ശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമം. കാര്യമായി ഒച്ചയും ബഹളങ്ങളും ഒന്നുമില്ല. എങ്കിലും അവിടെയും ഇവിടേയുമായി "കാ..ക്കാ.... കാ..ക്കാ....." ശബ്ദം കേൾക്കാം. ആ നാട്ടിൽ വലിയ കാടുകൾ ഒന്നും ഇല്ലെങ്കിലും അവിടെയും ഇവിടെയുമായി മുള്ളൻ കായ പഴുത്ത് നിൽക്കുന്ന ചെറിയ കുറ്റിക്കാടുകൾ ഒക്കെ കാണാം.
കാണില്ലേ ??....
നോക്കൂ..ആ നാട്ടിലൊരു മില്ല് ഉണ്ട്. അത്യാവശ്യത്തിന് വലിപ്പം ഒക്കെയുണ്ട്. മഴ കൊള്ളാ തിരിക്കാൻ മുകളിൽ ഓടുകൾ പാകിവച്ചിട്ടുണ്ട്. പടിഞ്ഞാറ് നിന്നും പാഞ്ഞ് വരുന്ന കാറ്റ് കടന്ന് പോകുവാൻ പിൻ വശത്തായി ഒരു കിളിവാതിൽ ഫിറ്റ് ചെയ്ത് വച്ചിട്ടുണ്ട്. മില്ലിൻ്റെ ചുമര് സിമൻ്റ് തേച്ചു മിനുക്കിയിട്ടുണ്ട്. മുൻവശത്തെ ചുമരിൽ ആരോ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്.
"പഴയില്ലത്ത്"
"ആരാപ്പം ദ് ഇങ്ങനെ എഴുത്യേത്" ?? - വെറും കുട്ടിയായ കുഞ്ഞു നജീബ് മനസ്സിൽ വിചാരിച്ചു.
മില്ല് ഇരിക്കുന്ന പറമ്പിൽ തന്നെയാണ് നജീബിൻ്റെ ഓടു മേഞ്ഞ ചെനക്കൽ തറവാട് വീട് വേരുറച്ചു നിൽക്കുന്നത്. അതിൻ്റെ അടുത്ത് അതായത് കട്ട് റോഡിൻ്റെ അപ്പുറത്തായാണ് നജീബിൻ്റെ ഉപ്പാ പണികഴിപ്പിച്ച പുതിയ വീട് തലയുയർത്തി നിൽക്കുന്നത്. വീടിൻ്റെ പേര് ഹിബ മനസ്സിൽ എന്നാണെങ്കിലും തറവാട് തൊടിയിൽ താമസിക്കുന്നവർ "കിഴക്കേൽ" എന്നാണ് നജീബിൻ്റെ വീടിനെ വിളിച്ചിരുന്നത്. പുതിയ വീടായതിനാൽ, ചെറുതാണെങ്കിലും കാണാൻ നല്ല ചന്തം ഒക്കെയുണ്ട്. ചന്തം കൂട്ടാനായി പല വർണ്ണങ്ങളിലുളള ഇലച്ചെടികള് വച്ചു പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ ചെമ്പരത്തിയും, റോസും എല്ലാം ഉണ്ട്. അതിൻമേലെല്ലാം അതിമനോഹരമായ പൂക്കളും ഉണ്ട്. പ്രഭാതത്തിലെ മന്തമാരുതനിൽ ഇളകികളിക്കുന്ന റോസാപ്പൂക്കൾ ! നട്ടുച്ച നേരത്തെ പാഞ്ഞ് വരുന്ന കാറ്റിൽ ഇളകിയാടുന്ന തേങ്ങോലകൾ ! സായാഹ്നത്തിൽ ഇളകിയാടുന്ന ചെമ്പരത്തി പൂക്കൾ !
വീട് കാണാൻ പൂതിയാകുമ്പോൾ തറവാട് വീട്ടിൽ താമസിക്കുന്നവർ പറയും
" നമുക്ക് കേക്കെലേക്ക് പോകാം"
നജീബിൻ്റെ വീട്ടിൻ്റെ മുമ്പിൽ ഒരു ചെനയുണ്ട്. അതിൽ ഒരുപാട് തവളകളും അതിൻ്റെ കുഞ്ഞുങ്ങളും ഉണ്ട്. തവളകൾ വെള്ളത്തിൽ ഊളിയിടും. തവളാ പൊട്ടലുകൾ മുകൾ പരപ്പിൽ നീന്തി തുടിക്കും. ചെനയിൽ അവറ്റകളെ പിടിക്കുന്ന നീർക്കോലികളെയും കാണാം. എങ്കിലും നീർക്കോലി കടിച്ചാൽ ആരും മരിക്കുകയൊന്നുമില്ല എന്ന് നജീബിനോട് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതിനാൽ തന്നെ അവന് ചെനയിൽ പോയി നോക്കാൻ പേടിയൊന്നുമുണ്ടായിരുന്നില്ല. നീന്തി തൂടിക്കുന്ന താവളാ പൊട്ടലുകളെ അവൻ തൻ്റെ കുഞ്ഞു കൈകൾ കൊണ്ട് എത്രയോ വട്ടം കോരിയെടുത്തിട്ടുണ്ട്. കൈ കുമ്പിളിൽ നീന്തി തുടിക്കൂന്ന തവളാ പൊട്ടലുകളെ ഊറ്റത്തോടെ പൂതി തീരുവോളം അവൻ നോക്കി നിന്നിട്ടുണ്ട്. അവൻ്റെ കൂടെ തൻ്റെ കളി കൂട്ടുകാരായ മജീദ്, ഹമീദ് , നാദിറ എല്ലാം കൂട്ടിന് ഉണ്ടാകാറുണ്ട്.
ഈ ചെനക്കടുത്തായി ഒരു പാറപ്പുറവും ഉണ്ട്. അതിന്മേൽ നിന്നുകൊണ്ട് എത്രയോവട്ടം പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ പട്ടം പറത്തി കുട്ടികൾ കളിച്ചിട്ടുണ്ട്. ചിഞ്ചു വായിരുന്നു തീരെ കനമില്ലാത്ത, ചെറിയ കാറ്റിൽ പോലും പറന്നുയരുന്ന മീനിനെ പോലെയുള്ള പട്ടം അവർക്ക് ഉണ്ടാക്കി കൊടുത്തിരുന്നത്. അതിനാൽ തന്നെ കുട്ടികൾ ചിഞ്ചുവിനെ പൂമ്പാറ്റയെപോലെയും , പൂത്തുമ്പിയെ പോലും വാനോളം ഇഷ്ടപ്പെട്ടു.
ചിഞ്ചുവിന് പട്ടിയെ പേടിയില്ലെങ്കിലും, ആട്ടിൻ കുട്ടിയെ ഇച്ചിരി പേടിയായിരുന്നു. നജീബിൻ്റെ വീട്ടിലെ ആട്ടിൻ കുട്ടിയുടെ മണികിലുക്കം കേൾ ക്കേണ്ട താമസം ചിഞ്ചു ജീവനും കൊണ്ടോടും. പിന്നെ ആ വഴിയിൽ പുല്ലോ പുൽച്ചാടിയെയോ ഒന്നും കാണാൻ കഴിയില്ല. എങ്കിലും ചിഞ്ചു വീഡിയോ ഗെയിം കളിക്കുമ്പോൾ നാടൻ കുട്ടികൾ അന്തം വിട്ടു നോക്കി നിൽക്കാറുണ്ട്. ആ കൂട്ടത്തിൽ കളിക്കൂട്ടുകാരായ കുഞ്ഞുണ്ണിയ്യും, ടിനുവും ഒക്കെ ഉണ്ടാകാറുണ്ട്.
ചെനയുടെ മുന്നിലാണ് ചെരൽ കല്ലുകൾ ചിതറിക്കിടക്കുന്ന വഴിയുള്ളത്. വഴിയുടെ ഇരു വശങ്ങളിലും കൊക്കിൻ്റെ നിറമുള്ള തൂമ്പ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. വഴി ടാർ ഇട്ടു മിനുസപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ മില്ലിലേക്ക് ഓടുമ്പോൾ, എത്രയൊ വട്ടം വീണിപോയിട്ടുണ്ട്. അവൻ്റെ കുഞ്ഞു കാൽമുട്ടിന് മുറിവ് പറ്റിയിട്ടുണ്ട്. ചോര ചോർന്നൊലിച്ചിട്ടുമുണ്ട്. അവൻ ഇരുന്നു കരഞ്ഞിട്ടുമുണ്ട്. അപ്പോഴെല്ലാം വഴിയിലെ അരികിലുള്ള അപ്പയില പറിച്ച് നീരാക്കി കൂട്ടുകാർ അവൻ്റെ മുറിവിൽ പുരട്ടികൊടുക്കും. മുറിവ് വേഗം ഉണങ്ങും.
മില്ല് നടത്തുന്നത് നജീബിൻ്റെ ബന്ധുവായ മൊയ്തുക്കയാണ്. "അമ്മായികാക്ക" എന്നാണ് കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. കുട്ടികൾ അമ്മായി കാക്കയെ സ്നേഹിക്കാൻ കാരണമുണ്ട്. അദ്ദേഹം അവർക്ക് തൻ്റെ വായക്കകത്തുള്ള വെപ്പ് പല്ല് കൊണ്ടുള്ള മാജിക്ക് കാണിച്ച് കൊടുക്കാറുണ്ട്. അപ്പോൾ കുട്ടികൾ അന്തം വിട്ടു നില്ക്കാറുമുണ്ട്. ആദ്യം വാ തുറന്നു കാണിക്കും. നോക്കുമ്പോൾ സ്വർണ്ണ പല്ല് നിൽക്കുന്നത് കാണാം. അടച്ചു വീണ്ടും തുറക്കുമ്പോൾ സ്വർണ്ണ പല്ല് അവിടെ കാണില്ല. കുട്ടികൾ അന്തം വിട്ടു നിൽക്കും. ആ സ്വർണ്ണ പല്ല് എവിടെപ്പോയിക്കാണും എന്ന് ചിന്തിച്ചുകൊണ്ട് !!.
വേനൽ കാലമായാൽ തറവാട് പറമ്പിലെ ഗോമാവെല്ലാം പൂക്കും. പറമ്പിൽ നാലഞ്ച് മാവുകളുണ്ട്. അതിൽ ഗോമാവുണ്ട്, പുളിച്ച് മാവുണ്ട്, കാമ്പർ മാവുണ്ട്. അതിൻ മേലെല്ലാം നുഴഞ്ഞു കയറിയ ഇത്തിൽ കണ്ണിയുമുണ്ട്. പിന്നെ എന്തൊക്കെ മാവുകളൂണ്ട് ? .. അവിടെയും ഇവിടെയും വരിച്ചക്കായും, പഴഞ്ചക്കായും തൂങ്ങിക്കിടക്കുന്ന പ്ലാവുകളുമുണ്ട്. അതിന്മേൽലെല്ലാം കുരുമുളക് വള്ളിയുമുണ്ട്. പിന്നെ പടർന്നു പന്തലിച്ച പേരയ്‌ക്ക മരമുണ്ട്. നിറയെ കായ്ച്ചു കിടക്കുന്ന മൾബറി മരമുണ്ട്. നെല്ലിക്കാ മരവും അരിനെല്ലിക്ക മരവുമുണ്ട്. വേറെ എന്തൊക്കെയുണ്ടാകും ??.....
മാവിൽ നിന്നും മാബഴം വീഴുന്ന ശബ്ദം കേൾക്കേണ്ട താമസം കുട്ടികൾ എല്ലാം മത്സരിച്ച് അങ്ങോട്ടോടും. മാവിൻ്റെ താഴെ ചവിട്ടി തേഞ്ഞ രണ്ടു ഹവായ് ചെരുപ്പുകൾ കുട്ടികൾ എപ്പോഴും കാണാറുണ്ട്. മുകളിലേക്ക് നോക്കുമ്പോൾ ചിനച്ചതും പഴുത്തതുമായ മാമ്പഴ കുലകൾ കാറ്റിലാടുന്നത് കാണാം. മുകളിൽ വേറെ ചിലതും കുട്ടികൾ കണ്ടു.
അതെന്തായിരിക്കും ??...
മാമ്പഴം കൈയിൽ കിട്ടിയവൻ അതെടുത്ത് നേര അമ്മായി കാക്കയുടെ അടുത്തേക്ക് ഓടും. അദ്ദേഹത്തിൻ്റെ അടുത്ത് നല്ല മൂർച്ചയുള്ള പേനാ കത്തി യുണ്ട്. അതെടുത്ത് വേഗം മാമ്പഴം ചെത്തും. ചെത്തുമ്പോൾ കുട്ടികളെല്ലാം അമ്മായി കാക്കയുടെ ചുറ്റും കൂടിയിരിക്കും. ചെത്തി കഴിഞ്ഞാലും കുറച്ചു തൊലി അതിന്മേൽ ബാക്കി കിടപ്പുണ്ടാവും. അദ്ദേഹം എല്ലാവർക്കും കഷ്ണങ്ങൾ വീതം വയ്ക്കും. കൂടെ ഒരു കഷ്ണം അദ്ദേഹത്തിനും. മാമ്പഴം കൊണ്ടുപോയി കൊടുത്ത കുട്ടിക്ക് കഷ്ണത്തിന് പുറമെ ഊമ്പുവാൻ മധുരമുള്ള അണ്ടിയും ലഭിക്കും.
മില്ലിൽ അരിയും സാധനങ്ങളും പൊടിക്കാൻ വരുമ്പോൾ, മുളകുപൊടിയുടെ മണമടിച്ചു വരുന്നവരുടെ കണ്ണു നിറയും. മൂക്ക് പൊത്തും. നിർത്താതെ തുമ്മിക്കൊണ്ടിരിക്കും.
കൊണ്ടുവന്ന സാധനം പൊടിക്കാനായ് സ്വിച്ച് ഇടുമ്പോൾ അമ്മായികാക്ക താളം പിടിച്ചിരുന്നു. മെഷീൻ സ്റ്റാർട്ട് ആയി ബെൽറ്റ് കറങ്ങി കൊണ്ടിരിക്കുമ്പോൾ അദ്ദേഹം അതിനനുസരിച്ച് നൃത്തം ചവിട്ടി കൊണ്ടിരിക്കും. അതു കണ്ട് കുട്ടികളും കൂടെ നൃത്തം ചവിട്ടുകയും കുടുകൂടാ ചിരിക്കുകയും ചെയ്യും.
സ്റ്റീൽ കൊണ്ടുള്ള ചോറ്റു പാത്രത്തിൽ കൊണ്ടുവരുന്ന തക്കാളി കറിയുടെ കഷ്ണവും ഓംലെറ്റിൻ്റെ കഷ്ണവും അദ്ദേഹം കുട്ടികൾക്ക് നൽകാറുണ്ട്. കുട്ടികൾ അതെല്ലാം ആർത്തിയോടെ വാങ്ങി കഴിക്കും. കഴിക്കുമ്പോൾ അതിൻ്റെ രുചിയാൽ കുട്ടികൾ തങ്ങളുടെ കാലുകൾ അറിയാതെ ആട്ടികൊണ്ടിരുന്നു.
Drawing : (Courtesy)
..............
K.M.A പരുത്തിക്കാട്
No comments:
Post a Comment