ഞാനിപ്പോൾ ഇൻഫോപാർക്കിലെ അതിപ്രശസ്തമായ ഈ വൈ എന്ന അടിപൊളി കമ്പനിയിൽ പരിശീലകനായാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത് എന്ന് അറിയാത്തവരായി ആരോക്കെയുണ്ട്. അറബി ഭാഷ പഠിപ്പിക്കലാണ് മെയിൻ പരിപാടി എന്ന് പറയാമല്ലോ. പരിപാടി എന്ന് കേൾക്കുമ്പോൾ കലാപരിപാടിയാണ് എന്നൊന്നും കരുതരുത്. അറബി ഭാഷ സംസാരിക്കുവാനും എഴുതുവാനും ഒക്കെ പഠിപ്പിക്കുക. ക്ലാസ്സ് കേൾക്കുന്നത് ചില്ലറക്കാരാണ് എന്നൊന്നും കരുതരുത്. വലിയ നിലയിലും പത്രാസ്സിലുമൊക്കെയുള്ളവരാണ് കേൾക്കുന്നത്. ക്ലാസ്സ് ആണെങ്കിൽ ഇംഗ്ലീഷിലുമാണ്. ആകെ അറിവുള്ള കുറച്ചു വാക്കുകൾ വെച്ച് കാച്ചുകയാണ് ചെയ്യുന്നത്. എങ്കിലും സംസാരത്തിൽ ഒഴുക്കുണ്ടാവേണ്ടതുണ്ട്. വിദേശത്തെല്ലാം ജോലി ചെയ്ത് പരിചയം ഉള്ളതിനാൽ വെള്ളത്തെപോലെയല്ലെങ്കിലും അത്യാവശ്യത്തിന് ഒഴുക്കൊക്കെയുണ്ട്. പുഷ്പം പോലെയല്ലേ ഇപ്പോള് അറബി ടൈപ്പ് ചെയ്യുന്നത്. അതൊക്കെ കാണാൻ എന്ത് രസം. അറബി സൂപ്പർ ഫാസ്റ്റ് ആയി ടൈപ്പ് ചെയ്യുന്നവരും കൂട്ടത്തിൽ ഉണ്ട്. അതൊക്കെ കാണുമ്പോഴുള്ള ഒരു വല്ലാത്ത സന്തോഷമുണ്ടല്ലോ അതു ഞാനെങ്ങനെ എൻ്റെ കുഞ്ഞു വാക്കുകളിൽ അതായത് കനവും തൂക്കവുമില്ലാത്ത വാക്കുകളിൽ അറിയിക്കും. ദൈവാനുഗ്രഹത്താൽ ഇപ്പോൾ രണ്ടു രണ്ടര വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
അതൊക്കെ ശരി തന്നെ. എങ്കിലും ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ. പള്ളിക്കര ജുമാ മസ്ജിദിൻ്റെ അടുത്തായി ഒരു ചായപീടികയുണ്ട്. ഓടുപാകിയ ചായപീടികയാണ്. അത്യാവശ്യത്തിന് ആളുകളൊക്കെ വന്നുപോകുന്നുണ്ട്. ചായ കടികളായി പഴംപൊരി, കട്ട്‌ലറ്റ്, നെയ്പത്തിരി അങ്ങനെ പലതുണ്ട്. അതിൻ്റെ കുറുകെ ഒരു റോഡ് പോകുന്നുണ്ട്. സൺറൈസ് റസിഡൻസ് കോളനി എന്ന് നോക്കുമ്പോൾ ബോർഡിൽ കാണാം. ട്ടാറിട്ട റോഡാണ്. നടക്കുമ്പോൾ വലതുവശത്തായി വളഞ്ഞൊഴുകുന്ന തോട് കാണാം. അതിൽ മഞ്ഞകൂരിയും കരിമീനും പള്ളത്തിയും പരലുകളും എല്ലാം ഉണ്ട്. വെള്ളത്തിൻ്റെ മുകൾപരപ്പിൽ മോശമില്ലാതെ പായലുമുണ്ട്. ഇടതുവശത്തായി ടെറസ്സിട്ട ചെറുതല്ലാത്ത വീടുകൾ കാണാം. ഒരു വീട്ടിൻ്റെ മുൻവശത്തായി നല്ല ചുവപ്പ് നിറമുള്ള ചെമ്പരത്തി പൂക്കൾ അങ്ങനെ വിരിഞ്ഞ് നിൽക്കുന്നു. ഒരിടത്ത് മഞ്ഞ ചെമ്പരത്തി പൂക്കളും കാണാം. റോസാപ്പൂക്കൾ എവിടെയെങ്കിലും കാണാതിരിക്കുകയില്ല. വഴിയിൽ ഇരുവശത്തുമായി തുമ്പപൂക്കളും ശ്രദ്ദിച്ചു നോക്കിയാൽ കാണാം. കുറച്ചു നടക്കുമ്പോൾ ഇടതുവശത്തായി മൂന്നാല് നിലയുള്ള ഒരു ബിൽഡിംഗ് കാണാം. അതിൽ താഴത്തെ നിലയിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. ഞാനെന്നു പറഞ്ഞുകൂടാ. കൂട്ടിനായി എൻ്റെ കൊച്ചു ഫാമിലിയുമുണ്ട്. എൻ്റെ സ്നേഹവതിയായ ഭാര്യയുണ്ട്. എങ്കിലും പ്രായം പറയേണ്ടതില്ലല്ലോ. മൂത്ത മകളായ ഹനമോളുണ്ട്. അവളുടെ കുഞ്ഞനൂജനായ ഹനീൻ ഉണ്ട്. അവർ രണ്ടുപേരും അടുത്തുള്ള മോറക്കാല സാൻ്റ് മാരിസ് സ്കൂളിലാണ് പഠിക്കുന്നത്. രാവിലെ ഓട്ടോറിക്ഷ കയറ്റി വിട്ടാൽപിന്നെ ഒരു നാല് മണി ആകുന്നതുവരെ വീട്ടിൽ നിശബ്ദമാണ്. എങ്കിലും കൂട്ടിനായി ഇടക്കൊക്കെ ചീറികരയുന്ന അവരുടെ കുഞ്ഞനുജത്തി ഹല മോളുമുണ്ട്. അവളെ ഞാൻ സ്നേഹത്തോടെ "കുക്കു" എന്നും മറ്റു ചിലപ്പോൾ "ചുച്ചു" എന്നുമാണ് വിളിക്കുന്നത്. പേര് വിളിക്കുമ്പോഴൊക്കെ അവള് ഈയിടെ മുളച്ചു പൊന്തിയ പല്ല് ഇളിച്ചു കാട്ടി ചിരിക്കും. എങ്കിലും എൻ്റെ പേഴ്സണൽ ലാപ്ടോപ്പിലെ കീബോഡിന്മേലുള്ള അവളുടെ കളിയുണ്ടല്ലോ അതു ഞാൻ വച്ചുപൊറുപ്പിക്കാറുമില്ല.
ഇവിടെ ആദ്യമായി വന്നപ്പോൾതന്നെ ബിൽഡിങ്ങും പരിസരവും എനിക്ക് നന്നേ പിടിച്ചു. ശാന്ത സുന്ദരമായ അന്തരീക്ഷം. ശ്വസിക്കാൻ ശുദ്ധമായ വായു. പ്രകൃതി പച്ചപിടിച്ചു സുന്ദരിയായി നിൽക്കുന്നു. കെട്ടിടത്തിൻ്റെ മുൻവശത്തുള്ള തോട്ടിൻ്റെ മുകളിൽ ഒരു ചെറിയ പാലമുണ്ട്. അതിന്മേലെല്ലാം ആളുകൾ കാഴ്ച കാണാൻ വന്നുനിൽക്കാറുണ്ട്. കുട്ടികളും വലിയവരും എല്ലാം ഉണ്ടാകാറുണ്ട്. പാലത്തിൻമേൽ നിന്നുകൊണ്ട് ആളുകൾ ചൂണ്ടയിടുന്നത് ഇടക്കൊക്കെ കാണാം. ഞാനും ഇടക്കൊക്കെ ചൂണ്ടിയിട്ടു മീനെല്ലാം പിടിച്ചിട്ടുണ്ട്. ചോദിക്കുന്നവർക്കെല്ലാം കൈ നിറയെയില്ലെങ്കിലും കൊടുത്തിട്ടുമുണ്ട്. എങ്കിലും തോട്ടിലെ മിനെല്ലാം പിടിച്ചു തീർക്കാറൊന്നുമില്ല. മീൻ പിടിക്കാൻ വരുന്നവർക്കെല്ലാം എന്തെങ്കിലും ബാക്കി വെക്കണമല്ലോ. പാലത്തിൻ്റെ അപ്പുറത്തായി അതിവിശാലമായ പാടമാണ്. അതിൽ പുല്ലുകളും, ഉയർന്നുപൊങ്ങിയ തെങ്ങുകളുമെല്ലാമുണ്ട്. അതിന്മേലെല്ലാം കാക്കകളും തത്തകളും വന്നിരിക്കാറുണ്ട്. ഇടക്കൊക്കെ ദേശാടന പക്ഷികളെയും അവിടെയും ഇവിടെയുമായ് കാണാം. പിന്നെ പുല്ലെല്ലാം തിന്നു തീർക്കുന്ന എരുമകളെയും പശുക്കളെയും കാണാം. ഇടക്കൊക്കെ ആളുകൾ വന്ന് പാടത്ത് മെഷീൻ ചൂണ്ടയെറിയാറുണ്ട്. തോട്ടിൽ കുറച്ചു ദൂരെയായി കുളിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ കുട്ടികളും വലിയവരുമെല്ലാം വന്നു അലക്കാറുണ്ട്. മുങ്ങിക്കുളി പാസാക്കാറുമുണ്ട്. താറാവ് കൂട്ടങ്ങൾ വെള്ളത്തിൽ നീന്തി തുടിക്കുന്നതും കണ്ടിട്ടുണ്ട്. അതിൻ്റെ അടുത്തായി വാഴകൃഷിയുണ്ട്. അതിൻമേലെല്ലാം എത്രയെത്ര വാഴക്കുലകളുണ്ടാവും ??..
വൈകുന്നേരമായാൽ വഴിയിലൂടെ കുട്ടികളും വലിയവരും എല്ലാം നടന്നു പോകുന്നത് കാണാം. കുട്ടികളിൽ ചിലർ സൈക്കിൾ ഓടിക്കുകയാണ്. അവർ അങ്ങോട്ടും ഇങ്ങോട്ടും സൈക്കിൾ ചവിട്ടി കളിക്കുകയാണ്. നല്ല കാര്യം. ആരോഗ്യം കൂടുമല്ലോ. കുട്ടികളിൽ ചിലർ പാലത്തിന്മേലും വന്നിരിക്കുന്നു. ചിലർ നിൽക്കുകയാണ്. വെള്ളത്തിൽ നീന്തികളിക്കുന്ന മീനുകളെ അതിശയത്തോടെ നോക്കി നിൽക്കുകയാണ്. കൂടാതെ അവർക്ക് വേറെയും പദ്ധതിയൂണ്ട് എന്ന് തോന്നുന്നുണ്ടല്ലോ. അവർ ഒരുപക്ഷേ എന്നെ കാണാൻ വന്നതായിരിക്കണം. എനിക്ക് സ്വന്തമായി ഒരു ബ്ലോഗ് ഉള്ളതും ഒരു കൂട്ടം കഥകളും കവിതകളും എഴുതിയതും എങ്ങനെയെങ്കിലും അറിഞ്ഞുകാണും. അങ്ങനെയെങ്കിൽ അവരുടെ അടുത്ത് ഒട്ടോ ഗ്രാഫെല്ലാം കാണാതിരിക്കില്ല. എങ്കിൽ എൻ്റെ അടുത്തേക്ക് ശീഘ്രം ശീഘ്രം കടന്നു വന്നോളൂ. ഞാനിതാ നിങ്ങൾക്കായി ഇവിടെയിതാ ഫ്രീയായി കാത്തിരിക്കുകയാണ്.
എന്തോ ഒരു ശബ്ദം കേട്ട് ഞാനെൻ്റെ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. നോക്കുമ്പോൾ മഴപെയ്തു മാനം തെളിഞ്ഞിരിക്കുന്നു.
................
കെ.എം.എ പരുത്തിക്കാട്


