ഗൾഫിൽ ജോലിചെയ്യുന്ന
യുവാവായ നജീബ് നീറും മനസ്സിലെ തന്റെ സങ്കടങ്ങൾ മനസ്സിന്റെ മണിയറയിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട്
തന്റെ പ്രിയതമയ്ക്ക് എഴുതുകയാണ്:
പ്രിയപ്പെട്ട
ആമി ..
എന്റെ
യൗവന ജീവിതം പ്രവാസവാസവും കട്ടിന്മേൽ
കിടത്തവും സുഖസുന്ദരവുമായിക്കൊണ്ടിരിക്കുമ്പോൾ ആമിക്കവിടെ പരമസുഖം തന്നെയല്ലേ.
ഇവിടെ ഗൾഫിൽ തട്ടിന്മേൽ ജീവിതം പൂർവാധിക്ക്യം ലളിതമാണ്. സുഖസുന്ദരവുമാണ്. റൂമിൽ
വലിയ ശബ്ദകോലാഹലങ്ങളൊന്നുമില്ല. ഒച്ചയും ബഹളങ്ങളും ഒന്നും തന്നെയില്ല. പിന്നെ
ആകെയുള്ളത് കട്ടിന്മേലും തട്ടിന്മേലും ചുരുണ്ടുകൂടി കിടന്നുറങ്ങുന്നവർ
പുറത്തുവിടുന്ന കൂർക്കം വലിയുടെ ശബ്ദം
മാത്രം. പിന്നെ കട്ടിലിന്റെ ഇടയ്ക്കുള്ള ഞരക്കവും. കൂടാതെ വേറെഒന്നുകൂടിയുണ്ട്.
അതെന്താണ്? "
വാട്സ്
ആപ്പും ഫെയ്‌സ്ബുക്കും പരസ്പരം ചാറ്റുന്ന ...
ഇന്ന്
ഒഴിവുദിനമാണ്. ഞാനിവിടെ പൂർണ്ണ സ്വതന്ത്രനാണ്.അതിനാൽ തന്നെ അത്യധികം സന്തോഷവാനുമാണ്. കണ്ണുകൾ അടച്ചുപൂട്ടി കിടക്കാം. കണ്ണുകൾ തുറന്നുവെച്ചും കിടക്കാം.
പാതിതുറന്നുവെച്ചും കിടക്കാം. വേണമെങ്കിൽ കിടക്കുകയും എണീക്കുകയും ചെയ്യാം.
എന്തിനു മലർന്നും കമഴ്ന്നും കിടക്കാം. ഉറങ്ങിപ്പോയാൽ ആശ്വാസത്തോടെ അത്യുച്ചത്തിൽ
കൂർക്കവും വലിക്കാം. കൂർക്കം വലിച്ചു മതിയാവുമ്പോൾ ഓരോരോ സ്വപ്നങ്ങൾ കണ്ടുറങ്ങാം.
ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നാൽ ചെരിഞ്ഞുകിടന്നു ഉറക്കത്തിലേക്കുതന്നെ വീണ്ടും ഊളിയിടാം. ഉറക്കം
മതിയായാൽ മെല്ലെ മെല്ലെ കണ്ണ് തുറക്കാം. കൈകളും കാലുകളും നിവർത്തിവെച്ച് പൊടിയും തട്ടി സാവധാനം എണീക്കാം. വേണമെങ്കിൽ
എണീറ്റോടുകയും ചെയ്യാം. തലകുത്തി മറിയുകയും ചെയ്യാം. എങ്കിലും ഒച്ചയൊന്നും
ഉണ്ടാക്കരുത് എന്നുമാത്രം. ആമിക്കറിയുമോ തലയിൽ എണ്ണയൊഴിച്ചു കുളിസോപ്പെടുത്തു
തണുത്തവെള്ളത്തിൽ ഒരു കുളി പാസ്സാക്കിയാൽ മനസ്സിനൊരു വല്ലാത്ത കുളിരാണ്. ഞാൻ
സുന്ദര കുട്ടപ്പനുമാണ്. അതിനാൽ ഞാൻ ഐശ്വര്യം ഉള്ളവനാണ്.
നോക്കൂ ആമി....
ഞാൻ ഓർക്കുകയായിരുന്നു. ഞാനെത്ര ഭാഗ്യവാനാണ്. പുതിയ ലോകം. പുതിയ ആളുകൾ .
പുതിയ കാഴ്ചകൾ. പുതുപുത്തൻ പ്രതീക്ഷകൾ .
പിന്നെ ആരെയും കൊതിപ്പിക്കുന്ന അനുഭവങ്ങൾ. അതിനാൽ ഞാൻ അനുഭവ സമ്പന്നനുമാണ്.
ഒരുപാട് പണം ഉണ്ടാക്കിയിട്ടെന്തു കാര്യം. എല്ലാം പോകുമ്പോൾ മറ്റാർക്കോവേണ്ടി ഇവിടെ
ഇട്ടേച്ചു പോകേണ്ടതല്ലേ. അപ്പോൾ കൈകൾ ശൂന്യവുമാകില്ലേ. എങ്കിലും പോകുമ്പോൾ
കൊണ്ടുപോകുന്ന സംഗതികൾ എന്തൊക്കെയാണ് ?? പണവും പ്രതാപവുമാണോ. കോട്ടും സ്യൂട്ടുമാണോ. വീർപ്പിച്ച പള്ളയാണോ . അടിച്ചു
പൊളിച്ച ദിനരാത്രങ്ങളാണോ. ഞാനൊന്നും
പറയുന്നില്ല എല്ലാം തന്നെ ആമിയുടെ അതിവിശാലമായ തലയിലെ ആലോചനക്കായി വിട്ടുതരികയാണ്.
ഇങ്ങോട്ടു
നോക്കു ആമി.... ഞാൻ സന്തോഷവാനാണെന്നു പറഞ്ഞല്ലോ . അതിനു കാരണങ്ങളൊക്കെയുണ്ട്. ഇവിടെ ഉമ്മുൽ ഖുവൈൻ ശാന്ത
സുന്ദരമായ പ്രദേശമാണ്. കാര്യമായ ഒച്ചയും ബഹളങ്ങളൊന്നുമില്ല. ഉച്ച കഴിഞ്ഞാൽ
പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. എനിക്ക്
ചാരിയിരുന്ന് പാട്ടുകേൾക്കാൻ നല്ല
നീല നിറമുള്ള ഈസി ചെയറുണ്ട്. വേണമെങ്കിൽ
വേണ്ടപോലെ മടക്കുകയും തിരിക്കുകയുംഒക്കെ ചെയ്യാം. യൂട്യൂബിലാണെങ്കിൽ
കാക്കത്തൊള്ളായിരം പാട്ടുകളുമുണ്ട്. എല്ലാ ഭാഷകളിലുള്ള പാട്ടുകളുണ്ട്. ആളെ
തരിപ്പിൽ കേറ്റുന്ന പാട്ടുകളുണ്ട്. മദംപൊട്ടിയിളക്കുന്ന പാട്ടുകളുണ്ട്. ചങ്ങലയിൽ
തളക്കേണ്ട പാട്ടുകളുണ്ട്. ആളെ ഉറക്കികിടത്തുന്ന പാട്ടുകളുമുണ്ട്. എങ്കിലും എനിക്ക് ഗസലുകളോടാണ് ഏറ്റവും കൂടുതൽ
ഇഷ്ട്ടം എന്ന് ആമിയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹിന്ദി ഗസലിലെ രാജാക്കന്മാരായ
പങ്കജ് ഉദാസിന്റെയും ജഗചിത് സിംഗിന്റെയും
പാട്ടുകൾ എത്ര മനോഹരമാണ്. ഉമ്പായിയുടെയും ഷഹബാസ് അമന്റെയും പാട്ടുകൾ
എത്രഗംഭീരമാണ്. ഗസൽ പാട്ടുകേട്ടുകൊണ്ടിരിക്കുമ്പോൾ ഒരിളം കാറ്റ് മുഖത്തെ തടവിതലോടി
അങ്ങ് കടന്നുപോകുന്നതുപോലെ....നീറുംമനസ്സിലെ ചൂടെല്ലാം തണുത്താറുന്നതുപോലെ.....
നോക്കു ആമി
.. പിന്നെ ഒരു കാര്യം പറയാനുണ്ട്. ഇപ്പോൾ മനസ്സമാധാനം ഒക്കെയുണ്ട് എന്ന്
പറയാമല്ലോ. നാട്ടിലേതു പോലെ ഇവിടെ ബന്തോ ഹർത്താലോ ഒന്നുമില്ല. ആളുകൾ തമ്മിൽ
കാര്യമായി അടിയും പിടിയും ഒന്നുമില്ല. കണ്ടതിനും കേട്ടതിനും ഒക്കെ
പണിമുടക്കുമില്ല. വണ്ടികളായ വണ്ടികളുടെ ഹോർണ്ണടിയോ ഒന്നുമില്ല. അതിനാൽ ഇവിടെ ഒച്ചയോ ബഹളമോ ഒന്നുമില്ല. പിന്നെയുള്ളത് എന്താണ്.
അടുത്തുള്ള ഷെയ്ഖ് സായിദ് മസ്ജിദിൽ നിന്നും അലയടിച്ചുയരുന്ന എന്റെ
കാതുകളിൽ സ്‌പർഷിക്കുന്ന സ്‌മൃതിമധുരമായ
ബാങ്കൊലിയുടെ ശബ്ദം മാത്രം. നാട്ടിലേതുപോലെ
ചോര ഊറ്റിക്കുടിക്കുന്ന ആളെ വെറുപ്പിക്കുന്ന കൊതുകളുടെ ശല്യവുമില്ല. ചോരകുടിച്ചു
പള്ളവീർപ്പിക്കുന്ന ആളെ ഉറക്കം കെടുത്തുന്ന മൂട്ടകളുമില്ല. എങ്കിലും ഒരു മൂട്ടയെ
കണ്ടുകിട്ടിയിരുന്നു. ഞാൻ താമസം മാറിയ പുതിയ റൂമിലേക്ക് ഒരു സെക്കന്റ് ഹാൻഡ് സോഫാ
വാങ്ങിച്ചിരുന്നു. വാങ്ങുന്നതിനു മുൻപു
നല്ലവണ്ണം പരിശോധിച്ചു
നോക്കിയിരുന്നു. നോക്കിയപ്പോൾ നല്ല ഒന്നാന്തരം സോഫ. ചെമ്പരത്തിപ്പൂവിന്റെ നിറം.
എനിക്കവനെ നന്നായി പിടിച്ചു. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. റൂമിലേക്ക്
കൊണ്ടുപോകുവാൻ ആളെ ഏർപ്പാട് ചെയ്തു. അന്നുതന്നെ അവനെ റൂമിൽ എത്തിച്ചു. അവനെ
റൂമിലെത്തിക്കാൻ എന്നെ സഹായിച്ച ആൾക്ക് ചായകുടിക്കാനുള്ള കാശെല്ലാം കൊടുത്തു
പറഞ്ഞുവിട്ടു .
അന്ന് രാത്രി
അതിന്മേൽ ഇരുന്ന് കാശ്മീരി റൊട്ടിയും ചിക്കൻ കറിയും കഴിച്ചു. എല്ലാം കഴിഞ്ഞു
അന്ന് രാത്രി രാജാവിനെപ്പോലെ അതിന്മേൽ കിടന്നുറങ്ങി. നല്ല ഒന്നാന്തരം ഉറക്കം.
കൂർക്കം വലിച്ചുള്ള ഉറക്കം. അന്നങ്ങിനെ കടന്നുപോയി എന്ന് പറയാമല്ലോ. പിറ്റേ
ദിവസമാണ് സംഭവം അരങ്ങേറിയത്. വൈകിട്ടാണ് സംഭവം നടന്നത്. റൂമിന്റെ കതകിനു ആരോ
മുട്ടിവിളിക്കുന്ന ശബ്ദം കേട്ടു. വാതിൽ തുറന്നു നോക്കിയപ്പോഴുണ്ട് ആദ്യം താമസിച്ച
ഷെയ്ഖ് ബിൽഡിങ്ങിലെ നാത്തുറയുടെ സുഹൃത്
സോഫയുടെ കാശ് വാങ്ങാൻ വന്നിരിക്കയാണ്. അയാൾ തന്നെയാണ് സോഫ റൂമിൽ എത്തിക്കാൻ എന്നെ
സഹായിച്ചത്. ഞാൻ അയാളെ ഉള്ളിലേക്ക് ക്ഷണിച്ചു. കാശെടുത്തു കൊടുക്കുമ്പോഴുണ്ട്
മൂട്ടപോലുള്ള ഒരു സാധനം കൂടെ താമസിക്കുന്ന കൂട്ടുകാരന്റെ ശ്രദ്ധയിൽ പെട്ടത്.
നോക്കിയപ്പോൾ അസ്സൽ മൂട്ടതന്നെയാണ്. ഇങ്ങോട്ടു വാടാ .. എന്നും പറഞ്ഞു ഞങ്ങൾ അവനെ
കൈയോടെ പിടികൂടി റൂമിനു പുറത്തേക്കു വലിച്ചെറിഞ്ഞു.
ഈ സോഫയിൽ ഇനിയും ഒരുപാട് മൂട്ടകൾ കാണും. അവ മുട്ടകളിട്ടു വിരിഞ്ഞിറങ്ങും. ഈ റൂം
മൂട്ടകളുടെ ഒരു വളർത്തു കേന്ദ്രമായി മാറും. ലൈറ്റ് ഓഫാക്കി ഉറങ്ങിക്കിടക്കുമ്പോൾ
എല്ലാം പുറത്തുവന്നു എന്റെ ചോര ഊറ്റികുടിചു പള്ള നിറയ്ക്കും. മനസ്സിൽ ഇങ്ങനെയൊക്കെ ചിന്തകൾ പാഞ്ഞു. ഈ സോഫ
ഇവിടെ ആവശ്യമില്ലെന്നു വന്ന ആളോട് പറഞ്ഞു.
അത് കൊണ്ടുവന്ന സ്ഥലത്തേക്ക് തന്നെ കൊണ്ട് പോകുവാൻ പറഞ്ഞു. അയാൾ അതുമിതും പറഞ്ഞു
മെല്ലെ സ്ഥലംവിട്ടു. ഇനിയെന്ത് ചെയ്യും ??
സോഫേക്കു
നല്ല കനവും വീതിയുമുണ്ട്. ഞാനും ജാഫറും സോഫ ഒരുവിധം പിടിച്ചു വലിച്ചു പുറത്തേക്കു വലിച്ചിട്ടു. ഇപ്പോൾ സോഫ പുറത്താണ്. അൽഹംദുലില്ലാഹ്. മനസ്സിൽ
അൽപ്പം ആശ്വാസം മൊട്ടിട്ടു. എങ്കിലും പ്രശ്നങ്ങൾ പിന്നെയും ബാക്കിയാണ്. സോഫ ഇവിടെ കൂടുതൽ
സമയം വെക്കാൻ പാടുള്ളതല്ലല്ലോ. അര മണിക്കൂറിനകം എടുത്തൊഴിവാക്കണം എന്ന് സെക്യൂരിറ്റി
പറഞ്ഞിട്ടുണ്ട്. ജാഫർ അവന്റെ അടുത്തുള്ള അവന്റെ
പെങ്ങളുടെ മുറിയിൽ പോയി ഡിന്നർ കഴിച്ചു വന്നിട്ടുണ്ട്. ഇപ്പോഴിതാ പുതപ്പിനുള്ളിൽ കയറി
ഉറക്കിലേക്കു ഊളിയിട്ടിരിക്കുകയാണ്. ഇനിയെന്ത്
ചെയ്യും ??
ഇനിയെന്ത് ചെയ്യാനാണ്. ആരെയെങ്കിലും കൂട്ടികൊണ്ടു വരണം. സോഫ
ഇവിടെനിന്നും എങ്ങനെയെങ്കിലും ഒന്ന് കൈച്ചിലാക്കണം. നേരം ഒരുപാട് സമയം ആയിട്ടുണ്ട്.
പതിനൊന്നുമണി കഴിഞ്ഞിട്ടുണ്ട്.
ഒന്നും ആലോചിക്കാൻ
നിന്നില്ല. പുറത്തേക്കു ഇറങ്ങി നടന്നു. സാധനങ്ങൾ കൊണ്ടുപോകുന്ന വല്ല വണ്ടിയും കിട്ടുമോ
എന്ന് കാത്തുനിന്നു നോക്കി. ഒരു വണ്ടിയും കിട്ടിയില്ല. അടുത്തുള്ള ഗ്രോസറിയിൽ പോയി
അന്വേഷിച്ചു. അവർ എനിക്കൊരു നമ്പർ തന്നു. ആ
നമ്പറിൽ വിളിച്ചുനോക്കി. പാക്കിസ്ഥാനിയാണ് . കൂടെ രണ്ടാളുകളെയും കൂട്ടി വരാമെന്നേറ്റു.
താമസിയാതെ അവർ വന്നു. സോഫയെടുത്തു വണ്ടിയിൽ കയറ്റി. ഓ നല്ലതു തന്നെ. “സോഫ നിങ്ങളെടുത്തോ” എന്നു ഞാൻ അവരോടു പറഞ്ഞു. പറഞ്ഞിട്ടെന്തു കാര്യം.
അതവർക്ക് വേണ്ടത്രേ. സോഫ എടുത്തുകൊണ്ടുപോകുവാൻ എന്റെ ഒരുദിവസത്തെ വേതനം കൊടുക്കേണ്ടിവന്നു
. അതൊക്കെപ്പോട്ടെ... എനിക്കതൊന്നുമല്ല.. അവർ കൊണ്ടുപോയ സോഫ ഇപ്പോൾ എവിടെയിരിക്കുന്നുണ്ടാകും ??? ...
നീലയും വെള്ളയും
നിറത്തിലുള്ള, മടക്കാനും തുറക്കാനും പറ്റുന്ന, നല്ല പത്രാസുള്ള പുതിയ ചാരുകസേരയിൽ ഇരുന്നു ആലോചിച്ചിരിക്കുകയാണ്.
................................
K.M.A Paruthikkadu
No comments:
Post a Comment