അദ്ധ്യാപക ദിനം


ഞാനിപ്പോൾ ഉമ്മുൽ ഖുവൈനിലെ  അതിവിശാലമായ ഒരു മുറിയിലാ കഴിഞ്ഞുകൂടുന്നതെന്ന്  ചിലരെങ്കിലും   അറിയാതിരിക്കാനിടയില്ല. അജ്മാനിലെ ഹാമിദിയയിൽ കുടിപ്പാർത്ത ഒരു ഇന്ത്യൻ സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണ് ജീവിക്കാനുള്ള വകയുണ്ടാക്കുന്നത് എന്നും പറഞ്ഞിരുന്നുവല്ലോ. ഇന്ന് അദ്ധ്യാപകദിനമാണെന്നു ഏതു പോലീസുകാരനും അറിയാവുന്നതുമാണല്ലോ.

വെറും തലച്ചോറുകൊണ്ടുമാത്രം ചിന്തിക്കുന്ന വമ്പന്മാർ ജോലിചെയ്യുന്ന കമ്പനികളിൽ ഒരുപാടില്ലെങ്കിലും അഞ്ചുപത്തുവർഷങ്ങൾ ജോയിചെയ്തെങ്കിലും അന്നൊന്നും കിട്ടാത്ത ചിലതു ഇപ്പോൾ എനിക്ക് ഇവിടെനിന്നും കിട്ടികൊണ്ടിരിക്കുന്നുണ്ട് എന്ന് പറയേണ്ടിവരുന്നുകട്ടിയും കനവുമുള്ള നോട്ടുകെട്ടുകളാണ് അന്ന് കിട്ടിയിരുന്നതെങ്കിൽ ഇന്ന് കിട്ടികൊണ്ടിരിക്കുന്നതു  മനസ്സമാധാനവും സന്തോഷവും അതുപോലെ എന്റെ പ്രിയപ്പെട്ട കുട്ടികളുടെ തോരാത്ത  ബഹുമാനവുമാണ്.

അദ്ധ്യാപക ദിനം പ്രമാണിച്ചു ഇന്ന് അവരെനിക്കൊരു സമ്മാനം തന്നു എന്ന് പറയാമല്ലൊ. എത്ര പൈസകൊടുത്താലും കിട്ടാത്ത സമാനതകളില്ലാത്ത ഒരു സമ്മാനം. കിട്ടേണ്ട താമസം ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്നുതന്നെ പറയട്ടെ അവർ എന്താണ് എനിക്ക് സമ്മാനിച്ചത് എന്നറിയേണ്ടേ ?..

അവരുടെ ഹൃദയം കീറിയുണ്ടാക്കിയ കടലാസുകൊണ്ടുള്ള മഞ്ഞ നിറത്തിലുള്ള ഒരു "ഗ്രീറ്റിംഗ് കാർഡ്".  അതിന്റെ ഉള്ളിൽ പകുതി നീല നിറത്തിലും പകുതി ചുവപ്പു നിറത്തിലുമായി വെണ്ടയ്ക്ക അക്ഷരത്തിൽ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു.

" Happy Teacher Day "

അതിനു താഴെയായി ചുവപ്പു നിറത്തിലും പച്ചനിറത്തിലുമായി പൂക്കൾ വരച്ചുവെച്ചിരിക്കുന്നു. തോരാത്ത സ്നേഹത്തിന്റെ അടയാളങ്ങൾ അവിടെയും ഇവിടെയുമായി ചിതറിയിട്ടിരിക്കുന്നു.

ഇരുകൈകളും നീട്ടി അവരതു എന്റെ നേരെ നീട്ടി. ഞാനതു എന്റെ ഷറഫാക്കപ്പെട്ട ഇരുകൈകൾകൊണ്ട് വാങ്ങിയയുടനെ  ഞാനതെൻറെ ഹൃദയത്തോട് ചേർത്തുവെച്ചു.

കഴിഞ്ഞില്ല. പിന്നെയുമുണ്ട്. കടലാസുകൊണ്ടുണ്ടാക്കിയ ചുവപ്പു നിറത്തിലുള്ള അതിമനോഹരമായ ഒരു റോസാപ്പൂവ്. അതിനു പച്ചനിറത്തിലുള്ള നല്ല നീളമുള്ള ഒരു കമ്പുണ്ട്‌. അതിന്റെ നടുവിലായി വെള്ളയിൽ കറുപ്പുനിറത്തിൽ എഴുതിയ  ഒരു കൊടിയുണ്ട് . അതിൽ അതിമനോഹരമായി ഇങ്ങനെ എഴുതിയിരിക്കുന്നു

" HAPPY  TEACHER 'S day "

ഞാൻ നോക്കിയപ്പോൾ ദിവസത്തിന്മേൽ അതിമനോഹരമായ പൂവിരിഞ്ഞിരിക്കുന്നു.

സ്നേഹത്തോടെ അവരതു എനിക്ക് വച്ചുനീട്ടി. ഞാനതു എന്റെ വലതുകരങ്ങൾകൊണ്ട് ഏറ്റുവാങ്ങി. ഉടനെതന്നെ  കുപ്പായത്തിലെ കീശയിലൂടെ നല്ല ചൂടുള്ള  എന്റെ  ഹൃദയത്തിലേക്കു മെല്ലെ ഇറക്കിവെച്ചു.
എന്റെ ഹൃദയം തണുത്തു.

കഴിഞ്ഞില്ല.പിന്നെയുമുണ്ട്. കുട്ടികൾ അവരുടെ ഹൃദയത്താൽ  നെയ്തെടുത്ത കൂടുതൽ വലുപ്പമൊന്നുമില്ലാത്ത കടലാസുകൊണ്ടുണ്ടാക്കിയ വയലറ്റ്  നിറം തോന്നിക്കുന്ന ഒരു ഹൃദയം. അതെ ഹൃദയം തന്നെയാണ് അവർ കീറിയുണ്ടാക്കിയത്. ഹൃദയത്തെ വേറെ ആർക്കും കൊടുക്കില്ല എന്നവണ്ണം പച്ചനിറത്തിൽ വളച്ചുകെട്ടിവച്ചിരിക്കുന്നു.

കുട്ടികൾ എനിക്കുതരേണ്ട താമസം ഞാനതു വലതുകൈകൊണ്ട് വാങ്ങി എന്റെ ഹൃദയത്തോടുചേർത്തുവെച്ചു പോക്കറ്റിൽ മുട്ടുസൂചികൊണ്ട് തുന്നിപ്പിടിപ്പിച്ചു.

കുട്ടികൾ എന്നെ നോക്കി മന്ദഹസിച്ചു.

സ്കൂളിലെ അസംബ്ളി പിരിഞ്ഞപ്പോൾ വളരെ ചാരിതാർഥ്യത്തോടെയും എന്നാൽ വർദ്ദിച്ച ആഹ്ളാദത്തോടെയും ഞാൻ സ്റ്റാഫ് റൂമിലേക്ക് കുതിച്ചു. അവർതന്ന സമ്മാനംവെച്ച് ഒരുപാട് ഫോട്ടോ എടുത്തു. വീണ്ടും വീണ്ടും എടുത്തു. മനസ്സിൽ പൂതിതീരുവോളം എടുത്തു.

ഇസ്ക്കൂൾ വിട്ടപ്പോൾ ഞാൻ പുറത്തിറങ്ങി നടന്നു  ബസ്സിന്റെ പടി ചവിട്ടി കയറി. ഉമ്മുൽ ഖുവൈനിലെ പുതിയ ലുലു മാളിന്റെ മുന്നിലെത്തിയപ്പോൾ ബസ് നിന്നു. ഞാൻ ഇറങ്ങി നടന്നു. കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ സഹോദരൻ വാടകക്കെടുത്ത അതിവിശാലമായ  മുറിയിൽഎത്തി നോക്കിയപ്പോൾ കുട്ടികൾ സമ്മാനിച്ച കടലാസു ഹൃദയം കാണ്മാനില്ല. ബാഗിൽ വീണ്ടും വീണ്ടും തപ്പിനോക്കിയിട്ടും കാണ്മാനില്ല. എന്റെ ഹൃദയം തകർന്നുപോയി.

"അതെവിടെപോയിക്കാണും ? ?? "

മുറിയിലെ ചാരുകസേരയിലിരുന്ന്‌ ആലോചിച്ചുചിന്തിച്ചിരിക്കുകയാണ് ഞാൻ !!!
...........................................................................

കെ .എം . പരുത്തിക്കാട്











No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...