Poem: പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ് !!

















കാലത്തിന്റെ ഈ കുത്തിയൊലിച്ചു പോക്കുകാണുമ്പോൾ,
പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ് !!

കരയുന്ന കുഞ്ഞിന് അമ്മിഞ്ഞപ്പാൽ പാനംചെയ്തവളിന്നു-
കൈയിൽ കിട്ടിയതെടുത്തു  ആഞ്ഞു തലക്കടിക്കുകയാണ് ....

പൂവിനേയും പൂമ്പാറ്റയെയും  കണ്ടുനടന്ന കുഞ്ഞിക്കാലുകളിന്നു
കടലാസിൽ എ പ്ലസ് കിട്ടുവാൻ  രാവുംപകലും ഒറ്റക്കിരിക്കുകയാണ്.

എഴുതാനറിയാത്തവന് തറപറ പറഞ്ഞുതന്നവനിന്നു -
ആളെ കുത്തിനിറച്ചു  നോട്ടുകെട്ടുകളെണ്ണുന്ന തിരക്കിലാണ്..

നീറും മനസ്സിന്റെ  ചിന്തകളെ ആറ്റിനീട്ടിയൊഴിച്ചവനിന്നു -
വെറും രണ്ടുകാൽ മാത്രമുള്ള  ചുണ്ടനങ്ങാത്ത മിണ്ടാപ്രാണിയാണ്....

ദൈവത്തിന്റെ മദ്ഹ് കുഞ്ഞാടുകൾക്കു ഓതിനടന്നവനിന്നു-
പുറത്തുചാടുന്ന വാക്കിന്റെ എണ്ണത്തിന് വിലചോദിക്കുകയാണ്...

ഇടനെഞ്ചിൽ പലവട്ടം  തൊട്ടുനോക്കിയിരുന്നവനിന്നു -
കത്തിയെടുക്കുകയും മരുന്നുവിൽക്കുകയും ചെയ്യുകയാണ് ..

നാട് നന്നാക്കുവാൻ വെള്ളയുടുപ്പിട്ടു ഇറങ്ങിതിരിച്ചവനിന്നു -
ആരും കാണാത്ത കീശവീർപ്പിച്ചു ലോകം ചുറ്റിത്തിരിയുകയാണ്.

തലപ്പാവും, ചന്ദനകുറിയും, കുരിശും ധരിച്ചുനടന്നവരിന്നു-
ചുടുചോരയുടെ നിറം മണത്തുനോക്കി നടക്കുകയാണ്.

വൈകിട്ട് പാറപ്പുറത്തിരുന്നു സൊറപറഞ്ഞിരുന്നവരിന്നു -
നാലിഞ്ചു വലുപ്പമുള്ള സ്‌ക്രീനിൽ തല പൂഴ്ത്തിവെച്ചിരിക്കയാണ്.

കാലത്തിന്റെ ഈ കുത്തിയൊലിച്ചു പോക്കുകാണുമ്പോൾ,
പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ്...
................................................


Drawing : (Courtesy)

കെ .എം .എ പരുത്തിക്കാട്. 

പുണ്ണ്യങ്ങളുടെ പൂക്കാലം വരവായി

പ്രിയപ്പെട്ട ആമി,
ക്ഷേമം നേരുകയാണ്. ഇതെഴുതുമ്പോൾ ഞാനിങ് ഷെയ്ഖ് പാർക്കും അറബി നാട്ടിൽ ഒരു റൂമിൽ ആരാരുമില്ലാതെ ഒറ്റക്കിരിക്കുകയാണ്. കാര്യപ്പെട്ട ഒരുകാര്യം പറയുവാനാണ് ഞാനീ കത്തെഴുതുന്നത്.

പുണ്ണ്യ റമദാൻ മാസമിതാ എന്റെയും ആമിയുടെയും പടിവാതിൽക്കൽ വന്നെത്തിയിരിക്കുന്നു. ആമിയുടെ നനച്ചു കുളിയെല്ലാം കഴിഞ്ഞു കാണുമല്ലോ. അദ്ദേഹം വാതിലിൽ മുട്ടിവിളിക്കുന്നതു ആമി കേൾക്കുന്നില്ലേ. നമ്മുടെ വേണ്ടപ്പെട്ട അതിഥിയെ വരവേൽക്കുവാൻ ആമി മനസ്സാ വാചാ കർമണാ തയ്യാറായിട്ടുണ്ടാകുമെന്നു കരുതുന്നു. അതിഥി ചില്ലറക്കാരനൊന്നുമല്ല എന്ന് ആമിയോട് പ്രത്യേകം പ്രത്യേകം പറയേണ്ടതില്ലല്ലോ. പുണ്യങ്ങളുടെ പെരുമഴകക്കാലമായ ഈ മാസത്തിൽ ഒരുപാട് പലഹാര പൊതികൾ കൈയിൽ തൂക്കിയാണ് ആമിയുടെ വാതിൽപ്പടിക്കൽ അദ്ദേഹം കാത്തുനിൽക്കുന്നത്. ആമി എല്ലാ തിരക്കുകളും മാറ്റിവെച്ചു താഴിട്ടുപൂട്ടിയ മനസ്സിൽ വീടിന്റെ വാതിൽ വേഗം തുറന്നു കൊടുക്കണണം. ഒരു പുഞ്ചിരിയോടെയും സ്നേഹത്തോടെയും അദ്ദേഹത്തെ വീടിന്റെ കോലായയിലേക്കു ക്ഷണിച്ചിരുത്തണം. ആദ്യം സുഖമന്വേഷണങ്ങളൊക്കെ നടത്തണം. അദ്ദേഹം വന്നുപോയിട്ടു ഇന്നേക്ക് ഒരു വര്ഷം തികഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന് കൊടുക്കാനായി എന്തൊക്കെയാണ് ഒരിക്കലും ചോരാത്ത കൈകളിൽ ആമി കരുതിവെച്ചിട്ടുള്ളത്. വീട്ടിൽ വരുന്ന എല്ലാവരെയും നന്നായി പരിഗണിക്കുന്ന ആളാണല്ലോ ആമി. ആമി അതിൽ കുറവ് വരുത്തുന്ന ആളൊന്നുമല്ല. എങ്കിലും പറയുകയാണ്. ഇദ്ദേഹത്തെയും പരിഗണിക്കുന്ന കാര്യത്തിൽ ആമി കുറവൊന്നും വരുത്തരുത്. കാരണം എന്താണെന്നോ. കഷ്ട്ടിച്ചു ഒരു മാസം മാത്രമേ അദ്ദേഹം നാട്ടിൽ ഉണ്ടാവുകയുള്ളൂ. വൈകാതെ നാടുവിടുമല്ലോ . പിന്നീട് ആലോചിച്ചിരുന്നിട്ടു കാര്യമില്ല. സങ്കടപ്പെട്ടിട്ടും കാര്യമില്ല .



ഒരു മാസം എന്ന് പറയുന്നത് " ദാ...." എന്ന് പറയുമ്പോഴേക്കും അപ്പുറത്തെ വളവു കഴിഞ്ഞു പോയിട്ടുണ്ടാകും. അതിനാൽ ഒരു വർഷക്കാലം തങ്കേരിച്ചുവെച്ച പാപഭാരങ്ങളുടെ ഉണങ്ങിയ ഇലകളൊക്കെ ഓരോന്നായി പെറുക്കിയെടുത്തു കൊടുക്കുക. അദ്ദേഹം എല്ലാം കൂട്ടിയിട്ടു തീയിട്ടു കത്തിച്ചു കരിയിച്ചു കളയാതിരിക്കില്ല. പിന്നെ ഒരു കാര്യമുണ്ട്. ആമിയുടെ വാട്ട്സ് അടുപ്പിലുള്ള കലാപരിപാടികളൊക്കെ ഒന്ന് കുറയ്ക്കണം എന്നു മാത്രം പറയുന്നു. ഫെയ്‌സാനാ ബുക്കിൽ നോക്കിയിരിപ്പു സമരം നടത്തുന്നതും ഒന്ന് കുറയ്ക്കണം. കളികളായ കളികളൊക്കെ നമുക്ക് പിന്നീടും കളിക്കാമല്ലോ. കൂർക്കം വലിച്ചുറങ്ങാൻ ആമിക്ക് വലിയ പൂതിയാണ് എന്നറിയാം. എങ്കിലും അതെല്ലാം പുൽപായ ചുരുക്കുന്നതുപോലെ ആമി ഒന്ന് ചുരുക്കിവെക്കണം. പാമ്പിനെപ്പോലെ നീണ്ട പകലിൽ അന്നവും വെള്ളവും ചോറും കറിയും എല്ലാം ആമി ഒഴിവാക്കുന്നത് നല്ലതുതന്നെ. എങ്കിലും കുതിരപോലെ കുതിച്ചുപായുന്ന ആമിയുടെ മനസ്സിന് ഈ മാസത്തിലെങ്കിലും ആമിയൊന്ന് കടിഞ്ഞാണിടണം. ചെകുത്താമാരെ ഈ പുണ്യമാസത്തിൽ ചങ്ങലക്കിടും എന്നറിയാം. എന്നിരുന്നാലും ചങ്ങലകൾക്കുപോലും ഭ്രാന്തിളകി നൃത്തം ചവിട്ടുന്ന ഈ കലികാലത്തു ഒരിക്കൽപോലും ചങ്ങലയുടെ കെട്ടഴിയാതെ ആമി നോക്കണം. ഒരുപാടൊരുപാട് ഇനിയും വിസ്തരിച്ചു പറയാനുണ്ട്. പറയുന്നതെല്ലാം ആമി കാതും കൂർപ്പിച്ചു കേൾക്കും എന്നറിയാം. എങ്കിലും കൂടുതൽ നീട്ടിപറഞ്ഞു ആമിയെ മുഷിപ്പിക്കുന്നില്ല. മുഷിപ്പിക്കുന്നത്‌ അത്ര നല്ലതൊന്നുമല്ല എന്നറിയാം. 

ഒരു കാര്യം കൂടി പറയാനുണ്ട്. പുണ്ണ്യങ്ങളുടെ പൂക്കാലമായ ഈ മാസത്തിൽ പടച്ച തമ്പുരാന്റെ കയ്യൊപ്പു ചാർത്തിയ കുഞ്ഞു ഗ്രന്ഥം മാറോടു ചേർത്തുനിർത്തുവാനും, ജീവിതത്തിൽ പകർത്തുവാനും ശ്രമിക്കുമല്ലോ. ഇത്രയും പറഞ്ഞു തത്ക്കാലം എഴുത്തു ചുരുക്കുകയാണ്‌.....


ഏവർക്കും പാപമോചനത്തിൻ റമദാൻ ആശംസിക്കുന്നു. 😍


 സ്നേഹപൂർവ്വം,
✍️കെ.എം .എ . പരുത്തിക്കാട് ✍️

Story: പ്ലാവിൻ ചോട്ടിൽ





പത്തിരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പാണ്. കഷ്ടപ്പാടുകളും ഇല്ലായ്‌മകളും  എന്തെന്ന് അറിഞ്ഞിരുന്ന ഒരു കാലം. അന്തരീക്ഷം പൊതുവെ ശാന്തസുന്ദരമാണ്.


ഓടുപാകിയ പരുത്തിക്കാട് എ.എൽ.പി ഇസ്കൂള്‍. അതിന്റെ മേല്ക്കൂരയുടെ ചില ഭാഗങ്ങൾ പൊരിവെയിലും പെരുമഴയുംകൊണ്ട് കേടുവന്നിട്ടുണ്ട്. വെട്ടുകല്ലുകൊണ്ടുണ്ടാക്കിയ സ്കൂൾ സിമന്റ് തേച്ചു മിനുക്കിയിട്ടില്ല. അതിനാൽ ചുമരുകൾക്ക് മിനുസം കുറവാണ്. പുറത്തു നിന്ന് നോക്കിയാൽ കാണാൻ വലിയ ചന്തമൊന്നുമില്ല. എന്നാൽ ഉള്ളിലെ ചുമര് സിമന്റ് തേച്ചുമിനുക്കിയിട്ടുണ്ട്.. നല്ല മിനുസവുമുണ്ട്. കണ്ടാൽ ഒന്ന് തൊട്ടുനോക്കാൻ തോന്നും. ആ ചുമരിൽ കുട്ടികൾ അവരുടെ ലോകം പെൻസിൽ കൊണ്ടും ചോക്ക് കൊണ്ടും മനോഹരമായി കുത്തിവരച്ചിട്ടിരിക്കുന്നു. അതി മനോഹരമായ ലോകം! വലിയവർക്ക് അതുകണ്ടാൽ  ഒന്നും മനസ്സിലാവുകയില്ല. ഏഴ് എഴുതിവെച്ചപോലെയാണ് സ്കൂളിന്റെ കിടപ്പ്. ഒരുഭാഗം തെക്കുനിന്നു വടക്കോട്ടും. മറ്റേ ഭാഗം വടക്കോട്ട്‌നിന്നു കിഴക്കോട്ടും. ഏഴിനെ കിടത്തിവെച്ചപോലെ ...

അങ്ങ്ദുരെ പടിഞ്ഞാറ് നിന്നും മഞ്ഞവെയിൽ പാഞ്ഞുവെന്നു ഇസ്ക്കൂളിനെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു. ഇസ്കൂള്‍ മുറ്റത്ത്‌ ഓഫീസിൽ നിന്നും വളരെ അകലെയല്ലാതെ, ഉയരം കുറഞ്ഞ എന്നാൽ പ്രായം കൂടിയ ഒരു പ്ലാവ് പടർന്നു പന്തലിച്ചു തല ഉയർത്തി നിൽക്കുന്നു. ഇസ്കൂളിലെ കുട്ടികൾക്കും ഇസ്കൂൾമുറ്റത്ത്  വരുന്ന എല്ലാവർക്കും  തണല് വിരിച്ചുകൊണ്ട്. അതിൻമേൽ ചക്കയൊന്നും കാണുന്നില്ല. വളരെ ദൂരെയല്ലാതെ സ്കൂൾ പറമ്പിൽ രണ്ടു പ്ലാവുകൾ വേറെയുമുണ്ട്. അതിന്മേലും ചക്കയൊന്നുമില്ല. അതിലൊന്ന് പടർന്നു പന്തലിക്കാതെ മേൽപ്പോട്ടാണ് വളർന്നിരിക്കുന്നത്. എന്തിനായിരിക്കും അതു വളർന്നു മേല്പ്പോട്ട് പോയത് ?......

"വീട്ടിൽ എത്തിയിട്ട് ഇമ്മച്ചിയോടും വാപ്പച്ചിയോടും ചോയ്ച്യോക്കണം " - കുഞ്ഞു നജീബ് മനസ്സിൽ കരുതും.

ഇസ്കൂൾ പറമ്പിൽ ആൾമറയില്ലാത്ത ഒരു പൊട്ടകിണറും ഉണ്ട്. അതിൽ നിറയെ ചപ്പുചവറുകളാണ്. അതിൽ പഴയ കടലാസുണ്ട്. വൃത്തിയില്ലാത്ത കവറുകൾ ഉണ്ട് . ക്രിക്കറ്റ്കളിച്ച പന്തുകളുണ്ട്.  മൂത്തേറൂകളിച്ച പന്തുകളുണ്ട്. എല്ലാംകൂടെ അതിൽ എത്രയെത്ര പന്തുകളുണ്ടാകും ?  കൂട്ടാൻ കഴിയുമോ ? ഒരു പത്തമ്പത്  പന്തുകളെങ്കിലും കാണും.  എത്ര പ്രാവശ്യം പന്ത് അതിൽ വീണുപോയി കളി നിറുത്തേണ്ടി വന്നിട്ടുണ്ട് . ഓർക്കാൻ കഴിയുമോ ? ഒരു പത്തിരുന്നൂറ് പ്രാവശ്യമെങ്കിലും? പിന്നെയും വേറെന്തൊക്കെയോ അതിലുണ്ട്. വേറെന്തൊക്കെയായിരിക്കും അതിൽ ഉണ്ടായിരിക്കുക !!!

കുട്ടികൾക്ക് അതിന്റെ അടുത്തേക്ക് പോകുവാൻ പേടിയാണ്. അതിൽ വീണു പോയാലോ. സ്കൂളിനു പിന്നിൽ പടവുകൾ നിറയെ വെള്ളമുള്ള ആൾമറയുള്ള വലിയവട്ടത്തിലുള്ള ഒരു കിണറുണ്ട്. ദാഹിച്ചാൽ എല്ലാവരും അവിടെപോയി വെള്ളം കുടിക്കും. പോകുമ്പോഴെല്ലാം വലിയ പെണ്ണുങ്ങൾ ആരെങ്കിലും അവിടെ കാണും. അവർ കുട്ടികൾക്ക് വെള്ളം കോരികൊടുക്കും. കുട്ടികൾ ഒറ്റവലിക്ക് ഒരു റബ്ബർപാള നിറയെ വെള്ളം ഇരുകൈകളും ഒരുമിച്ചുനീട്ടി  മോന്തിമോന്തി കുടിക്കും. റബ്ബർ പാളയുടെ നിറം കറുപ്പാണ്. കണ്ടാൽ തോന്നില്ലെങ്കിലും അതിൽ ഒരു കുടംനിറയെ വെള്ളം കൊളളും. എന്നിരുന്നാലും  കയർ ഇരുകൈകൾക്കൊണ്ടും ആഞ്ഞുവലിച്ചു മുകളിൽ എത്തുമ്പോഴേക്കും പകുതി വെള്ളം കിണറ്റിലേക്ക് തന്നെ ചിന്തിപ്പോയിട്ടുണ്ടാകും.



കുട്ടികൾ ഇസ്കൂൾ മൈതാനത്ത് അവിടെയും ഇവിടെയുമായി  പല കളികളിലും ഏർപ്പെട്ടുകൊണ്ടിരിക്കുന്നു . ഒരു കുട്ടി ഒഴികെ. അവനെ സ്കൂൾ മുറ്റത്തെ പൂന്തോട്ടത്തിൽ കാണപ്പെട്ടു. വെള്ളയും, മഞ്ഞയും, ചുവപ്പും നിറത്തിലുള്ള,  വിത്യസ്ത വർണ്ണത്തിലുള്ള പൂക്കളുടെ ചന്തം നോക്കിനിന്നുകൊണ്ട്. കാണാൻ ഏറ്റവും രസമുള്ള പൂമ്പാറ്റയെ പമ്മിപമ്മിച്ചെന്നു പിടിക്കാൻ ശ്രമിച്ചുകൊണ്ട്... അവന്റെതായ ഒരു ലോകത്തെ  സ്വപ്‌നം കണ്ടുകൊണ്ട് .... ഭാവനയിൽ ലയിച്ചുകൊണ്ട്...

ഏതാണ് ആ കുട്ടി ?.......


വെറും കുട്ടിയായ നജീബ്. !


അരക്കുപാകമല്ലാത്ത ട്രൗസറും  കീറിയ കുടുക്കറ്റുപോയ കുപ്പായവും ആണ് അവൻ ഇട്ടിരിക്കുന്നത്. പാറപ്പുറത്തെ വെയില് കൊണ്ട് നടന്ന് അവന്റെ കുഞ്ഞു മുഖം വല്ലാതെ വാടിയിട്ടുണ്ട്. അവനു കളിയോടും ചിരിയോടും വലിയ താല്പര്യമില്ല. എന്നാൽ തീരെ താല്പര്യം ഇല്ലാതെയുമില്ല. ഒരു സന്തോഷത്തിനു ഇടക്കൊക്കെ കൂട്ടുകാരോടൊത്തു കളിക്കും. അത്ര തന്നെ. കളി ജീവനൊന്നുമല്ല എന്ന്മാത്രം. എന്നാൽ പ്രകൃതിരമണീയ കാഴ്ചകൾ അവനു   ജീവനാണ്. ഒരു ഹരമാണ്. ഓരോ കാഴ്ചയും  മനസ്സില് പല ആശയങ്ങൾ ഉളവാകും. അത് മനസ്സില് വിത്യസ്ത വർണ്ണങളായും  രൂപങ്ങളായും തങ്ങിനില്ക്കും. അത് മനസ്സിനെ സന്തോഷിപ്പിക്കും.

അതിനാൽ അതികസമയത്തും അവൻ പൂക്കളെയും, പൂമ്പാറ്റയെയും, പുൽച്ചാടിയെയും, തുമ്പികളെയും, വണ്ടിനെയും , നീലാകാശത്തെയും നോക്കി നിൽക്കും. വെറും നോട്ടമല്ല. ആസ്വദിച്ചു കൊണ്ടുള്ള നോട്ടം! സ്നേഹിച്ചു കൊണ്ടുള്ള നോട്ടം! അനിർവചനീയമായ ഒരു നോട്ടം !.

കാഴ്ചകളെ .. രൂപങ്ങളെ .. ആശയങ്ങളെ ...

പടിഞ്ഞാറ് നിന്നും ഒരിളങ്കാറ്റ് വന്ന്‌ പ്ലാവിനെ തഴുകി തലോടി ഒരു ഉമ്മവെച്ച് അങ്ങ് കടന്ന്പോയി ...

പ്ലാവിൻ നിന്നും പഴുത്ത ഒരു ഇല കൊഴിഞ്ഞുവീണു .

നിലത്തു വീഴേണ്ട താമസം സ്കൂൾമുറ്റത്ത് അവിടെയും ഇവിടെയുമായി  ഭക്ഷണംതേടി നടക്കുകയായിരുന്ന ഒരു ആട്ടിൻകുട്ടി തുള്ളിച്ചാടി വന്നു അത് വായിലാക്കി. ഒന്ന് ചവച്ചുനോക്കി അവിടെത്തന്നെ തുപ്പിക്കളഞ്ഞു. അതിനു വിശപ്പില്ലായിരിക്കണം. വിശപ്പുണ്ടെങ്കിൽ ? !...

പെട്ടെന്നതാ ബജാജ് സ്കൂട്ടറിന്റെ ശബ്ദം കുട്ടികൾ കേട്ടു. കാര്യമായെന്തോ കേട്ടപോലെ കുട്ടികൾ അവരുടെ കളി മതിയാക്കി സ്കൂൾ ഗേറ്റിന്റെ ഭാഗത്തേക്ക്‌ നോക്കി. അതാ വരുന്നു അവരുടെ പ്രിയപ്പെട്ട  വിനയൻ മാഷ്‌  പള്ള വീര്പ്പിച്ച തന്റെ പഴയ ബജാജ് സ്കൂട്ടറിൽ. ട്ട്ട്ട്ട്ട്ട്ട്ട്ര്ര്ര്ര്ര്ര്ര്ര്ർ എന്ന ശബ്ദം പുറപ്പെടുവിച്ചു പുകപിന്നിലോട്ടു പായിച്ചുകൊണ്ട്.. സ്കൂൾഗേറ്റും കടന്ന് വേഗത്തിൽ.....


വിനയൻ മാഷുടെ സ്കൂട്ടറിന്റെ ശബ്ദം കേട്ടാൽ കുട്ടികൾക്കറിയാം ഇസ്കൂള്‍ ബെല്ലടിക്കാൻ സമയമായിട്ടുണ്ട് എന്ന്. ബെല്ലടിക്കാൻ  പോകുന്ന സമയത്താണ് മാഷ്‌ സ്കൂളിൽ എത്തുക. ശബ്ദം കേൾക്കേണ്ട  താമസം കുട്ടികൾ അവരുടെ കളി പെട്ടെന്ന് നിർത്തി.  സന്തോഷത്തിന്റെ  രസകുടുക്ക തുറന്നു അവർ ഒരുമിച്ചു വിളിച്ചു പറഞ്ഞു:

" വിനയൻ മാഷ്‌ വാരുന്നേ.... മ്മടെ പുന്നാര വിനയൻ മാഷ്‌    വാരുന്നേ.... 

കുട്ടികളെല്ലാം വിനയൻ മാഷുടെ അടുത്തേക്ക് ഓടി.

എന്താ കാര്യം എന്ന മട്ടിൽ സ്കൂൾ മുറ്റത്തുണ്ടായിരുന്ന രണ്ടു ആട്ടിൻ കുട്ടികൾ  അവിടേക്ക് നോക്കി . പിന്നെ അതിലൊന്ന് തലയൊന്നാട്ടി കുടഞ്ഞു . അപ്പോൾ അതിന്റെ കഴുത്തിൽ തൂക്കിയിട്ടിരുന്ന മണി "ണിം ണിം ണിം" ശബ്ദം പുറപ്പെടുവിച്ചു . ആ ശബ്ദം സ്കൂളിലുള്ള എല്ലാ കുട്ടികളും കേട്ടു. ടീച്ചർ മാരും . മാഷുമാരും എല്ലാവരും കേട്ടിട്ടുണ്ടാവണം.

വിനയൻ മാഷ്‌ക്ക് കുട്ടികൾ ഒരു ഹരമാണ്.. കുട്ടികള്ക്ക് മാഷ്‌ എന്ന് വെച്ചാ ജീവനാണ്. കാരണം, അദ്ദേഹം അവര്ക്ക് നല്ല രസമുള്ള കളികൾ പറഞ്ഞു കൊടുക്കാറുണ്ട്. അവരെ ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. കുട്ടികൾ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും . അതിനാൽ അവർ അദ്ദേഹത്തെ പൂമ്പാറ്റയെപോലെ ഇഷ്ട്ടപ്പെട്ടു. വെറും പൂംബാറ്റയല്ല നല്ല മഞ്ഞ നിറമുള പൂക്കളെ ഇഷ്ട്ടപ്പെടുന്ന പൂംബാറ്റയെപൊലെ.... തേൻ ഇഷ്ട്ടമുള്ള വണ്ടിനെപോലെ....

കുട്ടികൾക്ക് അദ്ദേഹത്തെയും ജീവനോളം ഇഷ്ട്ടമാണ് .വിനയൻ മാഷുടെ പിന്നാലെ കുട്ടികൾ ഓടുന്ന കാഴ്ച ഒരു ഒന്നാം തരം കാഴ്ച്ച തന്നെയാണ് . ഒന്ന് നേരിൽ കാണേണ്ട കാഴ്ച  തന്നെയാണത്.  അതിന്റെ ഹരം ഒന്നു വേറെതന്നെയാണ്‌. കണ്ടവർക്കറിയാം  അതിന്റെ ഒരു രസം. മാഷ്‌ സ്‌കൂട്ടർ ഓടിച്ചു  വരുമ്പോൾ അവർ അദ്ദേഹത്തിന്റെ പിന്നിൽ ഓടും . വെറും ഓട്ടമല്ല മിസൈൽ വിട്ടപോലെയുള്ള  കുതിച്ചുള്ള ഓട്ടം . ആ ഓട്ടം കഴിഞ്ഞാൽ പിന്നെ അവിടെ ഒരു പുൽനാമ്പും മുളച്ചു പോന്തുകയേ ഇല്ല . അതുകൊണ്ടായിരിക്കാം വിനയൻ മാഷ്‌ വരുന്ന വഴിയിൽ പുല്ലോ മുള്ളോ ഒന്നും കാണാനില്ല.

കുട്ടികളെല്ലാം സ്‌കൂൾ മൈതാനത്തു കളിച്ചു ആർമാദിച്ചുകൊണ്ടിരിക്കുകയാണ്‌. അവരെല്ലാം ടെന്ഷനൊന്നും ഇല്ലാതെ കളിച്ചുകൊണ്ടിരിക്കുകയാണ്.  എല്ലാവരും പലപല കളികളിലായി മുഴുകിക്കൊണ്ടിരിക്കുകയാണ്. ആൺ കുട്ടികളിൽ ചിലർ ഒളിച്ചുകളി  കളിക്കുകയാണ്. ഒരു കൂസലൊന്നുമില്ലാതെ പേടിയൊന്നുമില്ലാതെ എല്ലാ  കുറ്റിക്കാട്ടിലും പോയി അവർ ഒളിക്കുന്നുണ്ട്. മുള്ളൻ കായ മരങ്ങളുള്ള  കുറ്റിക്കാട്ടിൽ കാടൻ പൂച്ചയും, കുറുക്കന്മാരും മൂർക്കൻപാമ്പുകളും പാർക്കുന്ന സ്ഥലമാണ്. കളിയുടെ ഹരത്തിൽ കുട്ടികൾക്ക് അതൊന്നും ഒരു പ്രശ്നമല്ല. പേടിയുമില്ല. ചില കുട്ടികൾ മൂത്തേറ് കളിക്കുകയാണ്. ഒരു ചെറിയ കല്ലെടുത്തു  കടലാസു കഷ്‌ണങ്ങൾകൊണ്ട്  പൊതിഞ്ഞു അതിന്മേൽ പഴയ കവർകൊണ്ട് പൊതിഞ്ഞു ചാക്ക് നൂൽകൊണ്ട് നേരാവണ്ണം വലിച്ചു കെട്ടിമുറുക്കിയാണ് അവർ മൂത്തേറ്  കളിക്കാനുള്ള പന്ത് ഉണ്ടാക്കിയിരിക്കുന്നത്. പന്തിനു അത്യാവശ്യം കനവും തൂക്കവും കാണും. നടുപ്പുറത്തു  ഏറു കൊള്ളുമ്പോൾ  

"  ന്റെമ്മോ ....ആ" 

എന്ന് കുട്ടികൾ ആർത്തു വിളിക്കുന്നുണ്ട്. എങ്കിലും കളിയുടെ രസത്തിൽ അതൊന്നും അവർക്കൊരു പ്രശ്നമേയല്ല. കുറച്ചു കുട്ടികൾ "കരു" കളിക്കുകയാണ്. ഒന്ന് രണ്ടു കുട്ടികൾ ചേർന്ന്  കഷ്ട്ടപെട്ടു അടുക്കിവെച്ച ചതുരത്തിലും വട്ടത്തിലുമുള്ള ചെറിയ കല്ലുകൾ ഒരുത്തൻ എറിഞ്ഞിട്ടു ഓടുകയാണ്. അവന്റെ നടുപുറം സുറി നോക്കി ഒരു ഏറു കൊടുത്തു. എങ്കിലും ഏറു കൊണ്ടതില്ല. അവൻ ആ പന്ത് കാലുകൊണ്ട് തട്ടി തട്ടി അങ്ങ് ദുരെ വോളിബാൾ ഗ്രൗണ്ടിലേക്കും ഹൈദർസുട്ടിക്കയുടെ കടയുടെ മുന്നിലൂടെ പടിഞ്ഞാറ് ഭാഗത്തേക്കും ദൂരേക്ക് ദൂരേക്ക്  തട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും കരുവെച്ചു കഴിഞ്ഞിരുന്നു. കുറച്ചു കുട്ടികൾ പൊട്ടക്കിണറിനപ്പുറത്തായി ക്രിക്കറ്റ് കളിക്കുകയാണ്. ഓലയുടെ മട്ടലുകൊണ്ടു ഉണ്ടാക്കിയതാണ് അവരുടെ ബാറ്റ്. പുതിയ ബാറിന് നല്ല കനമുണ്ട്. വെയിലുകൊണ്ട് ഉണങ്ങിയ ബാറ്റിന് വലിയ കനമൊന്നും ഉണ്ടാകാറില്ല. വലിയ മച്ചിങ്ങയുടെ വലിപ്പമാണ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന റബ്ബർ പന്തിന്. വാരിവലിച്ചു സിക്സർ അടിക്കുമ്പോൾ പന്ത് വായുവിൽ മുകളിലേക്ക് പൊന്തി പൊന്തി ഒരു ഗോട്ടിയുടെ വലിപ്പമാകും. പത്തു താഴേക്കു തിരിച്ചുവരുമ്പോൾ  ഫീൽഡ് നിൽക്കുന്ന കളിക്കാരൻ അത് ഒരു കൂസലുമില്ലാതെ പുഷ്പ്പം പോലെ കൈകളിലൊതുക്കും. ഒരിക്കൽ കുഞ്ഞു നജീബ് കൂട്ടുകാരോടൊത്തു ക്രിക്കറ്റ് കളിക്കുമ്പോൾ പന്ത് ഒരു പടുകൂറ്റൻ മരത്തിന്റെ ശിഖരങ്ങളിൽ തങ്ങി നിന്നു. കുട്ടികളെല്ലാം വലിയ സങ്കടത്തിലായി. ഇനിയെന്ത് ചെയ്യും

പന്ത് തള്ളിയിടാൻ എല്ലാവരും പഠിച്ച പണിയെല്ലാം പയറ്റിനോക്കി. പതിനെട്ടടവും പയറ്റിനോക്കി. ഒരു രക്ഷയും ഇല്ല. എല്ലാവരും കരച്ചിലിന്റെ വക്കിലെത്തി. എല്ലാവരും മുകളിൽ തങ്ങിനിൽക്കുന്ന പന്തിനെ ഇപ്പോൾ വീഴും എന്ന മട്ടിൽ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. അങ്ങനെനിൽക്കുമ്പോൾ നജീബ് നിലത്തേക്ക് ഒരു നോട്ടം അയച്ചു . ദാ കിടക്കുന്നു ഒരു മാച്ചിങ്ങാ. അവൻ ഒന്ന് കുനിഞ്ഞു അതെടുത്ത് പന്തിന്റെ മൂട് നോക്കി സുറിവെച്ചു വാരി വലിച്ചു നേരെ മുകളിലേക്ക് ഒരു ഏറു വെച്ച് കൊടുത്തു. ഏറു കൊള്ളേണ്ട താമസം പന്ത് അവിടെനിന്നും തെന്നിമാറി. ദാ വരുന്നു  താഴെ നജീബിന്റെ കൈകളിലേക്ക്. അവൻ ഇരു കൈകളും കൂട്ടിപ്പിടിച്ചു  വേഗത്തിൽ വീഴുന്ന പന്ത് കൈകളിൽ ഒതുക്കി. നജീബ് കൂട്ടുകാർക്കിടയിൽ താരമായി. അവൻ പന്ത് കൂട്ടുകാർക്കു എറിഞ്ഞു കൊടുത്തു. അവർ പൂതിതീരുവോളം കളി തുടർന്നു.

പെട്ടെന്നൊരു നീട്ടി ബെല്ലടിച്ചു. കേൾക്കേണ്ട താമസം കുട്ടികളെല്ലാം കളിനിർത്തി
 
" ബെല്ലടിച്ചേ... ബെല്ലടിച്ചേ..." എന്നും വിളിച്ചുകൂവി  ഓടിചാടി സ്‌കൂളിലേക്കു പാഞ്ഞു കയറി.

ക്ളാസുകളായ ക്ളാസുകളിലെല്ലാം ടീച്ചർമാർ വന്നു. വീണ്ടും ഒരു ബെല്ലടിച്ചു . കുട്ടികളെല്ലാം എഴുന്നേറ്റുനിന്നു ജനഗണമന ഒരുമിച്ചു ചൊല്ലി.അവസാന ഭാഗം എത്തിയപ്പോൾ നജീബിന് ആവേശം കൂടി.  ടീച്ചർ ഹാജർ പട്ടിക നോക്കി കുട്ടികളുടെ പേര് വിളിക്കുകയാണ്. നജീബിന്റെ പേര് എത്തിയപ്പോൾ ടീച്ചർ വിളിച്ചു:

" നജീബ്... "

"ഹാജർ ടീച്ചർ "  - കേൾക്കേണ്ട താമസം അവൻ എണ്ണീറ്റുനിന്നു വലതുകൈ പൊന്തിച്ചു  കാണിച്ചു.

"ഓക്കേ ..സിറ്റ്ഡൌൺ "  - ടീച്ചർ ആംഗ്യം കാണിച്ചു.

കണക്കു ടീച്ചർ കുട്ടികളോട് നൂറുവരെ സ്ളേറ്റിൽ എഴുതാൻ പറഞ്ഞു. നജീബ് ശീഗ്രം എഴുതി ഊറ്റത്തോടെ ടീച്ചറെ കാണിച്ചു. ടീച്ചർ അവനെ അഭിനന്ദിക്കുന്നതിനു പകരം ശകാരിച്ചു പറഞ്ഞു:

" ഇത് വീട്ടിൽ നിന്നും എഴുതിയതാണ്...ഒരുവട്ടം കൂടി നൂറുവരെ എഴുതിക്കോ "

നജീബ് വലിയ സങ്കടത്തിലായി. അവൻ വീണ്ടും നൂറു വരെ വേഗം എഴുതി. എങ്കിലും നല്ല വാക്കുകളൊന്നും കേട്ടതില്ല. അവനു കണക്കിന് തീരെ താല്പര്യം ഇല്ലാതായി. കണക്കൊന്നും തലയിൽ കയറാതായി. കണക്കു എന്നല്ല ഒരു വിഷയത്തിലും താല്പര്യം ഇല്ലാതായി. ഒരിക്കൽ തടിച്ചിയായ ഒരു ടീച്ചർ കുട്ടികളോട് ചോദിച്ചു :

" ആരാണ് ഇറാക്കിന്റെ പ്രസിഡന്റ് ?"

" സദ്ദാം മിസൈൽ " - നജീബ് ഊറ്റത്തോടെ ഉത്തരം വിളിച്ചു പറഞ്ഞു.

കേട്ടയുടനെ ടീച്ചർ ഉച്ചത്തിൽ ചിരിക്കുകയും അവനെ കൂടെകൂടെ  കളിയാക്കുകയും മറ്റു ടീച്ചർ മാരോട് പറഞ്ഞുകൊടുക്കുകയും ചെയ്തു. അതിനു ശേഷം ടീച്ചർമാരെല്ലാം അവനെ സദ്ദാം എന്ന് ഓമനപ്പേരിട്ട്  വിളിച്ചു.

നജീബിന് പഠനത്തിൽ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. ടീച്ചർ പറയുന്നതൊന്നും കേൾക്കുകയില്ല. കേൾക്കുന്നതൊന്നും ഓർമ്മയും  ഉണ്ടായിരുന്നില്ല. അതിനാൽ ക്ലാസിൽ അധിക സമയവും അവൻ പുറത്തേക്കു നോക്കി നിൽക്കും. നോക്കുമ്പോൾ പുറത്തു നല്ല പെരുമഴയായിരിക്കും . പെയ്തുവീഴുന്ന പെരുമഴയെയും ഓടിലൂടെ ചോർന്നൊലിക്കുന്ന മഴത്തുള്ളികളെയും അവൻ നോക്കിയിരിക്കും. പുറത്തിറങ്ങി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഒന്ന് തുള്ളിക്കളിക്കണം എന്ന് അവനു തോന്നും. പക്ഷെ പുറത്തിറങ്ങാൻ പറ്റതില്ലല്ലോ. അങ്ങനെ നോക്കിക്കോണ്ടിരിക്കുമ്പോൾ പെരുമഴ തോർന്നു മഞ്ഞ വെയില് വന്നു പരക്കും...പിന്ന്നെ അവിടെ ചുവന്ന പൊരിവെയിലാകും. അപ്പുറത്തെ വീട്ടിലെ ആട്ടിൻ കുട്ടികൾ സ്‌കൂൾ മുറ്റത്തെ പ്ലാവിൻ ചോട്ടിൽവന്ന് തുളളിചാടുന്നതും ഓടിക്കളിക്കുന്നതും അവൻ ഊറ്റത്തോടെ അങ്ങനെ നോക്കിനിൽക്കും.


അറബി പിരിയഡ് ആകുമ്പോൾ അറബിമാഷ് ക്‌ളാസിൽ വരും. .കുട്ടികൾക്ക് പലതരം മായാജാല കഥകൾ മാഷ് പറഞ്ഞു കൊടുക്കും. നജീബിന് കഥ കേൾക്കാൻ ഭയങ്കര പൂതിയാണ്. കഥയെല്ലാം കുട്ടികൾ അവരുടെ കാതും കൂർപ്പിച്ചു കേൾക്കും.  മൂക്കത്തു  വിരൽവെച്ചു  അന്തം വിട്ട  പെരുച്ചാഴിയെപ്പോലെ നോക്കി നിൽക്കും. കഥ ഒരിക്കലും തീരരുതേ എന്ന് അവർ മനസ്സിൽ പ്രാർത്ഥിക്കും. അപ്പോഴത്തേക്കും കഥ തീർന്നിട്ടുണ്ടാകും. നിരാശയോടെ നജീബ് മാഷോട് ചോദിക്കും :

" ത്രവേഗം കഥ തീർന്നോ.. ?"

" ബാക്കി നാളെ " - മാഷ് പറയും.

ക്ലാസ്സിൽ ക്ലാസെടുക്കാൻ ടീച്ചർ വന്നില്ലെങ്കിൽ വിനയൻ മാഷ്‌ കുട്ടികളെയുംകൂട്ടി പുറത്തേക്കു പോകും. അങ്ങ്  കുറച്ചു ദൂരെയുള്ള മൈതാനതേക്ക്. അതിന്റെ അടുത്താണ് പൊട്ടകിണർ ഉള്ളത്. പോകുമ്പോൾ കുഞ്ഞുനജീബ് മാഷുടെ വലതുകൈവിരലുകൾ  പിടിച്ചു തൂങ്ങാറുണ്ട്. എപ്പോഴും മാഷുടെ ഇരുഭാഗത്തും ഇരുകൈകളിലു മായി ആരെങ്കിലും പിടിച്ചുതൂങ്ങാറുണ്ട്. മാഷാണ് അവർക്ക് പൊട്ടക്കിണരിനെ കുറിച്ചും അതിൽ എന്തൊക്കെയാണ് ഉള്ളതെന്നും ആദ്യം അവര്ക്ക് പറഞ്ഞു കൊടുത്തത്. മാഷ്‌ അവരെ തമാശകൾ പറഞ്ഞു ചിരിപ്പിക്കും. പൊട്ടിപൊട്ടി ചിരിപ്പിക്കും. കുട്ടികൾ മാഷുടെ ചെരിപ്പിന്റെ അടിയിൽ കുടുങ്ങിയ ചരൽ കല്ലുകൾ പ്രതിഫലമെന്നോണം എടുത്തു കൊടുക്കും. മാഷ്ക്കും സന്തോഷമാകും.

സൂര്യൻ അങ്ങ് പടിഞ്ഞാറ് എത്തിക്കാണും. വെയിലിന്റെ ചൂട് അൽപ്പം കുറഞ്ഞിട്ടുണ്ട്.
അവസാന പിരീഡും കഴിഞ്ഞപ്പോൾ ഒരു  ബെല്ലടിച്ചു. കുട്ടികൾ ആവേശം കൊണ്ട് തുള്ളിച്ചാടി.

“ഇനി പുറംലോകം കാണാമല്ലോ. വീട്ടിലെത്തി സൂര്യൻ അസ്തമിക്കുന്നത് വരെ കളിച്ചുകൂത്താടി നടക്കാമല്ലോ”- അവൻ മനസ്സിൽ കരുതി.

വീണ്ടും ഒരു ബെല്ലടിച്ചു. കുട്ടികൾ ശാന്തരായി എണീറ്റ് നിന്നു.

" ജന ഗണ മന അതിനായക  ജയഹേ ..
ഭാരത ഭാഗ്യ വിധാതാ ...

ജയഹേ..... ജയഹേ ...ജയ ജയ ജയ ജയഹേ... "

എന്ന് കേൾക്കേണ്ട താമസം നീട്ടി ഒരു ബെല്ലടിച്ചു.

ഠിം..ഠിം..ഠിം..ഠിം..ഠിം..ഠിം...ഠിം .......ഠിം ഠിം ഠിം .

കേൾക്കേണ്ട താമസം നജീബ് തന്റെ സ്ളേറ്റും പെൻസിലും കയ്യിലെടുത്തു കൂട്ടുകാരോടൊത്തു ഇസ്ക്കൂൾ പടിയിറങ്ങി ഓടി. മത്സരിച്ചുള്ള ഓട്ടം .ഓടി കിതച്ചാലും ആരാദ്യം വീട്ടിലെത്തും എന്ന് നോക്കുന്ന ഓട്ടം.  

ഓടുമ്പോൾ പടിഞ്ഞാറ് ഭാഗത്തുനിന്നും എതിരിൽ അടിച്ചുവീശിക്കൊണ്ടിരിക്കുന്ന തണുത്തകാറ്റ് ഓമനത്തമുള്ള അവന്റെ ഇളം മുഖത്തെ സ്നേഹത്തോടെ തഴുകിതലോടിക്കൊണ്ടിരുന്നു.


Drawing : (Courtesy)



K.M.A Paruthikkadu




ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...