പുണ്ണ്യങ്ങളുടെ പൂക്കാലം വരവായി

പ്രിയപ്പെട്ട ആമി,
ക്ഷേമം നേരുകയാണ്. ഇതെഴുതുമ്പോൾ ഞാനിങ് ഷെയ്ഖ് പാർക്കും അറബി നാട്ടിൽ ഒരു റൂമിൽ ആരാരുമില്ലാതെ ഒറ്റക്കിരിക്കുകയാണ്. കാര്യപ്പെട്ട ഒരുകാര്യം പറയുവാനാണ് ഞാനീ കത്തെഴുതുന്നത്.

പുണ്ണ്യ റമദാൻ മാസമിതാ എന്റെയും ആമിയുടെയും പടിവാതിൽക്കൽ വന്നെത്തിയിരിക്കുന്നു. ആമിയുടെ നനച്ചു കുളിയെല്ലാം കഴിഞ്ഞു കാണുമല്ലോ. അദ്ദേഹം വാതിലിൽ മുട്ടിവിളിക്കുന്നതു ആമി കേൾക്കുന്നില്ലേ. നമ്മുടെ വേണ്ടപ്പെട്ട അതിഥിയെ വരവേൽക്കുവാൻ ആമി മനസ്സാ വാചാ കർമണാ തയ്യാറായിട്ടുണ്ടാകുമെന്നു കരുതുന്നു. അതിഥി ചില്ലറക്കാരനൊന്നുമല്ല എന്ന് ആമിയോട് പ്രത്യേകം പ്രത്യേകം പറയേണ്ടതില്ലല്ലോ. പുണ്യങ്ങളുടെ പെരുമഴകക്കാലമായ ഈ മാസത്തിൽ ഒരുപാട് പലഹാര പൊതികൾ കൈയിൽ തൂക്കിയാണ് ആമിയുടെ വാതിൽപ്പടിക്കൽ അദ്ദേഹം കാത്തുനിൽക്കുന്നത്. ആമി എല്ലാ തിരക്കുകളും മാറ്റിവെച്ചു താഴിട്ടുപൂട്ടിയ മനസ്സിൽ വീടിന്റെ വാതിൽ വേഗം തുറന്നു കൊടുക്കണണം. ഒരു പുഞ്ചിരിയോടെയും സ്നേഹത്തോടെയും അദ്ദേഹത്തെ വീടിന്റെ കോലായയിലേക്കു ക്ഷണിച്ചിരുത്തണം. ആദ്യം സുഖമന്വേഷണങ്ങളൊക്കെ നടത്തണം. അദ്ദേഹം വന്നുപോയിട്ടു ഇന്നേക്ക് ഒരു വര്ഷം തികഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന് കൊടുക്കാനായി എന്തൊക്കെയാണ് ഒരിക്കലും ചോരാത്ത കൈകളിൽ ആമി കരുതിവെച്ചിട്ടുള്ളത്. വീട്ടിൽ വരുന്ന എല്ലാവരെയും നന്നായി പരിഗണിക്കുന്ന ആളാണല്ലോ ആമി. ആമി അതിൽ കുറവ് വരുത്തുന്ന ആളൊന്നുമല്ല. എങ്കിലും പറയുകയാണ്. ഇദ്ദേഹത്തെയും പരിഗണിക്കുന്ന കാര്യത്തിൽ ആമി കുറവൊന്നും വരുത്തരുത്. കാരണം എന്താണെന്നോ. കഷ്ട്ടിച്ചു ഒരു മാസം മാത്രമേ അദ്ദേഹം നാട്ടിൽ ഉണ്ടാവുകയുള്ളൂ. വൈകാതെ നാടുവിടുമല്ലോ . പിന്നീട് ആലോചിച്ചിരുന്നിട്ടു കാര്യമില്ല. സങ്കടപ്പെട്ടിട്ടും കാര്യമില്ല .



ഒരു മാസം എന്ന് പറയുന്നത് " ദാ...." എന്ന് പറയുമ്പോഴേക്കും അപ്പുറത്തെ വളവു കഴിഞ്ഞു പോയിട്ടുണ്ടാകും. അതിനാൽ ഒരു വർഷക്കാലം തങ്കേരിച്ചുവെച്ച പാപഭാരങ്ങളുടെ ഉണങ്ങിയ ഇലകളൊക്കെ ഓരോന്നായി പെറുക്കിയെടുത്തു കൊടുക്കുക. അദ്ദേഹം എല്ലാം കൂട്ടിയിട്ടു തീയിട്ടു കത്തിച്ചു കരിയിച്ചു കളയാതിരിക്കില്ല. പിന്നെ ഒരു കാര്യമുണ്ട്. ആമിയുടെ വാട്ട്സ് അടുപ്പിലുള്ള കലാപരിപാടികളൊക്കെ ഒന്ന് കുറയ്ക്കണം എന്നു മാത്രം പറയുന്നു. ഫെയ്‌സാനാ ബുക്കിൽ നോക്കിയിരിപ്പു സമരം നടത്തുന്നതും ഒന്ന് കുറയ്ക്കണം. കളികളായ കളികളൊക്കെ നമുക്ക് പിന്നീടും കളിക്കാമല്ലോ. കൂർക്കം വലിച്ചുറങ്ങാൻ ആമിക്ക് വലിയ പൂതിയാണ് എന്നറിയാം. എങ്കിലും അതെല്ലാം പുൽപായ ചുരുക്കുന്നതുപോലെ ആമി ഒന്ന് ചുരുക്കിവെക്കണം. പാമ്പിനെപ്പോലെ നീണ്ട പകലിൽ അന്നവും വെള്ളവും ചോറും കറിയും എല്ലാം ആമി ഒഴിവാക്കുന്നത് നല്ലതുതന്നെ. എങ്കിലും കുതിരപോലെ കുതിച്ചുപായുന്ന ആമിയുടെ മനസ്സിന് ഈ മാസത്തിലെങ്കിലും ആമിയൊന്ന് കടിഞ്ഞാണിടണം. ചെകുത്താമാരെ ഈ പുണ്യമാസത്തിൽ ചങ്ങലക്കിടും എന്നറിയാം. എന്നിരുന്നാലും ചങ്ങലകൾക്കുപോലും ഭ്രാന്തിളകി നൃത്തം ചവിട്ടുന്ന ഈ കലികാലത്തു ഒരിക്കൽപോലും ചങ്ങലയുടെ കെട്ടഴിയാതെ ആമി നോക്കണം. ഒരുപാടൊരുപാട് ഇനിയും വിസ്തരിച്ചു പറയാനുണ്ട്. പറയുന്നതെല്ലാം ആമി കാതും കൂർപ്പിച്ചു കേൾക്കും എന്നറിയാം. എങ്കിലും കൂടുതൽ നീട്ടിപറഞ്ഞു ആമിയെ മുഷിപ്പിക്കുന്നില്ല. മുഷിപ്പിക്കുന്നത്‌ അത്ര നല്ലതൊന്നുമല്ല എന്നറിയാം. 

ഒരു കാര്യം കൂടി പറയാനുണ്ട്. പുണ്ണ്യങ്ങളുടെ പൂക്കാലമായ ഈ മാസത്തിൽ പടച്ച തമ്പുരാന്റെ കയ്യൊപ്പു ചാർത്തിയ കുഞ്ഞു ഗ്രന്ഥം മാറോടു ചേർത്തുനിർത്തുവാനും, ജീവിതത്തിൽ പകർത്തുവാനും ശ്രമിക്കുമല്ലോ. ഇത്രയും പറഞ്ഞു തത്ക്കാലം എഴുത്തു ചുരുക്കുകയാണ്‌.....


ഏവർക്കും പാപമോചനത്തിൻ റമദാൻ ആശംസിക്കുന്നു. 😍


 സ്നേഹപൂർവ്വം,
✍️കെ.എം .എ . പരുത്തിക്കാട് ✍️

No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...