Story: പടച്ചോന്റെ കാവൽ



പൊള്ളുന്ന മരുഭൂമിയിൽ എങ്ങനൊക്കെയോ കുറച്ചു കാലം  കഴിച്ചുകൂട്ടി,  വരണ്ട പ്രവാസത്തിന്റെ വിരഹ വേദന അനുഭവിച്ചു നാട്ടിലേക്ക് എയർ ഇന്ത്യ വീമാനം കയറുമ്പോൾ, ചെറുപ്പക്കാരനും വിവാഹിതനുമായ ഹലീൽ മനസ്സിൽ തീർച്ചപ്പെടുത്തി.

" ഇനിമേലിൽ ഇങ്ങോട്ട് ഇല്ല. പട്ടിണി കിടന്നാലും വേണ്ടില്ല. നാട്ടിൽ കൂടിയിട്ടുതന്നെ ബാക്കി കാര്യം. ജീവിച്ചു പോകാൻ എന്തെങ്കിലും ഒരു ജോലി വേണം. അതുമതി. കുടുംബത്തോടൊത്ത് മനസ്സമാധാനത്തോടെ ജീവിക്കാമല്ലോ ! "

പ്രാരാബ്ധങ്ങൾ സഹിക്കവയ്യാതായപ്പോൾ, കലങ്ങിയ കണ്ണുകളും, ഉടഞ്ഞ ഹൃദയവുമായി, കുറച്ചു വർഷങ്ങൾക്കുമുമ്പ്, പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞു ഇറങ്ങിയതാണ് ഹലീൽ. അതിനു ശേഷം ഇപ്പോഴാണ് അവൻ തിരിച്ചു വരുന്നത്.

സമയം നട്ടപ്പാതിര. കണ്‍പോളകൾ അറിയാതെ അടഞ്ഞു പോകുന്നു. ഹലീൽ മുകളിലോട്ടു നോക്കി. അതിവിശാലമായ ആകാശത്തു നിന്നും നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു. കുറച്ചു ദൂരെയായി പക്ഷിയെപോലുള്ള ഭയങ്കര വലിപ്പമുള്ള വീമാനം ചുണ്ടുംകൂർപ്പിച്ചു ചിറകു വിടർത്തി തന്നെ കാത്തുകിടക്കുന്നത് ഹലീൽ കണ്ടു. അതിനു നല്ല നീളമുണ്ട് . അതിന്റെ തലയുടെ ഇടതു വശത്തായി നീളം കുറഞ്ഞ ഒരു കോണി ചാരിവെച്ചിരിക്കുന്നു. അവന്റെ മനസ്സിൽ ആവേശം തിരതല്ലി.. ചാരിവെച്ചിട്ടുള്ള കോണിയിൽ ഹലീൽ വേഗം ചവിട്ടിക്കയറി. വാതിൽ കടക്കുമ്പോൾ, തോട്ടിപോലെ ഉയരമുള്ള നീളമുള്ള ഒരു പെണ്ണ് ഹലീലിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

" വെൽക്കം സർ"

ഹലീലും പുഞ്ചിരിച്ചു. തത്തമ്മ ചുണ്ട്പോലെ അവൾ തന്റെ ചുണ്ട്   ചോപ്പിച്ചിട്ടുണ്ട്. കണ്‍പുരികം നീട്ടി എഴുതിവെച്ചിട്ടുണ്ട്. മുടി കൂട്ടിക്കെട്ടി വെച്ചിട്ടുണ്ട്. മുട്ടിന്റെ താഴെ വസ്ത്രമില്ല. ഹലീലിനു അവളോട്‌ സഹതാപം തോന്നി.




ഉള്ളിലേക്ക് കടന്നു ഹലീൽ  തന്റെ സീറ്റ്‌ തിരഞ്ഞു നടന്നു. കാണാനില്ല. ഇരുവശത്തേക്കും നോക്കികൊണ്ട്‌ മുന്നോട്ടു നടന്നു തിരഞ്ഞു.. ദാ കിടക്കുന്നു തന്റെ സീറ്റ്‌. അവനു സന്തോഷമായി.. തോളിലുള്ള ബാഗ്‌ അഴിച്ചെടുത്ത് മുകളിലെ തട്ടിൻമേൽ കയറ്റി ഉന്തിതിരുകി വെച്ചു. സീറ്റിൽ ഒറ്റ ഇരുത്തം. സീറ്റിൽ ചാരി ഇരുന്നു. ചുറ്റുപാടും ഒന്ന് കണ്ണയച്ചു.. അവൻ തന്റെ കണ്ണുകളടച്ചു.

“ഹൌ എന്തൊരു സുഖം”

അപ്പോഴാണ് ഹലീൽ ഓർത്തത്‌. വീട്ടിലേക്കു ഒന്ന് വിളിച്ചു  പറയണം. വലതു കാലിലെ ഇറുകി കിടക്കുന്ന പാന്റ്സിലെ കീശയിൽ നിന്നും ഒറ്റയടിക്കു പത്തുപത്തിരി പരത്താൻപറ്റുന്ന നല്ല വീതിയുള്ള സാംസങ്ങ് മൊബൈൽ ഫോണ്‍ അവൻ പുറത്തെടുത്തു. ഫോണിന്റെ അറ്റത്തുള്ള ബട്ടണ്‍ അമർത്തി സ്ക്രീൻ ഓണാക്കി. തെളിഞ്ഞു വന്ന സ്ക്രീനിൽ വലതു കൈയിലെ ചൂണ്ടു വിരൽകൊണ്ട് വീട്ടിലെ ഫോണ്‍നമ്പർ അമർത്തി. വലതു വശത്തെ ചെവിയോടു ചേർത്ത് വെച്ചു. 

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. 

പക്ഷെ, ആരും എടുക്കിന്നില്ല. പിന്നെയും വിളിച്ചു.

ഉമ്മയാണ് ഫോണ്‍ എടുത്തത്‌.

"ഹലോ"

" ഹലോ അസ്സലാമു അലൈകും "

" വഅലൈകുമുസ്സലാം... ആരാ കോയമോനാണോ ?"

" ആാ ഞാനാണ് മ്മാ "

"  മോനെ ജി എവിടെത്തി ...എത്താനായോ ?

" ഇല്ല്യ ഇമ്മച്യെ. ഞാൻ ദാ ഇപ്പം അങ്ങട്ട്‌ വീമാനത്തിൽ കയറിയിട്ടോള്ളൂ."

" എപ്പളാ വീമാനം ഇട്ക്കാ മോനെ ?"

" കൊർച് സമ്യം കൂടി എടുക്കും ..ഒരു പത്തുനാപ്പത്തഞ്ചു മിനിട്ടും കൂടി എടുക്കും ഇമ്മച്യെ "

" മോനെ ജി എന്തെങ്കിലും കൈച്ചോ ?"

" ആ ഞാൻ കൈച്ചിട്ടാണ് വന്നത് ഇമ്മച്യെ.. ഇങ്ങളോ ? "

" ഞങ്ങൾ ഇപ്പംഅങ്ങട്ട് ചോറ് വെയ്ച്ചി കിടന്നിട്ടോള്ളൂ.  ഇവിടെ എയർപോർട്ടിൽ എത്യ ഉടനെ  വിളിക്ക്യണേ"

" ആ മ്മാ ഞാൻ വിളിച്യോളാം. ന്നാ ശരി വെക്കട്ടെ"

' ആ ഐക്കോട്ടെ"

" അസ്സലാമു അലൈകും"

" വ അലൈകുമുസ്സലാം "


ഹലീൽ മൊബൈൽ ഫോണ്‍ പാന്റ്സിന്റെ കീശയിൽ തിരുകി കണ്ണുകളടച്ചു കാത്തിരുന്നു. മനസ്സിൽ ശാന്തത !.


മനസ്സ് മന്ത്രിച്ചു.
“എങ്ങനെയെങ്കിലും ഒന്ന് വേഗം നാട്ടിൽ എത്തിയാൽ മതിയായിരുന്നു. എത്ര വേഗം എത്തുന്നോ അത്രയും നല്ലത്.  പ്രിയപ്പെട്ടവരെ എത്രയും പെട്ടെന്ന് കാണണം. ഉപ്പയും പൊന്നുമ്മായും പ്രിയ സഖിയും, കരളിന്റെ കഷ്ണമായ വെറും ഒമ്പത് മാസം മാത്രം പ്രായമായ ഹനമോളും എന്നെ കാത്തു നിൽക്കുന്നുണ്ടാകും. എല്ലാവരും എന്നെ സ്വീകരിക്കാൻ  നാളെ രാവിലെ എട്ടു മണിക്ക് കരിപ്പൂർ എയർ പോർട്ടിൽ എത്താം എന്ന് ഫോണിൽ വിളിക്കുമ്പോൾ  ഉപ്പ പറഞ്ഞിരുന്നു. വണ്ടിയും ഏർപ്പാട് ആക്കിയിട്ടുണ്ട്”.

ഹലീൽ പലതും ഓർത്ത് ഇരുന്നു. അറിയാതെ അവന്റെ കണ്ണുകളടഞ്ഞു.. പിന്നെ നടന്നതൊന്നും അവൻ അറിഞ്ഞില്ല.

എന്തോ ഒരു ശബ്ദം കേട്ട് മയക്കത്തിൽ നിന്നും ഹലീൽ ഞെട്ടി ഉണർന്നു.അവൻ മെല്ലെ കണ്ണ് തുറന്നുനോക്കി. ഇടതു ഭാഗത്തേക്ക് നോക്കി . എല്ലാവരും ഉണർന്നിരിക്കുകയാണ്.  അവരുടെ മുഖത്ത് എന്തോ ഒരു ഭയം നിഴലിട്ടിരിക്കുന്നു.  എല്ലാവരും പേടിച്ചിരിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. അവനു എന്തോ ഒരു പന്തികേട്‌ തോന്നി. എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. എന്തായിരിക്കും സംഭവിച്ചത് ? അവൻ എല്ലാം പടച്ചവനിൽ സമർപ്പിച്ചു കരളുരുകി പ്രാർഥിച്ചു.

പടച്ചവനെ കാക്കേണമേ !
                            
കിളിവാതിലിലൂടെവന്നു  വീമാനത്തിന്റെ ഉള്ളിൽ  നേരിയ സുര്യവെളിച്ചം വന്നു പതിച്ചു.  വലതു വശത്തുള്ള കിളിവാതിലിലൂടെ ഹലീൽ പുറത്തേക്കു നോക്കി. മേഘ പാളികൾക്ക്‌ മുകളിലൂടെ വീമാനം അതിവേഗം പറന്നു നീങ്ങുകയാണ്. രാവിലത്തെ സൂര്യ രശ്മികൾവന്നു പതിച്ചു മേഘ പാളികൾ വെട്ടിത്തിളങ്ങുന്നു. അത് ഒഴുകിനീങ്ങുന്ന പഞ്ഞിക്കെട്ട്പോലെ  തോന്നിച്ചു.

വീമാനം കടലിനും കരയ്ക്കു മുകളിലൂടെയുമായി വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. താഴേക്കു നോക്കിയപ്പോൾ കടലിനു പച്ചനിറം. ചാലിയം കടൽത്തീരവും , പുലിമുട്ടും കടൽ ഭിത്തിയും വ്യക്തമായി കാണാൻ പറ്റുന്നുണ്ട്.

വീമാനത്തിൽ നിന്നും ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു അറിയിപ്പ് വന്നു. വീമാനം ഇറങ്ങാൻ പോവുകയാണ്. എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ ഇടണം. കാലാവസ്ഥ വളരെ  മോശമാണ്. അഴിച്ചിട്ട സീറ്റ്‌ ബെൽറ്റ്‌ ഹലീൽ വീണ്ടും ഘടിപ്പിച്ചു. സീറ്റ്‌ ബെൽറ്റ്‌ ഇടാത്തത് ആരൊക്കെ എന്ന് എയർ ഹോസ്റ്റസ് വന്നു നോക്കുന്നുണ്ട്. സീറ്റ്‌ ബെൽറ്റ്‌ ഇടാൻ പറയുന്നുണ്ട്.

വീമാനം ഇറങ്ങുകയാണ്. മേഘ പാളികൾ തുളച്ചു വീമാനം താഴോട്ടു താഴോട്ടു ഇറങ്ങുകയാണ്.   വലതു വശത്തുള്ള കിളിവാതിലിലൂടെ ഹലീൽ താഴോട്ട് നോക്കി. ദൈവത്തിന്റെ സ്വന്തം നാട് തന്നെ വരവേൽക്കാനായി കാത്തുനിൽക്കുന്നു. താഴെ പച്ചപിടിച്ച കുന്നുകൾ. അതിന്റെ ഇടയിലൂടെ വളഞ്ഞു തിരിഞ്ഞു ഒഴുകുന്ന പുഴ  നല്ല നീളമുള്ള ഒരു പാമ്പിനെ പോലെ.... റോഡിലൂടെ സഞ്ചരിക്കുന്ന വാഹങ്ങൾ തീപ്പെട്ടികൂടുപോലെ....

കണ്ണിൽ കാഴ്ചകൾ തെളിഞ്ഞുവരുന്നു. ഇപ്പോൾ എല്ലാം വളരെ വ്യക്തമായി കാണാം. പുഴയും, തെങ്ങുകളും, മരങ്ങളും, വീടുകളും, വാഹനങ്ങളും ... ഇതിൽ തന്റെ വീട് എവിടെയാണ് - അവൻ തുറിച്ചു നോക്കി.

വീമാനം റണ്‍വേയിൽ വന്നു വീണു. അത് ഒരു വിറയലോടെ കുലുങ്ങി നേരെ മുന്നോട്ടു പായുകയാണ്.  കാഴ്ചകൾ പിന്നോട്ട് പായുന്നു. വീമാനത്തിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു.. നിൽക്കേണ്ട താമസം എല്ലാ യാത്രക്കാരും പെട്ടിയും സാധനങ്ങളും എടുത്തു ഓടിയിറങ്ങാൻ നോക്കുകയാണ്.

കിളിവാതിലിലൂടെ ഹലീൽ പുറത്തേക്കു നോക്കി. മഴ പെയ്തു നിലമെല്ലാം നനഞ്ഞു കിടക്കുന്നു. അവന്റെ മനസ്സിൽ ഒരു കുളിർ കാറ്റടിച്ചു.

തട്ടിന്മേൽ കിടക്കുന്ന ബാഗ്‌ ഹലീൽ വലിച്ചെടുത്തു തോളിലിട്ടു. കീശയിൽ നിന്നും മൊബൈൽ ഫോണ്‍ എടുത്തു സ്വിച് ഓണ്‍ ചെയ്തു. യാത്രക്കാരുടെ ഇടയിലൂടെ ഉന്തിതള്ളി മുന്നോട്ടു നടക്കാൻ നോക്കി. പെട്ടെന്ന് നീങ്ങാൻ പറ്റുന്നില്ല. മുന്നിലും പിന്നിലും യാത്രക്കാർ. എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുവാനുള്ള തിരക്കിലാണ്. എന്ത് ചെയ്യും ? വീമാനത്തിന്റെ വാതിൽക്കലെത്തിയപ്പോൾ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ആ പെണ്ണിനെ അവൻ വീണ്ടും കണ്ടു.  

വാതിൽ മുറിച്ചു കടക്കുമ്പോൾ ഹലീലിനോടും പുഞ്ചിരിച്ചുകൊണ്ട്  അവൾ പറഞ്ഞു.

" താങ്ക് യൂൂൂൂൂൂ സർ ... "

ഹലീലിനു സന്തോഷമായി. അവനെ ഇതുവരെ ആരും "സർ" എന്ന് വിളിച്ചിട്ടില്ല. ഇപ്പോഴിതാ കാണാൻ നല്ല ചന്തമുള്ള പെണ്ണ് “സർ” എന്ന് വിളിച്ചിരിക്കുന്നു. അതും പുഞ്ചിരിച്ചുകൊണ്ട് . വാതിൽ മുറിച്ചു കടന്നപ്പോൾ അവൻ തന്റെ നാടിനെ നിറഞ്ഞ കണ്ണുകളോടെ വീണ്ടും കണ്ടു. അതെ ! കുറെ കാലങ്ങൾക്കു ശേഷം. നനഞ്ഞ മണ്ണിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി. അവൻ  ചുറ്റുപാടും ഒന്ന് കണ്ണ് ഓടിച്ചു. മനസ്സിൽ ഒരു വല്ലാത്ത സന്തോഷം.  അവൻ  വേഗം പടികൾ ചവിട്ടിയിറങ്ങി.  മൊബൈൽ എടുത്ത് ഉപ്പായെ വിളിച്ചു. 

" ഹലോ അസ്സലാമു അലൈകും"

" വ അലൈകും സലാം ... എത്യോ ?"

" ദാ  ഇപ്പം വീമാനം ഇറങ്ങിയതെ ഉള്ളൂ"

" കൂടുതൽ സമയം എടുക്കോ ?"

" ഇല്ല .  ഞാൻ ദാ  ഇപ്പം എത്തും. ഇങ്ങള് പുറത്തുണ്ടോ?

" ആ . ഞങ്ങൾ എത്തിട്ടു ഒരു മണിക്കൂർ കഴിഞ്ഞു."

“തെന്നേ... എല്ലാവരും കൂടെയില്ലേ ?"

" ആ എല്ലാരൂണ്ട്. എല്ലാരും അന്നെ കാണാൻ കാത്തിരിക്കുകയാണ്"

" ഓക്കേ ന്നാ ശെരി വെക്കട്ടെ . ഞാൻ ദാ ഇപ്പം എത്താം"

" ഓക്കേ അസ്സലാമു അലൈകും"

" വ അലൈകുമുസ്സലാം "

ഹലീൽ മുന്നിലേക്ക്‌ നോക്കി . ദാ മുന്നിൽ വന്നു നിൽക്കുന്നു ഒരു ബസ്‌. അവൻ അതിൽ കയറി. നോക്കിയപ്പോൾ സീറ്റ്‌ ഒന്നും ബാക്കിയില്ല. മുകളിലുള്ള കമ്പിയിൽ പിടിച്ചു ബാഗും തൂക്കിയിട്ടു നിന്നു. ബസ്‌ മുന്നോട്ടു നീങ്ങി. അത് ഒരു കെട്ടിടത്തിന്റെ മുന്നിൽ പോയി നിന്നു. ഹലീൽ ഇറങ്ങി നടന്നു കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി. പിന്നെയും വേഗം നടന്നു. പടികൾ ചവിട്ടിയിറങ്ങി വീണ്ടും നടന്നു.

നടക്കുമ്പോൾ യാത്രക്കാർ വരിനിൽക്കുന്നത്‌ ഹലീൽ കണ്ടു. അവനും വരിയുടെ പിന്നിൽ കാത്തുനിന്നു. അവൻ മുന്നിലെത്തിയപ്പോൾ ഉദ്യോഗസ്ഥൻ അവന്റെ പാസ്പോർട്ട്‌ വാങ്ങി അതിന്റെ ഉള്ളിൽ സീൽ അടിച്ചു  തിരിച്ചു കൊടുത്തു. അതുവാങ്ങി അവൻ വീണ്ടും നടന്നു.

അപ്പോൾ ഹലീൽ ആ കാഴ്ച കണ്ടു. ദാ പോകുന്നു  വലിയ കുറെ ബാഗുകളും പെട്ടികളും . അതങ്ങിനെ വലിയ വട്ടത്തിൽ കറങ്ങി നീങ്ങുകയാണ്. അവൻ അങ്ങോട്ട്‌ ചെന്നു. തന്റെ പെട്ടിയുണ്ടോ എന്ന് വട്ടക്കണ്ണൂകളോടെ അവൻ  തുറിച്ചു നോക്കി. കാണ്മാനില്ല. എന്ത് ചെയ്യും ? വീണ്ടും വീണ്ടും നോക്കി. ഒരു രക്ഷയും ഇല്ല. ഫോണിൽ വിളി വന്നു കൊണ്ടിരിക്കുന്നു. പിന്നെയും കുറെ നേരം കാത്തു നിന്നു. അവനു ക്ഷമയുടെ പിടിവള്ളി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അപ്പോൾ ദാ വരുന്നു ചുവപ്പ് നിറത്തിലുള്ള തന്റെ ബാഗ്. അതിന്റെ അടുത്തായി പെട്ടിയുമുണ്ട്.  അതിൻമേൽ തന്റെ പേര് വെണ്ടക്ക അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്. കാണേണ്ട താമസം ഹലീൽ പെട്ടി  വലിച്ചെടുത്തു. അതിനു നല്ല കനവും വലിപ്പവും ഉണ്ട്. അത് ഉന്തു വണ്ടിയിൽ കയറ്റിവെച്ചു  തള്ളിനടന്നു. അതിന്റെ ചക്രം അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നുണ്ട്‌. വണ്ടി നേരെ നിയന്ത്രിച്ചു കൊണ്ടുപോകാൻ അവൻ നന്നേ പാടുപെട്ടു.

ഗേറ്റ് കടന്നു പുറത്തേക്കു നോക്കുമ്പോൾ,  പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന  ആൾക്കൂട്ടത്തെ ഹലീൽ കണ്ടു. എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തുനിൽക്കുകയാണ്. അവർ കൈകൾ കൊണ്ട് ആഗ്യം കാണിച്ചു ആരെയൊക്കെയോ വിളിക്കുന്നുണ്ട്. ചിലർ ചിരിക്കുന്നുണ്ട്.  ചിലർ പ്രതീക്ഷയോടെ  പ്രിയപ്പെട്ടവരെ ഉറ്റു നോക്കുകയാണ്. 

വണ്ടി ഉന്തിയിറക്കുമ്പോൾ  ഹലീൽ അവന്റെ ഉപ്പയെ കണ്ടു. അവനു സന്തോഷം കൊണ്ട് വീർപ്പുമുട്ടി.  ഉപ്പ കൈകൾ പൊന്തിച്ചു നിൽക്കുകയാണ്. അതിനടുത്തായി ഉമ്മയും.  ഉമ്മ  നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കുകയാണ്. അവന്റെയും കണ്ണ് നിറഞ്ഞു. അതിനടുത്തായി തന്റെ ഭാര്യ കുഞ്ഞിനേയും ഒക്കത്ത് വെച്ചു നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്നു. അവന്റെ സന്തോഷം അണപൊട്ടിയൊഴുകി. അവരുടെ അരികെ,  കുഞ്ഞിപെങ്ങൾ തന്റെ കുഞ്ഞിനേയും ഒക്കത്ത് വെച്ചു നോക്കി പുഞ്ചിരിക്കുന്നു.

ഹലീൽ എല്ലാവർക്കും ഒരിമിച്ചു സലാം പറഞ്ഞു. സുഖ വിവരങ്ങൾ അന്വേഷിച്ചു.

" എല്ലാവർക്കും സുഖല്ലേ ??"  

അവൻ ആവേശത്തോടെ ഹന മോളെ  വാരിയെടുത്ത് നെറ്റിയിലും കവിളത്തും തുരു തുരാ മുത്തം വെച്ചുകൊടുത്തു. അതുപോലെ പെങ്ങളുടെ കുട്ടിയായ സഫ മോളെയും വാരിയെടുത്ത് ഉമ്മ വെച്ചു.

വീട്ടിലേക്കു പോകാനുള്ള വണ്ടി കുറച്ചു ദൂരെ കാത്തു കിടക്കുന്നത് ഹലീൽ കണ്ടു. എല്ലാവരും ഒരുമിച്ചു നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു. ലഗേജ് വെച്ച  ഉന്തുവണ്ടി ഉന്തിതള്ളി ഹലീൽ  അവരുടെ പിന്നിലും.

അടുത്ത ദിവസം രാവിലെ,  മലയാള ദിനപത്രത്തിൽ തലക്കെട്ടോടു കൂടി ഇങ്ങനെ ഒരു വാർത്ത‍ ഹലീലിന്റെ ഉപ്പാ കണ്ടു.

"എയർ ഇന്ത്യ വീമാനം വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു".

ആ വാർത്ത‍ അറിഞ്ഞപ്പോൾ ഹലീലിന്റെ ഉമ്മാ തെല്ല്‌ അതിശയത്തോടെ പറഞ്ഞു:

" പടച്ചോൻ കാത്തതാണ് മക്കളെ ! "
......................................................      

കെ. എം. എ. പരുത്തിക്കാട്



Story: പുതു മഴ




അങ്ങ്ദൂരെ കടലിനക്കരെകാരക്ക കായ്ക്കുന്ന നാട്ടിൽ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു കുളിർമഴ പെയ്തു.  മഴ പെയ്യേണ്ട താമസം ഓഫീസിൽ നിന്നും കുറെ മൈൽ അകലെ, ഇരുബ്പോലും ഉരുകിപ്പോകുന്ന  വെയിലുള്ള സൈറ്റിൽ ജോലിചെയ്യുകയായിരുന്ന മജീദിന്റെ  മൂക്കിൽ  ഒരു മണം തുളച്ചു കയറി. നനഞ്ഞ മണ്ണിന്റെ സുഗന്ധം ! തണുപ്പുള്ള ആ മണം മൂക്കിലൂടെ ഉള്ളിലേക്കു കയറിക്കയറി  അങ്ങ് തലച്ചോറിലും പിന്നെ ഹൃദയത്തിലും എത്തി. അത് അവന്റെ ശരീരത്തിനെന്നപോലെ മനസ്സിനെയും തണുപ്പിച്ചു.    അപ്പോൾ അവന്റെ മനസ്സിൽ ഒരു കുളിര് അനുഭവപ്പെട്ടു. അവന്റെ ഓർമ്മകൾ ഒരുപാട് കാലം പിന്നോട്ട് പാഞ്ഞു.   

ശാന്തസുന്തരമായ ഒരു കൊച്ചുഗ്രാമം. ഇന്നത്തെപോലെ വണ്ടികളുടെ കാതടപ്പിക്കുന്ന ഒച്ചയും ബഹളവും ഒന്നുമില്ല. എപ്പോഴെങ്കിലും ഒരു വണ്ടി റോഡിലൂടെ പോയാലായി. അത്ര തന്നെ. എപ്പോൾ നോക്കിയാലും കിളികളുടെയും അതല്ലെങ്കിൽ നാൽക്കാലികലുടെയും ശബ്ദം മാത്രം കേൾക്കാം. കാക്ക കരയുന്ന ശബ്ദം ഇടയ്ക്കിടയ്ക്ക് കേൾക്കാം.

മജീദിന്റെ കുട്ടിക്കാലം ! ആ നാട്ടിലൊരു അതിവിശാലമായ പാറപ്പുറമുണ്ട്. അതിൻമേൽ തേങ്ങ വെട്ടി കൊപ്ര ചിക്കാറുണ്ട്. വിശ്വസ്തനും  അന്നാട്ടിലെ അറിയപ്പെട്ട കച്ചവടക്കാരനുമായ കുഞ്ഞാലി ഹാജിയായിരുന്നു അതു നടത്തിയിരുന്നത്. ആ പാറപ്പുറത്ത് വൈകുന്നേരമായാൽ കൊപ്രകഷ്ണങ്ങൾ ചവച്ചിറക്കി കൊപ്ര അടത്തികൊണ്ടിരിക്കുന്ന  ഒരുപാട് ആളുകളെ  കാണാം. അവർ സൊറ പറഞ്ഞങ്ങിനെ  കൊപ്ര അടത്തികൊണ്ടിരിക്കും. ഒരുപാട് നേരം ചവച്ചു തൊണ്ടക്കുഴി ഉണങ്ങിയാൽ പിന്നെ ഒരു തുപ്പലാണ്. ആരും ഇല്ലാത്ത ഒരു ഭാഗം നോക്കി.

" പ്പൂ.... പ്പൂ.... പ്പൂ.... "

പാറപ്പുറത്തിന്റെ അപ്പുറത്ത് റോഡിന്റെ പടിഞ്ഞാറ് വശത്തായി ഒരു ചായപ്പീടികയും ഉണ്ടായിരുന്നു. കുഞ്ഞാലി ഹാജിയുടെ അനുജനും മജീദിന്റെ ഉപ്പാപ്പയുമായ അഹമ്മദ്‌ ഹാജിയാണ് ആ ചായ പീടിക നടത്തിയിരുന്നത്. കൊപ്രപ്പണിക്കാരെല്ലാം അദ്ദേഹത്തിന്റെ ചായപ്പീടികയിൽ നിന്നാണ് ചായ കുടിച്ചിരുന്നത്‌. ചായ കുടിക്കാൻ നാട്ടിലെ മുക്കിലും മൂലയിൽ നിന്നും അവിടെ ആളുകൾ വന്നിരുന്നു. ആളുകൾ അതിശയത്തോടെ പറയും.

" അഹമ്മദാക്ക ന്ണ്ടാക്കുന്ന തൂമ്പിലെ പുട്ടിനു പ്രത്യേക രസാണ്  ! "

ദിനങ്ങൾ ശരവേഗത്തിൽ കടന്നുപോയി. കൊപ്ര ചിക്കുന്നത് നീന്നു. പാറപ്പുറത്ത് സൊറപറഞ്ഞു കൊപ്ര അടത്തുന്ന ആളുകളെയും കാണാതായി. ചായപ്പീടിക പൂട്ടി.
പാറപ്പുറത്തിന്റെ ഒരു വശത്ത് ഒരു കുണ്ടുണ്ട്. അതിനെ ചെന എന്നാണു ആ നാട്ടുകാർ വിളിച്ചിരുന്നത്‌. എന്തുകൊണ്ടാണ് അതു ചെന എന്ന പേരിൽ അറിയപ്പെട്ടത്അതിന്റെ അടുത്താണ് മജീദിന്റെ തറവാട്. അതുകൊണ്ട്തന്നെ ആ തറവാട് ചെനക്കൽ തറവാട് എന്നാണു അറിയപ്പെട്ടിരുന്നത്. ചെനയുടെ പിന്നിലാണ് മജീദിന്റെ  ചെറിയ വീട് ഉള്ളത്.  വീട്ടിൽ നിന്നും നോക്കിയാൽ ആർക്കും ആ ചെന കാണാം.

തറവാട്ടിലേക്ക് വിരുന്നു വരാൻ ഉദ്ദേശിക്കുന്ന ആളുകൾ പറയും.

" ഞമ്മക്ക്  ചെനക്കലേക്ക് പോകാം"

മഴ പെയ്താൽ അതിൽ വെള്ളം നിറയും. കരകവിഞ്ഞൊഴുകുന്ന വെള്ളം ചരൽക്കല്ലുകൾ നിറഞ്ഞ വഴിയിലൂടെ ഒഴുകിയൊഴുകി കുറച്ചുദൂരെ താഴെയുള്ള കടലുണ്ടിപ്പുഴയിലേക്ക് ചെന്നുചേരും.  വലിയ കല്ലുകളുംചെരൽ കല്ലുകളും മണ്ണും ഇട്ടു വഴിയിൽ കുട്ടികൾ ഒരുമിച്ചു ചേർന്ന് ഒരു കുഞ്ഞു അണക്കെട്ട് ഉണ്ടാക്കും. മുല്ലപെരിയാർ അണക്കെട്ടുപോലെ വെള്ളം ഒരു പാട്പൊന്തും. ഏകദേശം കാൽമുട്ട് വരെ എത്തുമ്പോൾഎല്ലാവരും ചേർന്ന് ആ കുഞ്ഞു അണക്കെട്ട് പൊട്ടിച്ചു വിടും. അപ്പോൾ വെള്ളം അണപൊട്ടിയൊഴുകും. വെള്ളം കുതിച്ചു പായും.  ഏത്             പടു കൂറ്റൻ മരവും ആ വെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോകും. ആ കാഴ്ച വല്ലാത്ത ഒരു അതിശയത്തോടെ കുട്ടികൾ അന്തംവിട്ടു നോക്കി നിൽക്കും.

മജീദ്‌ എൽ.പി സ്കൂളിൽ പഠിക്കുന്ന കാലം. വേനൽ കഴിഞ്ഞു പുതുമഴ പെയ്തു. ചെനയിൽ വെള്ളം നിറഞ്ഞു കവിഞ്ഞു.. പിറ്റേ ദിവസം അതിരാവിലെ മഴയുടെ മുഴക്കം കേട്ടാണ് മജീദ്‌ ഉറക്കത്തിൽ നിന്നും ഉണർന്നത്‌. അവൻ ജനവാതിൽ തുറന്നു നോക്കി. കോരിച്ചൊരിയുന്ന മഴ. സുഗന്ധമുള്ള ഒരു മണം മൂക്കിലേക്ക് അടിച്ചു കയറി. മഴപെയ്തു നനഞ്ഞ മണ്ണിന്റെ മണം !  അവന്റെ മനസ്സിൽ വസന്തം വിരിഞ്ഞു.  

അപ്പോഴാണ്‌ അവൻ ആ ശബ്ദം ശ്രദ്ധിച്ചത്.

" പേക്രോം പേക്രോം ".

ആ ശബ്ദം കേൾക്കേണ്ട താമസം മജീദിന് അതിശക്തമായ  പൂതി മുളച്ചു. ചെനയുടെ അടുത്തേക്ക് ഒന്ന് പോയിനോക്കാൻ. ആ കാഴ്ച ഒരുനോക്ക് കാണാൻ. എന്താണ് ആ കാഴ്ച ?

അവൻ നീട്ടി വിളിച്ചു.

ഇമ്മാ........ "

എന്താ മോനെ ! " - ഉമ്മ അടുക്കളയിൽ നിന്നും ഉത്തരം നൽകി.

ഉമ്മ അടുക്കളയിലാണെന്ന് അവനു മനസ്സിലായി. അവൻ അടുക്കളയിലേക്കു നടന്നു. ഉമ്മയുടെ അടുത്ത് ചെന്ന് മെല്ലെ കാതിൽ മന്ത്രിച്ചു.

 " ഇമ്മച്യെ"

എന്താ മോനെ ? "

ഇമ്മ്ച്യെ ഞാന് ചെനെ  പോയോക്കട്ടെ ? "

ഇപ്പളോ"

ആാ ഇപ്പം തെന്നെ"

നേരം വെൾക്കട്ടെ. പാൽക്കാരാൻ ഇതുവരെ പോയിട്ടില്ല"

നല്ല ഇമ്മച്ച്യല്ലേ. ഞാൻ പോയി ഇപ്പം തന്നെ വരാം"

ഇജി പല്ലേച്ചി മോറു കഴ്ക്യോ ?

ഇല്ല്യ"

"  ന്നാ വേഗം പോയി പല്ലേച്ചി മോറെയ്കി വാ"

മജീദ്‌ പല്ല് തേച്ചു  മുഖം കഴുകാൻ ഓടി. ചിരട്ടയിൽ എടുത്തുവച്ചിരുന്ന ഉമിക്കരി എടുത്തു പല്ല് തേച്ചു. അവന്റെ പല്ല് കൊക്കിനെ പോലെ വെളുത്തു. മുഖം ചന്ദ്രിക സോപ്പിട്ടു പതപ്പിച്ചു കഴുകി. അവന്റെ മുഖത്ത് നിലാവ് പോലെ വെളിച്ചം ! ഉടനെ അവന്റെ ഉമ്മാന്റെ അടുത്തേക്ക് ഓടി.

കണ്ടപാടെ മജീദിന്റെ ഉമ്മാ പറഞ്ഞു.

പല്ലാട്ട്യ നോക്കട്ടെ"

കൊക്ക്പോലെ വെളുത്ത പല്ലുകൾ മജീദ്‌ അവന്റെ ഉമ്മാക്ക് ഇളിച്ചു കാട്ടികൊടുത്തു. അതു കണ്ടപ്പോൾ ഉമ്മാക്ക് സന്തോഷമായി.

മജീദിന്റെ ഉമ്മ സന്തോഷത്തോടെ പറഞ്ഞു .

"മുപ്പത്തിരണ്ടു പല്ലും പുറത്താണല്ലോ ! വേഗം പൂട്ടിക്കാള്. നെൽത് വീണു പോകണ്ട ! "

ഉണ്ടാക്കിവെച്ച സുലൈമാനി ഒരു കുഞ്ഞു സ്റ്റീൽ പാത്രത്തിൽ ആക്കി മജീദിന്റെ ഉമ്മ അവനു വെച്ച്  നീട്ടി. സുലൈമാനിക്ക് നല്ല ചൂടുണ്ട്.

കൈയിൽ കിട്ടേണ്ട താമസം മജീദ്‌ അത് വേഗം ചുണ്ടോടടുപ്പിച്ചു. അവന്റെ മനസ്സില് ചെനയാണ്!  ഒരു ഞെട്ടൽ. പകുതി ചായ പുറത്തേക്കു ചിന്തി.

മജീദിന്റെ നാവു പൊള്ളിതരിച്ചുപോയി. അവന്റെ കണ്ണിൽ നിന്നും ചൂടുള്ള ഉറവ പൊട്ടി.

എന്തെ പറ്റ്യേടാ" - അവന്റെ ഉമ്മ ചോദിച്ചു.

ഒന്നൂല്ല്യ ഇമ്മച്യെ. തരിപ്പ് പോയതാണ്" - ഒന്നും പറ്റാത്തപോലെ മജീദ്‌ പറഞ്ഞു.
ചെനയും തവളകളും അവിടെ തന്നെ ഉണ്ടാകും. ഓല് എങ്ങട്ടും വിരുന്ന് പോവൂല. സാവധാനം പലകയിൽ കുത്തിരുന്ന് കുടിച്ചോ" - മജീദിന്റെ ഉമ്മ അവനെ സമാധാനിപ്പിച്ചു.
ബാക്കിയുള്ള കട്ടൻചായ മജീദ്‌ തെല്ല് വേഗത്തിൽ കുടിച്ചു തീർത്തു. കുടിച്ചു തീർത്തില്ലെങ്കിൽ ചെന കാണാൻ അവനെ വിടില്ല എന്ന്  മജീദിന് അറിയാം.
മഴയുടെ ശക്തി കുറഞ്ഞു . ഇപ്പോൾ മഴ ചാറുകയാണ്. വെറും കുട്ടിയായ മജീദ്‌ തന്റെ  പുള്ളിക്കുടയുംചൂടി വീടിന്റെ പടി ഇറങ്ങുമ്പോൾ ഉള്ളിൽ നിന്നും ഒരു ശബ്ദം.

"ഇപ്പച്ച്യെ ഇക്ക്യും ചെന കാണണം ! ഞാനും ഓന്റെ കൂടെ പോട്ടെ ? "

മജീദിനെക്കാൾ മൂന്ന് വയസ്സ് കുറവുള്ള അവന്റെ കുഞ്ഞിപെങ്ങൾ ഇപ്പോയോടു സമ്മദം ചോദിക്കുകയാണ്.

" ന്നാ ഓള്യും കൂട്ടിക്കോ "  - കോലായിൽ ചാരുകസേരയിൽ ചാരിയിരുന്ന് കട്ടൻ ചായയും കുടിച്ചു പത്രം വായിക്കുകയായിരുന്ന അവന്റെ ഉപ്പാന്റെ ഉത്തരവ്.

ഇപ്പച്ച്യെ ഇക്ക്യും പുള്ളിക്കുട മേണം !"

മോൾക്ക്‌ ഇപ്പച്ചി സ്കൂളിൽ ചേർത്തുമ്പോൾ വാങ്ങിച്ചു താരാട്ടോ " - ഉപ്പ അവളെ സമാധാനിപ്പിച്ചു.

ഉം "

ജി    വെര്ണ്ടോ ? ജി  വെരിണ്ടെങ്കിൽ വേഗം വാ. ഞാൻ പോവ്വാണ്‌ !" - മജീദ്‌ താക്കീത് നൽകി.

പോവല്ലാ . ഞാനൂണ്ട് !" - കുഞ്ഞിപെങ്ങളുടെ മറുപടി.

കുഞ്ഞിപ്പെങ്ങളും അവന്റെ കൂടെ കൂടി. അവർ രണ്ടു പേരും മഴയത്ത് പുള്ളിക്കുട ചൂടി ഇറങ്ങി നടന്നു. ചെനയുടെ അടുത്തേക്ക് ചെന്ന് നോക്കി. അപ്പോൾ മജീദ്‌ ആ കാഴ്ച കണ്ടു. അവിടെയും ഇവിടെയുമായി പലനിറങ്ങളിലുള്ള   കുറെ ഹലാക്കിലെ തവളകൾ നീന്തി കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്നു. എല്ലാത്തിന്റെയും  കഴുത്തിൽ ഇരു വശത്തുമായി മഞ്ഞനിറവും നീലനിറവുമുള്ള  രണ്ടു  ബലൂണുകൾ.  എല്ലാവരും അതു ഊതിവീർപ്പിചുംപിന്നെ കാറ്റൊഴിച്ചും കൊണ്ടിരിക്കുന്നു. കൂടെ ആ ശബ്ദവും.

" പേക്രോം പേക്രോം...... പേക്രോം പേക്രോം".

വരണ്ട കുറെ കാലങ്ങൾക്ക് ശേഷം സന്തോഷത്തിന്റെ  പുതുമഴ പെയ്തപ്പോൾ മടയിൽ നിന്നും പുറത്തുവന്നു തവളകൾ ആഘോഷിക്കുകയാണ്. വെള്ളത്തിൽ നീന്തി തുടിക്കുകയാണ്. ഇണചേരുകയാണ്! അർമാദിക്കുകയാണ് !...
തവളകളിൽ ചിലത് വെള്ളത്തിൽ നീന്തി കളിക്കുകയാണ്. ചിലത് കരയിലും. വെള്ളത്തിലുള്ള  തവളകളിൽ ചിലതിന്റെ മീതെ വേറെ തവളയും കെട്ടിപ്പിടിച്ചു കിടക്കുന്നു. മജീദിനെ കണ്ടപ്പോൾ  നാണമുള്ള അവയിൽ ചിലത് വെള്ളത്തിലേക്ക്‌ ഊളിയിട്ടു. നാണമില്ലാത്തസംസ്കാരമില്ലാത്ത ചിലത് മജീദിനെ നോക്കി ആാ കിടന്ന കിടപ്പിൽ തന്നെ കിടന്നു.

ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെനയിൽ സോപ്പ്പത പോലെയുള്ള ഒരു സാധനം പൊന്തിക്കിടന്നു. വൈകാതെ കുഞ്ഞു തവളാ പൊട്ടലുകൾ വിരിഞ്ഞിറങ്ങി മീനുകളെപോലെ നീന്തിക്കളിക്കാൻ തുടങ്ങി. അവയെ കണ്ടാൽ ചെറുമീൻ മീൻ പൊലപ്പുകൾ ആണെന്നേ തോന്നൂ. അതിരാവിലെ മജീദും അവന്റെ എളാപ്പയുടെ മക്കളായ ജാവിദും , ഉസ്മാനും ചേർന്ന്  തവളാ പൊട്ടൽ പിടിക്കാൻ ഇറങ്ങും. മജീദിന്റെ പെങ്ങളായ ആരിഫയും എളാപ്പയുടെ  മകളായ നാദിറയും  അവരെ സഹായിക്കാൻ ഉണ്ടാകും. ഇരുകൈകളും ചേർത്ത് പിടിച്ചു തവളാപൊട്ടലിനെ അവർ കോരിയെടുക്കും. അടുത്തുള്ള പാറക്കെട്ടിലെ കുഴികളിൽ കൊണ്ടുപോയി ഒഴിക്കും. അപ്പോൾ കുഞ്ഞു തവളാപൊട്ടലുകൾ അതിന്റെ ഉളളിൽ നീന്തി ഓടിക്കളിക്കും.
വേനൽക്കാലമായാൽ ചെന വറ്റിവരളും. ഒരു ചിരട്ടയിൽ കോരി എടുക്കുവാനുള്ള വെള്ളം പോലും ബാക്കിയാവില്ല.. അപ്പോൾ അതിൽ നിന്നും ഒരു മണം അടിക്കും. ചത്ത്‌ നാറുന്ന തവളാപൊട്ടലിന്റെ മണം ! നട്ടുച്ച   സൂര്യന്റെ പൊള്ളുന്ന വെയിലിലും  അവയുടെ കണ്ണുകൾ മാത്രം വെട്ടിത്തിളങ്ങും.

മജീദിന്റെ കുട്ടിക്കാലത്ത് അവന്റെ വീട്ടിൽ പ്രാരാബ്ധമായിരുന്നു. പട്ടിണിയില്ലെങ്കിലും ഇല്ലായ്മ എന്തെന്ന് അവനും അവന്റെ കുഞ്ഞനുജത്തിയും നന്നായി അറിഞ്ഞു. അധിക ദിവസങ്ങളിലും ചോറും തക്കാളി  കൂട്ടാനും അതല്ലെങ്കിൽ ചോറും ചൂടാക്കിയ വെളിച്ചണ്ണയുംമാത്രം കഴിച്ചു  കിടന്നു. ഇതിനെചൊല്ലി അവന്റെ ഉപ്പയും ഉമ്മയും തമ്മിൽ എന്നും വഴക്ക് കൂടും.

  മജീദിന്റെ ഉമ്മ ഇടയ്ക്കിടെ ഉപ്പാക്ക് താക്കീത് നൽകും.

" ഇങ്ങനെ പോയാൽ അറ്റിങ്ങൾ അട്ത്തെന്നെ എല്ലും തോലുമാകും ! " 

വീട്ടിൽ നിന്നും പുറത്തേക്കു പോകുന്ന വഴിയിൽ ഒരു കാക്കയ്ക്ക്  വന്നിരിക്കാനുള്ള തണല് പോലും ഉണ്ടായിരുന്നില്ല.  അതിനാൽ മജീദും അവന്റെ കുഞ്ഞനുജത്തിയും പാറപ്പുറത്തെ ചുടുവെയിൽ കൊണ്ട് നടന്നു.

മജീദിന്റെ ഉപ്പ പ്രവാസം മതിയാക്കി വന്നിട്ട് ഒരുപാട് കാലമായി . തേങ്ങയിൽനിന്നും കിട്ടുന്ന ആദായമായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള  ആശ്രയം. പിന്നെയുള്ളത് വല്ലപ്പോഴും ഉമ്മയുടെ വീട്ടിൽ പോകുമ്പോൾ അവന്റെ സ്നേഹമുള്ള വല്ല്യുമ്മ കണ്ടറിഞ്ഞു കൊടുക്കുന്ന കുറച്ചു പണവും. സ്നേഹമെന്തെന്നു അവനെ പഠിപ്പിച്ചത് അവന്റെ വല്ല്യുമ്മ ആയിരുന്നു.

പ്രാരാബ്ധങ്ങൾക്കിടയിലും മജീദ്‌ പ്രതീക്ഷ കൈവിടാതെ പഠിച്ചു വളർന്നു. അവൻ എൽ.പി സ്കൂളും  യു പി സ്കൂളും  ഹൈസ്കൂളും പൂർത്തിയാക്കി. മലബാറിലെ അറിയപ്പെട്ട ഒരു കലാലയത്തിന്റെ കവാടവും കടന്നിറങ്ങി. സർവകലാശാലയുടെ കവാടവും ഒരു വെല്ലുവിളിയോടെ കടന്നിറങ്ങി. പഠനം കഴിഞ്ഞ ഉടനെ അവനു ഗൾഫിൽ ഒരു ജോലി ശരിയായി. പ്രാരാബ്ധങ്ങൾ തീർക്കാൻ ഒരു ജോലി ! പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. കടം വാങ്ങിയ പണം കൊണ്ട് വീമാന ടിക്കറ്റ്‌ എടുത്തു.  നിറഞ്ഞ കണ്ണുകളും തകർന്ന ഹൃദയവുമായി പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞിറങ്ങി.

രണ്ടു വർഷങ്ങൾ അതായത് എഴുനൂറിൽ കൂടുതൽ ദിവസങ്ങൾ തള്ളിനീക്കി. പെങ്ങൾക്കു കല്യാണ പ്രായം കഴിഞ്ഞു തുടങ്ങി. മജീദിന് നാട്ടിലേക്ക് വരാൻ വെറും രണ്ടു മാസത്തെ ലീവ് കിട്ടി. കൂട്ടക്കാർക്കും കുടുംബക്കാർക്കും വേണ്ടി ഒരുപാട് സാധനങ്ങൾ വാങ്ങികൂട്ടി അവൻ പെട്ടികെട്ടി. ആർക്കും ഒരു പരാധിയും ഉണ്ടാവാൻ പാടില്ല.  പെട്ടികെട്ടാൻ സുഹൃത്തുക്കളും അവനെ സഹായിച്ചു. സുഹൃത്തുക്കളിൽ ചിലർ ചേർന്ന് അവനെ എയർപോർട്ടിൽ കൊണ്ട് പോയി വിട്ടു . ബോർഡിംഗ് പാസ്‌ കിട്ടിയത് അറിയിച്ചപ്പോൾ അവർ തിരിച്ചുപോയി.

നാട്ടിൽ തിരിച്ചു വന്നപ്പോൾ മജീദ്‌ ആദ്യം പോയത് തന്റെ ഓർമ്മകൾ കെട്ടിക്കിടക്കുന്ന വീട്ടിനടുത്തുള്ള  ചെനയുടെ അടുത്തേക്കാണ്. അവൻ വേഗം അവിടേക്ക് നടന്നു. പ്രതീക്ഷയോടെ അങ്ങോട്ട്‌ നോക്കി.  പണ്ടാരം അടങ്ങിയ, വീണുടഞ്ഞു നാശമായ വെട്ടുകല്ലുകളും, ഉപകാരമില്ലാത്ത വെളുത്ത ചേടിമണ്ണും ഇട്ടു  അവന്റെ ഓർമ്മകൾ മണ്ണിട്ടു മൂടിയിട്ടുണ്ടായിരുന്നു.


Drawing : (Courtesy)
...................................................


കെ .എം .എ പരുത്തിക്കാട്

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...