുത്തി അങ്ങനെ ജീവിതം കഴിക്കുന്നു . അവരുടെ വീടും നാടും എല്ലാം ഇടുങ്ങിയ ഒരു
മുറിയിലെ ഒരു തട്ടിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു .
തട്ടിന്മേൽ ജീവിതം
!
ദുബൈക്ക് അങ്ങനെയും
ഒരു മുഖമുണ്ട് .
ജീവിതം !
എവിടെ നോക്കിയാലും
പണക്കാരന്റെ പൊങ്ങച്ച പ്രകടനവും പാവപ്പെട്ടവന്റെ ഒരുപിടി ചോറിനു വേണ്ടിയുള്ള ഒരു ദയനീയ
നോട്ടവും .
യാത്രകൾ എപ്പോഴും
ഒരു ഹരമാണ്. ഓരോ യാത്രയും ഓരോ അനുഭവമാണ്. പഠിക്കാൻ ഒരുപാട് കാണും. മനസ്സിന്റെ ഇടുക്കത്തിൽ
നിന്നും ആകാശങ്ങളുടെ വിശാലതയിലേക്കുള്ള ഒരു കവാടമാണത്. ഞാൻ എല്ലാമാണ് എന്നതിൽ നിന്ന്
ഞാൻ ഒന്നും അല്ല എന്നതിലേക്കുള്ള അടയാളപ്പെടുത്തലാണത്.
ദൈവം തമ്പുരാൻ
അനുഗ്രഹിച്ചാൽ, സമയവും സാഹചര്യവും ഒത്തുവന്നാൽ ഇനിയും
ഒരുപാട്സ്ഥലങ്ങൾ ചുറ്റി സന്തര്ഷിക്കണമെന്നുണ്ട്. ഇസ്തിരിയിട്ട ജീവിതങ്ങൾക്ക് പകരം ചുക്കിച്ചുളിഞ്ഞ
ജീവിതങ്ങളും നേർക്കാഴ്ചകളും അനുഭവിക്കുകയും പഠിക്കുകയും ചെയ്യണമെന്നുണ്ട്.
അതിനു പടച്ചതമ്പുരാൻ
അനുഗ്രഹിച്ചെങ്കിൽ !. അനുഗ്രഹിക്കേണമേ റബ്ബേ !.
Drawing/picture : (Courtesy)
………….
K.M.A Paruthiikkadu

No comments:
Post a Comment