നോക്കൂ ഞാൻ ഓർത്തുപോവുകയാണ്. ഓർക്കാനായി ഇത്ര എന്താണുള്ളത്? ഞാനെൻറെ കുട്ടിക്കാലം ഓർക്കുകയാണ്. ഒന്നും അല്ലാതിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഇന്ന് കുട്ടിയല്ലെങ്കിലും അന്ന് വെറും കുട്ടിയായിരുന്നു. അന്ന് വലിയവനാവാനാണ് പൂതി എങ്കിൽ ഇന്ന് കുട്ടിയാകുവാനാണ് കൂടുതൽ പൂതി എന്ന് പറയാമല്ലോ.
നോക്കൂ പടച്ച തമ്പുരാൻ്റെ അനുഗ്രഹത്താൽ ജീവിതമിപ്പോൾ നല്ല നിലയിൽ പോയിക്കൊണ്ടിരിക്കുകയാണ്. എങ്കിലും നമ്മുടെ ജീവിത വഴിയിൽ നമ്മെ സഹായിച്ചവരെ, കൈതാങ്ങായവരെ, പ്രോത്സാഹനത്തിൻ വെള്ളമൊഴിച്ചു തന്നവരെ നമുക്ക് മറക്കുവാൻ ഒക്കുമോ? ഒരിക്കലുമില്ല. ജീവിത വഴിയിൽ കട്ടുറുമ്പായവരും കൊതുകുകളായവരും ഉണ്ടായിരിക്കാം. എങ്കിലും അവരെകുറിച്ചോർത്ത് നമ്മുടെ വിലപ്പെട്ട സമയം വെറുതെ കളയുന്നത് എന്തിനാണ് ? എങ്കിലും എൻ്റെ വീട്ടിലേക്ക് വലിയ കട്ടൂറുമ്പുകളും കൊതുകുകളും ഒന്നും തന്നെ വന്നിട്ടില്ല എന്ന് പറയുവാന് ആഗ്രഹം എന്ന് പറയാമല്ലോ.
ഞാനെൻ്റെ കുട്ടിക്കാലം ഓർക്കുകയാണ്. അല്ല ഓർത്തുപോവുകയാണ്. ട്രൗസറും കീറിയ കുടുക്കറ്റുപോയ കുപ്പായവും ഇട്ടു മൂക്കിൽ നിന്നും ഒലിപ്പിച്ചു നടന്നിരുന്ന കാലം. അന്ന് സ്നേഹം എന്തെന്ന് ഈയുളള്ളവന് പഠിപ്പിച്ചുതന്ന ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ സ്വന്തം വല്ല്യുമ്മ. അതായത് ഉമ്മയുടെ ഉമ്മ. എല്ലാവര്ക്കും സ്നേഹം വാരിക്കോരി നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വല്ല്യുമ്മ. ദൈവാനുഗ്രഹത്താൽ അവർ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്. സ്നേഹം നൽകി ജീവിച്ചിരിപ്പുണ്ട്. നാഥാ..അവർക്ക് നീ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ.
കുഞ്ഞുനാളിൽ ഉമ്മാ എന്നെയും പെങ്ങളെയും കൂട്ടി തറവാട് വീട്ടിൽ ഇടക്കൊക്കെ പോവാറുണ്ടായിരുന്നു. നാട്ടിലെ കൃഷിഭവന് മുന്നിൽ വന്നു തിരിച്ച് പോകുന്ന മേച്ചേരി ബസിലായിരുന്നു പോയിരുന്നത്. കുഴികൾ ഏറെയുള്ള പാതി നശിച്ച പഴയ റോഡിലൂടെ ബസ് കുതിച്ചു പായുന്നത് ഓർത്തുപോവുകയാണ്. തള്ളവിരലിൽ നീണ്ട നഖമുള്ള് ഡ്രൈവർ സ്റ്റിയർ പിടിച്ച് തിരികുന്നത് മുന്നിലെ സൈഡ് സീറ്റിൽ ഇരുന്ന് ഊറ്റത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. പരുത്തിക്കാട് നിന്നും അരിയല്ലൂർ സ്കൂൾ സ്റ്റോപ്പ് എത്തുവാൻ ഒരു പത്തു പതിനഞ്ച് മിനുട്ട് സമയം എടുത്തിരുന്നു. കുണ്ടിലും കുഴിയിലും ചാടിയുള്ള കുലുങ്ങിയുള്ള യാത്ര ഹരം ഏറെ ഉളവാക്കുന്നത് ആയിരുന്നെങ്കിലും ഊരക്ക് അത്രക്ക് നല്ലത് ആയിരുന്നില്ല. ബസ് സ്റ്റോപ്പിൽ എത്തേണ്ട താമസം ഉമ്മാ പറയും.
" ആളർക്കം ണ്ട്"
ഞങ്ങൾ പടിയിറങ്ങി തറവാട്ടിലേക്ക് നടക്കും. പോകുമ്പോൾ ഉമ്മയുടെ ഒരു കൈയിലെ വിരലിൽ ഞാനും മറ്റേ കൈയിലെ വിരലിൽ പെങ്ങളും പിടിച്ചു തൂങ്ങും. ഒരിക്കൽ പോകുമ്പോൾ വഴിയിൽ വെച്ച് ഉത്സവത്തിന് കൊണ്ടുവന്ന പനംപട്ട തിന്നുന്ന ആനയെ കണ്ടിട്ടുണ്ട്. വീട്ടിലെത്താൻ ഒരു അഞ്ചു മിനിട്ട് നേരം നടക്കണം. റോഡ് കഴിഞ്ഞാൽ പിന്നെ ഇടവഴിയാണ്. പരൽ മീനുകൾ നീന്തി തുടിക്കുന്ന ഇടവഴി. ഇരു വശങ്ങളിലും വളർന്നുയർന്ന അയിനി മരങ്ങൾ കാണാം. ഇടവഴിയിൽ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം പരത്തുന്ന മണം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും കിടന്നുറങ്ങുന്നു. തറവാട് വീടിൻ്റെ പരിസരത്ത് രണ്ടുമൂന്ന് കുളങ്ങൾ ഉണ്ടായിരുന്നു. മുകൾ പരപ്പിൽ പച്ചപായലുകളുള്ള കുളം. അതിൽ തവളകളും, ആമകളും, പരൽ മീനുകളും ബ്രാലും എല്ലാം ഉണ്ട്. ആമയും ബ്രാലും വല്ലപ്പോഴും വെള്ളത്തിൻ്റെ മുകൾ പരപ്പിൽ വന്ന് താഴേക്ക് തന്നെ ഊളിയിടും. റോഡിനടുത്തുള്ള കുളം പെരുമഴ പെയ്യുമ്പോൾ നിറഞ്ഞു കവിയും. ഇടവഴിയിലൂടെ ചാലിട്ടൊഴുകും.
വീട്ടിലെത്തുമ്പോൾ വല്ല്യുമ്മ ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നുണ്ടാകും. അതല്ലെങ്കിൽ വെറ്റില മുറുക്കുന്നുണ്ടാകും. മുറുക്കി തുപ്പാനായി ഒരു കോളാമ്പിയും അരികിലുണ്ടാകും. കാണേണ്ട താമസം ഒരുപാട് കാലമായി കണ്ടിട്ട് എന്ന മട്ടിൽ തമാശ രൂപേണ ഞങ്ങളോട് ചോദിക്കും:
" മക്കൾക്ക് ആരാ ഇങ്ങോട്ട് വഴി പർഞ്ഞ് തന്നത്?"
അതു കേട്ട് ഞങ്ങള് ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വല്ലപ്പോഴും അബദ്ധത്തിൽ കോട്ടുവാ ഇട്ടുപോയാൽ വാടിയ എൻ്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ ചോദിക്കും :
" പയ്ക്കിണ്ടോ മോനെ?"
വീട്ടിൽ വരുന്നവർക്ക് കൊടുക്കുവാൻ പലതരം പലഹാരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. പഴുക്കാനായ് അരിയിൽ പൂഴ്തിവെച്ച നേന്ത്രപ്പഴം എടുത്ത് തരാറുണ്ട്. അരിയിൽ പൂഴ്‌ത്തിവെച്ച പഴത്തിനു കറുപ്പ് നിറം കൂടുതലാണ്. ഉഴുന്ന് വടപോലുള അരീരപ്പം കിട്ടാറുണ്ട്. ഈന്ത് മാവ് കൊണ്ടുണ്ടാക്കിയ അപ്പവും പോത്തിറച്ചിയും കഴിച്ചിട്ടുണ്ട്. നിലത്ത് വീണ് ഉടഞ്ഞ അയിനി ചക്കാ എത്രവട്ടം തിന്നിരിക്കുന്നു. അയിനി ചക്കയുടെ കുരുവറുത്തതും കഴിക്കാറുണ്ട്. ഒരുപാട് കാലമായി ഉപ്പിലിട്ടുവച്ച ചെറിയ നാട്ടുമാങ്ങ കഞ്ഞിയുടെ കൂടെ കൂട്ടാൻ എടുത്ത് തരാറുണ്ട്.
പോകുമ്പോഴെല്ലാം രണ്ടുമൂന്ന് ദിവസങ്ങൾ എങ്കിലും തറവാട്ടിൽ ഞങ്ങള് പാർക്കും. തിരിച്ച് പോരാൻ നേരം ഞങൾ കുട്ടികളെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി അവർ കാശ് കൈയ്യിൽ തരാറുണ്ട്. വല്യൂപ്പയുടെ മരണ ശേഷം പെൻഷൻ കിട്ടുന്നുണ്ട്. പണം വാങ്ങുമ്പോൾ വലതു കൈ കൊണ്ടുതന്നെ വാങ്ങണമെന്ന് വല്ല്യുമ്മക്ക് നിർബന്ധമാണ്. ബിസ്മിയും ചൊല്ലി വലതു കൈയിൽ പൈസവെച്ചു തരും. എനിക്കും പെങ്ങൾക്കും അപ്പോൾ സന്തോഷമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വല്ല്യുമ്മയും ഞങ്ങളുടെ കൂടെ കൂടും. പടിയിറങ്ങി നടന്ന് അപ്പുറത്തെ വളവ് എത്തി തിരിഞ്ഞു നോക്കുമ്പോൾ അവര് ഞങ്ങളെതന്നെ അങ്ങനെ ഉറ്റു നോക്കി നിൽപ്പുണ്ടാകും.
കാല ചക്രം മുന്നോട്ടു നീങ്ങി. സൈക്കിൾ ചവിട്ടി പഠിക്കാൻ പൂതി മുളച്ചു. ഉമ്മാ എൻ്റെ ചെറിയ അമ്മവനോട് കാര്യം പറഞ്ഞു. ഒരു ദിവസം അദ്ദേഹം എന്നെ അങ്ങ് ചെട്ടിപ്പടി ആനപ്പടിയിലുള്ള സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും സൈക്കിൾ വാടകക്കെടുത്ത് ചവിട്ടുവാൻ പഠിപ്പിച്ചു തന്നു. കുറച്ചു ദിവസം വേണ്ടിവന്നു വീഴാതെ സൈക്കിൾ ഓട്ടുവാൻ. ഓട്ടിപഠിച്ചപ്പോൾ ഒരു സൈക്കിൾ വാങ്ങുവാൻ പൂതി മുളച്ചു. ഉമ്മയോടു കാര്യം പറഞ്ഞു. എൻ്റെ മൂത്ത അമ്മാവൻ എന്നെയും കൂട്ടി അങ്ങ് ചെട്ടിപടിയിലുള്ള സൈക്കിൾ ഷോപ്പിൽ കൊണ്ടുപോയി ഒരു ഹെർക്കുലീസ് സൈക്കിൾ വാങ്ങി തന്നു. ആ സൈക്കിളിന് നീല നിറമായിരുന്നു.
മദ്റസയിൽ പഠിക്കുമ്പോൾ എളാപ്പ അതായത് എൻ്റെ ഉപ്പയുടെ ഒരു അനുജൻ എനിക്കൊരു ഖുർആൻ വാങ്ങി തന്നിട്ടുണ്ട്. കോഴക്കോട് അങ്ങാടിയിൽ നിന്നുള്ള ഒരു ബുക്ക് ഷോപ്പിൽ നിന്നായിരുന്നു അത് വാങ്ങിയിരുന്നത്. ഈ ഖുർആൻകൊണ്ട് ഒരുപാട് സൂറത്തുകൾ പാരായണം ചെയ്യുവാൻ ഞാൻ പഠിച്ചതും മറക്കുവാൻ കഴിയുമോ ? ...
കാലചക്രം വീണ്ടും മുന്നോട്ട് നീങ്ങി. പ്രായത്തിൽ രണ്ടാമത്തെ മൂത്തവനായ അമ്മാവൻ പറയാതെ തന്നെ എനിക്കൊരു കുഞ്ഞു ടേപ്പ് റെക്കാർഡർ വാങ്ങി തന്നു. അതിൽ കേസറ്റ് കേറ്റിവച്ച് പ്ലേ ബട്ടൻ അമർത്തി. അതിൽ നിന്നും മധുരമുള്ള ഒരു ഗാനം പുറത്തേക്ക് വന്നു.
" ഉണരമീ ഗാനം... ഉരുകുമെന്നുള്ളും.."
കാലചക്രം വീണ്ടും കറങ്ങി. ഞാൻ പത്താം ക്ലാസ് പഠനം കഴിഞ്ഞ് പ്ലസ്ടുവിന് അഡ്മിഷൻ കിട്ടിയ നേരം. ചാലിയം ഇമ്പിച്ചി ഹാജി ഹെയർ സെക്കൻഡറി സ്കൂളിൽ. ഇംഗ്ലീഷ് മീഡിയമാണ്. പത്താം ക്ലാസ്സ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷ് നന്നായി പഠിക്കേണ്ടതുണ്ട്. ഒരു ഡിക്ഷണറി വാങ്ങിയാൽ കൊള്ളാമെന്നായി. ആഗ്രഹം അമ്മാവനെ അറിയിച്ചു. അദ്ദേഹം നാട്ടിൽ വരുമ്പോൾ ഡിക്ഷണറി കൊണ്ടുവന്നു. നീല നിറത്തിലുള്ള ഒരു ഇംഗ്ലീഷ് - ഇംഗ്ലീഷ് ഓക്സ്ഫോർഡ് ഡിക്ഷണറി ആയിരുന്നു അത്. എൻ്റെ സന്തോഷം തിരതല്ലി. വളരെ ഉപകാര പ്രദമായ ഈ ഡിക്ഷണറി ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ എന്നെ ഏറെ സഹായിച്ചു എന്ന് പറഞ്ഞു കൊള്ളട്ടെ.
..........
k.m.a paruthikkadu




