പൊള്ളുന്ന മരുഭൂമിയിൽ എങ്ങനൊക്കെയോ കുറച്ചു
കാലം കഴിച്ചുകൂട്ടി, വരണ്ട പ്രവാസത്തിന്റെ വിരഹ വേദന അനുഭവിച്ചു നാട്ടിലേക്ക്
എയർ ഇന്ത്യ വീമാനം കയറുമ്പോൾ, ചെറുപ്പക്കാരനും വിവാഹിതനുമായ ഹലീൽ മനസ്സിൽ തീർച്ചപ്പെടുത്തി.
" ഇനിമേലിൽ ഇങ്ങോട്ട് ഇല്ല. പട്ടിണി
കിടന്നാലും വേണ്ടില്ല. നാട്ടിൽ കൂടിയിട്ടുതന്നെ ബാക്കി കാര്യം. ജീവിച്ചു പോകാൻ എന്തെങ്കിലും
ഒരു ജോലി വേണം. അതുമതി. കുടുംബത്തോടൊത്ത് മനസ്സമാധാനത്തോടെ ജീവിക്കാമല്ലോ ! "
പ്രാരാബ്ധങ്ങൾ സഹിക്കവയ്യാതായപ്പോൾ, കലങ്ങിയ കണ്ണുകളും, ഉടഞ്ഞ ഹൃദയവുമായി, കുറച്ചു വർഷങ്ങൾക്കുമുമ്പ്, പ്രിയപ്പെട്ടവരോട്
യാത്ര പറഞ്ഞു ഇറങ്ങിയതാണ് ഹലീൽ. അതിനു ശേഷം ഇപ്പോഴാണ് അവൻ തിരിച്ചു വരുന്നത്.
സമയം നട്ടപ്പാതിര. കണ്പോളകൾ അറിയാതെ അടഞ്ഞു
പോകുന്നു. ഹലീൽ മുകളിലോട്ടു നോക്കി. അതിവിശാലമായ ആകാശത്തു നിന്നും നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു.
കുറച്ചു ദൂരെയായി പക്ഷിയെപോലുള്ള ഭയങ്കര വലിപ്പമുള്ള വീമാനം ചുണ്ടുംകൂർപ്പിച്ചു ചിറകു
വിടർത്തി തന്നെ കാത്തുകിടക്കുന്നത് ഹലീൽ കണ്ടു. അതിനു നല്ല നീളമുണ്ട് . അതിന്റെ തലയുടെ
ഇടതു വശത്തായി നീളം കുറഞ്ഞ ഒരു കോണി ചാരിവെച്ചിരിക്കുന്നു. അവന്റെ മനസ്സിൽ ആവേശം തിരതല്ലി..
ചാരിവെച്ചിട്ടുള്ള കോണിയിൽ ഹലീൽ വേഗം ചവിട്ടിക്കയറി. വാതിൽ കടക്കുമ്പോൾ, തോട്ടിപോലെ
ഉയരമുള്ള നീളമുള്ള ഒരു പെണ്ണ് ഹലീലിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
" വെൽക്കം സർ"
ഹലീലും പുഞ്ചിരിച്ചു. തത്തമ്മ ചുണ്ട്പോലെ
അവൾ തന്റെ ചുണ്ട് ചോപ്പിച്ചിട്ടുണ്ട്. കണ്പുരികം
നീട്ടി എഴുതിവെച്ചിട്ടുണ്ട്. മുടി കൂട്ടിക്കെട്ടി വെച്ചിട്ടുണ്ട്. മുട്ടിന്റെ താഴെ
വസ്ത്രമില്ല. ഹലീലിനു അവളോട് സഹതാപം തോന്നി.
ഉള്ളിലേക്ക് കടന്നു ഹലീൽ തന്റെ സീറ്റ് തിരഞ്ഞു നടന്നു. കാണാനില്ല. ഇരുവശത്തേക്കും
നോക്കികൊണ്ട് മുന്നോട്ടു നടന്നു തിരഞ്ഞു.. ദാ കിടക്കുന്നു തന്റെ സീറ്റ്. അവനു സന്തോഷമായി..
തോളിലുള്ള ബാഗ് അഴിച്ചെടുത്ത് മുകളിലെ തട്ടിൻമേൽ കയറ്റി ഉന്തിതിരുകി വെച്ചു. സീറ്റിൽ
ഒറ്റ ഇരുത്തം. സീറ്റിൽ ചാരി ഇരുന്നു. ചുറ്റുപാടും ഒന്ന് കണ്ണയച്ചു.. അവൻ തന്റെ കണ്ണുകളടച്ചു.
“ഹൌ എന്തൊരു സുഖം”
അപ്പോഴാണ് ഹലീൽ ഓർത്തത്. വീട്ടിലേക്കു ഒന്ന്
വിളിച്ചു പറയണം. വലതു കാലിലെ ഇറുകി കിടക്കുന്ന
പാന്റ്സിലെ കീശയിൽ നിന്നും ഒറ്റയടിക്കു പത്തുപത്തിരി പരത്താൻപറ്റുന്ന നല്ല വീതിയുള്ള
സാംസങ്ങ് മൊബൈൽ ഫോണ് അവൻ പുറത്തെടുത്തു. ഫോണിന്റെ അറ്റത്തുള്ള ബട്ടണ് അമർത്തി സ്ക്രീൻ
ഓണാക്കി. തെളിഞ്ഞു വന്ന സ്ക്രീനിൽ വലതു കൈയിലെ ചൂണ്ടു വിരൽകൊണ്ട് വീട്ടിലെ ഫോണ്നമ്പർ
അമർത്തി. വലതു വശത്തെ ചെവിയോടു ചേർത്ത് വെച്ചു.
ഫോണ് റിംഗ് ചെയ്യുന്നുണ്ട്.
പക്ഷെ, ആരും എടുക്കിന്നില്ല. പിന്നെയും വിളിച്ചു.
ഉമ്മയാണ് ഫോണ് എടുത്തത്.
"ഹലോ"
" ഹലോ അസ്സലാമു അലൈകും "
" വഅലൈകുമുസ്സലാം... ആരാ കോയമോനാണോ ?"
" ആാ ഞാനാണ് മ്മാ "
"
മോനെ ജി എവിടെത്തി ...എത്താനായോ ?
" ഇല്ല്യ ഇമ്മച്യെ. ഞാൻ ദാ ഇപ്പം അങ്ങട്ട്
വീമാനത്തിൽ കയറിയിട്ടോള്ളൂ."
" എപ്പളാ വീമാനം ഇട്ക്കാ മോനെ ?"
" കൊർച് സമ്യം കൂടി എടുക്കും ..ഒരു പത്തുനാപ്പത്തഞ്ചു
മിനിട്ടും കൂടി എടുക്കും ഇമ്മച്യെ "
" മോനെ ജി എന്തെങ്കിലും കൈച്ചോ ?"
" ആ ഞാൻ കൈച്ചിട്ടാണ് വന്നത് ഇമ്മച്യെ..
ഇങ്ങളോ ?
"
" ഞങ്ങൾ ഇപ്പംഅങ്ങട്ട് ചോറ് വെയ്ച്ചി
കിടന്നിട്ടോള്ളൂ. ഇവിടെ എയർപോർട്ടിൽ എത്യ ഉടനെ വിളിക്ക്യണേ"
" ആ മ്മാ ഞാൻ വിളിച്യോളാം. ന്നാ ശരി
വെക്കട്ടെ"
'
ആ ഐക്കോട്ടെ"
" അസ്സലാമു അലൈകും"
" വ അലൈകുമുസ്സലാം "
ഹലീൽ മൊബൈൽ ഫോണ് പാന്റ്സിന്റെ കീശയിൽ തിരുകി
കണ്ണുകളടച്ചു കാത്തിരുന്നു. മനസ്സിൽ ശാന്തത !.
മനസ്സ് മന്ത്രിച്ചു.
“എങ്ങനെയെങ്കിലും ഒന്ന് വേഗം നാട്ടിൽ എത്തിയാൽ
മതിയായിരുന്നു. എത്ര വേഗം എത്തുന്നോ അത്രയും നല്ലത്. പ്രിയപ്പെട്ടവരെ എത്രയും പെട്ടെന്ന് കാണണം. ഉപ്പയും
പൊന്നുമ്മായും പ്രിയ സഖിയും, കരളിന്റെ
കഷ്ണമായ വെറും ഒമ്പത് മാസം മാത്രം പ്രായമായ ഹനമോളും എന്നെ കാത്തു നിൽക്കുന്നുണ്ടാകും.
എല്ലാവരും എന്നെ സ്വീകരിക്കാൻ നാളെ രാവിലെ
എട്ടു മണിക്ക് കരിപ്പൂർ എയർ പോർട്ടിൽ എത്താം എന്ന് ഫോണിൽ വിളിക്കുമ്പോൾ ഉപ്പ പറഞ്ഞിരുന്നു. വണ്ടിയും ഏർപ്പാട് ആക്കിയിട്ടുണ്ട്”.
ഹലീൽ പലതും ഓർത്ത് ഇരുന്നു. അറിയാതെ അവന്റെ
കണ്ണുകളടഞ്ഞു.. പിന്നെ നടന്നതൊന്നും അവൻ അറിഞ്ഞില്ല.
എന്തോ ഒരു ശബ്ദം കേട്ട് മയക്കത്തിൽ നിന്നും
ഹലീൽ ഞെട്ടി ഉണർന്നു.അവൻ മെല്ലെ കണ്ണ് തുറന്നുനോക്കി. ഇടതു ഭാഗത്തേക്ക് നോക്കി . എല്ലാവരും
ഉണർന്നിരിക്കുകയാണ്. അവരുടെ മുഖത്ത് എന്തോ
ഒരു ഭയം നിഴലിട്ടിരിക്കുന്നു. എല്ലാവരും പേടിച്ചിരിക്കുന്നു.
ഒന്നും മനസ്സിലാകുന്നില്ല. അവനു എന്തോ ഒരു പന്തികേട് തോന്നി. എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്.
എന്തായിരിക്കും സംഭവിച്ചത് ? അവൻ
എല്ലാം പടച്ചവനിൽ സമർപ്പിച്ചു കരളുരുകി പ്രാർഥിച്ചു.
പടച്ചവനെ കാക്കേണമേ
!
കിളിവാതിലിലൂടെവന്നു വീമാനത്തിന്റെ ഉള്ളിൽ നേരിയ സുര്യവെളിച്ചം വന്നു പതിച്ചു. വലതു വശത്തുള്ള കിളിവാതിലിലൂടെ ഹലീൽ പുറത്തേക്കു
നോക്കി. മേഘ പാളികൾക്ക് മുകളിലൂടെ വീമാനം അതിവേഗം പറന്നു നീങ്ങുകയാണ്. രാവിലത്തെ സൂര്യ
രശ്മികൾവന്നു പതിച്ചു മേഘ പാളികൾ വെട്ടിത്തിളങ്ങുന്നു. അത് ഒഴുകിനീങ്ങുന്ന പഞ്ഞിക്കെട്ട്പോലെ
തോന്നിച്ചു.
വീമാനം കടലിനും കരയ്ക്കു മുകളിലൂടെയുമായി
വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. താഴേക്കു നോക്കിയപ്പോൾ കടലിനു പച്ചനിറം. ചാലിയം കടൽത്തീരവും
,
പുലിമുട്ടും കടൽ ഭിത്തിയും വ്യക്തമായി കാണാൻ പറ്റുന്നുണ്ട്.
വീമാനത്തിൽ നിന്നും ഇംഗ്ലീഷിലും ഹിന്ദിയിലും
ഒരു അറിയിപ്പ് വന്നു. വീമാനം ഇറങ്ങാൻ പോവുകയാണ്. എല്ലാവരും സീറ്റ് ബെൽറ്റ് ഇടണം.
കാലാവസ്ഥ വളരെ മോശമാണ്. അഴിച്ചിട്ട സീറ്റ്
ബെൽറ്റ് ഹലീൽ വീണ്ടും ഘടിപ്പിച്ചു. സീറ്റ് ബെൽറ്റ് ഇടാത്തത് ആരൊക്കെ എന്ന് എയർ ഹോസ്റ്റസ്
വന്നു നോക്കുന്നുണ്ട്. സീറ്റ് ബെൽറ്റ് ഇടാൻ പറയുന്നുണ്ട്.
വീമാനം ഇറങ്ങുകയാണ്. മേഘ പാളികൾ തുളച്ചു വീമാനം
താഴോട്ടു താഴോട്ടു ഇറങ്ങുകയാണ്. വലതു വശത്തുള്ള
കിളിവാതിലിലൂടെ ഹലീൽ താഴോട്ട് നോക്കി. ദൈവത്തിന്റെ സ്വന്തം നാട് തന്നെ വരവേൽക്കാനായി
കാത്തുനിൽക്കുന്നു. താഴെ പച്ചപിടിച്ച കുന്നുകൾ. അതിന്റെ ഇടയിലൂടെ വളഞ്ഞു തിരിഞ്ഞു ഒഴുകുന്ന
പുഴ നല്ല നീളമുള്ള ഒരു പാമ്പിനെ പോലെ.... റോഡിലൂടെ
സഞ്ചരിക്കുന്ന വാഹങ്ങൾ തീപ്പെട്ടികൂടുപോലെ....
കണ്ണിൽ കാഴ്ചകൾ തെളിഞ്ഞുവരുന്നു. ഇപ്പോൾ എല്ലാം
വളരെ വ്യക്തമായി കാണാം. പുഴയും, തെങ്ങുകളും, മരങ്ങളും, വീടുകളും, വാഹനങ്ങളും ... ഇതിൽ തന്റെ വീട് എവിടെയാണ് - അവൻ തുറിച്ചു നോക്കി.
വീമാനം റണ്വേയിൽ വന്നു വീണു. അത് ഒരു വിറയലോടെ
കുലുങ്ങി നേരെ മുന്നോട്ടു പായുകയാണ്. കാഴ്ചകൾ
പിന്നോട്ട് പായുന്നു. വീമാനത്തിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു.. നിൽക്കേണ്ട താമസം
എല്ലാ യാത്രക്കാരും പെട്ടിയും സാധനങ്ങളും എടുത്തു ഓടിയിറങ്ങാൻ നോക്കുകയാണ്.
കിളിവാതിലിലൂടെ ഹലീൽ പുറത്തേക്കു നോക്കി.
മഴ പെയ്തു നിലമെല്ലാം നനഞ്ഞു കിടക്കുന്നു. അവന്റെ മനസ്സിൽ ഒരു കുളിർ കാറ്റടിച്ചു.
തട്ടിന്മേൽ കിടക്കുന്ന ബാഗ് ഹലീൽ വലിച്ചെടുത്തു
തോളിലിട്ടു. കീശയിൽ നിന്നും മൊബൈൽ ഫോണ് എടുത്തു സ്വിച് ഓണ് ചെയ്തു. യാത്രക്കാരുടെ
ഇടയിലൂടെ ഉന്തിതള്ളി മുന്നോട്ടു നടക്കാൻ നോക്കി. പെട്ടെന്ന് നീങ്ങാൻ പറ്റുന്നില്ല.
മുന്നിലും പിന്നിലും യാത്രക്കാർ. എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുവാനുള്ള തിരക്കിലാണ്.
എന്ത് ചെയ്യും ? വീമാനത്തിന്റെ വാതിൽക്കലെത്തിയപ്പോൾ
പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ആ പെണ്ണിനെ അവൻ വീണ്ടും കണ്ടു.
വാതിൽ മുറിച്ചു കടക്കുമ്പോൾ ഹലീലിനോടും പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
"
താങ്ക് യൂൂൂൂൂൂ സർ ... "
ഹലീലിനു സന്തോഷമായി. അവനെ ഇതുവരെ ആരും
"സർ" എന്ന് വിളിച്ചിട്ടില്ല. ഇപ്പോഴിതാ കാണാൻ നല്ല ചന്തമുള്ള പെണ്ണ് “സർ”
എന്ന് വിളിച്ചിരിക്കുന്നു. അതും പുഞ്ചിരിച്ചുകൊണ്ട് . വാതിൽ മുറിച്ചു കടന്നപ്പോൾ അവൻ
തന്റെ നാടിനെ നിറഞ്ഞ കണ്ണുകളോടെ വീണ്ടും കണ്ടു. അതെ ! കുറെ കാലങ്ങൾക്കു ശേഷം. നനഞ്ഞ
മണ്ണിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി. അവൻ
ചുറ്റുപാടും ഒന്ന് കണ്ണ് ഓടിച്ചു. മനസ്സിൽ ഒരു വല്ലാത്ത സന്തോഷം. അവൻ വേഗം
പടികൾ ചവിട്ടിയിറങ്ങി. മൊബൈൽ എടുത്ത് ഉപ്പായെ
വിളിച്ചു.
"
ഹലോ അസ്സലാമു അലൈകും"
"
വ അലൈകും സലാം ... എത്യോ ?"
"
ദാ ഇപ്പം വീമാനം ഇറങ്ങിയതെ
ഉള്ളൂ"
"
കൂടുതൽ സമയം എടുക്കോ ?"
"
ഇല്ല . ഞാൻ ദാ ഇപ്പം എത്തും. ഇങ്ങള് പുറത്തുണ്ടോ?
"
ആ . ഞങ്ങൾ എത്തിട്ടു ഒരു മണിക്കൂർ കഴിഞ്ഞു."
“തെന്നേ... എല്ലാവരും കൂടെയില്ലേ ?"
"
ആ എല്ലാരൂണ്ട്. എല്ലാരും അന്നെ കാണാൻ കാത്തിരിക്കുകയാണ്"
"
ഓക്കേ ന്നാ ശെരി വെക്കട്ടെ . ഞാൻ ദാ ഇപ്പം എത്താം"
"
ഓക്കേ അസ്സലാമു അലൈകും"
"
വ അലൈകുമുസ്സലാം "
ഹലീൽ മുന്നിലേക്ക് നോക്കി . ദാ മുന്നിൽ വന്നു
നിൽക്കുന്നു ഒരു ബസ്. അവൻ അതിൽ കയറി. നോക്കിയപ്പോൾ സീറ്റ് ഒന്നും ബാക്കിയില്ല. മുകളിലുള്ള
കമ്പിയിൽ പിടിച്ചു ബാഗും തൂക്കിയിട്ടു നിന്നു. ബസ് മുന്നോട്ടു നീങ്ങി. അത് ഒരു കെട്ടിടത്തിന്റെ
മുന്നിൽ പോയി നിന്നു. ഹലീൽ ഇറങ്ങി നടന്നു കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി. പിന്നെയും
വേഗം നടന്നു. പടികൾ ചവിട്ടിയിറങ്ങി വീണ്ടും നടന്നു.
നടക്കുമ്പോൾ യാത്രക്കാർ വരിനിൽക്കുന്നത്
ഹലീൽ കണ്ടു. അവനും വരിയുടെ പിന്നിൽ കാത്തുനിന്നു. അവൻ മുന്നിലെത്തിയപ്പോൾ ഉദ്യോഗസ്ഥൻ
അവന്റെ പാസ്പോർട്ട് വാങ്ങി അതിന്റെ ഉള്ളിൽ സീൽ അടിച്ചു തിരിച്ചു കൊടുത്തു. അതുവാങ്ങി അവൻ വീണ്ടും നടന്നു.
അപ്പോൾ ഹലീൽ ആ കാഴ്ച കണ്ടു. ദാ പോകുന്നു വലിയ കുറെ ബാഗുകളും പെട്ടികളും . അതങ്ങിനെ വലിയ
വട്ടത്തിൽ കറങ്ങി നീങ്ങുകയാണ്. അവൻ അങ്ങോട്ട് ചെന്നു. തന്റെ പെട്ടിയുണ്ടോ എന്ന് വട്ടക്കണ്ണൂകളോടെ
അവൻ തുറിച്ചു നോക്കി. കാണ്മാനില്ല. എന്ത് ചെയ്യും
?
വീണ്ടും വീണ്ടും നോക്കി. ഒരു രക്ഷയും ഇല്ല. ഫോണിൽ വിളി വന്നു
കൊണ്ടിരിക്കുന്നു. പിന്നെയും കുറെ നേരം കാത്തു നിന്നു. അവനു ക്ഷമയുടെ പിടിവള്ളി നഷ്ട്ടപ്പെട്ടു
കൊണ്ടിരിക്കുകയാണ്. അപ്പോൾ ദാ വരുന്നു ചുവപ്പ് നിറത്തിലുള്ള തന്റെ ബാഗ്. അതിന്റെ അടുത്തായി
പെട്ടിയുമുണ്ട്. അതിൻമേൽ തന്റെ പേര് വെണ്ടക്ക
അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്. കാണേണ്ട താമസം ഹലീൽ പെട്ടി വലിച്ചെടുത്തു. അതിനു നല്ല കനവും വലിപ്പവും ഉണ്ട്.
അത് ഉന്തു വണ്ടിയിൽ കയറ്റിവെച്ചു തള്ളിനടന്നു.
അതിന്റെ ചക്രം അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നുണ്ട്. വണ്ടി നേരെ നിയന്ത്രിച്ചു കൊണ്ടുപോകാൻ
അവൻ നന്നേ പാടുപെട്ടു.
ഗേറ്റ് കടന്നു പുറത്തേക്കു നോക്കുമ്പോൾ, പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന ആൾക്കൂട്ടത്തെ ഹലീൽ കണ്ടു. എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവരെ
കാത്തുനിൽക്കുകയാണ്. അവർ കൈകൾ കൊണ്ട് ആഗ്യം കാണിച്ചു ആരെയൊക്കെയോ വിളിക്കുന്നുണ്ട്.
ചിലർ ചിരിക്കുന്നുണ്ട്. ചിലർ പ്രതീക്ഷയോടെ
പ്രിയപ്പെട്ടവരെ ഉറ്റു നോക്കുകയാണ്.
വണ്ടി ഉന്തിയിറക്കുമ്പോൾ ഹലീൽ അവന്റെ ഉപ്പയെ കണ്ടു. അവനു സന്തോഷം കൊണ്ട്
വീർപ്പുമുട്ടി. ഉപ്പ കൈകൾ പൊന്തിച്ചു നിൽക്കുകയാണ്.
അതിനടുത്തായി ഉമ്മയും. ഉമ്മ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കുകയാണ്. അവന്റെയും
കണ്ണ് നിറഞ്ഞു. അതിനടുത്തായി തന്റെ ഭാര്യ കുഞ്ഞിനേയും ഒക്കത്ത് വെച്ചു നിറഞ്ഞ കണ്ണുകളോടെ
നോക്കി നിൽക്കുന്നു. അവന്റെ സന്തോഷം അണപൊട്ടിയൊഴുകി. അവരുടെ അരികെ, കുഞ്ഞിപെങ്ങൾ തന്റെ കുഞ്ഞിനേയും ഒക്കത്ത് വെച്ചു
നോക്കി പുഞ്ചിരിക്കുന്നു.
ഹലീൽ എല്ലാവർക്കും ഒരിമിച്ചു സലാം പറഞ്ഞു.
സുഖ വിവരങ്ങൾ അന്വേഷിച്ചു.
"
എല്ലാവർക്കും സുഖല്ലേ ??"
അവൻ ആവേശത്തോടെ ഹന മോളെ വാരിയെടുത്ത് നെറ്റിയിലും കവിളത്തും തുരു തുരാ മുത്തം
വെച്ചുകൊടുത്തു. അതുപോലെ പെങ്ങളുടെ കുട്ടിയായ സഫ മോളെയും വാരിയെടുത്ത് ഉമ്മ വെച്ചു.
വീട്ടിലേക്കു പോകാനുള്ള വണ്ടി കുറച്ചു ദൂരെ
കാത്തു കിടക്കുന്നത് ഹലീൽ കണ്ടു. എല്ലാവരും ഒരുമിച്ചു നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു.
ലഗേജ് വെച്ച ഉന്തുവണ്ടി ഉന്തിതള്ളി ഹലീൽ അവരുടെ പിന്നിലും.
അടുത്ത ദിവസം രാവിലെ, മലയാള ദിനപത്രത്തിൽ തലക്കെട്ടോടു കൂടി ഇങ്ങനെ ഒരു
വാർത്ത ഹലീലിന്റെ ഉപ്പാ കണ്ടു.
"എയർ ഇന്ത്യ വീമാനം വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു".
ആ വാർത്ത അറിഞ്ഞപ്പോൾ ഹലീലിന്റെ ഉമ്മാ തെല്ല്
അതിശയത്തോടെ പറഞ്ഞു:
"
പടച്ചോൻ കാത്തതാണ് മക്കളെ ! "
......................................................
കെ. എം. എ. പരുത്തിക്കാട്

Very good story !
ReplyDelete