അറബിക്കടൽ തീരത്ത്















അങ്ങ് പടിഞ്ഞാറ് അതിവിശാലമായ അറബിക്കടലിനു മുകളിലൂടെ കാറ്റ് വളരെ ശാന്തമായി അടിച്ചുവീശി. അതു തീരത്തുണ്ടായിരുന്ന തെങ്ങോലകളെ തഴുകിതലോടി അങ്ങ് കടന്നുപോയി. തെങ്ങോലകൾ മെല്ലെ ഒന്നിളകി. വൈകാതെ കുഞ്ഞു തിരമാലകൾ ഒരു മുഴക്കത്തോടെ മലക്കം മറിഞ്ഞു തീരത്ത് വന്നു പരന്നു പരന്നു തീരെ ഇല്ലാതായി. അത് അവിടെ എഴുതിവെച്ച എന്തോ ഒന്ന് മായ്ച്ചുകളഞ്ഞു. അങ്ങ് ദൂരെ സൈലന്റ് വാലിയിൽ പെരുമഴ പെയ്തു അവിടെ നിന്നും ഒരു പുഴ പൊട്ടിയൊലിച്ചു ഒഴുകിയൊഴുകി ഇങ്ങ് അറബിക്കടലിൽ വന്നു ചേർന്നു. കടലിലെ ഉപ്പു വെള്ളം പാലത്തിനു കീഴെയുള്ള കടലുണ്ടി പുഴയിലേക്ക് ലയിച്ചു.. . കൂടെ ചെറു മീനുകളും ഹലാക്കിലെ കുറച്ചു മീനുകളും അങ്ങോട്ട്‌ നീന്തി. മീൻ പിടിക്കുവാൻ പാലത്തിനു മുകളിൽ സാധാരണക്കാരായ മനുഷ്യർ ചൂണ്ടയിട്ടു ക്ഷമയോടെ കാത്തിരുന്നു. സൂര്യൻ അസ്തമിക്കാറായി ഇളം ചുവപ്പ് നിറത്തിൽ അങ്ങ് ചക്രവാളത്തിൽ കുളിച്ചു കുട്ടപ്പനായി അങ്ങിനെ പുഞ്ചിരിതൂകി നില്ക്കുന്നു!........

എവിടെനിന്നോ പറന്നുവന്ന ഒരു പക്ഷി സുര്യന് കുറുകെ പറന്നുപറന്ന് അങ്ങ് ചക്രവാളത്തിൽ ലയിച്ചു.
കടലുണ്ടി പാലത്തിന്റെ മുകളിൽ നിന്നും അങ്ങ് ദൂരെ കിഴക്കോട്ടു നോക്കിയാൽ ഇടയ്ക്കിടെ യാത്രാ-തീവണ്ടികളും ചരക്കുതീവണ്ടികളും പുഴയ്ക്കു മുകളിലുള്ള പാലത്തിലൂടെ പോകുന്നത് കാണാം. ആ കാഴ്ച കണ്ടാൽ അടുക്കി വെച്ച തീപ്പെട്ടികൂടുകൾ ഇഴയുകയാണെന്നു തോന്നും. വീണ്ടും ഒന്നുംകൂടെ സൂക്ഷിച്ചു നോക്കിയാൽ നീളക്കൂടുതലുള്ള ഒരു ചേരട്ട അരിച്ചുപോവുകയാണെന്നെ തോന്നൂ. രാത്രിയാണ് കൂടുതൽ നന്നായി കാണുക. അത് കണ്ടാൽ ചുവപ്പ് നിറമുള്ള വെളിച്ചം പരത്തുന്ന നല്ലനീളമുള്ള ഒരു പാമ്പ് വളരെ ധൃതിപ്പെട്ടു എങ്ങോട്ടോ ഇഴഞ്ഞു പായുന്നത്പോലെ. വിഷം പുറത്തേക്കു ചീറ്റിക്കൊണ്ട്...... അപകട സൈറൻ മുഴക്കിക്കൊണ്ട്......

അഴിമുഖത്തെ ഓരങ്ങളിലെ പാറക്കെട്ടുകളിൽ ഇരുന്നുകൊണ്ട്, എവിടെനിന്നൊക്കെയോ വന്ന ആളുകൾ കടലിന്റെ സായാഹ്നഭംഗി ആസ്വദിക്കുകയാണ്. കടലിന്റെ ഇരംബല്‍ കേൾക്കുകയാണ് . അതിന്മേൽ യുവാക്കളായ ആണുങ്ങളും പെണ്ണുങ്ങളും പിന്നെ അവരുടെയൊക്കെ കൊച്ചുങ്ങളുമുണ്ട്. അവർ അങ്ങ് ചക്രവാളത്തിലേക്ക് കണ്ണുംനട്ടു ഇരിക്കുകയാണ് . അറബിക്കടലിന്റെ ഭംഗി ആസ്വദിക്കുകയാണ് . അതിലെ ഓളങ്ങളുടെ അതിലെ തിരമാലകളുടെ... കുളിര് അടിച്ചു വീശുന്ന ഇളംകാറ്റിന്റെ അസ്തമയ സൂര്യന്റെ . അങ്ങ് ദുരെ പറന്നുപോകുന്ന പറവകളുടെ . ഇടയ്ക്കു തിരമാലകളിൽ ഒഴുക്കിമറിയുന്ന തിരണ്ടിയുടെ …… കണ്ണെത്താ ദൂരത്തുകൂടെ സഞ്ചരിക്കുന്ന കപ്പലിന്റെ .അതിവിശാലമായ ആകാശത്തിന്റെ .

കടലുണ്ടി പുഴക്കരികിലൂടെ കിഴക്കോട്ടു വളഞ്ഞു തിരിഞ്ഞു ഏകദേശം ഒന്നൊന്നര മണിക്കൂർ തോണിയിൽ യാത്ര ചെയ്‌താൽ വള്ളിക്കുന്ന് ഗ്രാമത്തിലെ പരുത്തിക്കാട് ഇരുംബോതിങ്ങൾ കടവിൽ എത്താം. വേലിയേറ്റവും വേലിയിറക്കവും മാറുന്നതിനനുസരിച്ച് അവിടെ എത്തുന്ന സമയത്തിൽ അല്പം വിത്യാസം ഉണ്ടായിരിക്കും. വേലിയിറക്ക സമയത്ത് പോവുകയാണെങ്കിൽ അല്പ്പം കൂടുതൽ സമയം എടുക്കും. മോട്ടോർ ബോട്ടിൽ പോവുകയാണെങ്കിൽ ഒരു പത്തു മുപ്പതു മിനിറ്റ് കൊണ്ടും എത്തുവാൻ പറ്റിയേക്കും.

ഇരുമ്പോതിങ്ങൾ കടവിൽ എത്തുവാൻ രണ്ടു പാലങ്ങളുടെ അടിയില്ലൂടെ തുഴഞ്ഞു തുഴഞ്ഞു പോകണം... കൊട്ടക്കടവ് പാലവും, ഒലിപ്രം കടവ് പാലവും ..മന്ദം മന്ദം കൂടുതൽ ശക്തിയോടെ. ചെറു ഓളങ്ങളുടെയും കിളികളുടെയും കളകളാരവം ശ്രവിച്ചുകൊണ്ട്‌...

കടലുണ്ടിറെയിൽ പാലം എത്തുന്നതിനു മുന്ബുള്ള കണ്ടൽകാടുകളിൽ ദേശാടന കിളികൾ ചേക്കേറി യാടുന്നു .പിന്നെ അവിടെനിന്നും പറന്ന് അതിനടുത്തുള്ള തുരുത്തിയിലും വന്നിരിക്കുന്നു. അവയെല്ലാം  അതി വിദൂരമായ, ഒരുപാടു കാതങ്ങൾക്കു അകലെയുള്ള ദേശങ്ങളിൽ നിന്നും ആകാശത്തിലൂടെ പാറിപറന്നു വന്നെത്തി വിശ്രമിക്കുകയാണ്. അവയുണ്ടാക്കുന്ന  കളകളാരവ ശബ്ദം കാതിൽ മുഴങ്ങി കേൾക്കാം .പറക്കുമ്പോൾ അവറ്റകളുടെ ചിറകുകൾ അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്നു.

തോണിയിൽ പോകുമ്പോൾ പുഴയോരങ്ങളിൽ ചെരിഞ്ഞു വളഞ്ഞു കിടക്കുന്ന തെങ്ങോലകൾ കാറ്റിൽ ഇളകിയാടുന്നത്‌ കാണാം. ഇടയ്ക്കു ചെറു മീനുകളും വലിയ മീനുകളും ചാടിച്ചാടി വെള്ളത്തിലേക്ക്‌ തന്നെ വീഴും. ചെറു മീനുകൾ തെന്നിച്ചാടും .വലിയ മീനുകൾ നടുപ്പുഴയിൽ ഉയർന്നുയർന്നു ചാടും. പിന്നെ വെള്ളത്തിലേക്ക്‌ തന്നെ കൂപ്പു കുത്തും.അപ്പോൾ ഭ്ലും എന്ന ഒരൊറ്റ ശബ്ദം കേൾക്കാം. പുഴയോരങ്ങളിൽ പാരമീൻ വെട്ടുന്നതും കാണാം. അത് ചെമ്മീൻ കൂട്ടങ്ങളിൽ ഇര തേടുകയാണ്. അപ്പോൾ ഭ്ലും ഭ്ലും ഭ്ലും ശബ്ദം പുഴയോരങ്ങളിൽ മുഴങ്ങും..

...........................................
K.M.A Paruthikkadu



No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...