കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്കുന്നത് എൻ്റെ സ്വന്തം നാടായ വള്ളിക്കുന്നിലെ പരുത്തിക്കാട്ടിലുള്ള "ഹിബ മൻസിൽ" ആണെന്ന് അറിയുന്ന എത്ര പേരുണ്ടാകും. ഹിബ എന്ന് കേൾക്കുമ്പോഴേക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇതൊരു അറബി വാക്കുമാത്രമാണ്. ഹിബ എന്നാല് സമ്മാനം എന്നർത്ഥം. അതായത് ദൈവത്തിൻ്റെ സമ്മാനം. നാവിന് പറയാൻ വളരെ എളുപ്പവും കേൾക്കാൻ നല്ല ഇമ്പവുമുഉള പേര് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീടിന് ആരാണ് പേരിട്ടത് എന്ന് ഇതുവരെ പറഞ്ഞില്ലല്ലോ. മറ്റാരുമല്ല. എൻ്റെ ഉപ്പായിട്ടതാണ്. വീടിനിപ്പോൾ പ്രായം ഒരു പത്തുനാല്പത് വയസ്സ് ആയികാണും. എൻ്റെ കുട്ടിക്കാലത്ത് ഉപ്പാ പണികഴിപ്പിച്ചതാണ്. അന്ന് ഒരു നില മാത്രമുള്ള ഒരു കൊച്ചു വീടായിരുന്നു. പിന്നീട് മഴയും വെയിലുമേറ്റ് ചോർന്നൊലിക്കുവാൻ തുടങ്ങിയപ്പോൾ ഈയടുത്ത കാലത്ത് ഞങൾ പുതുക്കി പണിതതാണ്. പണിയെല്ലാം കഴിഞ്ഞ് ഇപ്പോൾ സുന്ദര കുട്ടപ്പനായി അങ്ങനെ നിൽക്കുകയാണ്.
അതൊക്കെ അവിടെയിരിക്കട്ടെ. വീട്ടിൻ്റെ പേരിൻ്റെ മഹത്വമറിഞ്ഞു ആരും ഇങ്ങോട്ടു ഓടിപ്പാഞ്ഞു വരാനൊന്നും നിൽക്കേണ്ടതില്ല. വീട്ടിൻ്റെ ഗേറ്റ് ഭദ്രമായി അടച്ചിട്ടിരിക്കുകയാണ്. പോരാത്തതിന് ഗേറ്റിൻ്റെ അടുത്തായി അവിടെയും ഇവിടെയുമായി ഒരു മൂഖജീവി എല്ലാവരെയും നിരീക്ഷിച്ച് ഇരിക്കുന്നുണ്ടാവും. എങ്കിലും അത് ആരെയും ഒന്നും കാട്ടുകയൊന്നുമില്ല. വല്ലപ്പോഴും തിന്നാൻ കിട്ടുന്നത് കാരണം അതിനു കുറച്ച് ഇണക്ക മൊക്കെയുണ്ട്. അതിൻ്റെ വാലാട്ടി അത് നന്ദിയും കാണിക്കുന്നുണ്ട്. ആരെങ്കിലും രാവിലെയാണ് വരുന്നതെങ്കിൽ എൻ്റെ പെണ്ണുമ്മാ അതായത് എന്നെ പ്രസവിച്ച എൻ്റെ സാക്ഷാൽ ഉമ്മ കുറ്റിചൂലും പിടിച്ച് മുറ്റത്ത് തന്നെ നിൽപ്പുണ്ടാകും. ചിലപ്പോൾ മുറ്റത്ത് നട്ടുപിടിപ്പിച്ച ചെടികൾ നനക്കുകയായിരിക്കും. എന്ന് വച്ച് ആരെയും അടിചോടിക്കുകയൊന്നുമില്ല. വരുന്നവർക്കെല്ലാം എന്തെങ്കിലും കൊടുക്കാതെ പറഞ്ഞയക്കുകയുമില്ല. ഉമ്മാക്കിപ്പോൾ വയസ്സ് സുമാര് പത്ത് അറുപത് ആയിരിക്കുന്നു. എങ്കിലും വെറുതെ അടങ്ങിയിരിക്കുന്ന ലക്ഷണമില്ല. വീടും പരിസരവും എപ്പോഴും വെടിപ്പും വൃത്തിയുമായി കണ്ടിരിക്കണം. അല്ലെങ്കിൽ ഒരു സമാധാനം കിട്ടുകയില്ല. അതിനാൽ എപ്പോഴും പണിയാണ്. പിടിപ്പതു പണിയാണ്. അടുക്കളപണി. വസ്ത്രം അലക്കുന്ന പണി. അല്ലെങ്കിൽ വസ്ത്രം അലക്ക് കല്ലിമേലിട്ടു തല്ലി ദേഷ്യം തീർക്കുന്ന പരിപാടി. നിലം തുടക്കുന്ന പണി. മുറ്റമെല്ലാം അടിച്ചുവാരുന്ന പണി. അതുമല്ലെങ്കിൽ തൊടിയിൽ അങ്ങുമിങ്ങായി കിടക്കുന്ന വിറകെല്ലാം പെറുക്കുന്ന പണി. അങ്ങനെ പണികൾ പലതാണ്. ഇനി ഒരുപണിയുമില്ലെങ്കിൽ ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുന്ന കലാപരിപാടി.
നോക്കൂ...ഞാനൊരു കാര്യം പറയാം. കാര്യം രഹസ്യമാണ്. എൻ്റെ ഉമ്മ അസ്സൽ പാചകക്കാരിയാണ്. ഉത്തരാധുനിക മലയാളത്തിൽ പറഞാൽ സ്കിൽഡ് ഷെഫ് ആണ്. പാചക കലയിൽ ആരെയും തോല്പിച്ചു കളയും എന്ന് ചുരുക്കം. ഉമ്മാക്കിത് ഉമ്മയുടെ ഉമ്മായിൽനിന്നും പാരംബര്യമായി കിട്ടിയതാണെന്ന് ഇടക്കെലാം വീമ്പിളക്കാറുണ്ട്. അതായത് അഭിമാനത്തോടെ പറയാറുണ്ട്. എന്തെങ്കിലും കാര്യമായിട്ട് ഉണ്ടാക്കിയ ഉടനെ അതുമായി എൻ്റെ അടുത്തേക്ക് വന്ന് നീട്ടിക്കൊണ്ട് ഊറ്റതോടെ പറയും:
" ഡാ..ജീ തൊന്ന് ട്ടേസ്റ്റോക്ക്യാ .."
ഉമ്മ നന്നായി പാചകം ചെയ്യുമെങ്കിലും കൂടുതലായി കഴിക്കാറൊന്നുമില്ല. മറ്റുള്ളവരെ കഴിപ്പിക്കുന്നതിലാണ് മിടുക്കും താല്പര്യവും കാട്ടാറുള്ളത്. ഇനിമതി എന്നു പറഞ്ഞാലും വീണ്ടും കോരിയിട്ടുതരും. ഉമ്മക്ക് കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കാൻ താൽപര്യം കൂടുതലാണ്. എന്നോട് വാങ്ങിച്ചു കൊണ്ടുവരാൻ പറയാറുള്ള ചില സാധനങ്ങൾ ഞാൻ പറയാം. ചക്കര കിഴങ്ങ്. ചേമ്പ്. പൂള കിഴങ്ങ് എന്ന് പറഞ്ഞാൽ കപ്പ. പിന്നെയുള്ളത് മംമ്പയർ. ഇവയെല്ലാം പുഴുങ്ങി കഴിക്കാൻ ഒത്തിരി ഇഷ്ടമാണ്. നിലക്കട വറുത്തതും ഇഷ്ടമാണ്. ബീഫ് വരട്ടിയത് പെരുത്ത് ഇഷ്ടമാണ്.
ഇനി ഞാൻ എൻ്റെ കാര്യം പറയാം. പൊതുവേ ഞാൻ സമാധാന പ്രിയനാണ് എന്ന് എന്നോട് സംസാരിച്ചവർക്കും ഇടപെട്ടിട്ടുള്ളവർക്കും അറിയുന്ന കാര്യമാണ്. ഭക്ഷണത്തോട് പൊതുവേ താല്പര്യം കുറവാണ്. കൂടുതൽ താൽപര്യമുള്ളത് വെറുതെ ഇരിക്കുവാനും സ്വപ്നം കണ്ടിരിക്കാനുമാണ്. പിന്നെ താല്പര്യമുള്ളത് പാട്ടു കേൾക്കാനും പാടാനുമാണ്. പഴയകാല പാട്ടുകളോടാണ് കൂടുതൽ ഇമ്പം തോന്നാറുള്ളത്. എന്ന് വച്ച് പുതിയ പാട്ടുകളോട് പിണക്കമൊന്നുമില്ല. മാപ്പിളപാട്ടുകളും ഗസലുകളും ഖവാലിയും കേട്ടിരിക്കുവാൻ ഇഷ്ടം ഏറെയാണ്. ഇനി ഭക്ഷണത്തിൻ്റെ കാര്യം പറയാം. ഭക്ഷണ പ്രിയനല്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. സ്‌പൈസിയായ അഥവാ നല്ല എരിവും പുളിയുമുള്ള ഭക്ഷണ വിഭവങ്ങളോട് കുറച്ച് താല്പര്യ കൂടുതലുണ്ട് എന്നുള്ളത് നേരാണ്. അതിൽപ്പെട്ടതാണ് നല്ല എരിവും പുളിയുമുള്ള മോരുംവെള്ളം. ഉപ്പിലിട്ട മാങ്ങ, കൈതചക്ക എന്നിവ. പിന്നെയുള്ളത് വിവിധയിനം അച്ചാറുകൾ. ചെമ്മീൻ അച്ചാർ, വെളുത്തുള്ളി അച്ചാർ, ഓർക്കാപുളി അഥവാ ഇരുമ്പ്പുളി അച്ചാർ. വെളുത്തുളി അച്ചാർ ഉമ്മ എത്രയോവട്ടം ഗംഭീരമായി ഉണ്ടാക്കിയിട്ടുണ്ട്. എത്രയോ പാത്രം നിറയെ കഞ്ഞിയും അച്ചാർകൂട്ടി ഞാൻ സേവിച്ചിട്ടുണ്ട്. മാംസാഹാരങ്ങളോട് പൊതുവേ താല്പര്യം ഈയുള്ളവന് കുറവാണ്. എങ്കിലും ചിക്കൻ സമ്മൂസയും, ബീഫ് കട്‌ലറ്റും പ്രിയങ്കരമാണ്. ഉമ്മയുണ്ടാക്കുന്ന സമൂസയുടെയും കട്ട്ലറ്റിൻ്റെയും സ്വാദ് ! വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ച കടുക്ക അതായത് കല്ലുമ്മ കായയുടെയും, നാടൻ ചാലി ചെമ്മീൻ്റെയും ട്ടേസ്റ്റ് ! ആവോലി മുളകിട്ട് കറിവെച്ചത് ! ചെമ്മീനും മുരിങ്ങാ കായയും തേങ്ങയരച്ച് കറിവെച്ചത്! ഓർക്കുമ്പോൾ എൻ്റെ കുഞ്ഞു വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉറവപൊട്ടിയൊലിക്കുന്നത്പോലെ...
കാര്യങ്ങള് അങ്ങനെയൊക്കെ ആണെങ്കിലും ഉമ്മാൻ്റെ കൈപ്പുണ്യം ആസ്വദിക്കുവാൻ എനിക്ക് എപ്പോഴും കഴിഞിട്ടില്ല. കാരണം മറ്റൊന്നുമല്ല. വീട്ടിൽ കൂടെ എപ്പോഴും ഉണ്ടാകാറില്ല. എപ്പോഴും ഉണ്ടാകുവാൻ പറ്റാത്തതിന് കാരണവുമുണ്ട്. വിഷയം സാമ്പത്തികമാണ്. ഇപ്പോൾ ദൈവാനുഗ്രഹത്താൽ നല്ല നിലയിലാണ്. പക്ഷേ ഒരു കാലമുണ്ടായിരുന്നു. ഇല്ലായ്മകൾ എന്തെന്ന് ശരിക്കും അറിഞ്ഞിരുന്ന കാലം. പഠിക്കുന്ന കാലത്തു തന്നെ പല പണികളും ചെയ്തിട്ടുണ്ട്. ഉപ്പ കൃഷി ചെയ്യുന്നത് കണ്ടു് നിന്നിട്ടുണ്ട്. വലി കഴിഞ്ഞ തേങ്ങ കൂട്ടിയിടാൻ സഹായിച്ചിട്ടുണ്ട്. കൊപ്രയാക്കാൻ തേങ്ങ വെട്ടിയിട്ടുണ്ട്. കൊപ്ര അടത്തിയിട്ടുമുണ്ട്. ഉപ്പയുടെ പലചരക്ക് കടയിൽ നിന്നിട്ടുണ്ട്. ഫാൻസി ഷോപ്പിലും നിന്നിട്ടുണ്ട്. ട്യൂഷൻ സെൻ്ററിൽ പഠിപ്പിച്ചിട്ടുണ്ട്. പഠന പൂർത്തിയാക്കിയ ഉടനെ കോഴിക്കോടിലെ ഒരു ട്രാവൽസിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നെ നാട് വിടുകയാണുണ്ടായത്. കുറച്ചു കാലം ഖത്തറിലും യുഎഇ യിലുമായി പ്രവാസ ജീവിതം ആസ്വദിച്ചു. അത്യാവശ്യം ഒഴുക്കോടുകൂടി അറബി സംസാരിക്കാൻ പഠിച്ചു. കുറച്ചു കാലം തലസ്ഥാന നഗരിയിൽ കഴക്കൂട്ടത്ത്. ജോലി ടെക്നോപാർക്കിലും. അതിന് ശേഷം ടെക്നോ പൊളിറ്റൻ സിറ്റിയായ ബാംഗ്ലൂരിൽ. ജോലി അന്താരാഷ്ട്ര കമ്പനിയായ റോയിറ്റേഴ്‌സിൽ. കുറച്ചു കാലം എറണാകുളം വൈറ്റിലയിൽ. ജോലി ഒരു പ്രമുഖ ടൂറിസം കമ്പനിയിൽ. നാലഞ്ചു വർഷക്കാലം ഫ്രീലാൻസിംഗ്. ഇതിനിടയിൽ എന്തെല്ലാം സംഭവ വികാസങ്ങൾ! ഓർക്കാൻ കഴിയുമോ!
റമദാൻ മാസമായതിനാൽ വീട്ടിലേക്ക് വരാതിരിക്കുന്നതാകും നല്ലത്. കഴിക്കുവാൻ ഒന്നും കിട്ടുകയില്ല. തൊടിയിലാണെങ്കിൽ കാര്യമായി ഒന്നും കായ്ച്ചു കിടപ്പില്ല. ആകെ കായ്ച്ചു കിടക്കുന്നത് തെങ്ങുകളാണ്. പിന്നെയുള്ളത് വാഴകളും. എങ്കിലും കുലകളൊന്നും പഴുത്തിട്ടില്ല. പണ്ട് തെങ്ങുകളെല്ലാം നന്നായി കായ്യ്ച്ചിരുന്നു. അതിന്മേലെല്ലാം നിറയെ തേങ്ങകളും കായ്ച്ചു കിടന്നിരുന്നു. ഓരോ തേങ്ങയും അത്യാവശ്യത്തിന് കനവും തൂക്കവും വലിപ്പവുമുണ്ടായിരുന്നു. അതിലെല്ലാം നിറയെ വെള്ളവുമുണ്ടായിരുന്നു. ഇന്നത്തെ തേങ്ങകൾ കുട്ടിച്ചാത്തൻ പോയിരിക്കുന്നു. ചൊറിപിടിച്ചുമിരിക്കുന്നു. പിന്നെ കായ്ച്ചു കിടക്കുന്നത് സപ്പോട്ടയാണ്. അതും പാകമെത്തിയ മട്ടില്ല. കുറച്ചു ചീരാമുളക് അതായത് കാന്താരി മുളക് പഴുത്ത് കായ്ച്ചു കിടന്നിരുന്നു. ഞാനതെല്ലാം മോരിൻറെ കൂടെ ചതച്ചു സേവിച്ചു. ഇനിയാകെ ഇവിടെ തരാനുള്ളത് പലതരം ചെടികളും പൂക്കളുമാണ്. എങ്കിലും ചെടികളിലൊന്നും ഇപ്പോൾ കാര്യമായി പൂക്കൾ വിരിഞ്ഞു നിൽപ്പില്ല. ചില ചെടികളിൽ മാത്രം പൂക്കൾ മനോഹരമായി അങ്ങനെ വിരിഞ്ഞു നിൽക്കുന്നു. ഗേറ്റിനു സമീപം ഒരു മൈലാഞ്ചി ചെടി വളർന്നു വലുതായി നിൽക്കുന്നുണ്ട്. അതിന്മേൽ കടലാസ് പൂക്കൾ മനോഹരമായി വിരിഞ്ഞു നിൽക്കുന്നു. വഴിയിലൂടെ പോകുന്നവരെ നോക്കി മന്ദഹസിച്ചു നിൽക്കുകയാണ്.
പണ്ടെല്ലാം വീട്ടിലേക്ക് വരുന്നവർക്കെല്ലാം കൈ നിറയെ കൊടുക്കാനായ് തൊടിയിൽ പലതരം പഴങ്ങളും കായ്കനികളും കായ്ച്ചു കിടന്നിരുന്നു. വീട്ടിന് മുൻ വശത്തെ പടർന്ന് പന്തലിച്ചു കിടക്കുന്ന പേരയ്ക്ക മരത്തിന്മേൽ ഒരുപാട് പേരയ്ക്ക കായ്ച്ചു കിടന്നിരുന്നു. അതിന്മേൽ കൊത്തിപ്പിടിച്ച് കയറിയും തോട്ടികൊണ്ട് കൊളുത്തി വലിച്ചും കുറെയെണ്ണം തള്ളിയിട്ടിട്ടുണ്ട്. ഉള്ളിൽ ചുവപ്പ് നിറമുള്ള പേരക്ക കൂട്ടുകാർക്കും കുട്ടികൾക്കും കൊടുത്തിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ പേരക്ക മരത്തിൻ്റെ കാര്യമായ രണ്ടു ശിഖരങ്ങൾ മുറിഞ്ഞു പോയിരിക്കുന്നു. വീട്ടിന് മുൻവശത്തെ മുറ്റത്ത് ചേർന്നുകിടക്കുന്ന സ്ഥലത്ത് ഒരു പൊടുണ്ണി മരം ഉണ്ടായിരുന്നു. അതിന്മേൽ പാഷൻ ഫ്രൂട്ട് വള്ളികൾ പടർന്നു വളർന്നിരുന്നു. നിറയെ ഫ്രൂട്ടും കായ്ച്ചു കിടന്നിരുന്നു. മരത്തിൻ്റെ ഏറ്റവും മുകളിലായി ടെലിവിഷൻ ഏരിയൽ കെട്ടിവച്ചിരുന്നു. കാറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും ഏരിയൽ ആടിക്കളിച്ചിരുന്നു.
വീടിൻ്റെ വലതു വശത്തുള്ള തൊടിയിലെ മരത്തിന്മേൽ കശുമാങ്ങ ചുവപ്പ് നിറത്തിൽ കായ്ച്ചു കിടക്കുന്നു. എങ്കിലും കൂടുതലൊന്നും കാണ്മാനില്ല. പണ്ട് അതിനടുത്ത് നിറയെ ശിഖരങ്ങളുള്ള ഒരു മരം ഉണ്ടായിരുന്നു. അതിന്മേൽ നിറയെ കശുമാങ്ങ കായ്ച്ചിരുന്നു. പഴുത്ത് പാകമാവുമ്പോൾ അയൽവാസിയായ ചേച്ചിവന്നു അവയെല്ലാം പറിച്ചു ഒരു ചെറിയ ബക്കറ്റിലാക്കി വെക്കും. അതിൽ നിന്നും ഞങൾ കുട്ടികൾക്കും കൈനിറയെ സമ്മാനിച്ചിരുന്നു. മുറ്റത്തെ മുൻവശത്തുള്ള പറമ്പിന് ഇടതുവശത്തായി ഒരു വീടുണ്ട്. അതിൻ്റെ മുറ്റത്ത് ഒരു ചാമ്പക്ക മരമുണ്ട്. അതിന്മേൽ നിറയെ ചാമ്പക്ക കായ്ചിട്ടുണ്ട്. കുറെയെണ്ണം പറിച്ചു. കുറച്ച് വീട്ടുകാർ എടുത്തു. കുറെയെണ്ണം കുട്ടികൾക്കും കൊടുത്തു. നമ്മുടെ വീട്ടിലെ കുട്ടികൾക്കും കൈ നിറയെ ചാമ്പക്ക കിട്ടിയിട്ടുണ്ട്. അതിൽ നിന്നും ഞാനും കഴിച്ചിട്ടുണ്ട്. അതിന്മേൽ ഇപ്പോഴും കുറച്ചു ചാമ്പക്ക ബാക്കി കിടപ്പുണ്ട്.
വീട്ടു പറമ്പിലെ ഔഷധ ചെടികളായി എന്തൊക്കെയുണ്ട്. രണ്ടു മൂന്നു കറിവേപ്പില മരങ്ങളുണ്ട്. കറിവേപ്പില ഇട്ട മീൻകറിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. തുളസി ചെടികൾ പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നും കാണ്മാനില്ല. ഒന്നു രണ്ടു ആരിവേപ്പ് മരങ്ങളും ഉണ്ടായിരുന്നു. ഞാൻ വെറും കുട്ടിയായിരുന്ന കാലം. വീട്ടിൻ്റെ പിൻ വശത്തായി ഒരു ആര്യവേപ്പ് മരം ഉണ്ടായിരുന്നു. മരത്തിന് അത്യാവശ്യം വലിപ്പം ഒക്കെയുണ്ട്. അതിൻ്റെ ഒരു ശിഖരത്തിന്മേൽ ഒരിക്കൽ രണ്ടു തേൻകിളികൾ കൂട് വെച്ചു. കിളിയുടെ ചുണ്ടിന് നല്ല നീളമുണ്ട്. അങ്ങനത്തെ രണ്ടു കിളികൾ ഉണ്ടായിരുന്നു. അവയ്ക്ക് മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിയും. എവിടന്നൊക്കെയോ നാരുകൾ കൊണ്ടുവന്ന് അവർ ഒരു ഒന്നാന്തരം കൂടുണ്ടാക്കി. അത് ഒരു ശിഖരത്തിന്മേൽ തൂങ്ങികിടന്നു. കിളികൾ രണ്ടും കൂട്ടിനടുത്തായി പാറി കളിക്കുകയും അവിടെയും ഇവിടെയുമായി വന്നിരുന്ന് തത്തികളിക്കുകയും ചെയ്യുന്നു. കാണുമ്പോൾ വല്ലാത്ത ഓമനത്തം തുളുമ്പുന്നു. എൻ്റെ കൈകളിലും കുറച്ചു നേരം വന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഒരു ദിവസം പെൺകിളി അതിൽ മുട്ടയിട്ടു. കിളികൾ ഒരു കുഞ്ഞിന് വേണ്ടി സ്വപ്നങ്ങൾ നെയ്തിട്ടുണ്ടാവണം. അഛൻ കിളി അമ്മകിളിക്കായ് ഭക്ഷവുമായി വരുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ ഞങൾ കുടുംബ സമേതം ഒരു വിരുന്നിനുപോയി. എന്താണ് പരിപാടി എന്ന് ഓർക്കാൻ കഴിയുന്നില്ല. ഓ.. പരിപാടി എന്തെങ്കിലും ഒക്കെ ആവട്ടെ. പരിപാടിയെല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴുള്ള കാഴ്ച ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ശിഖരത്തിന്മേൽ തൊട്ടിലുപോലെ തൂങ്ങിക്കിടന്നിരുന്ന കൂട് സൊപ്നങ്ങളെല്ലാം തകർന്നു നിലത്ത് വീണു കിടക്കുന്നുണ്ടായിരുന്നു.
അന്ന് ആ കിളികൂട് എങ്ങനെ തകർന്നുവീണു എന്നെല്ലാം ആലോചിച്ച് ചിന്തിച്ച് ഒരു എത്തും പിടിയും കിട്ടാതെ നോമ്പും നോറ്റിരിക്കുകയാണ് ഞാൻ.
Image Courtesy: AI Gemini
k m.a paruthikkadu.



