നോക്കൂ പ്രിയരേ ഞാനെല്ലാം ഇവിടെ തുറന്നു പറയാൻ പോവുകയാണ്.
ഇതാ ഇവിടെവച്ചുതന്നെ. ആരെയും പേടിക്കാതെ. എല്ലാം അറിയുവാനായി കാത്തിരിക്കുന്ന നിങ്ങള്ക്ക് മുമ്പിൽവെച്ച്. എത്രയെത്ര നാളുകളായിട്ട് ഞാനിങ്ങനെ എല്ലാം ചെറിയ മനസ്സിൻ ബലൂണിൽ വെച്ചുകൊണ്ട് കാറ്റൊഴികാതെ നടക്കാൻ പറ്റും. ബലൂൺ പൊട്ടിപ്പോവില്ലേ ?? ഒന്നല്ലെങ്കിൽ ഞാനും ഒരു മനുഷ്യനല്ലേ ??. നീറിപ്പുകയുന്ന മനസ്സല്ലേ ??സഹിക്കാനാവാത്ത ഓർമകളല്ലേ?? കുരുത്തംകെട്ട കാലമല്ലേ.??..............
ആരോടും ഇക്കാര്യം പറയണ്ട എന്ന് പലവുരു ചിന്തിച്ചതാണ്. മനസ്സിൽ അടക്കിപ്പിടിച്ചതാണ്. മനസ്സിൽ തീരുമാനം എടുത്തതുമാണ്. പക്ഷെ എന്നെകൊണ്ട് കഴിയുന്നില്ല. താങ്ങാൻ പറ്റുന്നില്ല. എന്റെ മനസ്സിൽ വേദനയാണ്. ദുഃഖം തളം കെട്ടിക്കിടക്കുകയാണ്. അല്ല പൊട്ടിയൊലിക്കുകയാണ്. അതിനാൽ എല്ലാം തുറന്നു പറയാനാണ് തീരുമാനം.
തുറന്നു പറയാൻ ഞാനാരെയും പേടിക്കുന്നില്ല. വാപ്പാനെ പേടിക്കുന്നില്ല. ഉമ്മച്ചിയേയും പേടിക്കുന്നില്ല. എളാപ്പമാരെയും പേടിക്കുന്നില്ല.മൂത്താപ്പമാരെയും പേടിക്കുന്നില്ല. ഇപ്പാപ്പയെയും പേടിക്കുന്നില്ല ഇമ്മാമയെയും പേടിക്കുന്നില്ല. പരുത്തിക്കാട് ഇസ്ക്കൂളിലെ ടീച്ചറെ പേടിക്കുന്നില്ല. മദ്രസയിലെ ഉസ്താദിനെയും പേടിക്കുന്നില്ല. അമ്മോൻമാരെയും പേടിക്കുന്നില്ല അമ്മോശൻമാരെയും പേടിക്കുന്നില്ല. നാട്ടിലെ പ്രമുഖന്മാരെയും പ്രമാണിമാരെയും പേടിക്കുന്നില്ല. ഞാനാരെയും പേടിക്കുന്നില്ല.
പിന്നെ ആരെയാണ് പേടിക്കുന്നത് ?????
"എല്ലാം അറിയുന്ന രാജാധിരാജനായ പടച്ച തമ്പുരാനെ മാത്രം".
എന്നിരുന്നാലും ഞാനെല്ലാം തുറന്നു പറയാൻ പോവുകയാണ്.
തെറ്റുകൾ ആര് ചെയ്താലും തെറ്റല്ലേ??? തെറ്റുകൾ ആര് ചെയ്താലും ഒരുപോലെയല്ലേ ??? ഞാൻ ചെയ്താലും . എന്റെ കെട്ടിയോള് ചെയ്താലും. എന്റെ വാപ്പ ചെയ്താലും എന്റെ ഉമ്മാ ചെയ്താലും. എന്റെ എളാപ്പ ചെയ്താലും എന്റെ മൂത്താപ്പ ചെയ്താലും. എന്റെ അമ്മാവൻ ചെയ്താലും എന്റെ അമ്മോശൻ ചെയ്താലും. നാട്ടിലെ പോക്കിരി ചെയ്താലും. നാട്ടിലെ പ്രമാണി ചെയ്താലും. പ്രവാസി ചെയ്താലും സ്വദേശി ചെയ്താലും. തെറ്റെല്ലാം തെറ്റല്ലേ ???? ....
അതിനാൽ തന്നെ ഇന്ന് ഞാനെല്ലാം തുറന്നു പറയാൻ പോവുകയാണ്. അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ഓർക്കുന്നില്ല. ഇനി ഓർക്കുകയുമില്ല. ഇനി ഓർക്കാനും പോവുന്നില്ല. ആരെന്തൊക്കെ പറഞ്ഞാലും ഞാൻ സത്യം തൃറന്നു പറയുക തന്നെ ചെയ്യും. സത്യം തുറന്നു പറയാൻ ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടാവണമല്ലോ.
പറഞ്ഞാൽ ഒരുപാട് ഭീഷണി ഉണ്ടാകുമെന്നു നിങ്ങൾ പറയാതെതന്നെ എനിക്കറിയാം. എന്നുവച് പറയാതിരിക്കുവാനും പോകുന്നില്ല. പറയേണ്ടത് പറയേണ്ട സമയത്തു പറയുക തന്നെ ചെയ്യും. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യുകതന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഞാനെല്ലാം നിങ്ങള്ക്ക് മുന്നിൽ വെച്ച് തുറന്നു പറയാന് പോവുകയാണ്......
സുഹൃത്തുക്കൾ ഉള്ളത് നല്ലതു തന്നെയെങ്കിലും നഷ്ടപ്പെടുന്നത് എനിക്കൊരു പ്രശ്നമേയല്ല. കുടുബക്കാർ എന്റെ ശക്തിയാണെങ്കിലും നഷ്ടപ്പെടുന്നത് എനിക്കൊരു ചുക്കുമേയല്ല. നാട്ടുകാർ എന്നെ കൈവിട്ടാലും കുഴപ്പമില്ല. പറയേണ്ടത് ഞാൻ പറയുക തന്നെ ചെയ്യും. അതുകൊണ്ടു ഞാനിന്നു ഒരു വെടിപൊട്ടിക്കാൻ പോവുകയാണ്.
എന്നായാലും ഒരു ദിവസം പറയണ്ടേ ?? ..
എല്ലാവരും എന്നെ കളിയാക്കുമോ എന്ന പേടിയുണ്ട്. പരിഹസിക്കുമോ എന്ന പേടിയും വിരളമല്ല. അല്ലെങ്കിൽ ബഹിഷ്ക്കരിക്കുമോ എന്ന പേടിയുമുണ്ട്. ചുട്ട കൈലുംകണം വെച്ച് വളരെ സോഫ്റ്റായ ചന്തി പൊള്ളിക്കുമോ എന്ന പേടി ഇല്ലാതില്ല. നാടുകടത്തുമോ എന്ന പേടിയും സുലഭമാണ്. കണ്ണിൽ കാന്താരി മുളക് പുരട്ടുമോ എന്നപേടി വല്ലാതെ പേടിപ്പെടുത്തുന്നുണ്ട്.
എന്നുവച് മനസ്സിലുള്ളത് തുറന്നു പറയാതിരിക്കുവാൻ ഒക്കുമോ ???...
ലീവിന് നാട്ടിൽ വന്നതിനാലും സമയക്കുറവു ഉള്ളതിനാലും, ഒരുപാട് കുത്തിക്കുറിക്കുവാൻ ഉള്ളതിനാലും, ജീവിതത്തിൽ ഒരു നോവലെങ്കിലും എഴുതണമെന്നു മനസ്സിൽ ഉള്ളതിനാലും ഞാൻ ഒറ്റവാക്കിൽ തന്നെ തുറന്നു പറയട്ടെ. അങ്ങനെയെങ്കിലും നിങ്ങള്ക്ക് ഒന്ന് സമാധാനമാകട്ടെ. നിങ്ങളുടെ മനസ്സ് തണുക്കട്ടെ. നിങ്ങൾക്ക് അതൊരു ആശ്വസവുമാകട്ടെ.
കണ്ണുകൾ സന്തോഷത്താൽ നിറയട്ടെ. ദുഷ്ട മനസ്സ് തുലയട്ടെ !!!!
" എനിക്ക് സ്റ്റേജിൽ കയറുവാൻ പേടിയാണ്. അതുപോലെ ഇങ്ങനെ ഓരോന്ന് എഴുതിക്കുറിക്കാൻ പൂതിയാണ്"
പൂതിയില്ലേ ??? ....
ഇപ്പോൾ സമാധാനമായില്ലേ :)
---------------------------------------------------------------------------------
കെ. എം .എ പരുത്തിക്കാട്
No comments:
Post a Comment