വെറും കുട്ടിയായിരുന്ന കാലത്ത് സജു മോൻ്റെ മനസ്സിൽ മുളച്ച ഒരു പൂതിയായിരുന്നു ഒരു ആട്ടിൻ കുട്ടിയെ വാങ്ങി വളർത്തുക എന്നത്. ഒരുപാട് പ്രാവശ്യം ഈ ആഗ്രഹം അവൻ തൻ്റെ പുന്നാര ഉമ്മയോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ സ്നേഹവതിയായ അവൻ്റെ ഉമ്മാ അതിനു പലവട്ടം സമ്മതവും മൂളിയിട്ടുണ്ട്.
ഒരിക്കൽ ആ കാര്യം ഓർമ്മിപ്പിച്ചപ്പോൾ ഉമ്മാ പറഞ്ഞു:
" ആ മോനെ ഞമ്മക്ക് വാങ്ങാം. ...ജ് ഒന്ന് സബൂറ് ആവ്" - ഉമ്മാ അവനെ സമാധാനിപ്പിച്ചു.
മനസ്സിലെ മൂഡ് അനുസരിച്ച് പലരീതിയിലാണ് അവൻ ഉമ്മായെ വിളിക്കാറ്. അതിൽ ചിലതാണ്...
" കുഞ്ഞിമ്മാ"
" പെണ്ണുമ്മാ"
" പൊന്നുമ്മാ"
വിളികൾ പലതാണെങ്കിലും എങ്ങനെ വിളിച്ചാലും ഉമ്മാ വിളിക്കുത്തരം തരും.
" ന്താ.. മോനെ"
ഉമ്മാ അവന് ജന്മം നൽകി അതായത് അവൻ ഈ ഭൂമിയിൽ ഭൂജാതനായി മൂന്ന് കൊല്ലങ്ങൾ കഴിഞ്ഞാണ് അവൻ്റെ കുഞ്ഞി പെങ്ങളായ ഉമ്മായുടെ രണ്ടാമത്തെ കൺമണിയായ നിദ മോൾക്ക് ജന്മം നൽകിയത്. രണ്ടു പേരെയും ഓപ്പറേഷൻ ചെയ്താണ് അതായത് മൂർച്ചയുള്ള കത്തിവെച്ചാണ് പള്ളയിൽ നിന്നും പുറത്തെടുത്തത് എന്ന് ഉമ്മാ അവർക്ക് താക്കീത് നൽകാറുണ്ട്. കത്തി വെച്ച ഭാഗം അവർ രണ്ടാൾക്കും ഇടക്കൊക്കെ കാണിച്ച് കൊടുക്കാറുണ്ട്. ആ ഭാഗം ചൂണ്ടിക്കാണിച്ച് ഉമ്മാ പറയും.
" ദാ ...ഇതിലൂടെയാണ് ങ്ങള് രണ്ടാളും പുറത്ത് ചാടിയത്".
അതിനാൽ ഇനി കൂടുതലൊന്നും പണിയെടുക്കാൻ കഴിയില്ല എന്ന് ചുരുക്കം.
വീട്ടിലെ എന്തെങ്കിലും പണിയെടുത്ത് ക്ഷീണിച്ചിരിക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ച് ഉമ്മാ പറയും.
" ജി ഒക്കെ വെല്തായി എന്നാ ഞി എനിക്കൊരു കൈയാക്കം ആവുക" - അവൻ്റെ കല്യാണ കാര്യമാണ് ഉമ്മാ പറയുന്നത്.
ഉമ്മാക്ക് ഒരുപാട് മാപ്പിള പാട്ടുകൾ അറിയാം. നല്ല പാട്ടുകാരിയാണ്. മനസ്സ് തണുത്തിരിക്കുമ്പോൾ ഉമ്മായുടെ മനസ്സിൻ പാട്ടുപെട്ടിയിൽ നിന്നും പല ഈണത്തിലുമുള്ള പാട്ടുകളും ബൈത്തുകളും വന്നുകൊണ്ടിരിക്കും. ഇതെല്ലാം കേട്ടുകൊണ്ടിരി ക്കുമ്പോൾ ഉപ്പായുടെ മനസ്സും തണുതിട്ടുണ്ടാവണം. എങ്കിലും കേട്ട് കേട്ട് ഉപ്പ മയങ്ങി പോയതായൊന്നും അവൻ തൻ്റെ കൺമുമ്പിൽ കണ്ടിട്ടില്ല.
നല്ല മൂടിലാകുമ്പോൾ ഉമ്മാ പാടുന്നത് കേൾക്കാം.
" കിളിയേ ദിക്റു പാടി കിളിയേ ..."
അതല്ലെങ്കിൽ..
"ഇന്നെൻ്റെ കരളിലെ പുന്നണി പാടത്തൊരു... പുന്നാര പനന്തത്ത പറന്നുവന്നു"
പാട്ടിൻ്റെ ആദ്യത്തെ രണ്ടു വരികൾ മാത്രം ആവർത്തിച്ചുകൊണ്ടിരിക്കും.
കേട്ട് മടുക്കുമ്പോൾ ഉപ്പാ നിർദ്ദേശം കൊടുക്കും :
" ഞ്ഞ് മതി... നിർത്തിക്കാള്... കഴിക്കാന് ന്താ ഉള്ളത് ?"
ഉടനെ മറുപടി വരും:
" അയ്നു ങള് എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടോ? "
ഉപ്പാ എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് വന്നാൽ ഉമ്മാ പറയും.
" ഇതാണോ ഇപ്പം കാര്യമായി താങ്ങി പിടിച്ചു കൊണ്ട് വന്നത്"
കേൾക്കേണ്ട താമസം ഉപ്പയുടെ എല്ലാ മൂടും പോകും. പിന്നെ ചാരുകസേരയിൽ പോയി ഒറ്റ ഇരുത്തം.
നട്ടുച്ച സമയം. അവനും അനുജത്തിക്കും വിശക്കാൻ തുടങ്ങും. അവള് കോഴിമുട്ട കൊണ്ടുവരാൻ വാശി പിടിക്കും. അവരുടെ വീടിൻ്റെ അടുത്ത് തന്നെയാണ് ഉപ്പയുടെ പലചരക്ക് കടയുള്ളത്. വഴിയുടെ അപ്പുറത്ത്. കടയിലേക്ക് സാധനം വാങ്ങാൻ പോകുമ്പോൾ അവളും അവൻ്റെ കൂടെ കൂടും.
ഉമ്മാ പറയും.
" ഒളിേം കൂടെ കൂട്ടിക്കോ"
പാറപുറത്ത്ലൂടെ അവൻ കടയിലേക്ക് ഓടും. അവളും അവൻ്റെ പിന്നിലായി ഓടും. ഉപ്പ അവർക്ക് നാലഞ്ച് മുട്ടകൾ കടലാസിൽ പൊതിഞ്ഞ് കൊടുക്കും. അവൻ വേഗം അത് കൈക്കലാക്കും. അപ്പോള് അവള് ആട്ടിൻ കുട്ടിയെ പോലെ കരയാൻ തുടങ്ങും.
" ഓള് പിടിച്ചോട്ടെ" - ഉപ്പാ ഉത്തരവിറക്കും.
അത് കേൾക്കുമ്പോൾ അവൻ പൊതി അവളുടെ കൈയിൽ കൊടുക്കും. എന്നിട്ട് വീട്ടിലേക്ക് ഒരു ഓട്ടം വെച്ചു കൊടുക്കും. അവള് അവൻ്റെ പിന്നിലും. വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞാലും അവളെ കാണില്ല.
" ഒന്ന് പോയോക്ക്യ " - ഉമ്മാൻ്റെ ഉത്തരവ്.
നോക്കുമ്പോഴുണ്ടാവും അവള് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മെല്ലെ മെല്ലെ നടന്ന് വരുന്നുണ്ടാകും. ഇരു കൈകളും ശൂന്യം.! സംഗതി കൊള്ളാമല്ലോ !
അപ്പോള് ഉമ്മാ ചോദിക്കും
"കുഞ്ഞോളെ ....മുട്ടയെവിടെ ? "
" അത് പൊത്തി" - അവള് സങ്കടത്തോടെ മറുപടി പറയും.
പോയി നോക്കുമ്പോൾ നട്ടുച്ച സൂര്യൻ്റെ വെയിലേറ്റ പാറപ്പുറത്തിദാ കോഴിമുട്ടയെല്ലാം നല്ല ചൂടുള്ള ഫ്രഷ് ഓംലെറ്റ് ആയി പരന്നു കിടക്കുന്നു !!.
അവൻ കുടു കൂടാ ചിരിക്കുകയും അവളെ കളിയാക്കുകയും ചെയ്തു. അതിനെ ചൊല്ലി അവർ തമ്മിൽ നല്ല വഴക്കായി. ഉപ്പാ അവനെ ശകാരിച്ചു പറഞ്ഞു.
" ഇജ്ജ് അല്ലെ മൂത്തത്. അനക്ക് ഒന്ന് അടങ്ങിക്കൊടുത്താൽ എന്താ ???"
അവനെ സമാധാനിപ്പിക്കാനായ് ഉമ്മാ പറഞ്ഞു.
" ഒന്ന് ചക്കാര്യൂല്ല്യ ഒന്ന് കൊപ്പര്യോല്ല്യ!!! "
ദിവസങ്ങളുടെ ഇലകൾ കൊഴിഞ്ഞുവീണു.
അവൻ്റെ വല്ല്യുമ്മ അതായത് ഉമ്മയുടെ ഉമ്മാ. അവർക്ക് ഒരു കറുത്ത പെണ്ണാടിനെ കൊടുത്തു. പ്രസവിക്കാനുള്ള പ്രായമൊക്കെ ആയിട്ടുണ്ട്. എങ്കിലും അവരുടെ വീട്ടിൽ അതിനു കിടക്കാനുള്ള കൂടൊന്നും ഇല്ലായിരുന്നു. കുറച്ചു ദിവസങ്ങൾ പെണ്ണാട് വീട്ടിലെ പുറത്തെ കുളിമുറിയിൽ കിടന്നുറങ്ങി. കുളിമുറിയിലെ ആട്ടിൻ കാട്ടത്തിൻ്റെയും മൂത്രത്തിൻ്റെയും മണം !
കുറച്ചു ദിവസങ്ങൾക്കു ശേഷം കൂടിനൊരു പരിഹാരമായി. ഉണ്ണി ആശാരി വന്നു. പഴയ മര കഷ്ണങ്ങൾ ഉപയോഗിച്ച് ഒന്നാന്തരം ആട്ടിൻ കൂട് ഉണ്ടാക്കി. അങ്ങനെ ഉണ്ണി ആശാരി അവരുടെ കണ്ണിലെ കണ്മണിയായി.
ഒരിക്കൽ ഉമ്മാ പെണ്ണാടിനെ എങ്ങോട്ടോ കൊണ്ടുപോയി. കുറച്ചു ദിനങ്ങൾ കഴിഞ്ഞു കാണും. പെണ്ണാടിൻ്റെ വയറ് വീർത്തു വരുവാൻ തുടങ്ങി. അത് ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അത് അതിൻ്റെ ഉമ്മാടെ അകിടിലെ പാലെല്ലാം കുടിച്ച് തടിച്ചു കൊഴുത്തു. മുറ്റത്തും പറമ്പിലും എല്ലാം തുള്ളിച്ചാടി ഓടിനടക്കുവാൻ തുടങ്ങി. ഉപ്പ അതിൻ്റെ കഴുത്തിൽ നല്ല കിലുക്കമുള്ള മണി കെട്ടിത്തൂക്കി. തുള്ളിച്ചാടുമ്പോൾ അതിൻ്റെ കഴുത്തിൽ നിന്നും വന്നുകൊണ്ടിരുന്ന മണി നാദം ! ആരൊക്കെ കേട്ടിട്ടുണ്ടാവണം.
മാസങ്ങളുടെ ഇലകൾ കൊഴിഞ്ഞു വീണു. ആട്ടിൻകുട്ടി വളർന്നു വലുതായി. ഇപ്പോള് ഒരു അസ്സൽ കൂറ്റനാട്. അത് ഉപ്പാൻ്റെ മുട്ടിൻ കാല് നോക്കി ഒരു ഇടി വച്ചുകൊടുത്തു. അവൻ്റെ ഉപ്പ വേദനകൊണ്ട് പുളഞ്ഞു.
" ഞമ്മക്കു് അതിനെ വിൽക്കാം" - ഉമ്മയുടെ ആശയം.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു അറവുകാരൻ അവൻ്റെ വീട്ടിൽ വന്നു.ഉപ്പയുടെ കൈയിൽ നിന്നും കയറൂരി വാങ്ങി. ഉപ്പാക്ക് കാശ് നൽകി ആടിൻ്റെ കയറും വലിച്ചു അയാൽ ശീഘ്രം ശീഘ്രം മുന്നോട്ടു നടന്നു. വളവ് കഴിഞ്ഞ് പോകുന്നത് വരെയും ഇടയ്ക്കിടയ്ക്ക് സജുവിനെ ആ മിണ്ടാപ്രാണി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
photo/drawings: (Courtesy)
....................................
K.M.A പരുത്തിക്കാട്
No comments:
Post a Comment