Story: ചിഞ്ചുവിന്റെ പട്ടം

വേനൽ കാലം വിരുന്നു വന്നാൽ ചിഞ്ചുവും കുടുംബവും നാട്ടിലേക്കു വരും. തീവണ്ടി വഴിയാണ് വരാറുള്ളത്. ചിഞ്ചുവിന്റെ കൂടെ അവന്റെ ഡാഡിയും, മമ്മിയും, അനുജത്തിയും ഉണ്ടാവും. എങ്ങനെ വന്നു എന്ന് ചോദിക്കൂമ്പൊഴൊക്ക ഊറ്റത്തോടെ പറയും:


" ഞങ്ങള് മദ്രാസ് മെയിലീലാ വന്നത്"


.. നല്ല കാര്യം.


വരുമ്പോഴൊക്കെ ചിഞ്ചുവിന്റെ ഉപ്പയുടെ കൈയിൽ വലിയ ഒരു ബാഗ് കാണാറുണ്ട്.


" ഇതിന്റെ ഉള്ളില് ന്തൊക്കെ ണ്ടാവും !" - കുഞ്ഞു നജീബ് അതിശയിക്കും.


നജീബിന്റെപ്പായുടെനുജനാണ് ചിഞ്ചുവിന്റെ ഡാഡി. പുള്ളി ഒരുപാട് കാലമായി മദിരാശിയിലെ വെള്ളിവാക്കം എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഫാൻസി കച്ചവടമാണ് ജീവിക്കാനുള്ള ഏർപ്പാട്. നജീബിന്റെ ഉപ്പയുടെ വേറെയും അനുജന്മാർ അവിടെയുണ്ടായിരുന്നു. അവരെല്ലാം പിന്നീട് മഈശത്തിനു വേണ്ടി സൗദി തായിഫിലേക്കു പോയി. ഒരു അറബിയുടെ സൂപ്പർ മാര്കെറ്റിൽ.


ചിഞ്ചുവും കുടുംബവും നാട്ടിൽ വരുന്നുണ്ട് എന്നറിഞ്ഞാൽ കുട്ടികൾ കാത്തു നിൽക്കും. അവരെ വരവേൽക്കാൻ. അതിനു കാരണമൊക്കെയുണ്ട്. കുട്ടികൾക്ക് കളിക്കോപ്പുകൾ കിട്ടാറുണ്ട്.


കുട്ടികൾക്ക് വെള്ളംചീറ്റുന്ന തോക്ക് കിട്ടിയിട്ടുണ്ട്. കിട്ടേണ്ട താമസം അതിൽ വെള്ളം നിറച്ചു വേറെ ആരുടെയെങ്കിലും മുഖത്തേക്ക് തൂറ്റിക്കും. വെള്ളം തട്ടിയാളുള്ള മുഖത്തിന്റെ കുളിര് ! ഓർക്കാൻ കഴിയുമോ ?ഊതിയാൽ വീർക്കുന്ന പല നിറങ്ങളിലുള്ള ബലൂൺ കിട്ടാറുണ്ട്. കുട്ടികൾ എല്ലാവരും ബലൂൺ വീർപ്പിച്ചു മുകളിലേക്ക് തട്ടിക്കളിക്കും. തട്ടുമ്പോൾ ചെറുതായൊന്നു ചാടും. ബലൂൺ ഉയർന്നു പൊങ്ങും. അന്തരീക്ഷത്തു പാറിക്കളിക്കുന്ന പല വർണ്ണങ്ങളിലുള്ള ബലൂണുകൾ !


വരുമ്പോഴൊക്കെ ചിഞ്ചുവിന്റെ ഡാഡി തത്തമ്മചുണ്ടൻ മാമ്പഴം കൊണ്ടുവരാറുണ്ട്. ഒരു മാമ്പഴത്തിനു തന്നെ ഒരുപാട് വലിപ്പം കാണും. ഒന്ന് തന്നെ ഒരുപാട് ആളുകൾക്ക് കഴിക്കാനുണ്ടാവും. വലിയവരി ആരെങ്കിലും മാമ്പഴം ചെത്തിമുറിച്ചു എല്ലാവര്ക്കും വീതം വയ്ക്കും. എല്ലാവരും ഒരുമിചിരുന്നു കഴിക്കും. ബാക്കിയാകുന്ന തൊലി മുറ്റത്തിന്റെ അപ്പുറത്തേക്ക് ഒറ്റ ഏറു വച്ചുകൊണ്ടുക്കും. എവിടെയെങ്കിലും പോയി വീഴും. അവിടെ കിടന്നു ചീയും. മണ്ണിനു വളമാകും. കഴിക്കാതെ വലിച്ചെറിഞ്ഞ മാങ്ങയുടെ അണ്ടി മുളച്ചിരുന്നോ ?? ..


യാത്രകഴിഞ്ഞു തറവാട്ടിൽ വന്നയുടനെ ചിഞ്ചു കുളി പാസാക്കാറുണ്ട്. കുളിക്കുവാൻ പോകുമ്പോൾ ചിഞ്ചുവിന്റെ വലതു കൈയിൽ ഹമാം സോപ്പെല്ലാം നജീബ് കാണാറുണ്ട്. കുളിക്കുമ്പോൾ പുറത്തേക്കു വരുന്ന ഹമാം സോപ്പിന്റെ മണം! മനസ്സിന്റെ മണിയറയിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നതുപോലെ....


കുളി പാസാക്കിയാൽ പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കും. ബൂസ്റ്റ് കുടിക്കാറുണ്ട്. മൈലോ കുടിക്കുന്നതും കുട്ടികൾ കണ്ടിട്ടുണ്ട്.


ചിഞ്ചുവിന് നാട്ടിൽ വന്നാൽ കളിക്കൂട്ടുകാർ ഏറെയാണ്. മജീദ് ഉണ്ട്. ഹമീദ് ഉണ്ട്. ജൈസൽ ഉണ്ടായിരുന്നോ ? ജൈസൽ ആളൊരു പരാക്രമിയാണ്. എങ്കിലും കുത്തുകയും മാന്തുകയൊന്നുമില്ല. ആളെ പറ്റിക്കും. പറ്റിക്കുമ്പോഴൊക്കെ ഏട്ടൻ ഹമീദിന്റെ അടുത്തു നിന്നും നല്ല കനമുള്ള കൊട്ട് കിട്ടും. എങ്കിലും കൊട്ടി മണക്കാറൊന്നുമില്ല. എങ്കിലും അവന്റെ ഉപ്പയുടെ കുഞ്ഞനുജൻ കുഞ്ഞാപ്പ ഒന്നാന്തരം കൊട്ടൽ വിദഗ്ദ്ധൻ ആയിരുന്നു.


ചിഞ്ചുവിന് നന്നായി പട്ടം ഉണ്ടാക്കുവാൻ അറിയാം. തീരെ കനമില്ലാത്ത പ്ലാസ്റ്റിക് കവർ കൊണ്ടുള്ള പട്ടം. കണ്ടാൽ ഒരു മീനിനെ പോലെയുണ്ടാവും. ആദ്യം കവർ സമചതുരത്തിൽ മുറിച്ചെടുക്കണം. രണ്ടു ഈർക്കിൾ വേണം. പിന്നെ ഈർക്കിൾ കവറിന്മേൽ പിടിപ്പിക്കുവാനായ് നൂൽ വേണം. ഇതെല്ലാമായാൽ ഒരു പ്ലാസ്റ്റിക് കവർ പട്ടം ഉണ്ടാക്കാം. പട്ടത്തിന്റെ മൂക്ക് കയർ വളരെ പ്രധാനമാണ് . അത് കെട്ടുന്നതിൽ പാളിച്ച വന്നാൽ പട്ടം നല്ലവണ്ണം പറക്കുകയില്ല.


അതിനു ഞാനെന്തു പിഴച്ചു.


തറവാട് വീട്ടിൽ തന്നെ കവറ് അത്യാവശ്യത്തിനു സ്റ്റോക്ക് ഉണ്ട്. പിന്നെ ഈർക്കി കിട്ടാത്ത പ്രശ്നം ഒന്നുമില്ലല്ലോ. കാരണം തൊടിയിൽ സുലഭമായി തെങ്ങുകളുണ്ട്. അതിന്മേലെല്ലാം എത്രയോ പിന്നെയും എത്രയോ ഓലകളുമുണ്ട്. തേങ്ങയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ചിഞ്ചു ഒന്നാന്താരം പട്ടം ഉണ്ടാക്കും. ഇനി പട്ടം പറത്താനുള്ള സ്ഥലമാണ് ഒരു പ്രശ്നമായി നിലകൊള്ളുന്നത്. രാജ്യത്തെ തീരാത്ത സാമ്പത്തിക പ്രതിസന്ധിപോലെ. പട്ടം പറത്താൻ തുറസായ ഒരു സ്ഥലം ആവശ്യമാണ്.


" ഞമ്മക്ക് പാറപ്പുറത്തു നിന്നും പറത്താം" - ഇത്തിരി നേരം ആലോചിച്ചു ഒരു കുട്ടി പറയും.

" ഞമ്മക്ക് വീട്ടിന്റെ മുകളിൽ നിന്നും പറത്താം" - വേറെ ഒരാൾ പറയും.


അങ്ങനെ അവർ ചെനയുടെ അരികിലുള്ള പാറപ്പുറത്തേക്കു ഒരു ഓട്ടംവെച്ച് കൊടുക്കും. വേനൽ കാലമായതിനാൽ ചെനയെല്ലാം വറ്റി വരണ്ടിരിക്കുന്നു. ചിഞ്ചുവാണു പട്ടംത്തുന്നത്.


" ജി പട്ടം ഒന്ന് പിടിച്ചാ" - റീലോഡ് കൂടിയ നൂൽ കൈയിൽ പിടിച്ചുകൊണ്ട് ചിഞ്ചു പറയും.


പട്ടം കൈയിൽ പിടിച്ചുകൊണ്ടിരിക്കുമ്പോൾ ചിഞ്ചു വീണ്ടും പറയും.


" ഞ്ഞി ഇത് പിടിച്യാൻഡ് അങ്ങ് ദൂരെ പോ"


നജീബ് പട്ടവും പിടിച്ചു കുറച്ചു ദൂരേക്ക് പോകും. പടിഞ്ഞാറുനിന്നും പാഞ്ഞു വരുന്നു കാറ്റിനെ പിടിക്കാനെന്ന വേണം നിൽക്കുവാൻ. പട്ടം പൊന്തിച്ചു പിടിച്ചു നജീബ് നിൽക്കും. ബാക്കിയുള്ളവർ നോക്കിനിൽക്കും. ചെറിയ കാറ്റടിച്ചെങ്കിലും പട്ടം പൊന്തുന്ന മട്ടില്ല. കുറച്ചു പ്രാവശ്യം ശ്രമിച്ചു പരാജയപ്പെടുമ്പോൾ ചിഞ്ചു തെല്ലു അരിശത്തോടെ പറയും.


" ശരിക്കും പൊന്തിച്ചു പിടിക്ക്"


രാവിലത്തെ കാറ്റിനു തീരെ ശക്തിയുണ്ടാവാറില്ല. ഉച്ചയാകുന്നതിനനുസരിച്ചു കാറ്റിന്റെ വേഗം കൂടി കൂടി വരും.


പടിഞ്ഞാറ് നിന്നും ഒരിളങ്കാറ്റടിച്ചു. പട്ടം ചെറുതായൊന്നു പൊങ്ങി. കുറച്ചു കഴിഞ്ഞു താഴേക്കു തന്നെ കൂപ്പുകുത്തി.


" അയ്യടാ" - ചിഞ്ചുവിനു അരിശം വരുന്നുണ്ട്.


" ഞമ്മക്ക് ടെറസിന്റെ മുകളിലേക്ക് പോകാം" - മജീദ് പറഞ്ഞു.


കുട്ടികൾ വേഗം നജീബിന്റെ വീടിന്റെ ടെറസിന്റെ മുകളിലേക്ക് പോയി. അതിന്റെ അടുത്തായി ഒരു മുളങ്കാട് ഉണ്ട്. കാറ്റിലാടുന്ന മുളങ്കൂട്ടങ്ങൾ !!


ഒരു കാറ്റടിച്ചു. നജീബ് തന്റെ ഇരുകൈകളിലുള്ള പട്ടം പൊന്തിച്ചുപിടിച്ചു. കാറ്റ് വന്നയുടനെ ചിഞ്ചു പിടിച്ചിരിക്കുന്ന നൂൽ ഞെട്ടിച്ചു. പട്ടാമതാ ഉയർന്നു പൊങ്ങുന്നു. ഇടക്കൊക്കെ മലക്കം മറിയുന്നുമുണ്ട്. എങ്കിലും ചിഞ്ചുവിന് കുലുക്കമില്ല. കുട്ടികളെല്ലാം ആവേശപൂർവ്വം നോക്കി നിൽക്കുകയാണ്. പട്ടാമതാ മീനിനെപോലെ നീന്തുന്നു. അതിനിടെ പട്ടാമതാ മുളങ്കൂട്ടത്തിൽ ഒന്ന് കുരുങ്ങി. കുട്ടികൾ പേടിച്ചുപോയി. എങ്കിലും ചിഞ്ചു കുലുങ്ങിയില്ല. ചിഞ്ചു നൂല് ഒരു ഞെട്ടിക്കൽ. പട്ടാമതാ വീണ്ടും ഉയർന്നു പൊങ്ങുന്നു. പൊങ്ങി പൊങ്ങി ഇപ്പോൾ പട്ടത്തിന്റെ വലിപ്പം ചെറുതായി വന്നിരിക്കുന്നു. പട്ടം ആകാശം ഉന്നം വെച്ച് പറക്കുകയാണ്. അതിനിടയിൽ നൂൽ തീർന്നുപോയി. ഭാഗ്യത്തിന് ചിഞ്ചുവിന്റെ അടുക്കൽ കുറച്ചു കാശുണ്ട്. അടുത്തുള്ള പലചരക്കു പീടികയിലേക്ക് മജീദ് പാഞ്ഞു. ഒരു റീലുമായ് വന്നു. നൂൽ തമ്മിൽ കൂട്ടിക്കെട്ടി. ചിഞ്ചു നൂൽ അയച്ചു വിടുകയാണ്. പട്ടമിപ്പോൾ നേരെ തലക്കു മുകളിലാണ് പറക്കുന്നത്. പട്ടമിപ്പോൾ എത്ര കിലോ മീറ്റർ സഞ്ചരിച്ചിട്ടുണ്ടാവണം ! ആരൊക്കെ കണ്ടിട്ടുണ്ടാവണം ! പീടികയിലുള്ള ഉപ്പാ കണ്ടിട്ടുണ്ടാകുമോ ? അങ്ങാടിയിലുള്ള ആളുകൾ കണ്ടുകാണുമോ ? വോളിബാൾ മൈതാനത്തുള്ളവർ കാണുന്നുണ്ടാകുമോ ? ആകാശത്തുള്ളവർ കണ്ടിട്ടുണ്ടാകുമോ ?


ചിഞ്ചു പിടിച്ചു കൊണ്ടിരുന്നു നൂൽ നജീബിന് കൈമാറി. നജീബ് ആവേശത്തോടെ നൂൽ കൈയിൽ പിടിച്ചു. കാണാൻ നല്ല ചന്തമുള്ള പട്ടം നോക്കിനിന്നുകൊണ്ട്... ആകാശത്തു കാണപ്പെട്ട മഴവില്ലിനെ കണ്കുളിർക്കേ നോക്കിനിന്നുകൊണ്ട്....

Picture / drawings: Courtesy

..............................

K.M.A Paruthikkadu



























































No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...